കൊളസ്റ്ററോളിനെ പേടിക്കേണ്ട
കൊളസ്റ്ററോളിനെ പേടിക്കേണ്ട
Monday, April 22, 2019 5:16 PM IST
ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഈയടുത്ത കാലത്തായി ഏറെ കേട്ടുവരുന്ന വാക്കാണ് കൊളസ്റ്ററോള്‍. എന്നാല്‍ കൊളസ്റ്ററോള്‍ ഒരു രോഗമല്ലെന്നതാണ് വസ്തുത. മനുഷ്യകോശത്തിലെ അവിഭാജ്യഘടകമാണ് കൊളസ്റ്ററോള്‍.

എന്താണ് കൊളസ്റ്ററോള്‍?

മനുഷ്യശരീരത്തിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ് കൊളസ്റ്ററോള്‍. മനുഷ്യ ശരീരത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനും കോശഭിത്തികളുടെ നിര്‍മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും വിവിധ ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനും സഹായിക്കുന്നതാണ് നാം വില്ലനെന്ന് കരുതുന്ന കൊളസ്റ്ററോള്‍.

ശരീരത്തിനാവശ്യമായ കൊളസ്റ്ററോളിന്റെ 80 ശതമാനവും കരളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 20 ശതമാനം മാത്രമാണ് നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നു ലഭിക്കുന്നത്. രക്തത്തില്‍ ലയിക്കാത്ത കൊളസ്റ്ററോള്‍ ലിപ്പോ പ്രോട്ടീന്‍ കണികകളായി രക്തത്തിലൂടെയാണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചേരുന്നത്.

കൊളസ്റ്ററോള്‍ നാലുവിധം

മനുഷ്യശരീരത്തില്‍ പ്രധാനമായും നാലുവിധത്തിലാണ് കൊളസ്റ്ററോളുകള്‍ കാണപ്പെടുന്നത്.

എല്‍ഡിഎല്‍:

ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍ അഥവാ ചീത്ത കൊളസ്റ്ററോള്‍. ഇതിന്റെ അളവ് രക്തത്തില്‍ കൂടുന്നത് രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും അത് അപകടകരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകും. ഹൃദ്രോഗങ്ങള്‍ക്ക് പ്രധാന കാരണമാകുന്ന എല്‍ഡിഎല്ലിന്റെ അളവ് 100 mg/dl കുറവായിരിക്കുന്നതാണ് സുരക്ഷിതം.

എച്ച്ഡിഎല്‍:

ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍ അഥവാ നല്ല കൊളസ്റ്ററോള്‍ എന്നാണ് എച്ച്ഡിഎല്‍ അറിയപ്പെടുന്നത്. ഇത് രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാതെ അതിനെ കരളിലെത്തിക്കാന്‍ സഹായിക്കുന്നു. എച്ച്ഡിഎല്ലിന്റെ അളവ് കൂടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും 40 mg/dl കുറയുന്നത് എല്‍ഡിഎല്‍ കൂടുതല്‍ അടിയാന്‍ കാരണമാവും.

വി.എല്‍.ഡി.എല്‍:

വെരി ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന കൊളസ്റ്ററോളിന്റെ അളവ് കൂടുന്നത് രക്തധമനികളില്‍ പ്ലാക്ക് നിക്ഷേപം രൂപപ്പെടുന്നതിന് കാരണമാകും. ഇത് ധമനികള്‍ ഇടുങ്ങിയതാക്കുകയും രക്തയോട്ടം തടയുകയും ചെയ്യുന്നു.

റ്റി.ജി.എല്‍:

യഥാര്‍ത്ഥ ട്രൈ ഗ്ലിസറൈഡുകള്‍ ശരീരത്തിന് ആവശ്യമാണെങ്കിലും ഇതിന്റെ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ധമനികളില്‍ കൊഴുപ്പ് അടിയുന്നതിനും പാന്‍ക്രിയാറ്റൈറ്റിസിനും കാരണമാകും. അതിനാല്‍ ഇതിന്റെ അളവ് 150 mg/dl യില്‍ താഴ്ന്നു നില്‍ക്കുന്നതാണ് ഉചിതം.

കൊളസ്റ്ററോളിനുള്ള കാരണങ്ങള്‍

മാംസം, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുമ്പോള്‍ മൃഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ് കൂടി നമ്മുടെ രക്തത്തിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇത് ഹൈ ബ്ലഡ് കൊളസ്റ്ററോളിന് കാരണമാകും. അമിതഭാരം, വ്യായാമക്കുറവ്, അമിതമദ്യപാനം, ഡയബെറ്റിസ്, ഹൈപ്പോ തൈറോയിഡിസം എന്നിവയ്ക്ക് പുറമേ ജനന നിയന്ത്രണ ഗുളികകള്‍, ബെറ്റാ ബ്ലോക്കേഴ്‌സ്, ഈസ്ട്രജന്‍, കോര്‍ട്ടികോ സ്റ്റിറോയ്ഡ്‌സ് എന്നിവയുടെ ഉപയോഗവും ഹൈ ബ്ലഡ് കൊളസ്റ്ററോളിന് കാരണമാകുന്നു. ചിലരില്‍ ഹൈ ബ്ലഡ് കൊളസ്റ്ററോള്‍ പാരമ്പര്യമായും കാണപ്പെടാറുണ്ട്.

ചുവന്ന രക്തകോശങ്ങളുടെ കുറവു മൂലമുണ്ടാകുന്ന അനീമിയ, പോഷകാഹാരക്കുറവ്, അപൂര്‍മായ ജനിതക തകരാറുകള്‍, ടാന്‍ഗിയര്‍ രോഗം തുടങ്ങിയവയാണ് ലോ ബ്ലഡ് കൊളസ്റ്ററോളിന്റെ പ്രധാന കാരണങ്ങള്‍.

കൊളസ്റ്ററോളും രോഗങ്ങളും

ചിട്ടയില്ലാത്ത ജീവിതവും അലസമായ ഭക്ഷണരീതികളുമാണ് കൊളസ്റ്ററോളിന്റെ അളവ് കൂടുന്നതിന് ഒരു പ്രധാന കാരണം. പാരമ്പര്യമായും കൊളസ്റ്ററോള്‍ കണ്ടേക്കാം.

കൊളസ്റ്ററോള്‍ അധികമാകുമ്പോള്‍ അത് രക്തധമനിയില്‍ അടിഞ്ഞുകൂടും. ഇത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടയുന്നതിനും ഹൃദയപേശികള്‍ നിര്‍ജ്ജീവമാകാനും കാരണമാകും. ഹൃദയാഘാതം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിവയ്ക്കും. രക്തധമനികളില്‍ കൊഴുപ്പ് അടിയുന്നത് തലച്ചോറിലേക്ക് ആവശ്യമായ ഓക്‌സിജനും രക്തവും എത്തുന്നത് തടയുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യാം. വൃക്കകളിലെ ധമനികളില്‍ കൊഴുപ്പ് അടിയുന്നത് വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലയ്ക്കുന്നതിനും കാരണമാവും. ഹൃദയധമനികളില്‍ കാല്‍സ്യവും പ്ലേക്കും അടിഞ്ഞുകൂടുന്നത് ധമനിയുടെ ഭിത്തികളുടെ കട്ടി കൂട്ടുകയും ഉള്‍ഭാഗം ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. അതിനാല്‍ ഹൃദയത്തിന് രക്തം എത്തിക്കുന്നതിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതായി വരും. ഇത് രക്തസമ്മര്‍ദം ക്രമാതീതമായി ഉയരുന്നതിന് കാരണമാകും. ഇതിനുപുറമേ ധമനികള്‍ ഇടുങ്ങിയതാകുമ്പോള്‍ കാലിലെ പേശികളിലേക്കുള്ള രക്തയോം കുറയുന്നത് മൂലം കാലുവേദന പോലുള്ള പെരിഫറല്‍ ആര്‍ട്ടറി രോഗങ്ങള്‍ക്കും ലൈംഗിക ശേഷിക്കുറവിനും വഴിയൊരുക്കും. .


കൊളസ്റ്ററോള്‍ നിയന്ത്രിക്കാം?

ജീവിതശൈലിയും ആഹാരരീതിയുമാണ് ഉയര്‍ന്ന കൊളസ്റ്ററോള്‍ അളവിന് പ്രധാന കാരണം. അതുകൊണ്ടുതന്നെ ജീവിതശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ കൊളസ്റ്ററോളിനെ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ നമുക്ക് സാധിക്കും.

ഹൃദയാരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ കഴിക്കുകയാണ് ഇതിന് വേണ്ടത്. കൊളസ്റ്ററോള്‍ കൂട്ടുന്ന സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിുള്ള റെഡ് മീറ്റ്, ഫുള്‍ ഫാറ്റ് പാല്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നത് എല്‍ഡിഎല്‍ കൊളസ്റ്ററോളിന്റെ അളവും കുറയ്ക്കാന്‍ സാധിക്കും.

സസ്യ എണ്ണകള്‍ കൂടുതല്‍ നാള്‍ കേടുകൂടാതിരിക്കാന്‍ സഹായിക്കുന്ന ട്രാന്‍സ് ഫാറ്റുകളാണ് മറ്റൊരു വില്ലന്‍. ചീത്ത കൊളസ്റ്ററോളിന്റെ അളവ് കൂട്ടുകയും നല്ല കൊളസ്റ്ററോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്ന ട്രാന്‍സ് ഫാറ്റ് ഉപയോഗിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യതകള്‍ ഏറെയാണ്. കുക്കീസ്, ബേക്ക്ഡ് ഭക്ഷണങ്ങള്‍, കേക്ക്, ഫ്രോസണ്‍ പിസ, കോഫി ക്രീമര്‍ എന്നിവയിലെല്ലാം ട്രാന്‍സ് ഫാറ്റ് അടങ്ങിയിുണ്ട്.

രക്തത്തിലെ കൊളസ്റ്ററോളിന്റെ അളവ് കൂടാതിരിക്കാന്‍ നമ്മുടെ ഭക്ഷണത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ള ഭക്ഷണം ഉള്‍പ്പെടുത്താവുന്നതാണ്. എല്‍ഡിഎല്‍ കൊളസ്റ്ററോളിനെ ബാധിക്കുന്നില്ലെങ്കിലും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ക്ക് രക്തസര്‍ദം കുറയ്ക്കാനുള്ള കഴിവുണ്ട്. അയല, ചെമ്പല്ലി, മത്തി, വാള്‍നട്ട് എന്നിവ ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറയാണ്. ഇതിന് പുറമേ എളുപ്പം ലയിക്കുന്ന നാരുള്ള ഭക്ഷ ണ പദാര്‍ഥങ്ങള്‍ ശീലമാക്കുന്നതും നല്ലതാണ്. രക്തക്കുഴലിലേക്ക് കൊളസ്റ്ററോള്‍ ആഗിരണം ചെയ്യുന്നത് കുറയ്ക്കാന്‍ നാരുള്ള ഭക്ഷണം സഹായിക്കും. വന്‍പയര്‍, ഓട്ട്മീല്‍, ആപ്പിള്‍ എന്നിവയില്‍ നാര് ധാരാളമായുണ്ട്. ഇതിനൊക്കെ പുറമേ ചിട്ടയായ വ്യായാമമുറകള്‍ ശീലിക്കുകയും പുകവലി, മദ്യപാനം, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ ഒഴിവാക്കുകയും ചെയ്താല്‍ കൊളസ്റ്ററോളിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

എന്നാല്‍ ഉയര്‍ന്ന അളവില്‍ കൊളസ്റ്ററോള്‍ ഉള്ളവര്‍ മരുന്നിലൂടെ തന്നെ അത് നിയന്ത്രിക്കേണ്ടതുണ്ട്. കൊളസ്റ്ററോള്‍ ഉള്ളവരില്‍ 80% പേരും ഈ ഗണത്തില്‍പ്പെട്ടവരാണെന്നതാണ് വസ്തുത. സ്റ്റാറ്റിന്‍ എന്ന മരുന്നാണ് രക്തത്തിലെ കൊളസ്റ്ററോളിന്റെ അളവ് കുറയ്ക്കാന്‍ സാധാരണയായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നതാണ് സ്റ്റാറ്റിന്‍. ഇതിന് പാര്‍ശ്വഫലങ്ങളും വളരെ കുറവാണ്. കൃത്യമായി മരുന്ന് കഴിക്കുന്നതിലൂടെ മാത്രമേ ഉയര്‍ന്ന കൊളസ്റ്ററോള്‍ അളവ് പിടിച്ചുനിര്‍ത്താനാകൂ. യാഥാര്‍ഥ്യം ഇതായിരിക്കെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില വ്യാജ സന്ദേശങ്ങളില്‍ വിശ്വസിച്ച് മരുന്ന് ഉപേക്ഷിക്കുന്നവരുമുണ്ട്. ഇത് വളരെ അപകടകരമാണ്. ഇത്തരം കുപ്രചരണങ്ങളില്‍ വിശ്വസിച്ച് പിന്നീട് രോഗം മൂര്‍ച്ഛിച്ച് കഴിയുമ്പോള്‍ ആശുപത്രികളില്‍ എത്തുമ്പോഴേക്കും വളരെ വൈകിയിരിക്കും. അതുകൊണ്ട് ഉയര്‍ന്ന അളവില്‍ കൊളസ്റ്ററോള്‍ ഉള്ളവര്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ഉചിതമായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. അതുമാത്രമല്ല ഉയര്‍ന്ന കൊളസ്റ്ററോളിന് മരുന്ന് കഴിക്കുന്നവര്‍ അത് ജീവിതകാലം മുഴുവന്‍ തുടരേണ്ടതുമാണ്.

ഡോ.രാജശേഖര്‍ വര്‍മ
സീനിയര്‍ കണ്‍സള്‍ന്റ് കാര്‍ഡിയോളജിസ്റ്റ്
ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം