സിദ്ധികളുള്ള ഇത്തരികുഞ്ഞന്‍
സിദ്ധികളുള്ള ഇത്തരികുഞ്ഞന്‍
Wednesday, April 17, 2019 5:16 PM IST
ഇത്തിരിക്കുഞ്ഞനായ ഒരു സുഗന്ധവിള, ഉള്ളില്‍ സൂക്ഷിക്കുന്നതോ? അപാരമായ ജീവന്‍രക്ഷാ സ്വഭാവവും സിദ്ധികളും. ഇതാണ് കരിഞ്ചീരകം. അറബികള്‍ ഇതിനെ അനുഗ്രഹത്തിന്റെ വിത്ത് എന്നയര്‍ഥത്തില്‍ 'സീഡ് ഓഫ് ബ്ലെസിംഗ്' എന്നാണു വിളിക്കുന്നത്. മരണം ഒഴികെ മറ്റെന്തിനുമുള്ള പരിഹാരം എന്നാണ് കരിഞ്ചീരകത്തെ വിശേഷിപ്പിക്കുന്നത്. അതേ സമയം ഇതു വിലപിടിപ്പുള്ള ഒരു സുഗന്ധവിളയാണ്. ഒപ്പം ഭക്ഷ്യപരിരക്ഷകവും.

ബ്ലാക്ക് കുമിന്‍, ബ്ലാക്ക് സീഡ്, റോമന്‍ കൊറിയാന്‍ഡര്‍ എന്നെല്ലാം ഇതിനു പേരുകളുണ്ട്. തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും ആഫ്രിക്കയിലും ഇത് ധാരാളം വളരുന്നു. ജീരകസമാനമായ സുഗന്ധവും ജാതിക്കയുടെ ഗന്ധവും സമ്മേളിക്കുന്നു എന്നതാണ് കരിഞ്ചീരകത്തിന്റെ സവിശേഷത.

അറിയാം, കരിഞ്ചീരകത്തെ

വാര്‍ഷിക സ്വഭാവമുള്ള ചെടിയാണ് കരിഞ്ചീരകം. 20 മുതല്‍ 60 സെന്റീമീറ്റര്‍ വരെ ഉയരം. ശിഖരങ്ങളുണ്ടാകുന്ന സ്വഭാവം. വ്യക്തമായി ഭാഗിച്ചതുപോലെ മുറിഞ്ഞ ഇലകള്‍. ഇളം നീലയോ വെളുപ്പോ നിറമുള്ള സുഗന്ധവാഹിയായ പൂക്കള്‍. മിതോഷ്ണ മേഖലകളില്‍ സുലഭമായി വളരുന്നു. മിതോഷ്ണപ്രദേശങ്ങളിലും സമുദ്രനിരപ്പില്‍ നിന്ന് 1500-2500 മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളിലും നന്നായി വളരും.

എവിടെ കൃഷിചെയ്യാം

തണുപ്പാണ് കരിഞ്ചീരകത്തിന് ഇഷ്ടമുള്ള കാലാവസ്ഥ. ഉത്തരേന്ത്യയില്‍ മഞ്ഞുകാലവിളയായിട്ടാണ് (റാബി) ഇതു കൃഷിയിറക്കുന്നത്. നീര്‍വാര്‍ച്ചയുള്ള ഏതു മണ്ണും കരിഞ്ചീരക കൃഷിക്കുത്തമം. കൃഷിയിടം രണ്ടോ മൂന്നോ തവണ ഉഴുതിളക്കണം. വിത്തു പാകുമ്പോള്‍ മണ്ണില്‍ നനവും നിര്‍ബന്ധം. ഒക്‌ടോബര്‍ മാസമാണ് വിത്തുപാകല്‍. ഒരു ഹെക്റ്ററിന് 7-8 കിലോ വിത്തുവേണം. വിത്തുകള്‍ ഒന്നര സെന്റീമീറ്ററിലധികം താഴ്ത്തി പാകരുത്. ചെടികള്‍ തമ്മില്‍ 15 സെന്റീമീറ്റര്‍ അകലം വേണം. മണ്ണില്‍ വേണ്ടത്ര നനവില്ലെങ്കില്‍ വിത്തു പാകിക്കഴിഞ്ഞ് നേരിയ തോതില്‍ നനയ്ക്കാം. ഹെക്ട റിന് 10 ടണ്‍ കാലിവളം ചേര്‍ത്തുവേണം നിലമൊരുക്കാന്‍. 120-140 ദിവസമാണു മൂപ്പ്. വിളവെടുത്ത ചെടി 5-6 ദിവസം ഉണക്കണം. വിത്തുകള്‍ തല്ലിക്കൊഴിച്ചെടുക്കാം. ഹെക്ടറില്‍ നിന്ന് 8-10 ക്വിന്റല്‍ കരിഞ്ചീരകം കിട്ടും. ഇത് ഈര്‍പ്പരഹിതമായ വായുകടക്കാത്ത സഞ്ചികളില്‍ ഭദ്രമായി വര്‍ഷം മുഴുവന്‍ ഉപയോഗത്തിനു സൂക്ഷിക്കാം.

മേന്മകള്‍ ഏറെ

ഗള്‍ഫ് മേഖലകളിലും കിഴക്കന്‍ ഏഷ്യയിലും യൂറോപ്പിലുമെല്ലാം പരമ്പരാഗത ചികിത്സാരീതികളില്‍ വളരെ ശ്രദ്ധേയമായ പങ്കാണ് കരിഞ്ചീരകത്തിനുണ്ടായിരുന്നത്. മുഹമ്മദ് നബിയും വൈദ്യചികിത്സാരംഗത്തെ അതികായനായിരുന്ന ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞന്‍ ഹിപ്പോക്രാറ്റ സുമെല്ലാം കരിഞ്ചീരകത്തിന്റെ രോഗശമന ശേഷിയെ ഏറെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. പനി, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ്, ചെന്നിക്കുത്ത്, ക്ഷീണം, കഫക്കെട്ട്, ദുര്‍മേദസ്, പ്രമേഹം, സ്തംഭനം, നടുവുവേദന, വാതം, രക്തസമ്മര്‍ദ്ദം, ദഹനാശയത്തകരാറുകള്‍, അതിസാരം തുടങ്ങി എല്ലാഅസ്വസ്ഥതകള്‍ക്കും കരിഞ്ചീരകം പരിഹാരമാണ്. പരമ്പരാഗത ചികിത്സയിലെ ഇത്തരം ഉപയോഗങ്ങളെല്ലാം ആധുനിക വൈദ്യശാസ്ത്രവും പഠനവിധേയമാക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.


ശ്രദ്ധേയമായ ചില സവിശേഷതകള്‍

* കരിഞ്ചീരകത്തില്‍ അടങ്ങിയിരിക്കുന്ന തൈമോക്വിനോണ്‍, കാര്‍വക്രോള്‍, ടി-അനിത്തോള്‍, 4-ടെല്‍പിനോള്‍ തുടങ്ങിയവ അതിശക്തമായ നിരോക്‌സീകാരികളാണ്. ഇത് നിരവധി രോഗങ്ങളുടെ ചികിത്സകളില്‍ ഉപയോഗിക്കുന്നു.

* 57 പേരില്‍ ഒരു വര്‍ഷം കരിഞ്ചീരകം നല്‍കി നടത്തിയ പരിക്ഷണത്തില്‍ അവരുടെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ (ചീത്ത കൊളസ്‌ട്രോള്‍) കുറയുകയും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ (നല്ല കൊളസ്‌ട്രോള്‍) വര്‍ധിക്കുകയും ചെയ്തു. കൂടാതെ രക്തത്തിലെ ട്രൈഗ്ലിസറൈഡ് തോതും കുറഞ്ഞു.

* കരിഞ്ചീരകത്തിലെ തൈമോക്വിനോണ്‍ പോലുള്ള ഘടകങ്ങള്‍ക്ക് അര്‍ബുദകോശങ്ങളെ നശിപ്പിക്കുവാന്‍ ശേഷിയുണ്ട്. വിവിധതരം അര്‍ബുദങ്ങളുടെ ചികിത്സയില്‍ ഇതുപയോഗിക്കാം.

* സ്റ്റഫൈലോകോക്കസ് പോലുള്ള ബാക്ടീരിയകളെ നശിപ്പിക്കാന്‍ കരിഞ്ചീരകത്തിന് സിദ്ധിയുണ്ട്. ഔഷധപ്രയോഗം കൊണ്ടും നിയന്ത്രിക്കാന്‍ കഴിയാത്ത ഇവ പലപ്പോഴും പ്രമേഹരോഗികളുടെ മുറിവുകളില്‍ കടന്നുകൂടി അവ ഗുരുതരമാക്കാറുണ്ട്. ഇവയെ കരിഞ്ചീരകം നശിപ്പിക്കും.

* കരളിനെ സംരക്ഷിക്കുവാനും കരിഞ്ചീരകത്തിന് സാധിക്കും.

* രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമാതീതമായി വര്‍ധിക്കാതെ നിയന്ത്രിക്കാന്‍ കരിഞ്ചീരകത്തിന് കഴിവുണ്ട്. 94 പേരില്‍ തുടര്‍ച്ചയായി മൂന്നുമാസം കരിഞ്ചീരകം കൃത്യമായി നല്‍കി പഠന വിധേയമാക്കിയപ്പോള്‍ അവരുടെ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍, ശരാശരി ബ്ലഡ് ഷുഗര്‍, ഇന്‍സുലിന്‍ പ്രതിരോധം എന്നിവ ഗണ്യമായി കുറഞ്ഞിരിക്കുന്നതായി കണ്ടെത്തി.

* ആമാശയത്തിലുണ്ടാകുന്ന അള്‍സര്‍ ഫലവത്തായി തടയാനും കരിഞ്ചീരകത്തിന് കഴിവുണ്ട്. കരിഞ്ചീരകത്തിലെ ഘടകങ്ങള്‍ ആമാശയഭിത്തിയിലെ കോശങ്ങള്‍ സംരക്ഷിച്ച് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

കരിഞ്ചീരകത്തില്‍ നിന്ന് വേര്‍തരിച്ചെടുക്കുന്ന എണ്ണയ്ക്ക് ഇതിലേറെ ഔഷധമേന്മകളുണ്ട്. വിവിധ കമ്പനികള്‍ ഇതു തയാറാക്കി വിപണിയിലെത്തിക്കുന്നു. ഇതനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446 30 6909.

സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ