പോളിസി എടുക്കുന്പോഴെ നോമിനിയെക്കൂടി വയ്ക്കാം
പോളിസി എടുക്കുന്പോഴെ നോമിനിയെക്കൂടി വയ്ക്കാം
Friday, March 22, 2019 5:30 PM IST
ഒരാൾ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുന്പോൾ അത് തന്നേക്കാൾ തന്‍റെ പ്രിയപ്പെട്ടവർക്കു സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ്. അപ്രതീക്ഷിമായി എന്തെങ്കിലും സംഭവിച്ചാൽ പ്രിയപ്പെട്ടവർക്ക് സാന്പത്തികമായ ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നുള്ളതാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം. വെറുതെ ഒരു പോളിസി എടുത്തതുകൊണ്ടായില്ല. പോളിസി കാലയളവിൽ ഉടമ മരിച്ചാൽ അതിന്‍റെ ഗുണഫലം ഏറ്റവും എളുപ്പത്തിൽ പ്രയാസം കൂടാതെ പിൻഗാമികൾക്കു ലഭിക്കുകയും വേണം.

അതിനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് നോമിനിയെ വയ്ക്കുക എന്നത്. പോളിസിയുടെ കാലയളവിൽ ഉടമ മരിച്ചാൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനു ഒരാളെ ചുമതലപ്പെടുത്തുന്ന നടപടിയാണ് നോമിനിയെ വയ്ക്കൽ. മരണാനുകൂല്യങ്ങൾ ഉള്ള എല്ലാ ഇൻഷുറൻസ് പോളിസിയിലും നോമിനേഷനുള്ള സൗകര്യം നൽകിയിട്ടുണ്ട്. പോളിസിയുടെ ഗുണഫലം ആർക്കു ലഭിക്കണോ അയാളെ നോമിനിയായി വയ്ക്കുന്നതിനുള്ള അവസരമാണ് ഓപ്ഷനിലൂടെ പോളിസി ഉടമയ്ക്കു ലഭിക്കുന്നത്. അതായത് നോമിനിയെ വയ്ക്കണമെന്നിതിനെ വെറുമൊരു ചടങ്ങായി കാണാതിരിക്കുക.
പോളിസി എടുക്കുന്പോൾ നോമിനിയെ വയ്ക്കേണ്ടിതിന്‍റെ പ്രാധന്യത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമാണ് ചുവടെ നൽകിയിരിക്കുന്നത്.

ആരെയാണ് നോമിനിയാക്കേണ്ടത്

ലൈഫ് കവർ ഉള്ളയാളും പോളിസി ഉടമയും ഒരാളായിരുന്നാൽ മാത്രമേ നോമിനിയെ വയ്ക്കാനാകൂ. പോളിസി ഉടമയക്ക് തീരുമാനിക്കാം ആരായിരിക്കണം അവരുടെ പോളിസിയുടെ നോമിനിയെന്നത്. അത് പങ്കാളിയോ, കുട്ടികളോ, ബന്ധുക്കളോ, സുഹൃത്തുക്കളോ അങ്ങനെ ആരു വേണമെങ്കിലുമാകാം. പോളിസി ഉടമയുമായി ബന്ധമില്ലാത്ത ആളുകളെ നോമിനിയായി വെയ്ക്കുന്പോൾ അത് കന്പനി ചിലപ്പോൾ അംഗീകരിക്കണമെന്നില്ല. ഇൻഷുറൻസ് എടുക്കാനുള്ള സാഹചര്യമെന്തെന്ന ചോദ്യം വിശദമായി അന്വേഷിക്കപ്പെടാം.
ചുരുക്കത്തിൽ പോളിസി ഉടമയുമായി ബന്ധമുള്ള ആളുകളെ നോമിനിയായി വെയ്ക്കുന്നതായിരിക്കും നല്ലത്. നോമിനിയുടെ പൂർണമായ പേര്, മേൽവിലാസം, പ്രായം, ആവശ്യമുള്ള രേഖകൾ, പോളിസി ഉടമയുമായുള്ള ബന്ധത്തിനുള്ള തെളിവുകൾ എന്നിവയെല്ലാം പോളസി ഉടമ കന്പനിക്ക് നൽകേണ്ടതാണ്.

പോളിസി ഉടമയ്ക്ക് ഒന്നിൽക്കൂടുതൽ നോമിനിയെ വെയ്ക്കാവുന്നതാണ്. ഇങ്ങനെ വരുന്പോൾ പോളിസി ഉടമ ഓരോരുത്തർക്കുമായി സംഅഷ്വേഡ് തുകയുടെ നിശ്ചിത ശതമാനം എന്ന രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ തുകയാണ് നോമിനിക്കു ലഭിക്കുന്നത്. നോമിനി 18 വയസ് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ഒരു അപ്പോയന്‍റിയെക്കൂടി വെയ്ക്കേണ്ടതാണ്.
പോളിസി എടുക്കുന്ന സമയത്തോ പിന്നീടോ നോമിനിയെ വയ്ക്കുവാൻ പോളിസി ഉടമയ്ക്ക് അവകാശമുണ്ട്.

നോമിനിയെ മാറ്റാമോ?

പോളിസി് കാലാവധിയിൽ എത്ര തവണ വേണമെങ്കിലും നോമിനിയെ മാറ്റാനുള്ള അവസരമുണ്ട്. ഇൻഷുറൻസ ് കന്പനിയിൽ നിന്നും ലഭിക്കുന്ന അപേക്ഷ വാങ്ങി പൂരിപ്പിച്ചു നൽകിയാൽ മതി. നോമിനി മരിക്കുകയോ മറ്റോ ചെയ്താൽ തീർച്ചയായും നോമിനിയെ മാറ്റിയിരിക്കണം.

നോമിനേഷൻ വെച്ചില്ലെങ്കിൽ?

നോമിനി ഇല്ലാതെ പോളിസി എടുത്തു എന്നിരിക്കട്ടെ. കാലാവധി പൂർത്തിയാകുകയോ അല്ലെങ്കിൽ പോളിസി ഉടമ മരിക്കുകയോ ചെയ്താൽ തുക പങ്കാളി, മക്കൾ, അമ്മ എന്നിവർക്കു നൽകും.

പോളിസി ഉടമ വിൽപത്രം തയ്യാറാക്കിയിട്ടുണ്ടെങ്കിൽ 1925 ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം അനുസരിച്ച് തുക വിൽപത്രത്തിൽ നിർദേശിച്ചിരിക്കുന്നവർക്കു നൽകും. കോടതിയിൽ നിന്നും ആർക്കാണ് തുക കൈമാറേണ്ടത് എന്നു വ്യക്തമാക്കുന്ന പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ഇതിന് ആവശ്യമാണ്.

നോമിനേഷനിൽ വരുന്ന പ്രധാന തെറ്റുകൾ

* നോമിനിയെ പലപ്പോഴും അറിയിക്കാറില്ല: പൊതുവേ കണ്ടുവരുന്ന ഏറ്റവും വലിയ പിഴവാണ് പോളിസി ഉടമ നോമിനിയായി വെച്ചിരിക്കുന്ന ആളെ ആ വിവരം അറിയിക്കാതിരിക്കുന്നത്. നോമിനി ആരെന്ന് അറിയിക്കാത്തതുകൊണ്ടു തന്നെ പോളിസി രേഖകൾ എവിടെയെന്നും അറിയില്ല. ഇങ്ങനെ വരുന്പോൾ പോളിസി ഉടമ മരിച്ചു കഴിഞ്ഞ് കന്പനിയുടെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രതികരണമുണ്ടാകുന്പോൾ മാത്രമാണ് പോളിസി ഉണ്ടായിരുന്നു എന്നു പോലും പലപ്പോഴും അറിയുന്നത്.

* നോമിനിയുടെ വിവരങ്ങൾ പുതുക്കാതിരിക്കരുത്: നോമിനിയുടെ പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി പുതുക്കിക്കൊണ്ടിരിക്കുക. വീലാസം, ഫോണ്‍ നന്പർ മാറ്റം തുടങ്ങിയവയെല്ലാം ഏറ്റവും പുതുയതാക്കി വയ്ക്കുക.

* പതിനെട്ടു വയസിൽ താഴെയുള്ള നോമിനിയാണെങ്കിൽ ഒരു അപ്പോയന്‍റീയെ വെയ്ക്കണം: പോളിസി ഉടമ നോമിനിയായി 18 വയസു പൂർത്തിയാകാത്ത ഒരാളെയാണ് വെയ്ക്കുന്നതെങ്കിൽ ഒരു അപ്പോയന്‍റീയെക്കൂടി വെയ്ക്കണം. അപ്പോയിന്‍റിയുടെയും പൂർണ വിവരങ്ങളും നോമിനിയുമായിട്ടുള്ള ബന്ധവുമെല്ലാം കൃത്യമായി നൽകിയിരിക്കണം. നോമിനിക്കു 18 വയസ് തികയുന്നതുവരെ അപ്പോയിന്‍റി ആയിരിക്കും അവരുടെ ചാർജ് വഹിക്കുക.

* ഒരു നോമിനിയെ മാത്രം വെയ്ക്കരുത്: പലപ്പോഴും നോമിനിയായി ഒരുപാടു പേരുകൾ മനസിലുള്ളപ്പോഴും ഒരാളുടെ പേരിൽ അത് ഒതുക്കാറാണ് പതിവ്. പക്ഷേ, ആ നോമിനിക്ക് പോളിസി കാലാവധി പൂർത്തിയാക്കുന്നതിനു മുന്പ് എന്തെങ്കിലും സംഭവിക്കുകയും പോളിസി ഉടമ നോമിനിയുടെ പേര് മാറ്റാതിരിക്കുകയും ചെയ്താൽ അത് വലിയ പ്രശ്നങ്ങളിലേക്ക് എത്തും. അതുകൊണ്ട് ഒന്നിൽക്കൂടുതൽപേരെ നോമിനിയായി വെയ്ക്കുകയും അവർക്ക് ഓരോരുത്തർക്കും സംഅഷ്വേഡ് തുകയിലുള്ള നിശ്ചത ശതമാനം രേഖപ്പെടുത്തുകയും വേണം.

നോമിനിയുടെ അവകാശം

നോമിനി വച്ചു എന്നതുകൊണ്ടു മാത്രം ആനുകൂല്യങ്ങളിൽ പൂർണമായ അവകാശം കൈവരുന്നില്ല. നോമിനിയും വിൽപ്പത്രത്തിൽ നിർദ്ദേശിച്ചിട്ടുള്ള ആളും ഒരാളല്ലെങ്കിൽ വിൽപ്പത്രത്തിൽ നിർദ്ദേശിച്ചിട്ടുള്ള ആളുകളുടെ അവകാശമായിരിക്കും അംഗീകരിക്കുക. അല്ലെങ്കിൽ ആനുകൂല്യത്തിന്‍റെ പൂർണ അവകാശം നോമിനിക്കാണെന്നു വിൽപ്പത്രത്തിൽ പ്രത്യേകമായി പറഞ്ഞിരിക്കണം.