സിനിമ: അച്ഛന്റെ സ്വപ്‌നവും മകന്റെ ഇഷ്ടവും
സിനിമ: അച്ഛന്റെ സ്വപ്‌നവും മകന്റെ ഇഷ്ടവും
Saturday, March 9, 2019 11:51 AM IST
എത്ര ഉന്നതിയില്‍ നില്‍ക്കുന്നവരായാലും എന്തൊക്കെ നേട്ടങ്ങള്‍ സ്വന്തമാക്കിയാലും ഓര്‍മ ച്ച കാലം മുതല്‍ മനസില്‍ സൂക്ഷിക്കുന്നതും എന്നാല്‍ ഇന്നും ആഗ്രഹമായി മാത്രം തുടരുന്നതുമായ ചില കാര്യങ്ങള്‍ കാണും. ജീവിതസാഹചര്യങ്ങള്‍ കൊണ്ടും അര്‍ഹതപ്പെട്ട അവസരങ്ങളും അംഗീകാരങ്ങളും തേടിയെത്താത്തതുകൊണ്ടും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത അക്കാര്യങ്ങള്‍ മക്കളിലൂടെയെങ്കിലും നേടിയെടുക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാവുകയുമില്ല. പതിറ്റാണ്ടുകളായി അനുകരണ കലാ മേഖലയില്‍ അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ച് മുന്നേറുന്ന കലാഭവന്‍ സുധിയുടെ ആഗ്രഹവും ഇതുതന്നെയാണ്. തനിക്ക് സാധിക്കാത്ത ചില കാര്യങ്ങള്‍, അത് തന്റെ സീമന്തപുത്രനിലൂടെ നേടിയെടുക്കണം. ഇതൊരു അത്യാഗ്രഹമല്ലെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ട് കൂടിയാവണം അമിതമായ സമ്മര്‍ദ്ദം കൊടുക്കാതെ, തന്റെ കൂടി സ്വപ്‌നമായിരുന്ന സിനിമയിലേയ്ക്ക് മകന്‍ വിഘ്‌നേഷിനെ കൈപിടിച്ച് നടത്തിക്കൊണ്ടിരിക്കുകയാണ് കലാഭവന്‍ സുധി.

രമേഷ് പിഷാരടി സംവിധാനം ചെയ്ത് ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പഞ്ചവര്‍ണ തത്തയില്‍ മണിയന്‍ പിള്ള രാജു ചെയ്ത കഥാപാത്രത്തിന്റെ മകനായാണ് സിനിമയെന്ന വലിയ ലോകത്തേയ്ക്ക് കലാഭവന്‍ സുധിയുടെ കടിഞ്ഞൂല്‍ കണ്‍മണിയായ വിഘ്‌നേഷ് എന്ന എട്ടു വയസുകാരന്‍ പിച്ച വച്ച് തുടങ്ങിയത്. അഭിനയത്തിന്റെ വകഭേദം തന്നെയായ, എന്നാല്‍ അതിനേക്കാള്‍ വെല്ലുവിളി നിറഞ്ഞ അനുകരണ കലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന കലാഭവന്‍ സുധിയുടെ മകനെ സംബന്ധിച്ചിടത്തോളം, പ്രഥമ കഥാപാത്രം കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യാമായിരുന്നു എന്നത് സിനിമ കണ്ടവര്‍ക്ക് വ്യക്തമാവും. അതോടെ വിഘ്‌നേഷിന്റെയും ഒപ്പം സുധിയുടെയും ആത്മവിശ്വാസം വര്‍ധിക്കുകയും പ്രതീക്ഷകള്‍ക്ക് പുതുനിറം കൈവരികയും ചെയ്തു. അതുകൊണ്ട് തന്നെയാണ് കോടതി സമക്ഷം ബാലന്‍ വക്കീലിലേക്ക് ക്ഷണിച്ചുകൊണ്ട് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ സമീപിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ സമ്മതം പറഞ്ഞത്. പഞ്ചവര്‍ണ തത്ത നല്‍കിയ ആത്മവിശ്വാസം മാത്രമല്ല, ഉണ്ണികൃഷ്ണന്റെ ചിത്രത്തിലെ നായകന്‍ ദിലീപാണെന്നതും കണ്ണുംപൂട്ടി യെസ് പറയാന്‍ സുധിയെയും വിഘ്‌നേഷിനെയും പ്രേരിപ്പിച്ച ഘടകമാണ്. ദിലീപിനെ അനുകരിച്ച് ശ്രദ്ധേയനായ തന്നെ സംബന്ധിച്ചിടത്തോളം മകന്‍ ദിലീപിനൊപ്പം ബിഗ്‌സ്‌ക്രീന്‍ പങ്കിടുന്ന കാഴ്ച അഭിമാനവും സന്തോഷവും നല്‍കിയെന്നാണ് സുധി പറയുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ മുന്നേറ്റത്തില്‍ സിനിമയ്ക്ക് പൊതുവായും വിഘ്‌നേഷിന് വ്യക്തിപരമായും ലഭിക്കുന്ന മികച്ച അഭിപ്രായങ്ങളുടെയും അഭിനന്ദനങ്ങളുടെയും സന്തോഷത്തിലാണ് ഈ അച്ഛനും മകനും. അവരുടെ വിശേഷങ്ങള്‍ വായിക്കാം...

പിച്ചവയ്ക്കല്‍ പഞ്ചവര്‍ണതത്തയിലൂടെ

'രമേഷ് പിഷാരടിയുമായുള്ള പരിചയത്തിലൂടെയാണ് പഞ്ചവര്‍ണ തത്തയിലേക്ക് മോന്‍ എത്തിയത്. എന്നെപ്പോലെ തന്നെ അഭിനയ മോഹം അവനും ഉള്ളതിനാല്‍ പിഷാരടി വിളിച്ചപ്പോള്‍ സന്തോഷത്തോടെ യെസ് പറയുകയായിരുന്നു, പിഷാരടിയോടും മോനോടും. കഥാപാത്രത്തിന് ലഭിച്ച അഭിനന്ദനങ്ങളൊക്കെ മോന് വലിയ പ്രോത്സാഹനമായി. അഭിനയിക്കാനുള്ള ഉത്സാഹവും കൂടി'. മകനെക്കുറിച്ചുള്ള സുധിയുടെ വാക്കുകളില്‍ അഭിമാനം.

ദിലീപ് ഭാഗ്യഘടകം

ദിലീപ് നായകനാവുന്ന ബാലന്‍ വക്കീലിലേക്ക് ക്ഷണം വന്നപ്പോള്‍ വിഘ്‌നേഷിനേക്കാള്‍ സന്തോഷം തനിക്കായിരുന്നെന്ന് സുധി പറയുന്നു. 'ദിലീപിനെ അനുകരിച്ചാണ് മിമിക്രി മേഖലയില്‍ ഞാന്‍ പിടിച്ചുകയറിയത്. അതായിരുന്നു എന്റെ തുറുപ്പു ചീട്ടും. മിമിക്രിയിലെ ഉയര്‍ച്ചയ്ക്ക് കാരണമായതും ദിലീപിനെ അനുകരിച്ച് നേടിയ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളുമാണ്. അങ്ങനെയുള്ളപ്പോള്‍ ദിലീപിനൊപ്പം അഭിനയിക്കാന്‍ മോന് ലഭിച്ച അവസരത്തെയും ഭാഗ്യമായാണ് കാണുന്നത്. കോളനിയിലെ ഒരു തലതെറിച്ച പയ്യന്റെ റോളാണ് മോന്‍ ചെയ്തിരിക്കുന്നത്. ദിലീപേട്ടനും അജു വര്‍ഗീസിനും ഒപ്പം കോമ്പിനേഷന്‍ സീനുകളുമുണ്ട്. ചിത്രം മികച്ച അഭിപ്രായം നേടുമ്പോള്‍ അതിലേറെ സന്തോഷം.'



വിഘ്‌നേഷിന്റെ ഗുരു അവന്‍ തന്നെ

അഭിനയത്തില്‍ വിഘ്‌നേഷിന്റെ ഗുരു അവന്‍ തന്നെയാണെന്നാണ് സുധി പറയുന്നത്. 'കലാകാരനെന്ന നിലയില്‍ യാതൊരു വിധ പരിശീലനവും ഞാന്‍ അവന് നല്‍കിയിട്ടില്ല. എല്ലാം അവന്‍ സ്വയം കണ്ടും കേട്ടും പഠിക്കുന്നതാണ്. ടിവിയിലൂടെയും സിനിമകളിലൂടെയും കാണുന്നതും പിന്നെ ഞാന്‍ പ്രാക്ടീസ് ചെയ്യുന്നതുമെല്ലാം ശ്രദ്ധിച്ച ശേഷം ചെയ്തുനോക്കും. രണ്ട് സിനിമയില്‍ അഭിനയിച്ചപ്പോഴും ഞാനൊന്നും പറഞ്ഞുകൊടുത്തിട്ടില്ല. ജനാര്‍ദ്ദനന്‍ ചേട്ടന്റെ സൗണ്ടൊക്കെ നന്നായി അനുകരിക്കും. ഭാവിയില്‍ മിമിക്രിയില്‍ അവനും പരീക്ഷണങ്ങള്‍ നടത്തിയേക്കാം. ടിക്‌ടോക്കിലും അവന്‍ ചെയ്ത ചില വീഡിയോകള്‍ ഹിറ്റായിരുന്നു. ഒന്നര വയസുള്ളപ്പോള്‍ നിലവിളക്ക് എന്ന സീരിയലില്‍ വിഘ്‌നേഷിനെ അഭിനയിപ്പിച്ചിരുന്നു. അന്ന് മോന്റെ ചില ഭാവപ്രകടനങ്ങളും, ഡയറക്ടര്‍ വിളിക്കുകയും പറയുകയും ചെയ്യുമ്പോഴത്തെ അച്ചടക്കവും ശ്രദ്ധയും കണ്ട്, ഇവന്‍ ഭാവിയില്‍ വലിയ അഭിനേതാവാകുമെന്ന് സെറ്റില്‍ എല്ലാവരും പറയുമായിരുന്നു. അന്ന് നമ്മള്‍ ചിരിച്ച് തള്ളിയെങ്കിലും ഇന്ന് ഏറെക്കുറെ ശരിയായി വരുന്നുണ്ട്. എല്ലാത്തിനും പിന്തുണ നല്‍കി കൂടെ നില്‍ക്കുക എന്നതാണ് അച്ഛനെന്ന നിലയില്‍ ഞാന്‍ ചെയ്യുന്നത്.'


അഭിനയം: വിഘ്‌നേഷിന്റെ ഇഷ്ടവും സുധിയുടെ സ്വപ്‌നവും

അഭിനയ മോഹവും അതിനുള്ള കഴിവും കലാകാരനായ അച്ഛനിലൂടെ മകനും കിട്ടിയിട്ടുണ്ടെന്നത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിഘ്‌നേഷിന്റെ ആവേശം നിറഞ്ഞ വാക്കുകളില്‍ വ്യക്തം. 'അഭിനയിക്കാന്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്. മിമിക്രിയും ചിലപ്പോഴൊക്കെ ചെയ്തുനോക്കാറുണ്ട്. പഞ്ചവര്‍ണ തത്തയിലേയും ബാലന്‍ വക്കീലിലെയും കഥാപാത്രങ്ങള്‍ ഒത്തിരി നന്നായെന്നാണ് എല്ലാവരും പറഞ്ഞത്. അതൊക്കെ കേട്ടപ്പോള്‍ ഇനിയും സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നി. ജയറാം അങ്കിളിന്റെയും ദിലീപ് അങ്കിളിന്റെയുമൊക്കെ കൂടെ അഭിനയിക്കാന്‍ നല്ല രസമായിരുന്നു. ഞാന്‍ പഠിക്കുന്ന കൊട്ടിയം എംയുപിഎസിലെ ടീച്ചേഴ്‌സിന്റെയും അവിടത്തെ കൂട്ടുകാരുടെയും സപ്പോര്‍ട്ട് കൊണ്ടാണ് എനിക്ക് സിനിമയില്‍ അഭിനയിക്കാനൊക്കെ സാധിക്കുന്നത്. നോട്‌സ് എഴുതാനും മിസ്സായ ക്ലാസുകള്‍ പഠിപ്പിച്ചു തരാനുമെല്ലാം അവര്‍ കൂടെയുണ്ട്. പഠിച്ച് എന്‍ജിനിയറാവാനാണ് എനിക്കിഷ്ടം. അക്കൂട്ടത്തില്‍ തന്നെ നല്ല നടനുമാവണം. ഡാന്‍സും പഠിക്കുന്നുണ്ട്. അച്ഛനും അമ്മയുമാണ് ഇതിനെല്ലാം എനിക്ക് സപ്പോര്‍ട്ട് തരുന്നത്.'

മിമിക്രിയിലൂടെയാണ് ശ്രദ്ധേയനായതെങ്കിലും അന്നും ഇന്നും എന്നും താന്‍ നെഞ്ചില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് സിനിമ എന്നത് സുധിയും മറച്ചുവയ്ക്കുന്നില്ല. 'കലാഭവന്റെയും കൊച്ചിന്‍ സാഗറിന്റെയും ഗിന്നസ് കൊച്ചിന്റെയുമൊക്കെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴും ആ ആഗ്രഹം കൂടെയുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. എങ്കില്‍ പോലും മിമിക്രിക്കായാണ് എന്നെ മുഴുവനായും സമര്‍പ്പിച്ചിരിക്കുന്നത്. ജയറാം, ബിജു മേനോന്‍ തുടങ്ങി പല താരങ്ങളോടുമൊപ്പം ഒമാന്‍, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളുള്‍പ്പെടെ നിരവധി വിദേശരാജ്യങ്ങളിലും ഷോകളുടെ ഭാഗമാകാന്‍ ഇതിനോടകം കഴിഞ്ഞു. വണ്‍മാന്‍ ഷോയാണ് പ്രധാനമായും ചെയ്യുന്നത്. പത്ത് മിനിറ്റുകൊണ്ട് 151 താരങ്ങളെ അനുകരിച്ചത് അടുത്ത കാലത്ത് മികച്ച അഭിപ്രായം നേടിയ ഒരു ഐറ്റമാണ്. ഓഡിയന്‍സ് ചോയ്‌സ് എന്ന ഐറ്റത്തിനുവേണ്ടി മലയാളത്തിലെ ഏകദേശം തൊണ്ണൂറ് ശതമാനം അഭിനേതാക്കളുടെയും ശബ്ദം പരിശീലിച്ചിരുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കലാശാല ബാബു എന്നീ താരങ്ങള്‍ക്ക് സുഖമില്ലാതിരുന്ന സമയത്ത് അവര്‍ക്കുവേണ്ടി ഡബ്ബ് ചെയ്തതും മിമിക്രി കലാകാരനെന്ന നിലയില്‍ മറക്കാനാവാത്ത അനുഭവമാണ്. മിമിക്രിയിലെ പുത്തന്‍ പരീക്ഷണങ്ങള്‍ തുടരുന്നതോടൊപ്പം വിഘ്‌നേഷ് സിനിമയില്‍ ഉയര്‍ച്ച നേടുന്നത് കാണാനാണ് കാത്തിരിക്കുന്നത്...'

കലാകുടുംബം

അനുകരണ മികവിലൂടെ സദസുകള്‍ കീഴടക്കി വേദികളില്‍ നിന്ന് വേദികളിലേക്ക് സുധിയും, പഠനമികവിനൊപ്പം സിനിമയില്‍ ബാലതാരമായി മകന്‍ വിഘ്‌നേഷും മുന്നേറുമ്പോള്‍ ഇരുവര്‍ക്കും പരിപൂര്‍ണ പിന്തുണയുമായി ഒപ്പമുള്ളത് സുധിയുടെ ഭാര്യയും കലാകാരിയുമായ ലീന ലക്ഷ്മിയാണ്. ഗായികയും നര്‍ത്തകിയുമായ ലീന, കേരള പത്തോളജിക്കല്‍ ലാബില്‍ റേഡിയോഗ്രാഫറായാണ് ജോലി ചെയ്യുന്നത്. പാട്ടും നൃത്തവും മിമിക്രിയും സ്‌കിറ്റുമെല്ലാം സമന്വയിപ്പിച്ച്, പലപ്പോഴും സുധിയും ലീനയും ഒന്നിച്ചും പ്രോഗ്രാം ചെയ്യാറുണ്ട്. നഴ്‌സറി വിദ്യാര്‍ത്ഥിനിയായ ഇളയ മകള്‍ വൈഷ്ണവിയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിച്ചു തുടങ്ങിയതിന്റെ സന്തോഷത്തിലാണ്, കൊല്ലം തഴുത്താല സ്വദേശികളായ ഈ കലാകുടുംബം.

കീര്‍ത്തി കാര്‍മല്‍ ജേക്കബ്