നിക്ഷേപ ശേഖരത്തിൽ സ്വർണവും വേണം
നിക്ഷേപ ശേഖരത്തിൽ സ്വർണവും വേണം
Wednesday, February 27, 2019 3:26 PM IST
സ്വർണവിലയിൽ വലിയതോതിലുള്ള വ്യതിയാനം പൊതുവേ ഉണ്ടാകാറില്ല. വിപണിയിലെ മറ്റ് നിക്ഷേപ ഉപകരണങ്ങളുടെയോ ഓഹരികളുടെയോ റിട്ടേണിലുണ്ടാകുന്ന വലിയ വ്യതിയാനം പൊതുവേ സ്വർണത്തിലുണ്ടാകാറില്ല. നിക്ഷേപത്തിന്‍റെ റിസ്ക് കുറയ്ക്കാനുള്ള വഴി കൂടിയാണ് സ്വർണം. നിക്ഷേപശേഖരത്തിൽ 10 -15 ശതമാനം സ്ഥാനം സ്വർണത്തിന് കൊടുക്കണമെന്നാണ് ധനകാര്യ ഉപദേശകരുടെ അഭിപ്രായം.

നാണ്യപ്പെരുപ്പത്തിന്‍റെ കാര്യം വരുന്പോഴും സ്വർണത്തിനാണ് മുൻഗണന. സ്വർണാഭരണങ്ങൾ, സ്വർണനാണയം എന്നീ രണ്ടു മാർഗങ്ങൾ മാത്രമായിരുന്നു സ്വർണ നിക്ഷേപത്തിനായി അടുത്ത കാലം വരെ ഉണ്ടായിരുന്നത്. ഇപ്പോൾ പേപ്പർ/ഡീമാറ്റ് നിക്ഷേപവും എത്തിയിരിക്കുന്നു.
ഭൗതികമായി സ്വർണം വാങ്ങി സൂക്ഷിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പലപ്പോഴും സ്വർണനിക്ഷേപത്തിൽനിന്നു നിന്നു നിക്ഷേപകരെ പിന്തിരിപ്പിച്ചിരുന്നു.

എന്നാൽ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് പേപ്പർ ഗോൾഡ്, ഗോൾഡ് ഫണ്ട്, ഗോൾഡ് എക്സചേഞ്ച് ട്രേഡ് ഫണ്ട്, ഫണ്ട്സ് ഓഫ് ഫണ്ട്, സോവറിൻ ബോണ്ട് എന്നിവ. ഓഹരിയിലെ നിക്ഷേപം പോലെ സ്വർണത്തിലെ നിക്ഷേപവും എളുപ്പമായിരിക്കുകയാണ്. സ്വർണത്തിന്‍റെ ശുദ്ധിയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചുമുള്ള ഭയവും വേണ്ട. വിൽക്കാനും വാങ്ങാനും ബുദ്ധിമുട്ടില്ല. ഇടിഎഫിന്‍റെ നേട്ടങ്ങൾ ഇങ്ങനെ നിരവധിയാണ്.

നിരവധി നിക്ഷേപ രീതികൾ ഉണ്ടെങ്കിലും ഓരോന്നിനും അതിന്‍റേതായ നേട്ടവും കോട്ടവുമുണ്ട്. നിക്ഷേപകന്‍റെ സൗകര്യവും ആഗ്രഹവുമനുസരിച്ച് യോജിച്ചത് തെരഞ്ഞെടുക്കുക.

1. ആഭരണം വാങ്ങാം
സ്വർണത്തിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും പരന്പരാഗതമായ മാർഗമാണ് ആഭരണം വാങ്ങിക്കുക എന്നുള്ളത്. പക്ഷേ, ഇതിന്‍റെയൊരു പോരായ്മ വാങ്ങിക്കുന്പോൾ പണിക്കൂലി, പണിക്കുറവ് തുടങ്ങിയവ കൂടി നൽകണം എന്നതാണ്. വിൽപ്പന മുഷിപ്പൻ പ്രക്രിയയാണ്.
ധരിച്ചുകൊണ്ടുനടക്കാം. സ്വർണത്തിന്‍റെ ഭംഗി ഒന്നുവേറെതന്നയാണ്. ഇതിന് കാലാപരമായ ഒരു വശവുംകൂടിയുണ്ട്. ഇതെല്ലാം ധരിക്കുന്ന ആളിന് സംതൃപ്തി നൽകുന്നതാണ്.


2. സ്വർണ നാണയം വാങ്ങിവെയ്ക്കാം
സ്വർണാഭരണം വാങ്ങിവെയ്ക്കുന്നതുപോലെയോ അല്ലെങ്കിൽ അതിനെക്കാൾ മികച്ചതോ ആണ് സ്വർണ നാണയം അല്ലെങ്കിൽ ബാറുകൾ വാങ്ങിവെയ്ക്കുന്നത്. ബാങ്കുകളിൽ നിന്നോ ജ്വല്ലറികളിൽ നിന്നോ ഇവ വാങ്ങിക്കാം. ജ്വല്ലറികളിൽ നിന്നും വാങ്ങിച്ചത് അവിടെ തന്നെ തിരികെ നൽകാം. ബാങ്കിലാണെങ്കിൽ ഇത് തിരിച്ചെടുക്കില്ല. പിന്നെ സ്വർണക്കടകളെ ആശ്രയിക്കുകയേ തരമുള്ളു.

3. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ട് (ഇടിഎഫ്)
ഗോൾഡ് ഇടിഎഫ് ഒരു തരത്തിലുള്ള മ്യൂച്വൽഫണ്ട് തന്നെയാണ്. നിക്ഷേപകരുടെ പക്കൽനിന്നു സമാഹരിക്കുന്ന തുക സ്വർണത്തിൽ നിക്ഷേപിക്കുകയാണ് ഗോൾഡ് ഇടിഎഫ് ചെയ്യുന്നത്. നിക്ഷേപകർക്ക് ഒരു ഗ്രാമിന്‍റെ യൂണിറ്റുകൾ നൽകുന്നു. ഈ യൂണിറ്റുകൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവിടെനിന്നു നിക്ഷേപകർക്കു സ്വർണ യൂണിറ്റുകൾ വാങ്ങാം.

മ്യൂച്വൽഫണ്ടിനായി തുറക്കുന്നതുപോലെ ഡീമാറ്റ് അക്കൗണ്ടു തുറക്കണം ഗോൾഡ് ഇടിഎഫിനും. ലംപ്സം ആയി ഒരു തുക നിക്ഷേപിക്കുകയോ എസ്ഐപി രീതിയിൽ നിക്ഷേപം നടത്തുകയോ ചെയ്യാം.

4. സോവറിൻ ഗോൾഡ് ബോണ്ട്
പേപ്പർ ഗോൾഡിന്‍റെ മറ്റൊരു രൂപമാണ് സോവറിൻ ഗോൾഡ് ബോണ്ട്. സർക്കാരണ് ഇത് ഇഷ്യു ചെയ്യുന്നത്. വിപണിയിൽ ഇത് എപ്പോഴും ലഭ്യമായിരിക്കില്ല. നിശ്ചിത ഇടവേളകളിൽ സോവറിൻ ഗോൾഡ് ബോണ്ടിന്‍റെ വിൽപ്പന സർക്കാർ നടത്തും. ( സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് വിൽക്കുന്നത്). ഒരാഴ്ച്ചയോളം സമയം വാങ്ങലിനായി അനുവദിക്കും.

5. ഡിജിറ്റൽ ഗോൾഡ്
സ്വർണാഭരങ്ങൾ, സ്വർണ നാണയങ്ങൾ, ബാറുകൾ എന്നിവയെല്ലാം പേടിഎം, ഗോൾഡ്റഷ് തുടങ്ങിയ മൊബൈൽ പ്ലാറ്റ്ഫോമുകളിലൂടെ വാങ്ങാവുന്നതാണ്.