ക്ലാസിക് 350-നു ജാവ വെല്ലുവിളിയാകുമോ
ക്ലാസിക് 350-നു  ജാവ വെല്ലുവിളിയാകുമോ
Wednesday, February 27, 2019 3:15 PM IST
ദീർഘദൂര യാത്രകൾ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് ക്രൂസർ മോട്ടോർസൈക്കിൾ. ഇന്ത്യയിൽ ഏറെകാലമായി റോയൽ എൻഫീൽഡാണ് ക്രൂസർ ബൈക്ക് വിപണി കൈയ്യടക്കി വച്ചിരിക്കുന്നത്. വാഹനത്തിന്‍റെ ഗുണമേന്മ, വിൽപ്പനാനന്തര സേവനം, പരിപാലനച്ചെലവ് എന്നിവയെല്ലാം പരിഗണിച്ചാൽ റോയൽ എൻഫീൽഡ് മോഡലുകൾ അത്ര നല്ലതല്ല. പക്ഷേ, ആ യാഥാർഥ്യം പറഞ്ഞാൽ ബുള്ളറ്റിനെ ഒരു മതം പോലെ കരുതുന്നവർ അംഗീകരിക്കില്ല. അവരുടെ വികാരം വൃണപ്പെടും, അവർ പൊങ്കാലയിടും. അതിപ്പം ഒരു ആചാരമാകുന്പോൾ മാറ്റാൻ പറ്റില്ലല്ലോ എന്ന മനോഭാവമുമായി ബുള്ളറ്റിനെ സ്തുതിക്കു ന്നവർ തൽക്കാലം ക്ഷമിക്കുക!
റോയൽ എൻഫീൽഡിന്‍റെ ഏറ്റവും വിൽപ്പനയുള്ള മോഡലായ ക്ലാസിക് 350 നെയും എതിരാളിയായി വിപണിയിലെത്തിയ ജാവ മോട്ടോർസൈക്കിളിനെയും താരതമ്യപ്പെടുത്തി മികവ് വിലയിരുത്തുക യാണിവിടെ. ഇതോടൊപ്പം രണ്ട് ലക്ഷം രൂപയിൽ താഴെ വിലയും 200-400 സിസി എൻജിൻ ശേഷിയുമുള്ള മറ്റു ക്രൂസർ മോട്ടോർ സൈക്കിളുകളെയും പരിചയപ്പെടുത്തുന്നു.

പവർഫുൾ ജാവ

പതിറ്റാണ്ടുകൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ ജാവയുടെ തിരിച്ചുവരവ്. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്സ്, 90 വർഷത്തെ പാരന്പര്യമുള്ള ജാവ ബ്രാൻഡിന് പുനർജന്മം നൽകുകയായിരുന്നു. മൂന്ന് മോട്ടോർസൈക്കിളുകളാണ് കന്പനി വിപണിയിലിറക്കിയിരിക്കുന്നത്. ജാവ, ജാവ 42, ജാവ പേരക് എന്നിങ്ങനെയാണ് മോഡലുകളുടെ പേര്. ഇവയ്ക്ക് യഥാക്രമം 1.64 ലക്ഷം രൂപ, 1.55 ലക്ഷം രൂപ, 1.89 ലക്ഷം രൂപ ആണ് എക്സ്ഷോറൂം വില. ജാവ, ജാവ 42 എന്നീ മോഡലുകളാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350-മായി മത്സരിക്കുന്നത്.

രൂപത്തിലും ശബ്ദത്തിലുമെല്ലാം ക്ലാസിക് ശൈലി നിലനിർത്തുന്നുണ്ട് ജാവയുടെ പുതിയ മോട്ടോർസൈക്കിളുകൾ. പഴയകാല ജാവ മോട്ടോർസൈക്കിളുടെ സവിശേഷമായ ബോഡി ഭാഗങ്ങൾ പുതിയ മോഡലുകളിലും കാണാം. രൂപഭംഗിയിൽ ക്ലാസിക് 350 നൊപ്പം നിൽക്കാൻ ജാവ ബൈക്കുകൾക്കാവുന്നുണ്ട്.

ജാവ 42 ആണ് ജാവ ബ്രാൻഡിലെ അടിസ്ഥാന മോഡൽ . തൊട്ടുമുകളിൽ നിൽക്കുന്ന മോഡലായ ജാവയ്ക്ക് സമാനമായ മെക്കാനിക്കൽ ഘടകങ്ങളാണിതിനെങ്കിലും രൂപത്തിൽ മാറ്റമുണ്ട്. ആധുനിക രൂപം ജാവ 42 നാണ്. ആറ് ബോഡി നിറങ്ങൾ, ഡിജിറ്റൽ ഓഡോ- ട്രിപ്പ് മീറ്ററുകൾ, ഹാൻഡിൽ ബാറിന്‍റെ രണ്ടറ്റത്തുമായി ഉറപ്പിച്ച കറുത്ത പുറംചട്ടയുള്ള മിററുകൾ എന്നിവയാണ് ഇതിന്‍റെ രൂപത്തിലെ സവിശേഷതകൾ. ക്രോം ഘടകങ്ങൾ വളരെ കുറവാണ്. എന്നാൽ ക്രോം വയർ സ്പോക്ക് വീലുകളാണിതിനും.

1960 ൽ പുറത്തിറങ്ങിയ ആദ്യ ജാവ ബൈക്കായ ജാവ 250 ടൈപ്പ് എയുടെ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജാവ ഒരുക്കിയിരിക്കുത്. പഴയ മൊട്ടത്തലയൻ ജാവയുടെപോലെയാണ് ഹെഡ്ലാംപ് അടങ്ങുന്ന ഭാഗം. അതിനു മുകൾ ഭാഗത്തായി വലുപ്പം കൂടിയ സ്പീഡോമീറ്റർ നൽകിയിരിക്കുന്നു. ക്രോം പ്ലേറ്റ് ചെയ്ത ഫ്യുവൽ ടാങ്ക്, നീളം കൂടിയ ഫ്രണ്ട് മഡ്ഗാർഡ്, ഹെഡ് ലാംപിനു താഴെ മധ്യത്തിലായി ഉറപ്പിച്ച ഹോണ്‍, സിൽവർ നിരത്തിലുള്ള എൻജിൻ, ഇരട്ട സൈലൻസർ എന്നിവയെല്ലാം ജാവ 250 ടൈപ്പ് എയെ ഓർമിപ്പിക്കും.

എൻജിൻ വിശേഷം

റോയൽ എൻഫീൽഡ് ക്ലാസിക് 350 ന് എയർ കൂൾഡ് എൻജിൻ ഉപയോഗിക്കുന്പോൾ ജാവ ഇരട്ടകൾക്ക് ലിക്വിഡ് കൂൾഡ് എൻജിനാണ്. ചെറിയ യാത്രകളിൽ ഇതത്ര കാര്യമല്ലെങ്കിലും ദീർഘദൂര യാത്രകൾക്ക് ഇത് അനുയോജ്യ ഘടകമാണ്. എൻജിനു മെച്ചപ്പെട്ട തണുപ്പ് നൽകി എൻജിൻ പ്രകടനം യാത്രയിലുടെ നീളം കാത്തുസൂക്ഷിക്കാൻ ഇതിനാകും. ദൂരയാത്രയിൽ വണ്ടി തണുപ്പിക്കാനുള്ള ഇടവേളകളുടെ എണ്ണം കുറച്ച് സമയലാഭം ഇതുനേടിത്തരും. ക്ലാസിക് 350 ന് ഇല്ലാത്ത ഫ്യുവൽ ഗേജ് ജാവയിലുണ്ട്. കൂടാതെ ശേഷി കൂടിയതാണ് ജാവയുടെ ഇന്ധനടാങ്ക്. ക്ലാസിക്കിന് 13.5 ലീറ്റർ, ജാവയ്ക്ക് -14 ലീറ്റർ.


ക്ലാസിക് 350 ന്‍റെ 346 സിസി, സിംഗിൾ സിലിണ്ടർ എൻജിന് 19.8 ബിഎച്ച്പി -28 എൻഎം ആണ് ശേഷി. ജാവ ബൈക്കുകൾക്ക് താരതമ്യേന എൻജിൻ ഡിസ്പ്ലേമെന്‍റ് കുറവാണെങ്കിലും അധിക കരുത്തുണ്ട്. 293 സിസി, സിംഗിൾ സിലിണ്ടർ എൻജിന് 27 ബിഎച്ച്പിയാണ് കരുത്ത്. ഇത് വേഗമെടുക്കുന്നതിൽ പ്രതിഫലിക്കും. ജാവ എൻജിന്‍റെ ടോർക്ക് ക്ലാസിക് 350 ന് സമാനമാണ്. 28 എൻഎം.

ക്ലാസിക്കിനു കാർബറേറ്റർ ഉപയോഗിക്കുന്ന എൻജിനാണെങ്കിൽ ജാവയുടേത് ഫ്യുവൽ ഇൻജക്ഷനുള്ള എൻജിനാണ്. മികച്ച എൻജിൻ പെർഫോമൻസും മൈലേജും ഇതുറപ്പാക്കും. ബിഎസ് ആറ് എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് ഈ എൻജിൻ എന്നതും ശ്രദ്ധേയം.

ബോഡി ഭാരം

ക്ലാസിക് 350 ന് 192 കിലോഗ്രാം ഭാരമുള്ളപ്പോൾ ജാവയുടെ ഭാരം 170 കിലോഗ്രാമാണ്. കുറഞ്ഞ ഭാരവും കൂടുതൽ എൻജിൻ കരുത്തും മെച്ചപ്പെട്ട പെർഫോമൻസ് ജാവ മോട്ടോർസൈക്കിളുകൾക്ക് നൽകുന്നു.

ഗീയർബോക്സ്

ക്ലാസിക്കിന് അഞ്ച് സ്പീഡ് ഗീയർബോക്സും ജാവയ്ക്ക് ആറ് സ്പീഡ് ഗീയർബോക്സുമാണ്. ഉയർന്ന വേഗത്തിൽ പോകുന്പോൾ എൻജിന്‍റെ ജോലിഭാരം കുറയ്ക്കാൻ ആറ് സ്പീഡ് ഗീയർബോക്സിനു കഴിയും. ക്ലാസിക്കിനു 80-90 കിലോമീറ്റർ വരെ വേഗത്തിലുള്ള യാത്രകൾക്കാണ് യോജിച്ചതെങ്കിൽ ആറ് സ്പീഡ് ഗീയർബോക്സും നവീനമായ എൻജിനുമുള്ള ജാവയിൽ മണിക്കൂറിൽ 100 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ വരെ പായാം.

ബ്രേക്ക് നിലവാരം

ബ്രേക്ക് കാര്യത്തിൽ ക്ലാസിക് 350 നാണ് മുൻതൂക്കം. ക്ലാസിക് 350 ന് ഇരട്ട ചാനൽ എബിഎസ് ഉപയോഗിക്കുന്പോൾ ജാവയ്ക്ക് സിംഗിൾ ചാനൽ എബിഎസാണ്. എന്നിരുന്നാലും ഭാരക്കുറവ് കണക്കിലെടുക്കുന്പോൾ ജാവയുടെ മുൻ ചക്രത്തിനുള്ള എബിഎസ് ആവശ്യത്തിനുള്ള കാര്യക്ഷമത പുലർത്തും.

വില വിവരം

ജാവ മോഡലുകൾക്ക് ക്ലാസിക്ക് 350 നെക്കാൾ അൽപ്പം വിലക്കൂടുതലുണ്ട്്. ക്ലാസിക് 350 ന് 1.47 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ജാവ 42 -1.55 ലക്ഷം രൂപ, ജാവ -1.64 ലക്ഷം രൂപ.

അവസാനവാക്ക്

എല്ലാം കൊണ്ടും റോയൽ എൻഫീൽഡ് ക്ലാസിക് 350 ന് ശക്തമായ വെല്ലുവിളി ഉയർത്താൻ ജാവയ്ക്ക് കഴിയും. എന്നാൽ വിപുലമായ വിൽപ്പന ശൃംഖല ജാവയ്ക്ക് അത്യാവശ്യം തന്നെ. റോയൽ എൻഫീൽഡിനു രാജ്യമൊട്ടാകെ 850 ഡീലർഷിപ്പുകളുണ്ട്.

ജാവയുടെ ആദ്യ ഷോറൂം പുണെയിൽ പ്രവർത്തനം തുടങ്ങിയിട്ടേയുള്ളൂ 105 ഡീലർമാരെയാണ് ആദ്യ ഘട്ടത്തിൽ ജാവ നിയോഗിച്ചിരിക്കുന്നത്. ഡീലർഷിപ്പുകളുടെ എണ്ണം താമസംകൂടാതെ വിപുലീകരിക്കുന്നതിനൊപ്പം മികച്ച വിൽപ്പനാന്തരസേവനം കൂടി ലഭ്യമാക്കിയാൽ ജാവയ്ക്ക് വിപണി പിടിക്കാനാവും.