ചൈൽഡ് പ്ലാനിനു പ്രാധാന്യം നൽകണോ?
ചൈൽഡ് പ്ലാനിനു  പ്രാധാന്യം നൽകണോ?
Friday, February 22, 2019 3:32 PM IST
ജോലി കിട്ടിക്കഴിഞ്ഞാൽ പെൻഷൻ പ്ലാനിനാണ് ആദ്യം പ്രാധാന്യം നൽകേണ്ടതെന്നാണ് പറയാറ്. തീർച്ചയായും അതിനായിരിക്കണം മുന്തിയ പരിഗണന. വരുമാനമില്ലാത്ത കാലത്തെ ജീവിതം സുരക്ഷിതമാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.

അതുപോലെ തന്നെ കുട്ടികളുടെ ജീവിതവും ഏറ്റവും സുരക്ഷിതമായിരിക്കണം എന്നാഗ്രഹിക്കുന്നവരാണ് മതാപിതാക്കൾ. അത് അവരുള്ളപ്പോഴും അവരില്ലാത്തപ്പോഴും അങ്ങനെ തന്നെയായിരിക്കണം എന്നും അവർ ആഗ്രഹിക്കുന്നു. മാതാപിതാക്കൾ ഇല്ലാതായിലും കുട്ടികളുടെ ജീവിതം സുരക്ഷിതമായിരിക്കാൻ അവരുള്ളപ്പോഴെ എന്തെങ്കിലും ചെയ്തെ തീരു. ഇത് അവരുടെ സ്വ്പനങ്ങളെ നേടിയെടുക്കാൻ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച് മാതാപിതാക്കൾ ഇല്ലാതയിലും അവരുടെ ജീവിതം ഒരു തടസവും കൂടാതെ മുന്നോട്ടു പോകാനും ഇത് സഹായിക്കും. ചൈൽഡ് ഇൻഷുറൻസ് പ്ലാനുകൾ അതിനു സഹായിക്കുന്നു.

ചൈൽഡ് പ്ലാനുകൾക്ക് രണ്ട് ലക്ഷ്യങ്ങളാണുള്ളത്
1. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക. മാതാപിതാക്കളുടെ അഭാവത്തിലും കുട്ടികളുടെ ജീവിതയാത്രയിലും ലക്ഷ്യങ്ങൾ നേടുവാൻ അവരെ സഹായിക്കുക.
2. കുട്ടികളുടെ ജീവിതത്തിന്‍റെ വഴിത്തിരുവുകൾക്ക് (വിദ്യാഭ്യാസം, വിവാഹം, കരയിർ തുടങ്ങിയവ) ധനസഹായം ലഭ്യമാക്കുക.

എന്താണ് ചൈൽഡ് ഇൻഷുറൻസ് പ്ലാനുകൾ? ഇതൊരു ഇൻഷുറൻസ് കം ഇൻവെസ്റ്റ്മെന്‍റ് പദ്ധതികളാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ബിസിനസ് തുടങ്ങൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി തുക സമാഹരിക്കുന്നതിനു സഹായിക്കുന്നു. അപ്രതീക്ഷിതമായി മാതാപിതാക്കൾക്ക് അല്ലെങ്കിൽ രക്ഷാകർത്താവ് മരിച്ചാൽ കുട്ടികൾക്ക് സം അഷ്വേഡ് തുക ലഭ്യമാകുന്നു. ഇതുവഴി കുട്ടികളുടെ ഭാവി സുരക്ഷിതമാകുന്നു.

കുട്ടികൾ ജനിക്കുന്പോൾ തന്നെ ചൈൽഡ് പ്ലാനുകളെക്കുറിച്ചാലോചിക്കുക. ദീർഘകാലത്തിലുള്ള പ്ലാനുകൾ കുറഞ്ഞ നിക്ഷേപത്തിൽ ലക്ഷ്യം നേടാൻ സഹായിക്കുന്നു.

വിവിധ തരത്തിലുള്ള ചൈൽഡ് പ്ലാനുകൾ

വിപണിയിൽ വിവിധ തരത്തിലുള്ള ചൈൽഡ് പ്ലാനുകൾ ലഭ്യമാണ്. ഓരോരുത്തർക്കും അനുയോജ്യമായ കണ്ടെത്തി നിക്ഷേപം നടത്താം. ആവശ്യങ്ങൾ എന്തൊക്കെയാണ്, എത്ര തുകയുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് താൽപ്പര്യപ്പെടന്നത് തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി വേണം ഇത് കണ്ടെത്താൻ. വിവിധ ചൈൽഡ് പ്ലാനുകളാണ് താഴെ നല്കിയിരിക്കുന്നത്.

1. ചൈൽഡ് ഇൻഷുറൻസ് പ്ലാൻ
ഇത്തരത്തിലുള്ള ചൈൽഡ് പ്ലാനുകൾ നൽകുന്നത് ഇൻഷുറൻസ് കന്പനികളാണ്. ഇൻഷുറൻസും അതോടൊപ്പം നിക്ഷേപവും കൂടി ഒത്തുചേർന്നാണ് ഇത് വരുന്നത്. രക്ഷിതാക്കൾക്ക് കുട്ടിയുടെ ഭാവിക്കായി എത്ര തുക വേണം എത്ര കാലം നിക്ഷേപം നടത്തണം എന്നു തീരുമാനിക്കാം. ചൈൽഡ് പ്ലാനിനെ റെഗുലർ പ്രീമിയം പ്ലാൻ, സിംഗിൾ പ്രീമിയം പ്ലാൻ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്.
* റെഗുലർ പ്രീമിയം പ്ലാൻ
കുട്ടിക്ക് 18 വയസാകുന്നതുവരെ പ്രീമിയം അടച്ചുകൊണ്ടിരിക്കണം റെഗുലർ പ്രീമിയം പ്ലാനിൽ കന്പനി തുടർന്നു വരുന്ന വർഷങ്ങളിൽ നിക്ഷേപിച്ച തുക തിരികെ നൽകും.
പോളിസി മച്യൂരിറ്റിയാകുന്നതിനു മുന്പ് രക്ഷിതാക്കൾ മരിച്ചാൽ കുട്ടിക്ക് പതിനെട്ടു വയസ് പൂർത്തിയാകുന്പോൾ സം അഷ്വേഡ് തുക ലഭിക്കും.
* സിംഗിൾ പ്രീമിയം പ്ലാൻ
സിംഗിൾ ്പ്രീമിയം പ്ലാനിൽ പോളിസി മച്യൂരിറ്റിയാകുന്പോഴെ സം അഷ്വേഡ് തുക ലഭിക്കുന്നു.
2. യൂണിറ്റ് ലിങ്ക്ഡ് ചൈൽഡ് പ്ലാൻ (യുലിപ്സ്)
വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള റിട്ടേണ്‍ ആണ് ഇവിടെ ലഭിക്കുക. ദീർഘകാലത്തിൽ മികച്ച റിട്ടേണ്‍ യുലിപ് നൽകുന്നതായാണ് അനുഭവം.
* പിൻവലിക്കാനുള്ള എളുപ്പം
* അനുയോജ്യമായ കവറേജ്
3. മണി ബാക്ക് പ്ലാൻ
കൃത്യമായ കാലയളവിൽ വരുമാനം ലഭ്യമാക്കുന്ന ഒരു പ്ലാനാണിത്. കുട്ടികളുടെ ഭാവി ആവശ്യങ്ങൾക്കായിട്ടുള്ള നിക്ഷേപം തന്നെയാണിതും.

4. എൻഡോവ്മെന്‍റ് പ്ലാൻ
നിക്ഷേപവും അതോടൊപ്പം ഇൻഷുറൻസും ചേർന്നതാണ് എൻഡോവ്മെന്‍റ് പ്ലാൻ. ഒരു നിശ്ചത കാലയളവിലെ നിക്ഷേപം പൂർത്തിയാകുന്പോൾ ഇൻഷുറൻസ് കവറേജ് ലഭിക്കും. കൂടാതെ കാലവധി പൂർത്തിയായിക്കഴിയുന്പോൾ ഒരു നിശ്ചിത തുകയും ലഭിക്കും.

ചൈൽഡ് പ്ലാനിന്‍റെ നേട്ടങ്ങൾ

ചൈൽഡ് പ്ലാൻ നൽകുന്നത് ഒരു നേട്ടം മാത്രമല്ല. ഒന്നിലധികം നേട്ടങ്ങൾക്കു വഴികൂടായിാണ്. പോളിസി അവസാനിക്കുന്പോൾ കുട്ടി പോളിസി ഉടമയായി മാറിയിട്ടുണ്ടാകും. എന്തൊക്കെയാണ് ചൈൽഡ് പ്ലാനിന്‍റെ നേട്ടങ്ങൾ എന്നു നോക്കാം.

1. സ്കൂൾ ഫീസ്
കുട്ടിയുടെ മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷകർത്താവ് മരിച്ചാൽ കുട്ടിയുടെ സ്കൂൾ ഫീസിന്‍റെ നിശ്ചിത തുക ഇൻഷുറൻസ് കന്പനി നൽകും. കുട്ടിയുടെ മറ്റ് ആവശ്യങ്ങൾകൂടി പരിഗണിച്ചാണ് ഈ തുക നിശ്ചയിക്കുന്നത്.
2. കുട്ടികളുടെ ഇഷ്ടങ്ങൾ/താൽപര്യങ്ങൾക്കായി പണം നൽകും
കുട്ടികൾക്ക് അവരുടേതായ ഇഷ്ടങ്ങളോ താൽപര്യങ്ങളോ ഉണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കാനായി നിശ്ചിത തുക നൽകും. പലപ്പോഴും ഈ താൽപര്യങ്ങൾ അൽപ്പം ചെലവേറിയതാണെങ്കിൽ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കില്ല. കുട്ടിയും അതിനെ ഉപേക്ഷിക്കാൻ തയ്യാറാവുകയും ചെയ്യും. നല്ലൊരു പോളിസിയുണ്ടെങ്കിൽ ഇതിന്‍റെയാവശ്യമില്ല. കുട്ടികൾക്ക് അവരുടെ ഇഷ്ടങ്ങളുമായി മുന്നോട്ടു പോകാം.
3. കല്യാണം
മാതാപിതാക്കൾക്ക് മക്കളുടെ കല്യാണത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ അത്ര ചെറുതൊന്നുമായിരിക്കില്ല. ചെലവുകൾ ഓരോ വർഷവും കൂടി വരുന്നതുകൊണ്ട് മക്കൾ കല്യാണ പ്രായത്തിലേക്ക് എത്തുന്പോഴേക്കും കല്യാണച്ചെലവിനുള്ള പണം സ്വരുക്കൂട്ടിവെയ്ക്കാം. മികച്ച ഒരു ചൈൽഡ് പ്ലാൻ ആരംഭിച്ചാൽ കല്യാണവും അടിപൊളിയായി ആഘോഷിക്കാം.
4. അസ്ഥിരമായ വിപണിയിൽ മികച്ച നേട്ടമുണ്ടാക്കാം
ഒരു ചൈൽഡ് പ്ലാനിൽ നിക്ഷേപിക്കുന്നതു വഴി പണത്തെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുക തന്നെയാണ് ചെയ്യുന്നത്. ദീർഘകാലത്തിലേക്കുള്ള നിക്ഷേപമായതിനാൽ അത് ഉയർന്ന റിട്ടേണ്‍ നൽകുകയും കുട്ടികൾക്ക് ഏറ്റവും ഉപകാരപ്രദമാകുകയും ചെയ്യും.
5. ഉന്നത വിദ്യാഭ്യാസം
ഉന്നത വിദ്യാഭാസത്തിനായി കുട്ടികൾ പോകുന്പോൾ ഇത്തരമൊരു നിക്ഷേപമുണ്ടെങ്കിൽ അവരുടെ ഫീസിന്‍റെ കാര്യമോർത്തു വിഷമിക്കേണ്ടി വരില്ല. കുട്ടികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഉന്നത വിദ്യാഭ്യാസം നടത്തുകയും ചെയ്യാം.
പണപ്പെരുപ്പം ഉന്നത വിദ്യാഭ്യാസത്തിനുള്ള ചെലവുകളിലെ വർധന എന്നിവയെല്ലാം കണക്കിലെടുത്തുവേണം നിക്ഷേപ പ്ലാൻ തയ്യാറാക്കേണ്ടത്.

* നികുതിയിളവ്: ചൈൽഡ് പ്ലാനുകൾക്കു നൽകുന്ന പ്രീമിയത്തിനു 80 സിയിൽ ഉൾപ്പെടുത്തി നികുതിയിളവു ലഭിക്കും. മാത്രവുമല്ല കാലാവധി പൂർത്തിയാക്കി ലഭിക്കുന്ന മച്യൂരിറ്റി തുകയ്ക്കും നികുതി നൽകേണ്ടതില്ല.

മാതാപിതാക്കൾക്കു മാത്രമല്ല മുത്തച്ഛൻമാർക്കും മുത്തശിമാർക്കും തങ്ങളുടെ പേരക്കുട്ടികൾക്കുവേണ്ടി ചൈൽഡ് പ്ലാനുകൾ വാങ്ങാം.
പോളിസി എടുക്കുന്നതിനു മുന്പ് പോളിസിയെക്കുറിച്ചുള്ള നിർദേശങ്ങളും നിബന്ധനകളും വായിച്ചു മനസിലാക്കിയ ശേഷം വേണം പോളിസി എടുക്കാൻ.

ഇന്ത്യയിലെ മികച്ച 5 ചൈൽഡ് ഇൻഷുറൻസ് പ്ലാനുകൾ
1. എച്ച്ഡിഎഫ്സി യംഗ്സ്റ്റാർ ഉഡാൻ -ട്രഡിഷണൽ എൻഡോവ്മെന്‍റ് / മണിബാക്ക് പ്ലാൻ
2. ഐസിഐസിഐ പ്രുഡൻഷ്യൽ സ്മാർട് കിഡ് പ്ലാൻ - യുലിപ്
3. മാക്സ് ലൈഫ് ശിക്ഷ പ്ലസ് സൂപ്പർ - യുലിപ്
4. ബജാജ് അലിയൻസ് യംഗ് അഷ്വർ - എൻഡോവ്മെന്‍റ് പ്ലാൻ
5. എൽഐസി ജീവൻ അങ്കുർ -എൻഡോവ്മെന്‍റ് പ്ലാൻ.