വെറൈറ്റി ദോശ
വെറൈറ്റി ദോശ
Tuesday, February 19, 2019 3:14 PM IST
ദോശ ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. വിവിധതരത്തിലുള്ള ദോശകളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്..

ദോശമാവ് തയാറാക്കുന്നവിധം
ചേരുവകള്‍
പച്ചരി -മൂന്നു ഗ്ലാസ്
ഉഴുന്നു പരിപ്പ് -ഒന്നര ഗ്ലാസ്
ഉലുവ -ഒരു ടീസ്പൂണ്‍
ചോറ് -ഒരു ഗ്ലാസ്

തയാറാക്കുന്നവിധം

അളന്ന് എടുക്കുമ്പോള്‍ ഒരേ ഗ്ലാസ് തന്നെ ഉപയോഗിക്കണം. പച്ചരിയും ഉഴുന്നും ഉലുവയും അഞ്ചു മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക. അരിതന്നെ കുതിര്‍ക്കാന്‍ വയ്ക്കുന്നതാണ് നല്ലത്. അരിയും ഉഴുന്നും നന്നായി കഴുകിയശേഷം വേണം കുതിരാന്‍ ഇടാന്‍. ഉലുവയും ഉഴുന്നും ഒരുമിച്ച് കുതിര്‍ത്തുവയ്ക്കുക. അഞ്ചുമണിക്കൂര്‍ കഴിഞ്ഞ് നന്നായി അടിച്ചെടുക്കണം. അതിലേക്ക് ചോറുകൂടി അരച്ച് ചേര്‍ക്കുക. എല്ലാംകൂടി നന്നായി മിക്‌സ് ചെയ്ത് ഏകദേശം എട്ടുതൊട്ട് 12 മണിക്കൂര്‍ വരെ വച്ചാല്‍ പുളിച്ചുകിട്ടും. അധികം പുളിച്ചു പോകാതെ നോക്കണം. ചൂടുള്ള സ്ഥലങ്ങളില്‍ ഏഴെട്ടു മണിക്കൂര്‍ കൊണ്ട് മാവ് പൊങ്ങിവരും. അതെടുത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം. ദോശക്കല്ലില്‍ നല്ലെണ്ണ പുരുന്നതാണ് നല്ലത്. നോണ്‍സ്റ്റിക് പാന്‍ ആണെങ്കില്‍ എണ്ണ പുരേണ്ട ആവശ്യം ഇല്ല.

ചിക്കന്‍ ദോശ

ചേരുവകള്‍
എല്ലില്ലാത്ത ചിക്കന്‍ കഷണം (ചെറുതായി അരിഞ്ഞത്) -അരക്കിലോ
ഉരുളക്കിഴങ്ങ് -രണ്ട് എണ്ണം
സവാള -ഒരെണ്ണം
ഗരംമസാല -ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി -ഒരെണ്ണം
എണ്ണ -രണ്ടു ടീസ്പൂണ്‍
കടുക് -ആവശ്യത്തിന്
കറിവേപ്പില -ഒരു തണ്ട്
വെളുത്തുള്ളി - ഇഞ്ചി അരച്ചത് രണ്ടു ടീസ്പൂണ്‍
മുളകുപൊടി -ആവശ്യത്തിന്
മഞ്ഞള്‍പൊടി -ഒരു നുള്ള്

തയാറാക്കുന്നവിധം

കോഴി ചെറുതായി അരിഞ്ഞത് കഴുകി അതിലേക്ക് ഗരംമസാല, ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി അരച്ചത്, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് തിരുമ്മി വേവിച്ചെടുക്കുക. ഇടയ്ക്ക് മൂടി തുറന്ന് നോക്കണം. വെള്ളം ആവശ്യമെങ്കില്‍ ഇത്തിരി ചേര്‍ത്ത് കൊടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് പൊടിച്ച് എടുക്കണം. ഒരു പാനില്‍ എണ്ണ ചൂടായശേഷം കടുക് പൊട്ടിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും കറിവേപ്പിലയും ചേര്‍ത്ത് ഉള്ളി നന്നായി വഴന്നുകഴിയുമ്പോള്‍ ചെറുതായി അരിഞ്ഞ തക്കാളിയും ചേര്‍ത്ത് വേവിക്കുക. ഇവ നന്നായി വഴറ്റിയതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചിക്കനും ഉടച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേര്‍ത്ത് ചെറുതീയില്‍ ഇളക്കി മിക്‌സ് ചെയ്യണം.

നല്ല കനം കുറച്ച് ദോശമാവ് കല്ലില്‍ ഒഴിച്ച് അടിവശം ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ ഒന്നു മറിച്ചിടുക. പെെന്നുതന്നെ തിരിച്ചിട്ട് അതിലേക്ക് ഈ മാറ്റിവച്ചിരിക്കുന്ന ചിക്കന്‍ ആവശ്യത്തിന് ദോശയുടെ മുളകില്‍വച്ച് രണ്ടു വശങ്ങളില്‍ നിന്നും അകത്തേക്ക് മടക്കി പാനില്‍നിന്നും മാറ്റാം.

വെജിറ്റബിള്‍ ദോശ

പച്ചക്കറികള്‍ ഏതു തരവും ഉപയോഗിക്കാം (അധികം വേവ് ആവശ്യമില്ലാത്ത പച്ചക്കറികള്‍)

ചേരുവകള്‍
കാരറ്റ് (ചെറുതായി അരിഞ്ഞത്) -രണ്ട് ണ്ണം
തക്കാളി (ചെറുതായി അരിഞ്ഞത്) -ഒരെണ്ണം
ചെറിയ ഉള്ളി (ചെറുതായി അരിഞ്ഞത്) - അഞ്ച് എണ്ണം
ഇഞ്ചി -ഒരു ചെറിയ കഷണം
ബീന്‍സ് (ചെറുതായി അരിഞ്ഞത്) -ഒരു പിടി
മുളകുപൊടി -ഒരു ടീസ്പൂണ്‍
ഗരംമസാല- ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
നല്ലെണ്ണ/നെയ്യ് -നാല് ടീസ്പൂണ്‍

തയാറാക്കുന്ന വിധം

മൂന്ന് ടീസ്പൂണ്‍ എണ്ണയില്‍ കാരറ്റ്, ചെറിയ ഉള്ളി, ബീന്‍സ് എന്നിവ ചെറുതായി അരിഞ്ഞത് ചെറിയ തീയില്‍ വഴറ്റി എടുക്കുക. അധികം വേവിക്കാതെ എടുക്കുന്നതാണ് നല്ലത്. സ്റ്റൗ ഓഫ് ആക്കിയതിനുശേഷം മുളകുപൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് ഇളക്കുക. തക്കാളി മാംസളഭാഗം ഒഴിവാക്കി ചെറുതായി അരിഞ്ഞതും മുളകുപൊടിയും ഗരംമസാലയും ചേര്‍ക്കുന്ന കൂട്ടത്തില്‍ ചേര്‍ക്കണം. ഈ ചേരുവയില്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇതു തണുത്തശേഷം ആവശ്യമുള്ള ദോശമാവിലേക്ക് ചേര്‍ത്തിളക്കുക. പിന്നീട് സാധാരണ ദോശ ഉണ്ടാക്കുന്ന വിധത്തില്‍ ഉണ്ടാക്കി എടുക്കാം. അല്പം നെയ്യ് ദോശയുടെ മുകളില്‍ ഒഴിച്ച് ചുട്ട് എടുത്താല്‍ നല്ല രുചിയുണ്ടാവും.

ബഹുവര്‍ണ ദോശകള്‍

ചെറിയ കുട്ടികള്‍ക്ക് ഇഷ്ടപ്പെടും. ആരോഗ്യകരവും ആണ്.

ചേരുവകള്‍
ബീറ്റ്‌റൂട്ട് (തൊലികളഞ്ഞ് മിക്‌സിയില്‍ അരച്ചത്) -പകുതി

തയാറാക്കുന്നവിധം
ആവശ്യമുള്ള ദോശമാവ് ഒരു പാത്രത്തില്‍ എടുത്തശേഷം അതിലേക്ക് ഒരു ബീറ്റ്‌റൂട്ടിന്റെ പകുതി തൊലികളഞ്ഞ് മിക്‌സിയില്‍ നന്നായി അരച്ചത് ചേര്‍ക്കുക. പിന്നീട് സാധാരണ ദോശ ഉണ്ടാക്കുന്ന വിധത്തില്‍ ചെറിയ ദോശയായി ചുെടുക്കാം. കുട്ടികള്‍ക്ക് ആണെങ്കില്‍ ദോശയുടെ മുകളില്‍ ഇത്തിരി നെയ്യ് ചേര്‍ത്ത് ചുടുന്നത് രുചി കൂട്ടും.

ഇതുപോലെ കാരറ്റോ ചീരയോ അരച്ച് സാധാരണ ദോശമാവില്‍ ചേര്‍ത്ത് ഉണ്ടാക്കാം. പുളിച്ച മാവില്‍ വേണം ചേര്‍ക്കാന്‍.

എഗ്ഗ് ദോശ

ചേരുവകള്‍
കാപ്‌സിക്കം - ഒന്ന്
മുട്ട -നാല് എണ്ണം
തക്കാളി -ഒരെണ്ണം
ചെറിയ ഉള്ളി -നാലെണ്ണം
മല്ലിയില -ഒരുപിടി (രുചി ഇഷ്ടമാണെങ്കില്‍ മാത്രം)
പച്ചമുളക് -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില -ഒരു കതിര്‍

തയാറാക്കുന്ന വിധം

കാപ്‌സിക്കം, തക്കാളി, ചെറിയ ഉള്ളി, മല്ലിയില, പച്ചമുളക്, കറിവേപ്പില ഇവ ചെറുതായി അരിഞ്ഞതിലേക്ക് മുട്ട പൊിച്ച് ഒഴിച്ച് നന്നായി ബീറ്റ് ചെയ്‌തെടുക്കുക.

സാധാരണ ദോശമാവ് ദോശക്കല്ലില്‍ ഒഴിച്ച് കഴിയുമ്പോള്‍ തന്നെ ദോശയുടെ മുകളില്‍ ഈ മിശ്രിതം രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ ഒഴിക്കുക. ദോശയുടെ വശങ്ങളില്‍ കൂടി അല്‍പം എണ്ണ ഒഴിച്ച് കൊടുക്കണം. ദോശയുടെ അടിഭാഗം ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ മറിച്ചിടുക. ഒന്നു ചെറുതായി അമര്‍ത്തിയാല്‍ മുട്ട നന്നായി വെന്തുകിട്ടും. പിന്നീട് രണ്ടു വശങ്ങളില്‍നിന്നും അകത്തേക്ക് മടക്കി ദോശക്കല്ലില്‍ നിന്നും മാറ്റാം. ഇടത്തരം തീയില്‍ വേണം എപ്പോഴും ദോശ ഉണ്ടാക്കാന്‍.

ഇന്‍സ്റ്റന്റ് ദോശ

ചോറും മുട്ടയും ചേര്‍ത്ത് ഒരു ദോശ

ചേരുവകള്‍
കടുക് -ഒരു ടീസ്പൂണ്‍
വലിയ ജീരകം -അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി -ഒരു നുള്ള്
ചോറ് (ഏതുതരം ചോറും ഉപയോഗിക്കാം) -ഒരു ഗ്ലാസ്
പാല്‍ -3/4 ഗ്ലാസ് (പശുവിന്‍ പാലോ/തേങ്ങാപാലോ ആകാം)
മുട്ട -ഒരെണ്ണം
ചെറിയ ഉള്ളി - -നാല് എണ്ണം
പച്ചമുളക് -ആവശ്യത്തിന്
കറിവേപ്പില -ഒരു തണ്ട്
അരിപ്പൊടി -രണ്ടു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്നവിധം

ചോറും, പാലും മുട്ടയും നല്ല പേസ്റ്റായി അരച്ച് എടുക്കുക. ഇതിലേക്ക് അരിപ്പൊടി കൂടി ചേര്‍ത്ത് അരച്ച് എടുക്കണം.

ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് എടുക്കുക. കടുകും ജീരകവും പൊട്ടിയശേഷം അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റണം. ചെറിയ തീയില്‍ വേണം ചെയ്യാന്‍. ഇവ തണുത്തശേഷം മാവിലേക്ക് ചേര്‍ക്കുക. 15 മിനിറ്റിനു ശേഷം ചെറിയ തീയിയില്‍ ദോശക്കല്ല് ചൂടായശേഷം ഒഴിച്ച് ചുട്ട് എടുക്കാം. ദോശ മറിച്ചിടേണ്ട ആവശ്യം ഇല്ല. മൂടിവച്ച് വേവിച്ച് എടുക്കുന്നതായിരിക്കും നല്ലത്.

പനീര്‍മസാല ദോശ

ചേരുവകള്‍
എണ്ണ -മൂന്ന് ടീസ്പൂണ്‍
മുളകുപൊടി -അര ടീസ്പൂണ്‍
ഗരംമസാല -അര ടീസ്പൂണ്‍
ഗ്രേറ്റ് ചെയ്ത പനീര്‍ -ഒന്നരക്കപ്പ്
തക്കാളി -രണ്ട് എണ്ണം
സവാള -രണ്ട് എണ്ണം
കടുക് -ഒരു ടീസ്പൂണ്‍
കറിവേപ്പില -മൂന്ന് തണ്ട്
വലിയ ജീരകം -ഒരു ടീസ്പൂണ്‍
മല്ലിയില (ഇഷ്ടമാണെങ്കില്‍ മാത്രം) -ഒരു പിടി

തയാറാക്കുന്നവിധം

ഒരു പാനില്‍ എണ്ണ ചൂടായിക്കഴിയുമ്പോള്‍ കടുകിട്ട് പൊട്ടിച്ച ശേഷം ജീരകം ഇടുക. അതിലേക്ക് അരിഞ്ഞ ഉള്ളി ഇട്ട് വഴറ്റണം. തുടര്‍ന്ന് അരിഞ്ഞ തക്കാളി ചേര്‍ക്കുക. തക്കാളി വെന്തുകഴിയുമ്പോള്‍ മുളകുപൊടിയും ഗരംമസാലയും ചേര്‍ക്കണം. ഇതിലേക്ക് അരിഞ്ഞ പച്ചമുളക് (മുളക് ഇഷ്ടമാണെങ്കില്‍ മാത്രം ചേര്‍ത്താല്‍ മതി), മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. അതിനുശേഷം ഗ്രേറ്റ് ചെയ്ത പനീര്‍ ചേര്‍ക്കണം. നന്നായി ഇളക്കി യോജിപ്പിച്ചശേഷം അടുപ്പില്‍നിന്ന് മാറ്റിവയ്ക്കുക.

ഇനി ദോശക്കല്ല് ചൂടായശേഷം ദോശമാവ് നല്ല കനംകുറച്ച് ഒഴിച്ച് പരത്തണം. ഇത്തിരി നെയ്യ് മുകളിലും വശങ്ങളിലും ഒഴിച്ചുകൊടുക്കുക. അടിഭാഗം നല്ല ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ ദോശയുടെ മുകളില്‍ പനീര്‍ മസാല നിരത്തിവയ്ക്കണം. രണ്ട് വശങ്ങളില്‍നിന്നും അകത്തേക്ക് മടക്കി പാനില്‍ നിന്നു മാറ്റുക. പനീര്‍മസാല ദോശ റെഡി.

തക്കാളി ദോശ

ചേരുവകള്‍
ചെറിയ ഉള്ളി (അരിഞ്ഞത്) - പത്ത് എണ്ണം
തക്കാളി -രണ്ട് എണ്ണം
മഞ്ഞള്‍പൊടി -ഒരു നുള്ള്
മുളകുപൊടി -അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
എണ്ണ -രണ്ടു ടേബിള്‍സ്പൂണ്‍
കടുക് -വറുക്കാന്‍
ജീരകം (ചെറിയത്)-ഒരു ടീസ്പൂണ്‍
കറിവേപ്പില -ഒരു തണ്ട്

തയാറാക്കുന്നവിധം

പാനില്‍ എണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞ ചെറിയ ഉള്ളി ഇട്ട് വഴറ്റിയശേഷം അതിലേക്ക് തക്കാളി അരിഞ്ഞത് ഇട്ട് വേവിക്കുക. ഇതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്തിളക്കണം. സ്റ്റൗ ഓഫ് ആക്കിയശേഷം രണ്ടു മിനിറ്റ് ഇളക്കുക. അതു തണുത്തു കഴിയുമ്പോള്‍ മിക്‌സിയില്‍ അടിച്ച് ദോശമാവിലേക്ക് ഒഴിക്കണം. ഇതിലേക്ക് കടുക്, ചെറിയ ജീരകം, കറിവേപ്പില എന്നിവ മൂപ്പിച്ച് ഒഴിക്കുക. അതിനുശേഷം മാവ് നന്നായി ഇളക്കി സാധാരണ ദോശ ഉണ്ടാക്കുന്നവിധത്തില്‍ ഉണ്ടാക്കി എടുക്കാം. കറി ഇല്ലാതെതന്നെ കഴിക്കാന്‍ നല്ലതാണ്.



ലിജി രാജു അരുവിയില്‍
പാലാ