വൈറലായി കുറുമാല്‍ക്കുന്നിലെ ആയുര്‍ജാക്ക്
വൈറലായി കുറുമാല്‍ക്കുന്നിലെ ആയുര്‍ജാക്ക്
Saturday, February 16, 2019 4:50 PM IST
റബര്‍ വെട്ടി മറ്റുവിളകള്‍ കൃഷി ചെയ്യണമെന്ന പി.സി. ജോര്‍ജ് എംഎല്‍എയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. പി.സി.ജോര്‍ജ് ചിന്തിക്കുന്നതിന് അഞ്ചുവര്‍ഷം മുമ്പേ അഞ്ചേക്കര്‍ റബര്‍ വെട്ടിമാറ്റി പകരം പ്ലാവുനട്ട് ചരിത്രം സൃ ഷ്ടിച്ച കര്‍ഷകനാണ് തൃശൂര്‍, വേലൂരിലെ വര്‍ഗീസ് തരകന്‍. അദ്ദേഹം വികസിപ്പിച്ചെടുത്ത 'ആയുര്‍ജാക്ക്' എന്ന കുഞ്ഞന്‍ പ്ലാവും കുറുമാല്‍കുന്നിന്‍ചെരിവിലെ അദ്ദേഹത്തിന്റെ പ്ലാവിന്‍ തോട്ടവും നവമാധ്യമങ്ങളില്‍ ഇന്ന് വൈറലാണ്. സ്വദേശത്തു നിന്നും വിദേശത്തുനിന്നും ആയിരക്കണക്കിന് ആളുകളാണ് കു ന്നിന്‍ ചെരിവിലെ വര്‍ഗീസ് തരകന്റെ ആയുര്‍ജാക്ക് തോട്ടം കാ ണാന്‍ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെയല്ല, ഇന്ത്യയിലെ തന്നെ ആദ്യത്തെ ഉത്പാദനശേഷി കൂടിയ കുഞ്ഞന്‍ പ്ലാവിനമാണ് 'ആയുര്‍ജാക്ക്'. പ്ലാവിനെ ഗ്രാഫ്റ്റ് ചെയ്ത് കുറിയ ഇനമായി വളര്‍ത്തുന്നതിനോട് കാര്‍ഷിക ഗവേഷകരില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പ്ലാവിനെ ഒറ്റത്തടിയായി ഉയരത്തില്‍ വളര്‍ത്തുന്നതിനോടാണ് അവര്‍ക്കു താത്പര്യം. ഗവേഷണ കേന്ദ്രങ്ങള്‍ പുറത്തിറക്കിയ മികച്ച പ്ലാവിനങ്ങളെല്ലാം തന്നെ ഉയരം കൂടിയവയാണ്. അടുത്ത കാല ത്ത് വിദേശത്തു നിന്നു ഉയരം കുറഞ്ഞ ചില പ്ലാവിനങ്ങള്‍ നമ്മുടെ നാട്ടില്‍ എത്തിയിട്ടുണ്ടെങ്കിലും കര്‍ഷകരുടെ ഇടയില്‍ അധികം പ്രചാരം ലഭിച്ചിട്ടില്ല. ഇവിടെയാണ് വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 'ആയുര്‍ജാക്ക്' എന്ന കുഞ്ഞന്‍ പ്ലാവിന്റെ പ്രസക്തി. ഉയരം ആറുമുതല്‍ എട്ടടിവരെ പരിമിതപ്പെടുത്തി നിര്‍ത്താം. ചുവട്ടില്‍ നിന്നു തന്നെ കൈയ്യെത്തിച്ചു വിളവെടുക്കാം. പ്ലാവില്‍ വലിഞ്ഞു കയറി ചക്കയിടുന്നതുകൊണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കാം. വലത്തോട്ടിയോ ഏണിയോ ഒന്നും ചക്ക യിടാന്‍ കരുതേണ്ട. ചക്ക കേടു കൂടാതെ തിന്നാം. ഒന്നര-രണ്ടു വര്‍ഷം കൊണ്ട് 'ആയുര്‍ജാക്ക്' കായ്ച്ചു തുടങ്ങും. ഒരിക്കല്‍ കായ്ച്ചു തുടങ്ങിയാല്‍ പിന്നെ ആണ്ടു മുഴുവനും ചക്ക ലഭിക്കും. ഒരേ സമയം 12 മുതല്‍ 15 വരെ ചക്കകള്‍ ഒരു പ്ലാവിലുണ്ടാകും. ഓരോ ചക്കയ്ക്കും 12 മുതല്‍ 15 വരെ കിലോഗ്രാം തൂക്കമുണ്ടാകും. പ്ലാവ് 365 ദിവസവും മത്സരിച്ചു കായ്ക്കും.

പശ്ചിമഘട്ടമാണ് പ്ലാവിന്റെ ജന്മദേശം. പ്ലാവിന്റെ ഏറ്റവും കൂടുതല്‍ ഇനവൈവിധ്യം കാണപ്പെടുന്നതും ഇവിടെത്തന്നെ. ചേലക്കരയിലാണ് വര്‍ഗീസ് തരകന്റെ ഭാര്യവീട്. അവിടെ പുരയിടത്തില്‍ 35 പ്ലാവുകളുണ്ടായിരുന്നു. ഇതില്‍ രുചികരമായ ചക്ക നല്‍കുന്ന ഒരെണ്ണം കല്ലിടുക്കിലാണ് വളര്‍ന്നിരുന്നത്. മതിലുകെട്ടാന്‍ വേണ്ടി ആ പ്ലാവ് മുറിച്ചുമാറ്റി. അതിന്റെ ചുവട്ടില്‍ നിന്നു വന്ന കിളിര്‍പ്പുകളില്‍ ധാരാളം ചക്കകളുണ്ടായി. അതില്‍ നിന്ന് ബഡ് ഷൂട്ടുകളെടുത്താണ് 'ആയുര്‍ജാക്ക്' വികസിപ്പിച്ചത്. ഇതിന് എട്ടരവര്‍ഷത്തെ നിരന്തര ഗവേഷണ-നിരീക്ഷണങ്ങള്‍ വേണ്ടിവന്നെന്ന് വര്‍ഗീസ് തരകന്‍ പറയുന്നു. ഓട്ടോ മൊബൈ ല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമാധാരിയായ വര്‍ഗീസ്തരകന്‍ കൃഷിയോടുള്ള താത്പര്യം കാരണം പിഎസ്‌സി വഴി ലഭിച്ച സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിക്കുകയായിരുന്നു.

അഞ്ചു വര്‍ഷം മുമ്പ് 'ആയുര്‍ ജാക്ക്' നടാന്‍ കുറുമാല്‍ക്കുന്നിലെ അഞ്ചേക്കര്‍ റബര്‍ത്തോട്ടം വെട്ടിമാറ്റി. ആറുമുതല്‍ 12 വര്‍ഷം വരെ പ്രായമുണ്ടായിരുന്ന ടാപ്പു ചെയ്തിരുന്ന റബര്‍ മരങ്ങളാണ് മുറിച്ചു മാറ്റിയത്. അന്ന് നെറ്റി ചുളിച്ചവര്‍ ഇപ്പോള്‍ തഴച്ചു വളരുന്ന 'ആയുര്‍ജാക്ക്' തോട്ടം കണ്ട് അദ്ഭുതപ്പെടുകയാണ്. കേരളത്തില്‍ നാലോ-അഞ്ചോ മാസം മാത്രമാണ് ചക്കയുടെ സീസണ്‍. മഴയെത്തിയാല്‍ താഴെക്കിടന്നു നശിക്കും. വിരിഞ്ഞ് ഒന്നു രണ്ടുമാസത്തിനകം ഇടിച്ചക്കയായും വിളഞ്ഞു കഴിയുമ്പോള്‍ പുഴുക്കിനായും പിന്നീട് പഴമായും ചക്ക ഉപയോഗിക്കുന്നു. പിന്നീട് സംസ്‌കരിച്ച് ഉത്പന്നങ്ങളാക്കാം. എന്നാല്‍ 'ആയുര്‍ജാക്ക്' നട്ടാല്‍ ആണ്ടുമുഴുവന്‍ ഇടിച്ചക്കയും വേവിക്കാന്‍ വിളഞ്ഞ ചക്കയും പഴുത്ത ചക്കയും തടസമില്ലാതെ ലഭിക്കും. സംസ്‌കരിച്ച ഉത്പന്നങ്ങള്‍ തയാറാക്കാനുള്ള ചക്കയും എപ്പോഴും ലഭിക്കും.

പൂര്‍ണമായും ജൈവരീതിയിലാണ് വര്‍ഗീസ് തരകന്റെ പ്ലാവ് കൃഷി. രാസവസ്തുക്കള്‍ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. 15 അടി അകലം നല്‍കിയാണ് തൈകള്‍ നടുന്നത്. വരികള്‍ തമ്മിലും 15 അടി അകലം നല്‍കും. രണ്ടരയടി നീളവും വീതിയും താഴ്ചയുമുള്ള കുഴികളെടുത്ത് അതിലാണ് തൈകള്‍ നടുന്നത്. അഞ്ചേക്കറിലായി ആയിരം പ്ലാവുകളാണ് ഈ തോട്ടത്തിലുള്ളത്. പ്ലാവുകള്‍ നനയ്ക്കാന്‍ തോട്ടം മുഴുവന്‍ ഡ്രിപ്പിട്ടിട്ടുണ്ട്. ഒരു പ്ലാവിന് ഒരു ദിവസം എട്ടുലിറ്റര്‍ വെള്ളം വേണ്ടിവരും. ആട്ടിന്‍ കാഷ്ഠം, ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങള്‍ നല്‍കുന്നു. ഇടവിളയായി പ്ലാവിന്റെ ചുവട്ടില്‍ മഞ്ഞള്‍ നടുന്നു. അടുക്കളത്തോട്ടത്തിലും മട്ടുപ്പാവിലും 'ആയുര്‍ജാക്ക്' വളര്‍ത്താം. ഡ്രമ്മില്‍ വളര്‍ത്തിയാല്‍ ഈ വരിക്കച്ചക്കയുടെ പഴത്തിന് രുചി അല്പം കുറവായിരിക്കുമെന്ന് തരകന്‍ പറയുന്നു. തെങ്ങിന്‍ തോട്ടങ്ങളിലും മറ്റും ഇടവിളയായും 'ആയുര്‍ജാക്ക്' കൃഷി ചെയ്യാം. ഏതുതരം മണ്ണിലും ആയുര്‍ജാക്ക് വളരുമെങ്കിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ ഒഴിവാക്കണം. വളര്‍ത്തുന്ന ഇടങ്ങളില്‍ നല്ല സൂര്യപ്രകാശവും വേണം.

ആദായം കുറഞ്ഞതു മാത്രമല്ല റബര്‍ വെട്ടിമാറ്റി പകരം പ്ലാവ് നടാനുള്ള കാരണം. പാരിസ്ഥിതിക സേവനം നല്‍കുന്ന വിളതന്നെ കൃഷി ചെയ്യണം എന്ന താത്പര്യത്തില്‍ നിന്നാണ് പണ്ടെ ചക്ക പ്രേമിയായിരുന്ന തരകന്‍ പ്ലാവ് കൃഷിയിലേക്കു തിരിഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും ഉത്തമമായ ഭക്ഷണമാണ് ചക്ക. ശുദ്ധവായു, ശുദ്ധജലം, ശുദ്ധഭക്ഷണം, ആരോഗ്യസംരക്ഷണം എന്നിവയാണ് ആയുര്‍ജാക്കിന്റെ കൃഷിവ്യാപിപ്പിക്കുന്നതിലൂടെ തരകന്‍ ലക്ഷ്യമിടുന്നത്. ആരോഗ്യം സംരക്ഷിക്കുന്ന 25 ലേറെ ഔഷധഗുണങ്ങള്‍ ചക്കക്കുള്ളതുകൊണ്ടാണ് താന്‍ വികസിപ്പിച്ചെടുത്ത പ്ലാവിന് ആയുര്‍ ജാക്ക് എന്ന പേരു നല്‍കിയത്. ചക്കയെയും പ്ലാവിനെയും കുറിച്ചുള്ള എല്ലാ അറിവുകളും പകരുന്ന ഒരു സര്‍വകലാശാല തന്നെയാണ് വര്‍ഗീസ് തരകന്‍. തൃശൂര്‍ അമലാ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമീപപ്രദേശത്താണ് തരകന്‍ ജനിച്ചത്. കുട്ടിയായിരിക്കുമ്പോള്‍ മുതലേ കാന്‍സര്‍ രോഗികളെ കണ്ടാണ് അദ്ദേഹം വളര്‍ന്നത്. കേരളത്തില്‍ ഒരു വര്‍ഷം 50,000 പേര്‍ക്കെങ്കിലും പുതുതായി കാന്‍സര്‍ പിടിപെടുന്നുണ്ട്. കാന്‍സറിനെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ചക്ക. ആയുര്‍ജാക്കിന്റെ വ്യാപനം കൊണ്ട് ഒരാളെയെങ്കിലും കാന്‍സറില്‍ നിന്നു രക്ഷിക്കാനായാല്‍ അതൊരു പുണ്യപ്രവൃത്തിയായി കരുതുമെന്ന് തരകന്‍ പറയുന്നു. 25 ലെറെ ഔഷധഗുണങ്ങള്‍ ചക്കയ്ക്കുണ്ട്. കാന്‍സറിനു പുറമെ ഹൃദ്രോഗത്തെയും പ്രമേഹത്തെയും ചക്ക പ്രതിരോധിക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. വാര്‍ധക്യ സംബന്ധമായ രോഗങ്ങളെയും രക്തസമ്മര്‍ദ്ദത്തെയും തടയും. എല്ലുകളെ ബലപ്പെടുത്തും. എല്ലു തേയ്മാനം തടയും. കാഴ്ചശക്തി വര്‍ധിപ്പിക്കും. ഇടിച്ചക്ക കൂടുതല്‍ പോഷകസമ്പന്നമാണ്. ആയുസ് വര്‍ധിപ്പിക്കുന്ന ചക്കയുടെ ഈ ഔഷധ ഗുണങ്ങളെക്കുറിച്ച് നല്ല അറിവുള്ളതു കൊണ്ടാണ് വര്‍ഗീസ് തരകന്‍ കേരളത്തിലെ ചക്കയുടെ താരപ്രചാരകരില്‍ ഒരാളായി മാറിയിരിക്കുന്നത്. ചക്ക മഹോത്സവങ്ങള്‍ക്കും സെമിനാറുകള്‍ക്കുമൊന്നും സാധിക്കാത്ത മഹാവിപ്ലവമാണ് ആയുര്‍ജാക്കിന്റെ വ്യാപനത്തിലൂടെ ചുരുങ്ങിയ കാലംകൊണ്ട് വര്‍ഗീസ് തരകന്‍ നടത്തിയിരിക്കുന്നത്.


തട്ടുകളും ട്രെഞ്ചുകളും ചേര്‍ന്ന മണ്ണ്-ജലസംരക്ഷണത്തിന്റെ ഒരു മികച്ച മാതൃക കൂടിയാണ് കുറുമാല്‍കുന്നിലെ ആയുര്‍തോട്ടം. ഒരു തുള്ളിവെള്ളം പോലും ഒഴുകിപ്പോകാതെ തോട്ടത്തില്‍ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു. ഒഴുകിപ്പോകുന്ന ആറു കോടി ലിറ്റര്‍ വെള്ളമാണ് ഒരു വര്‍ഷം തോട്ടത്തില്‍ സംരക്ഷിച്ചു നിര്‍ത്തുന്നത്. മഹാപ്രളയത്തിലും ഉരുള്‍പൊട്ടലിലും വിനാശം വിതച്ച പേമാരിയില്‍പ്പോലും ഒരു ടീസ്പൂണ്‍ മണ്ണ് ഈ തോട്ടത്തില്‍ നിന്നും ഒലിച്ചുപോയില്ല. പല തട്ടുകളിലായി കുന്നിനു വിലങ്ങനെ ചെറിയ ട്രെഞ്ചുകള്‍ എടുത്ത് മണ്ണും ജലവും ഒഴുകിപ്പോകാതെ സംരക്ഷിക്കുന്നു.

കേരള സാമൂഹ്യജലക്ഷേമ സമിതി നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന്റെ സഹായത്തോടെ സമീപപ്രദേശത്ത് ഒരു ശുദ്ധജലപദ്ധതി 1995 ല്‍ ആരംഭിച്ചിരുന്നു. 2012 ല്‍ ഈ പദ്ധതി പ്രകാരം സ്ഥാപിച്ച ബോര്‍വെല്‍ വറ്റിപ്പോയി. വര്‍ഗീസ് തരകന്‍ കുന്നിന്‍ചെരിവിലെ പ്ലാവിന്‍ തോട്ടത്തില്‍ നടത്തിയ മഴവെള്ള സംഭരണം കാരണം ഇപ്പോള്‍ വീണ്ടും ഈ പ്രദേശത്തെ ഭൂഗര്‍ഭ ജലം റീചാര്‍ജ് ചെയ്തു. ഇതോടെ സമീപപ്രദേശങ്ങളിലെ താമസക്കാര്‍ക്കെല്ലാം വര്‍ഷം മുഴുവനും കുടിവെള്ളം ലഭിക്കുന്നു.

കുറുമാല്‍കുന്നില്‍ നടത്തിയ മാതൃകാ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ക്ഷോണിമിത്ര അവാര്‍ഡ് വര്‍ഗീ സ് തരകനെ തേടിയെത്തി. ഈ മണ്ണ്-ജലസംരക്ഷണ മാതൃക ചെരിവുള്ള മലയോരങ്ങളില്‍ നടപ്പാക്കിയാല്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും തടയാമെന്നാണ് തരകന്റെ അഭിപ്രായം. ശുദ്ധജലം മാത്രമല്ല, ശുദ്ധവായുവും പ്ലാവ് ഉറപ്പാക്കും. ഒരു പ്ലാവ് ഒരു വര്‍ഷം 13.16 ടണ്‍ ഓക്‌സിജന്‍ പുറത്തു വിടും.

തരകന്റെ അഞ്ചേക്കര്‍ തോട്ടത്തിലെ 1000 പ്ലാവുകള്‍ ചേര്‍ന്ന് ഒരു വര്‍ഷം പുറത്തു വിടുന്നത് 13160 ടണ്‍ ഓക്‌സിജന്‍. ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിടാനുള്ള മാതൃക വേറെങ്ങും തേടിപ്പോകേണ്ട. ശുദ്ധജലം, ശുദ്ധവായൂ, എല്ലാവര്‍ക്കും ഭക്ഷണം എന്നീ മഹത്‌ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സുസ്ഥിര വികസന മാതൃകകള്‍ക്ക് ഐക്യരാഷ്ട്ര സംഘടന നല്‍കുന്ന വാഫാ (വാട്ടര്‍, എയര്‍, ഫുഡ് അവാര്‍ഡ്)അന്താരാഷ്ട്ര അവാര്‍ഡിനുള്ള പ്രഥമ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക എന്‍ട്രിയാണ് വര്‍ഗീസ് തരകന്റേത്.

വര്‍ഗീസ് തരകന്റെ 'ആയുര്‍ ജാക്കും' തോട്ടവും പഠിക്കാന്‍ ഇന്ത്യയ്ക്കത്തുനിന്നും വിദേശത്തു നിന്നും പ്രശസ്ത സര്‍വകലാശാലകളിലെ വിദഗ്ധരെ ത്തുന്നു. ഓസ്‌ട്രേലിയയിലെ അഡലെയിഡ് സര്‍വകലാശാല, അമേരിക്കയിലെ കൊളറാഡോ സര്‍വകലാശാല, ഹെലന്‍പാമറുടെ നേതൃത്വത്തിലുള്ള ബിബി സി സംഘം എന്നിവരെല്ലാം ഇതിനകം ആയുര്‍ജാക്ക് തോട്ടം സന്ദര്‍ശിച്ചു. ആയുര്‍ജാക്കിന്റെ തൈകള്‍ വാങ്ങാന്‍ കേരളമെമ്പാടും നിന്ന് ആയിരക്കണക്കിന് സന്ദര്‍ശകര്‍ ഓരോ ദിവസവും കുറുമാല്‍കുന്നിലെത്തുന്നു. ഈ നഴ്‌സറിയില്‍ നിന്നു മാത്രമേ ആയുര്‍ജാക്കിന്റെ തൈകളുടെ വില്‍പനയുള്ളു. ശാഖകള്‍ ഒരിടത്തുമില്ല. പ്രദര്‍ശനങ്ങളിലും മേളകളിലും വില്‍പനയില്ല. തൈകളുടെ ഉത്പാദനത്തിലും വിപണനത്തിലും തരകനെ സഹായിക്കാന്‍ തോട്ടത്തില്‍ 35 ജോലിക്കാരുണ്ട്. ഭാര്യ സന്ധ്യാ വര്‍ഗീസ് അഭിഭാഷകയാണ്. മകള്‍ വര്‍ഷ യും മകന്‍ വരുണും സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : വര്‍ഗീസ് തരകന്‍ - 9447738074

ഡോ.ജോസ് ജോസഫ്‌