പിംപിള്‍? വെരി സിംപിള്‍
പിംപിള്‍? വെരി സിംപിള്‍
Saturday, February 16, 2019 12:33 PM IST
ഈ മുഖക്കുരു ഒന്നു മാറിക്കിാന്‍ ചെയ്യാത്ത ട്രീറ്റ്‌മെന്റുകളില്ല, കയറി ഇറങ്ങാത്ത ആശുപത്രികളില്ല. എന്നിട്ടും ഇതൊന്നു മാറിക്കിട്ടുന്നില്ലല്ലോ...' കണ്ണാടിയില്‍ നോക്കി സ്വയം പരാതി പറയുന്ന റൂം മേറ്റിനെക്കണ്ട് സൂര്യ അമ്പരന്നു.

'എന്താ നിന്റെ പ്രശ്‌നം?' അവള്‍ ചോദിച്ചു.
'ദാ ഈ മുഖക്കുരു തന്നെ. എന്റെ ഫേവറൈറ്റ് സ്‌നാക്ക്‌സും ചോക്ലേറ്റ്‌സും വരെ ഞാന്‍ ഇതിനു വേണ്ടി ഉപേക്ഷിച്ചു. എന്നിട്ടും ഇത് എന്നെ ഉപേക്ഷിക്കുന്ന മട്ടില്ല.'നീതു പറഞ്ഞു.

'ഇത്രേയുള്ളു നിന്റെ പ്രശ്‌നം? ഇതു സിംപിളല്ലേ... ദാ ഈ ഗ്രീന്‍ ടീ മാത്രം മതിയല്ലോ നിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍,' ഷെല്‍ഫിലിരുന്ന ഗ്രീന്‍ ടീ എടുത്ത് നീതുവിന് കൊടുത്തുകൊണ്ട് സൂര്യ പറഞ്ഞു.
'ഗ്രീന്‍ ടീ ആരോഗ്യത്തിനു നല്ലതാണെന്നു കേട്ടിട്ടുണ്ട്. പക്ഷേ ഇത്...' നീതുവിന് സംശയമായി. ആരോഗ്യത്തിനും സൗന്ദര്യത്തിനും തലമുടിയഴകിനും ഒക്കെ ഗ്രീന്‍ ടീ ബെസ്റ്റാണെന്ന് സൂര്യ ഉറപ്പു നല്‍കി.

ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍

* ഗ്രീന്‍ ടീയിലുള്ള കറ്റേച്ചിന്‍സ് മുഖക്കുരുവിനു കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കും.
* മുഖക്കുരു കാരണമുണ്ടാകുന്ന ചുവപ്പു നിറവും തടിപ്പും മാറാന്‍ ഗ്രീന്‍ ടീ സഹായിക്കും.
* ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തെ ശുദ്ധീകരിക്കുകയും ചര്‍മത്തെ ബാധിക്കുന്ന കാന്‍സര്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.
* പ്രായാധിക്യം മൂലം ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും തടയാന്‍ ഗ്രീന്‍ ടീ ഏറെ ഫല പ്രദമാണ്.

മുഖക്കുരുവിനെ തുരത്താം

* തിളപ്പിച്ചാറിയ ഗ്രീന്‍ ടീ ഒരു സ്‌പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക. മുഖം കഴുകി വൃത്തിയാക്കിയശേഷം നനവ് ഒപ്പിയെടുക്കണം. ഗ്രീന്‍ ടീ മുഖത്ത് സ്‌പ്രേ ചെയ്ത് ഉണങ്ങിയശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകി മൊയ്‌സ്ചറൈസര്‍ പുരട്ടാം. ദിവസവും രണ്ടു തവണ ഇത് ആവര്‍ത്തിച്ചാല്‍ മുഖക്കുരുവിനെ തുരുത്താം.

* ഗ്രീന്‍ ടീ തിളപ്പിച്ച ശേഷം ഇതിന്റെ ഇല ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ഒഴിച്ച് നന്നായി ഇളക്കാം. ശേഷം ക്ലെന്‍സര്‍ ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കിയ മുഖത്തേക്ക് ഈ മിശ്രിതം തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകി കളയാം. ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഇതാവര്‍ത്തിച്ചാല്‍ മുഖകാന്തി വര്‍ധിക്കുകയും മുഖത്തിനു തിളക്കം കൂടുകയും ചെയ്യും.


* ഒരു കപ്പ് തണുത്ത ഗ്രീന്‍ ടീയിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ശുദ്ധമായ കറ്റാര്‍ വാഴനീര് ചേര്‍ത്തിളക്കുക. ഈ മിശ്രിതം ആവശ്യത്തിന് എടുത്തശേഷം ബാക്കി ഒരു ഗ്ലാസ് ജാറിലാക്കി ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കാം. ഇത് ഒരു കഷണം പഞ്ഞിയില്‍ മുക്കി മുഖത്തു നന്നായി തേച്ചു പിടിപ്പിക്കണം. മുഖക്കുരു മൂലം ചര്‍മത്തിലുണ്ടാകുന്ന ചുവന്ന പാടുകളും തടിപ്പും മാറാന്‍ ഇതു സഹായിക്കും.

സ്റ്റീം ഫേഷ്യലിനും ഗ്രീന്‍ ടീ ബെസ്റ്റാ

ചര്‍മത്തിന്റെ ആരോഗ്യവും യുവത്വവും നിലനിര്‍ത്തുന്നതില്‍ സ്റ്റീമിംഗ് വളരെ പ്രധാനമാണ്. വീട്ടില്‍ തന്നെ വളരെ ഹെല്‍ത്തി ആയി സ്റ്റീം ഫേഷ്യല്‍ ചെയ്യാന്‍ സാധിക്കും. ഇതിനായി ഒരു പുട്ടുകുടത്തിലോ ചെറിയ വാവമുള്ള പാത്രത്തിലോ വെള്ളം തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു കഴിഞ്ഞാല്‍ അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ ഇടാം. ഇനി സാധാരണ ആവി കൊള്ളുന്നതുപോലെ ആവി പിടിക്കുക.

മിഴിയഴക്...

എല്ലാവരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ് കണ്ണിനു ചുറ്റും വരുന്ന കറുപ്പ്. തുടര്‍ച്ചയായി മൊബൈലിലോ കംപ്യൂട്ടറിലോ നോക്കി ഇരിക്കുക, ഉറക്കമില്ലായ്മ, സ്‌ട്രെസ് തുടങ്ങി നിരവധി കാരണങ്ങളാണ് നമ്മുടെ കണ്ണിന്റെ സൗന്ദര്യത്തെ ദോഷകരമായി ബാധിക്കുന്ന ഈ കറുപ്പിന് പിന്നിലുള്ളത്. പ്രശ്‌നങ്ങള്‍ നിരവധിയാണെങ്കിലും അവയ്ക്കു പരിഹാരം കാണാന്‍ ഗ്രീന്‍ ടീക്കു സാധിക്കും. രണ്ട് ഗ്രീന്‍ ടീ ബാഗ് വെള്ളത്തിലിട്ട് വയ്ക്കുക. ഇത് പത്തു മിനിറ്റോളം ഫ്രീസറില്‍ വച്ച് തണുപ്പിക്കാം. ശേഷം ഈ ഗ്രീന്‍ ടീ ബാഗുകള്‍ കണ്ണില്‍ വച്ച് നന്നായി റെസ്റ്റ് ചെയ്യാം. ഇതു കണ്ണിനു കുളിര്‍മ നല്‍കുകയും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം അകറ്റുകയും ചെയ്യും.



തയാറാക്കിയത് :
അനാമിക
വിവരങ്ങള്‍ക്ക് കടപ്പാട്
ആര്‍. ചിത്ര
ഉമ ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍, തിരുവനന്തപുരം