ഒറ്റക്കുട്ടിയെ വളര്‍ത്തുമ്പോള്‍
ഒറ്റക്കുട്ടിയെ വളര്‍ത്തുമ്പോള്‍
Tuesday, February 5, 2019 5:13 PM IST
ചെറിയ കിളിക്കൂടുകളിലേക്ക് കുടുംബങ്ങള്‍ ഒതുങ്ങുമ്പോള്‍ ഒറ്റക്കുട്ടി (Single Child) വീടുകള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറെയാണ്. പുതിയ തലമുറ അച്ഛനമാരില്‍ ഒറ്റക്കുട്ടി മതി എന്ന കാഴ്ചപ്പാടും കൂടിവരുന്നുണ്ട്. ജീവിതശൈലീരോഗങ്ങള്‍, വന്ധ്യത, സാമ്പത്തിക പ്രതിസന്ധികള്‍, ദമ്പതികള്‍ ജോലി സംബന്ധമായോ മറ്റോ അകന്നു താമസിക്കുന്നത്, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിലുള്ള വിമുഖത, ഭാര്യാഭര്‍ത്താക്കന്മാര്‍ രണ്ടുപേരും ജോലിക്ക് പോകുന്നത്, കുടുംബാംഗങ്ങളില്‍ നിന്നുള്ള സഹകരണമില്ലായ്മ ഇങ്ങനെ അനവധി കാര്യങ്ങള്‍ ഒറ്റക്കുിമതി എന്ന തീരുമാനത്തിലേക്ക് രക്ഷിതാക്കളെ എത്തിക്കുന്നു.

ഒറ്റക്കുട്ടിയായി വളരുന്ന അവന്/ അവള്‍ക്ക് അനേകം പ്രശ്‌നങ്ങള്‍ വരാം എന്ന ധാരണ ഇന്ന് പുതിയ സമൂഹത്തിനില്ല. ഗ്ലോബല്‍ വില്ലേജ് സങ്കല്‍പങ്ങള്‍ പുതിയ തലമുറയ്ക്ക് പുതിയ മാനങ്ങള്‍ തുറന്നു നല്‍കുന്നതിനാല്‍ ഒറ്റപ്പെടല്‍ ഇന്ന് നമുക്ക് വലിയ പ്രശ്‌നമല്ലാതായിരിക്കുന്നു.

അനുകരണസാധ്യത കുറവ്

സാമൂഹ്യ മന:ശാസ്ത്രജ്ഞന്മാര്‍ നടത്തുന്ന പുതിയ ഗവേഷണങ്ങള്‍ ഒറ്റക്കുിയുടെ നല്ലതും നല്ലതല്ലാത്തതുമായ സ്വഭാവരൂപീകരണങ്ങളിലേക്കും പെരുമാറ്റത്തിലേക്കും വ്യക്തിത്വത്തിലേക്കും വഴി ചൂണ്ടുന്നു. സോഷ്യല്‍ സൈക്കോളജിസ്റ്റുകള്‍ ഒറ്റക്കുട്ടികളില്‍ എടുത്തു പറയുന്ന ഒരു മേന്മ അനുകരണ പ്രവണത (Imitation) ഒറ്റക്കുട്ടിയില്‍ തുലോം കുറവായിരിക്കാം എന്നുള്ളതാണ്. ഒരേ കുടുംബത്തില്‍ ജനിച്ചുവളരുന്ന സ്വന്തം സഹോദരനെയോ സഹോദരിയെയോ അനുകരിക്കാനുള്ള സാധ്യതകളില്ലാത്ത ഒറ്റക്കുികളില്‍ തനതായ വ്യക്തിത്വം (Unique Personality) രൂപീകരിക്കപ്പെടുന്നു.

എന്നിരിക്കിലും പുതിയ തലമുറ രക്ഷകര്‍ത്താക്കള്‍ അറിയേണ്ട ചില വസ്തുകകള്‍ ഒറ്റക്കുട്ടിയുടെ വളര്‍ച്ചയുടെ വഴികളില്‍ ഇല്ലാതെയില്ല. അമിതവാത്സല്യത്തിന്റെ ഭാരം, ആകെ ഒരാളേ ഉള്ളു എന്നതുകൊണ്ട് രക്ഷാകര്‍ത്താക്കളുടെ സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ച് വളര്‍ത്താനുള്ള തത്രപ്പാട്, തികച്ചും കറയറ്റ പെരുമാറ്റം ഉണ്ടാക്കിയെടുക്കാനുള്ള ശിക്ഷണങ്ങളും ശാസനകളും, കുട്ടിയുടെ മനസ് മനസിലാക്കാന്‍ കഴിയാത്ത തലങ്ങളിലുള്ള വളര്‍ത്തല്‍ ഇവയൊക്കെ പലപ്പോഴും വില്ലനായി വരും.

പൊരുത്തപ്പെടല്‍

പൊരുത്തപ്പെടല്‍ (Adjustment)േ മനുഷ്യന് തീര്‍ച്ചയായും വേണ്ട ഒരു സോഷ്യല്‍ സ്‌കില്‍ ആണ്. സഹോദരങ്ങളുമായി കളിച്ചുവളരുന്ന കുട്ടികള്‍ പങ്കുവയ്ക്കലുകളും വിട്ടുകൊടുക്കലുകളും മനസിലാക്കലും ഒക്കെ കുടുംബങ്ങളില്‍ നിന്നു പഠിക്കുന്നു. ഉള്ളതു പങ്കിട്ട് ഉപയോഗിക്കാനും വിട്ടിവീഴ്ചകള്‍ നടത്താനും പല കുട്ടികളുള്ള കുടുംബം ഒരു പാഠശാലതന്നെയാണ്. ഒറ്റയ്ക്ക് വളരുന്ന കുട്ടിക്ക് വിദ്യാലയങ്ങളില്‍ കൂട്ടുകാരില്‍ നിന്ന് ഈ സോഷ്യല്‍സ്‌കില്‍ പ്രയോജനപ്പെടുത്താമെങ്കിലും കുടുംബം നല്‍കുന്ന ഈ ബാലപാഠങ്ങള്‍ കിട്ടുന്നില്ല. ഇതുമൂലം പങ്കുവയ്ക്കലുകളും വിട്ടുവീഴ്ചകളും കുറഞ്ഞ സ്വാര്‍ഥപരമായ ഒരു മാനസികാവസ്ഥയിലേക്ക് ചിലരെങ്കിലും വഴുതി വീണേക്കാം.

മാതാപിതാക്കള്‍ അറിയാന്‍

മന:ശാസ്ത്രപരമായും സാമൂഹികമായും ചില ശ്രദ്ധകള്‍ ഒറ്റക്കുികളുടെ വളര്‍ച്ചയുടെ ഘങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ അനുവര്‍ത്തിക്കുന്നത് നന്നായിരിക്കും.

* അമിത വാത്സല്യത്തിന്റെ ഭാരം കുട്ടിയുടെ വളര്‍ച്ചയെ മുരടിപ്പിക്കും. അതൊഴിവാക്കി യാഥാര്‍ഥ്യബോധമുള്ളവരായി ചെറുപ്പത്തിലെ ഒറ്റക്കുിയായ അവനെ/ അവളെ വളര്‍ത്തിയെടുക്കണം.

* എല്ലാം ഇഷ്ടംപോലെ എന്റെ ഒറ്റക്കുട്ടിക്ക് കൊടുക്കണം എന്നു ചിന്തിക്കാതിരിക്കുക. ഇല്ലായ്മകളില്‍ പൊരുതാനും കുട്ടി പഠിക്കട്ടെ
* ഉത്തമ കുട്ടി (Perfect Child) ആക്കാന്‍ ശ്രമിക്കരുത്. അമിതമായ പെര്‍ഫക്ഷനിസം കുട്ടിയെ സാമൂഹിക ജീവിതത്തില്‍ ഒറ്റപ്പെട്ടവനാക്കും. എന്നുമാത്രമല്ല, അത് ഒരു മാനസികരോഗത്തിലേക്കുള്ള താക്കോല്‍ കൂടിയാണെന്നോര്‍ക്കുക.
* 'ഒന്നേയുള്ളെങ്കില്‍ ഉലയ്ക്കക്കടിച്ച് വളര്‍ത്തണം' എന്ന പഴമൊഴി അതിന്റെ ശരിയായ അര്‍ഥത്തില്‍ എടുത്താല്‍ മതി. അമിതശിക്ഷണം കുട്ടിയുടെ മാനസികാരോഗ്യത്തിന് ഹാനികരമാണ്.
* വീട്ടില്‍ ഒരു കുട്ടിയേ ഉള്ളുവെങ്കിലും കുടുംബത്തിലെ മറ്റു കുട്ടികള്‍, ബന്ധുക്കള്‍, സമപ്രായക്കാര്‍ ഇവരുമായി കുട്ടിയെ നന്നായി ഇടപഴകിക്കണം. സുഹൃത്തുക്കളുടെ വീട്ടിലും കുട്ടികള്‍ ഉണ്ടാകുമല്ലോ. നല്ല ചില സുഹൃദ്ബന്ധങ്ങള്‍ രക്ഷകര്‍ത്താക്കള്‍ പരിരക്ഷിച്ചാല്‍ കുട്ടിക്ക് മടുപ്പ് തോന്നുകയില്ല.
* കുട്ടികള്‍ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ 'ഞാനൊറ്റയ്ക്കായി പോയതുകൊണ്ടാണ് ഇങ്ങനെയെല്ലാം, 'എന്തിനെന്നെ ഒറ്റക്കുട്ടിയായി വളര്‍ത്തി എന്നൊക്കെ സ്വന്തം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതും വിരളമല്ല. ഒരു കുട്ടിമതി എന്ന് നിങ്ങള്‍ തീരുമാനിക്കാനുള്ള സാഹചര്യം കുട്ടിയെ കുട്ടിക്കാലത്തുതന്നെ ബോധ്യപ്പെടുത്തുക.
* കുട്ടിയുടെ സുഹൃത്തുക്കളുമായി നിങ്ങള്‍ക്കും നല്ല ബന്ധം സ്ഥാപിക്കാം. നമ്മുടെ കുഞ്ഞിന്‍േറതല്ലാതെ മറ്റൊരു കുട്ടിയുടെ മാനസിക, വൈകാരിക അവസ്ഥകള്‍ പഠിക്കുന്നത് രക്ഷകര്‍ത്താക്കള്‍ക്ക് സ്വന്തം കുട്ടിയെ ശരിയായ രീതിയില്‍ മനസിലാക്കിയെടുക്കാന്‍ ഇടനല്‍കും.
* സ്വന്തമായി ഉത്തരവാദിത്വങ്ങള്‍ കുട്ടിയെ പഠിപ്പിച്ചെടുക്കാന്‍ ശ്രമിക്കുക. അനാവശ്യമായ ഭാവിയെക്കുറിച്ചുള്ള അമിത ഉത്തരവാദിത്തം കുട്ടിയുടെ മനസില്‍ നിറയ്ക്കാതിരിക്കുക. 'ഞങ്ങള്‍ക്ക് നീ മാത്രമേയുള്ളൂ, മരണം വരെ ഞങ്ങളെ നോക്കേണ്ടത് നിന്റെ മാത്രം ചുമതലായാണ് എന്നൊക്കെ കുട്ടികളോട് പറയാതിരിക്കാം. ചുമതലാബോധം കുട്ടിയുടെ മനസില്‍ സ്വയം രൂപീകൃതമാകട്ടെ
* ടിഫിന്‍ ബോക്‌സ് നിറയ്ക്കുമ്പോള്‍ നിന്റെ സുഹൃത്തിനും കൊടുക്കൂ എന്നു പറയാം. ജന്മദിനങ്ങളും വിശേഷാവസരങ്ങളും ഒക്കെ സമപ്രായക്കാരായ കുട്ടികളോടൊപ്പം ചിലവഴിക്കാനും പഠിപ്പിക്കാം. അങ്ങനെ പങ്കുവയ്ക്കലിന്‍േറയും പരിഗണിക്കലിന്‍േറയും ബാലപാഠങ്ങള്‍ കുട്ടി പഠിക്കട്ടൈ.
* വിശാലമായ ഈ ലോകം അവന്റെ/ അവളുടേതാണെന്നും സമൂഹത്തില്‍ ഓരോ കുട്ടിക്കും അമ്മ പ്രസവിക്കാതെ തന്നെ സഹോദരങ്ങളുണ്ടാകുമെന്നും കുട്ടിയെ പ്രചോദിപ്പിക്കാം. വസുധൈവ കുടുംബസങ്കല്‍പം കുട്ടിക്ക് മനസിലാകുന്ന രീതിയില്‍ ചെറുപ്പത്തിലെ പരിശീലിപ്പിക്കാം.
* രക്ഷകര്‍ത്താക്കളുടെ തിരക്കില്‍ ഒറ്റക്കുട്ടിയുടെ ലോകം മൊബൈല്‍ ഫോണിലേക്കും ടിവി സ്‌ക്രീനിലേക്കും ഒതുക്കാതിരിക്കുക. വീടിന്റെ ഏകാന്തതയില്‍ മടിപിടിച്ചിരിക്കാതെ സഹകരണമനോഭാവം കുട്ടിക്കാലത്തേ വളര്‍ത്തിയെടുക്കാം.
* കുട്ടിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാതെതന്നെ രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടിയുടെ സുഹൃത്ത് കൂടിയായി മാറാം.

ഡോ.സിന്ധു അജിത്
കള്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, വി.കെ.എം ഹോസ്പിറ്റല്‍, തൃപ്പൂണിത്തുറ
കൗണ്‍സലിംഗ് വിഭാഗം, മുത്തൂറ്റ് കോളജ് എറണാകുളം