ഇനിയും പ്രകാശം പരക്കട്ടെ
ഇനിയും പ്രകാശം പരക്കട്ടെ
Friday, January 25, 2019 5:21 PM IST
മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുക. അത് മഹത്തായ പ്രവൃത്തിയാണ്. കാഴ്ച അന്യമായ ഒരാള്‍ക്ക് മരിച്ചയാളുടെ കണ്ണുകളിലൂടെ പുതിയ വെളിച്ചം നല്‍കാന്‍ കഴിയുകയെന്നത് മഹത്തരം തന്നെയാണ്. എന്നാല്‍ നേത്രദാനത്തെക്കുറിച്ചു പലര്‍ക്കും മിഥ്യാധാരണയാണുള്ളത്. മരിച്ച വ്യക്തിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നതിനാല്‍ മൃതശരീരത്തിനു വൈരൂപ്യമുണ്ടാകുമെന്നു ചിലര്‍ സംശയിക്കുന്നു. അതില്‍ വാസ്തവമില്ല. കാരണം നേത്രഗോളം എടുത്തശേഷം പ്ലാസ്റ്റിക് കണ്ണ് വയ്ക്കുന്നതിനാല്‍ മൃതദേഹത്തിനു യാതൊരുവിധ വൈരൂപ്യവും സംഭവിക്കില്ല. ഇതു വളരെ എളുപ്പത്തില്‍ ചെയ്യാനാവും. അതിനാല്‍ കണ്ണുകള്‍ ഇല്ലെന്നു തോന്നില്ല.

നേത്രപടലം മതി

നേത്രദാനത്തിനു നേത്രപടലം(കോര്‍ണിയ) മാത്രമാണു വേണ്ടത്. പലവിധ കാരണങ്ങളാല്‍ പൂര്‍ണമായി കാഴ്ച നഷ്ടപ്പെവര്‍ക്കുപോലും നേത്രദാനത്തിലൂടെ മറ്റുള്ളവര്‍ക്കു കാഴ്ച നല്‍കുവാന്‍ കഴിയുമെന്നതാണ് വസ്തുത.

കാഴ്ചശക്തി പൂര്‍ണമായും ലഭിക്കുന്നത് 56 വയസിനു ശേഷമാണ്. 15നും 30നും ഇടയില്‍ പ്രായമുള്ള വ്യക്തിയില്‍ നിന്നു കണ്ണു സ്വീകരിക്കുന്നതാണ് ഏറ്റവും നല്ലത്. മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഏറ്റവും ആരോഗ്യകരമായ കാഴ്ചശക്തിയുള്ള നേത്രപടലം (കോര്‍ണിയ), ഈ പ്രായത്തി ലുള്ളവരുടേതാണ്.

മാരകരോഗമുള്ള വ്യക്തികളില്‍ നിന്ന് സാധാരണയായി (കാന്‍സര്‍,എയ്ഡ്‌സ്) കണ്ണ് സ്വീകരിക്കുകയില്ല.

വന്‍ ചെലവില്ല

നേത്രദാനത്തിനു യാതൊരുവിധ ചെലവും നിങ്ങള്‍ വഹിക്കേണ്ടതില്ല. അടുത്തുള്ള നേത്രബാങ്കിലേക്കു വിളിച്ചാല്‍ മാത്രം മതി. മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നേത്രബാങ്ക് ഉണ്ട്.

ചെയ്യേണ്ടത് ഇത്രമാത്രം

നേത്രദാനത്തിനായി ആദ്യം ചെയ്യേണ്ടതു നിങ്ങളുടെ അടുത്ത ബന്ധുക്കളെ ഇക്കാര്യം അറിയിക്കുക എന്നതാണ്. കാരണം നിങ്ങളുടെ മരണശേഷം ഈ ആഗ്രഹം നിറവേറ്റാന്‍ കഴിയുന്നത് അവര്‍ക്കാണ്. അതുകൊണ്ട് അവരെ നേത്രദാനത്തിന്റെ പ്രസക്തി പറഞ്ഞു ബോധ്യപ്പെടുത്തണം. അതിനു ശേഷം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ (മെഡിക്കല്‍ കോളജ് ആശുപത്രികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, ജില്ലാ ആശു പത്രി) നിന്നു ലഭിക്കുന്ന നേത്രദാനസതപത്രം പൂരിപ്പിച്ചു നല്‍കുക. സമ്മതപത്രത്തില്‍ രക്തബന്ധമുള്ള ആളുകളുടെ (അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍ എന്നീ ഗണത്തില്‍പെടുന്നവരുടെ) സമ്മതം കൂടി വേണം.


പ്രാഥമികമായി രജിസ്റ്റര്‍ ചെയ്തതിന്റെ കോപ്പി നിങ്ങള്‍ക്കു തിരികെ ലഭിക്കും. മറ്റുള്ളവര്‍ കാണത്തക്കരീതിയില്‍ ആ കോപ്പി വീട്ടില്‍ സൂക്ഷിക്കണം. മറ്റുള്ളവര്‍ക്കു പ്രചോദനമാകാന്‍ അതുപകരിക്കും. പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും സ്വയം തീരുമാനമെടുത്തു മറ്റുള്ളവരുടെ അനുമതി വാങ്ങി നേത്രദാനം ചെയ്യാന്‍ സാധിക്കും.

നേത്രദാനസതപത്രം നല്‍കാത്തവരുടെ കണ്ണുകളും ദാനം ചെയ്യാം. ഇതിന് മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്ക് തീരുമാനം മാത്രം മതി.

ബന്ധുക്കളുടെ ശ്രദ്ധയ്ക്ക്

സമ്മതപത്രം നല്കിയ വ്യക്തിയുടെ മരണം ചിലപ്പോള്‍ വീട്ടില്‍ ആകാം അല്ലെങ്കില്‍ ആശുപത്രിയില്‍ വച്ചാകാം. മൃതദേഹം ആള്‍ത്തിരക്കില്ലാത്ത ഒരു മുറിയില്‍ കിടത്തി കണ്ണുകള്‍ അടച്ചുവയ്ക്കണം. മൃതദേഹത്തിന്റെ കണ്‍പോളകള്‍ ഉടന്‍തന്നെ അടയ്ക്കുകയും പോളകള്‍ക്കു മുകളിലായി തണുത്ത വെള്ളത്തില്‍ മുക്കിയ പഞ്ഞിയോ തുണിയോ വയ്ക്കുകയും വേണം. ഇത് കണ്ണുകള്‍ വരണ്ടുപോകാതിരിക്കാന്‍ സഹായിക്കും. തലയിണ ഉപയോഗിച്ചു ശരീരത്തിന്റെ തലഭാഗം അല്പം ഉയര്‍ത്തിവയ്ക്കണം. ശരീരം കിടത്തിയിരിക്കുന്ന മുറിയില്‍ ഫാന്‍ ഉപയോഗിക്കാന്‍ പാടില്ല. പിന്നീടു വളരെ വേഗത്തില്‍ ആശുപത്രിയില്‍ വിവരമറിയിക്കണം. മരിച്ച് ആറു മണിക്കൂറിനകം നേത്രപടലം എടുക്കേണ്ടതാണ്. അതിനാല്‍ എത്രയും വേഗം അടുത്തുള്ള നേത്രബാങ്കുമായി ബന്ധപ്പെടണം. 1919 എന്ന ബിഎസ്എന്‍എല്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ അടുത്തുളള നേത്രബാങ്ക് അധികൃതരുമായി ബന്ധപ്പെടാം. വൈകുംതോറും കണ്ണുകളുടെ പ്രവര്‍ത്തനക്ഷമത കുറയും. ഡോക്ടര്‍ വീട്ടിലെത്തി കണ്ണുകളെടുത്തു ശാസ്ത്രീയ സംവിധാനങ്ങളുടെ സഹായത്തോടെ നേത്രബാങ്കില്‍ എത്തിക്കുകയും ഏറ്റവും അര്‍ഹതപ്പെവര്‍ക്കു അത് നല്‍കുകയും ചെയ്യും.



എസ്.എം