ഈ ദിവസം ഉന്മേഷദായകമാക്കാം
ഈ ദിവസം ഉന്മേഷദായകമാക്കാം
Friday, January 18, 2019 5:06 PM IST
ഓരോ ദിവസവും പുതിയ അവസരങ്ങളും വെല്ലുവിളികളുമാണ് നമുക്ക് തരുന്നത്. ഉന്മേഷത്തോടെ ജീവിക്കുവാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസവും ഉത്സാഹവുമുണ്ടെങ്കില്‍ ഓരോ ദിനവും വിജയകരമായി പൂര്‍ത്തീകരിക്കാം.

നിങ്ങളുടെ ഊര്‍ജവും സമാധാനവും കെടുത്തുന്ന കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ മാറ്റിനിര്‍ത്തുന്നതാണ് ആദ്യത്തെ പടി. ഒരു കാര്യവും നാളത്തേയ്ക്കു നീട്ടിവയ്ക്കരുത്. ഓരോന്നും അതാതു ദിവസം തന്നെ ചെയ്യാന്‍ ശ്രമിക്കണം. അപ്പോള്‍ നാളെ ഉത്സാഹത്തോടെ എഴുന്നേറ്റു പുതിയ ഒരു കാര്യത്തിലേര്‍പ്പെടാം.

ചെറിയ ചെറിയ കാര്യങ്ങളും കര്‍മപരിപാടികളും വയ്ക്കാം. അതു ചെയ്തുതീര്‍ക്കാനായി ശ്രമിക്കാം. 'എന്നെക്കൊണ്ടിതു സാധിക്കും' എന്നു നിങ്ങള്‍ നിങ്ങളോടു തന്നെ പലതവണ പറയണം. മറ്റാരും നിങ്ങളെ ഉത്സാഹിപ്പിക്കാന്‍ വരില്ല. ഓരോ ദിവസവും അന്നന്നു ചെയ്യേണ്ട കാര്യങ്ങള്‍ എഴുതിവയ്ക്കാം. അതു ചെയ്തു തീര്‍ക്കുമ്പോള്‍ കിട്ടുന്ന ചെറിയ സന്തോഷങ്ങള്‍ പുതിയ ഒരു സംരംഭത്തിനു വഴിതെളിക്കും. ഭാവിയെക്കുറിച്ച് കൂടുതല്‍ ഉത്കണ്ഠപ്പെടാതിരിക്കാം.

ശരിയായ ഉറക്കം സര്‍വപ്രധാനം

നിങ്ങള്‍ക്ക് അഞ്ചു മുതല്‍ ഏഴുവരെ മണിക്കൂര്‍ വരെ ശരിയായി ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ദിവസം മുഴുവന്‍ ക്ഷീണിതരും ഉത്സാഹമില്ലാത്തവരുമായിരിക്കും. 'നാളത്തെ ദിവസം എനിക്കേറ്റവും നല്ലതായിരിക്കും' എന്നു പറഞ്ഞുകൊണ്ട് ഉറങ്ങാം. ശരാശരി ഏഴുമണിക്കൂറെങ്കിലും വിശ്രമം ആവശ്യമാണ്. എന്നാല്‍ ഒരിക്കലും ഒമ്പതു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങരുത്. അതു നിങ്ങളെ കൂടുതല്‍ ക്ഷീണിതരാക്കും. പ്രഭാതത്തില്‍ അല്പം നേരത്തെ എണീക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. രാവിലെ അഞ്ചു മണിക്കു മുന്‍പ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കണം. അങ്ങനെ ചെയ്താല്‍ തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കും. ഉത്കണ്ഠയും വിഷാദവും വരാതെ ദിവസം മുഴുവന്‍ പ്രസരിപ്പുള്ളവരായി നിങ്ങള്‍ കാണപ്പെടും. രാവിലെ നടക്കാന്‍ പോവുകയോ വ്യായാമം ചെയ്യുകയോ ചെയ്യണം. നിങ്ങള്‍ക്കു ജീവിതത്തില്‍ കിട്ടിയ നല്ല കാര്യങ്ങളെ ഇടയ്‌ക്കോര്‍ക്കാം.

വ്യായാമത്തിന്റെ ആവശ്യകത

സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ സ്ഥിരോത്സാഹികളും കൂടുതല്‍ സംതൃപ്തരുമായിരിക്കും. ശരീരവേദനകളെ ചെറുക്കുവാനും പല രോഗങ്ങളെയും നിയന്ത്രിക്കുവാനും മനസിനു സമാധാനം തരുവാനും വ്യായാമത്തിനാകും. സ്ഥിരമായി നടക്കാന്‍ പോകാനായി കുറച്ചു കൂട്ടുകാരെ കണ്ടെത്തുന്നതാണ് അഭികാമ്യം. അവരുമായി സംസാരിച്ചുകൊണ്ടു പോകുമ്പോള്‍ വേഗത്തില്‍ നടത്തം ഒരു ഭാരമല്ലാതായിത്തീരും. സൗഹൃദം ദൃഢപ്പെടുത്തുമെന്നു മാത്രമല്ല, നിങ്ങള്‍ കൂടുതല്‍ പ്രസരിപ്പും ഊര്‍ജവുമുള്ളവരായി കാണപ്പെടുകയും ചെയ്യും. കുറച്ചു സമയം ഒരു വയലിന്റെ അരികിലോ, ആറിന്റെ തീരത്തോ നിന്നു കാറ്റുകൊള്ളാം.

അല്‍പം ആത്മീയതയാവാം

രാവിലെ പ്രാര്‍ഥിക്കുന്നതും മതഗ്രന്ഥങ്ങള്‍ വായിക്കുന്നതും വളരെ നല്ലതാണ്. ഈ ദിവസം വരാന്‍ പോകുന്ന ഏതു പ്രതിസന്ധിയിലും നിങ്ങളെ താങ്ങാന്‍ നിങ്ങളേക്കാള്‍ ബലമുള്ള ഒരു ശക്തി (ദൈവം) ഉണ്ടെന്നുള്ള ഒരു ബോധ്യം നിങ്ങളുടെ ഹൃദയത്തില്‍ സമാധാനം തരും. 'ബോറടിക്കുന്നു' എന്നു തോന്നുമ്പോള്‍ ചെറിയ പാട്ടുകള്‍ പാടുകയോ പണ്ടു കേട്ട പാട്ടിന്റെ ഈരടികള്‍ എഴുതുകയോ ചെയ്യണം. ലഭിച്ച അനുഗ്രഹങ്ങള്‍ക്കായി ദൈവത്തോടു നന്ദി പറയണം.

അധികം വിശ്രമം വേണ്ട

മറ്റൊന്നും ചെയ്യാനില്ലാതെ വെറുതെയിരുന്നു പത്രം വായിച്ചു സമയം കളയുന്നതില്‍ അര്‍ഥമില്ല. ദിനചര്യകള്‍ക്കും വ്യായാമത്തിനും ശേഷം അല്‍പസമയം കൃഷി ചെയ്യുകയോ പൂന്തോം നനയ്ക്കുകയോ ചെടികള്‍ നടുകയോ ചെയ്യാം. രാവിലെ തന്നെ ടിവി/ കംപ്യൂട്ടറിന്റെ മുന്നില്‍ ചടഞ്ഞിരിക്കാതിരിക്കുക. പരാജയചിന്തകള്‍ ഒഴിവാക്കാം. 'എല്ലാം ശരിയാകും' എന്നു സ്വയം പറയണം. ആ ദിവസത്തേക്കു ചെയ്യേണ്ട കാര്യങ്ങള്‍ നേരത്തെ ആസൂത്രണം ചെയ്ത് എഴുതി വയ്ക്കണം.

ദിനപത്രമോ സമകാലീന മാസികകളോ വായിക്കാം. നല്ല പുസ്തകങ്ങള്‍ വായിക്കണം. കുറ്റവും കുറവും പറയുന്ന ആളുകളെ ഒഴിവാക്കുക.

വെള്ളം കുടിക്കുന്നതു ശീലമാക്കൂ

ധാരാളം ശുദ്ധജലം കുടിക്കണം. ഇടയ്ക്കിടയ്ക്കു സൂര്യപ്രകാശമേല്‍ക്കുന്നതു ശീലമാക്കണം. രാവിലെ എഴുന്നേറ്റാലുടനെ അല്‍പം ചൂടുള്ള വെള്ളം കുടിച്ചുനോക്കൂ. പ്രത്യേകമായ ഒരു ഉന്മേഷം കിട്ടും. അതുവഴി ശാരീരിക പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുകയും മനസിന്റെ ആരോഗ്യം വര്‍ധിക്കുകയും ചെയ്യും. ഭക്ഷണം കഴിക്കുമ്പോള്‍ മിതമായ അളവില്‍ കഴിക്കുക. എന്നാല്‍ പ്രഭാത ഭക്ഷണം നന്നായി കഴിക്കണം. പ്രാതല്‍ മുടങ്ങിയാല്‍ അത് ആ ദിവസം മുഴുവനുമുള്ള ഊര്‍ജത്തെ ചോര്‍ത്തിക്കളയും. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കണം. മാംസാഹാരം അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.


കളിക്കാന്‍ മടിക്കേണ്ട

ഇടയ്ക്ക് രസകരമായ ചില കളികളിലേര്‍പ്പെടാം. പത്രത്തില്‍ കാണുന്ന പദപ്രശ്‌നങ്ങള്‍ പൂരിപ്പിക്കുകയോ , ചെസ്, കാരംസ് തുടങ്ങിയ കളികളോ കായികാധ്വാനമുള്ള കളികളോ ആകാം. അത് മാനസികവും ശാരീരികവുമായ ഉല്‍സാഹം തരും. പ്രായമായവര്‍ കുികളുമായി ഒരു മണിക്കൂറെങ്കിലും കളിക്കാന്‍ ശ്രമിക്കണം.

ഒരു ചായ ചൂടോടെ

തലച്ചോറിലെ രാസവസ്തുക്കളുടെ അളവിനെ നിയന്ത്രിക്കുവാന്‍ ചായയ്ക്കും ഗ്രീന്‍ ടീയ്ക്കുമുള്ള പങ്കു വലുതാണ്. രാവിലെ തന്നെ ഒരു ഗ്ലാസ് ചായ (പഞ്ചസാരയില്ലാതെ) കുടിച്ചാല്‍ ക്ഷീണമൊക്കെമാറി ഉന്മേഷഭരിതരായി മാറും. ജീവിതത്തില്‍ നിങ്ങള്‍ക്കു ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ ഒരു പേപ്പറിലെഴുതി സൂക്ഷിക്കാം. ചായയോടൊപ്പം അതൊന്നു വായിച്ചുനോക്കൂ...

ഇടവേളകളെടുക്കാന്‍ മടിക്കേണ്ട

നിങ്ങള്‍ ജോലി ചെയ്യുന്നതിനിടയ്ക്ക് ചെറിയ ഇടവേളകളെടുക്കണം. എല്ലാ അരമണിക്കൂര്‍ കൂടുമ്പോഴും 10 മിനിറ്റ് നടക്കാം. അല്‍പം പാട്ടുകേള്‍ക്കാം. സുഹൃത്തുക്കളോടു സംസാരിക്കാം. ഇടയ്ക്ക് പൂന്തോട്ടത്തിലോ നദീതടത്തിലോ അടുത്തുള്ള പറമ്പിലോ പോയി അല്‍പസമയം ചെലവഴിക്കാം. രാവിലെ തന്നെ പൂക്കളോടും ചെടികളോടുമൊപ്പം അല്‍പസമയം ചെലവഴിക്കാം. കുറേ സമയം ഇരുന്നു പണിയെടുത്തു കഴിയുമ്പോള്‍ എഴുന്നേറ്റുനിന്ന് ഒന്ന് നിവരുകയോ കുനിയുകയോ ചെയ്യാം. ചെറിയ മൂളിപ്പാട്ടു പാടുന്നതും നല്ലതാണ്. ഈ ചെറിയ ഇടവേള കഴിയുമ്പോള്‍ നിങ്ങള്‍ക്ക് പഴയതിലും ഉത്സാഹത്തോടെ ജോലികള്‍ ചെയ്യാനാകും. ഇലക്‌ട്രോണിക് ഉപകരണങ്ങളും സോഷ്യല്‍ മീഡിയയും കഴിവതും മാറ്റിവയ്ക്കുക.

മറ്റുള്ളവരോടു തുറന്നു സംസാരിക്കാം

ജോലികള്‍ക്കിടയ്ക്ക് മടുപ്പുതോന്നുമ്പോള്‍ പഴയ ഒരു സുഹൃത്തിനെയോ കുടുംബാംഗത്തെയോ വിളിച്ചു സംസാരിക്കാം. അടുത്ത ആരോടെങ്കിലും തുറന്നു സംസാരിക്കാന്‍ ശ്രമിക്കൂ. ചില കാര്യങ്ങളെക്കുറിച്ചുള്ള പുതിയ ഒരു കാഴ്ചപ്പാടുതന്നെ നിങ്ങള്‍ക്ക് പുതിയ ഊര്‍ജം നല്‍കും. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ച് പറഞ്ഞു നടക്കാതിരിക്കുക. വിരസവും ബുദ്ധിമുട്ടുമേറിയ ജോലികളിലേര്‍പ്പെടുമ്പോള്‍ ഒരു കൂട്ടാൡയെ കൂട്ടാം. മറ്റൊരാളുടെ പങ്കാളിത്തവും പുതിയ ആശയങ്ങളും നിങ്ങളുടെ ഉത്സാഹത്തെ വര്‍ധിപ്പിക്കും. പ്രകൃതിയുമായി ഇണങ്ങാനും കിളികളുടെ പാട്ടുകേള്‍ക്കാനുമൊക്കെ കുറച്ചു സമയം കണ്ടെത്തണം.

രാവിലെ കുളി ശീലമാക്കാം

രാവിലെ തന്നെ ചെറിയ ചൂടുവെള്ളത്തില്‍ കുളിക്കാം. നല്ല വൃത്തിയുള്ള വസ്ത്രമിടണം. ഇത് മനസിനും ശരീരത്തിനും ഊര്‍ജം പകരും. കുളിക്കുമ്പോള്‍ ചെറിയ മൂളിപ്പാട്ടുപാടാം. 'ഇനി ഞാന്‍ മുന്നേറും എന്റെ ജീവിതം ഇനി മുതല്‍ നന്നായിപ്പോകും' എന്നിങ്ങനെ പോസിറ്റീവായ കാര്യങ്ങള്‍ നിങ്ങള്‍ക്കു നിങ്ങളോടുതന്നെ പറയാം. മുങ്ങിക്കുളിക്കുവാന്‍ കുളമില്ലെങ്കില്‍ ഷവറിന്റെ കീഴില്‍ നിന്നു കുൡക്കാം. ഇന്നുണ്ടാകുന്ന ഏതു പ്രതിസന്ധിയും ഇന്നു നേരിടാനാവും എന്നു സ്വയം പറയണം. വല്ലാത്ത മുഷിപ്പോ നിഷേധാത്മക ഭാവങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ചെറിയ തിരുമ്മു പ്രയോഗമാകാം. വീട്ടിലുള്ള മറ്റാരോടെങ്കിലും നിങ്ങളുടെ കഴുത്തിലും തോളിലും കാലിന്റെ ഉള്‍ഭാഗത്തും എണ്ണ ഉപയോഗിച്ച് തിരുമ്മാന്‍ പറയാം. അഞ്ചു മുതല്‍ പത്തു വരെ മിനിറ്റ് ധ്യാനമോ പ്രാര്‍ഥനയോ ആവാം. മറ്റുള്ളവരുടെ കുറ്റം പറഞ്ഞു രസിക്കുന്ന കൂട്ടുകാരെ ഒഴിവാക്കാം. നല്ലതുമാത്രം പറയുക. നിങ്ങള്‍ക്ക് ദിവസത്തിന്റെ എല്ലാ സമയത്തും ഒരേ പോലെ ഊര്‍ജസ്വലതയുണ്ടാവില്ല. എന്നാല്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതും കട്ടിയേറിയതുമായ കാര്യങ്ങള്‍ രാവിലെ തന്നെ ചെയ്യാന്‍ ശ്രമിക്കണം. വിരസമായതും അധികം പ്രയാസമേറിയതുമായ കാര്യങ്ങള്‍ മറ്റുസമയങ്ങളില്‍ ചെയ്യാം. ഉച്ചയ്ക്ക് ഊര്‍ജം നഷ്ടമായി എന്നു തോന്നുമ്പോള്‍ നീട്ടി ശ്വാസംവലിച്ച് പതുക്കെ ശ്വാസം പുറത്തോട്ടു വിടാം. ഇങ്ങനെ അഞ്ചുപ്രാവശ്യം ചെയ്യുമ്പോള്‍ തന്നെ തലച്ചോറില്‍ രക്തയോട്ടം വര്‍ധിക്കുകയും നിങ്ങളില്‍ പുതിയ ഉന്മേഷം നിറയുകയും ചെയ്യും. ഓരോ ദിവസത്തെയും പ്രാര്‍ഥനയോടും ശുഭപ്രതീക്ഷയോടും വരവേറ്റാല്‍ നിങ്ങള്‍ ചെയ്യുന്ന ഏതു പ്രവൃത്തിയിലും വിജയം കൈവരിക്കുക തന്നെ ചെയ്യും. ഓരോ പ്രഭാതത്തിലും പുതിയ ഊര്‍ജത്തോടെ മനസില്‍ പുതിയ ചിന്തകളോടെ ആ ദിവസ ത്തെ സ്വീകരിക്കാനായാല്‍ നമ്മുടെ ജീവിതം തന്നെ സമൂലമായി മാറിയിരിക്കും തീര്‍ച്ച.

ഡോ.നതാലിയ എലിസബത്ത് ചാക്കോ
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, എച്ച്.ജി.എം ഹോസ്പിറ്റല്‍, മുട്ടുചിറ, കോട്ടയം