നികുതി റീഫണ്ട് നഷ്ടമാകാതിരിക്കാൻ
നികുതി റീഫണ്ട് നഷ്ടമാകാതിരിക്കാൻ
Tuesday, January 1, 2019 3:26 PM IST
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് നിശ്ചിത കാലാവധി നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ പല ആനുകൂല്യങ്ങളും നഷ്ടമാകും.

ഉദാഹരണത്തിന്, നിർദ്ദേശിച്ചിട്ടുള്ള തീയതിക്കുള്ളിൽ റിട്ടേണ്‍ ഫയൽ ചെയ്തില്ലെങ്കിൽ ബിസിനസിൽ ഉണ്ടായ നഷ്ടങ്ങൾ അടുത്ത വർഷത്തേക്ക് കാരിഫോർവേഡ് ചെയ്യാൻ സാധിക്കില്ല. ആ റിട്ടേണുകൾ പിന്നീട് ഫയൽ ചെയ്യുവാനും സാധിക്കില്ല. എന്നാൽ തക്കതായ കാരണം നിമിത്തം റിട്ടേണുകൾ നിർദിഷ്ട സമയത്തിനുള്ളിൽ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിലും ബിസിനസിൽ ഉണ്ടായ നഷ്ടം കാരിഫോർവേർഡ് ചെയ്തുകിട്ടും . നഷ്ടപ്പെട്ടു എന്നു കരുതിയ റീഫണ്ട് തിരിച്ചുകിട്ടുകയും ചെയ്യും.

ചുരുക്കത്തിൽ റിട്ടേണുകൾ ഫയൽ ചെയ്താൽ മാത്രമേ നികുതിദായകനു നികുതിയുടെ റീഫണ്ട് ലഭിക്കുകയുള്ളൂ.

ആദായനികുതിനിയമത്തിലെ 119ാം വകുപ്പനുസരിച്ച് പ്രസ്തുത റിട്ടേണുകൾ സ്വീകരിക്കുന്നതിന് ആദായനികുതി ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താൻ സിബിഡിടിക്ക് അധികാരമുണ്ട്. നിർദിഷ്ട സമയത്തിനുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കാത്തതിനു തക്കതായ കാരണം നൽകിയാൽ റിട്ടേണുകൾ ഫയൽ ചെയ്യാൻ ഈ വകുപ്പനുസരിച്ച് സാധിക്കും. റിട്ടേണുകൾ നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഫയൽ ചെയ്തില്ലെങ്കിലും തക്കതായ കാരണമുണ്ടെങ്കിൽ അപേക്ഷ ലഭിച്ചാൽ, ആനുകൂല്യങ്ങൾ അനുവദിക്കാൻ 119(2) ബി വകുപ്പനുസരിച്ചും അനുവാദം നൽകിയിട്ടുണ്ട്. തക്കതായ കാരണം’ മാത്രമാണ് ഇവിടെ പ്രധാന വിഷയം.

നടപടിക്രമങ്ങൾ

റിട്ടേണുകൾ ഫയൽ ചെയ്യാനുണ്ടായ കാലതാമസം പൊറുക്കണം എന്ന് അഭ്യർഥിച്ചുകൊണ്ടുള്ള അപേക്ഷ ഇൻകം ടാക്സ് കമ്മീഷണർ മുന്പാകെ സമർപ്പിക്കണം. കമ്മീഷണർക്ക് ഈ അപേക്ഷ സ്വീകരിക്കുന്നതിനും തിരസ്കരിക്കുന്നതിനും അവകാശമുണ്ട്. പത്തു ലക്ഷം രൂപയിൽ താഴെയാണു തുകയെങ്കിൽ കമ്മീഷണർക്കും 10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയെണങ്കിൽ പ്രിൻസിപ്പൽ കമ്മീഷണർക്കും 50 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ ബോർഡിലുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നഷ്ടം സംഭവിച്ച നികുതിനിർണയവർഷം കഴിഞ്ഞ്, ആറുവർഷത്തിനകം അപേക്ഷ നൽകിയിരിക്കണം. ആറു വർഷം എന്ന കാലാവധി എല്ലാ അധികാരികൾക്കും ബാധകമാണ്. ബോർഡിനു പോലും ഇത് ബാധകമാണ്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകൾ അവ ലഭിച്ച് ആറു മാസത്തിനകം തീർപ്പാക്കിയിരിക്കണം എന്നാണ് നിർദ്ദേശം.

എന്നാൽ കോടതിയുടെ നിർദേശപ്രകാരമാണ് റീഫണ്ട് ക്ലെയിം നൽകുന്നതെങ്കിൽ കോടതിയിൽ വന്ന കാലതാമസം അപേക്ഷ സമർപ്പിക്കാനുള്ള ആറു വർഷത്തെ സമയത്തിൽ ഉൾപ്പെടുത്തില്ല. അങ്ങനെ വരുന്ന സാഹചര്യത്തിൽ കോടതിയുടെ ഉത്തരവുവന്ന് ആറു മാസത്തെ സമയമോ അല്ലെങ്കിൽ പ്രസ്തുത വർഷം അവസാനിക്കുന്നതിന് മുന്പോ, ഇതിലേതാണോ രണ്ടാമതായി വരുന്നത് അതിനുമുന്പ് അപേക്ഷ സമർപ്പിച്ചാൽ മതിയാകും.

അപേക്ഷകൾ പരിഗണിക്കുന്ന സമയത്ത് നൽകിയിരിക്കുന്ന ക്ലെയിമുകൾ ശരിയാണോ എന്നും തക്കതായ കാരണം മൂലമാണ് റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്യുവാൻ സാധിക്കാത്തത് എന്നുമുള്ളതിന്‍റെ നിജസ്ഥിതി അധികാരികൾ പരിശോധിക്കും. ആവശ്യമെങ്കിൽ നികുതി നിർണയ ഉദ്യോഗസ്ഥന്‍റെ പക്കൽനിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യണമെന്നാണ് സർക്കുലറിൽ സൂചിപ്പിച്ചിരിക്കുന്നത്.

ഇൻകംടാക്സ് അസസ്മെൻറ് കഴിഞ്ഞ്, റീഫണ്ടും ലഭിച്ചതിനു ശേഷവും പിന്നീട് അധികമായി റീഫണ്ട് ലഭിക്കുവാനുണ്ട് എന്നു കണ്ടാൽ പ്രസ്തുത കാലാവധിക്കുമുന്പ് നികുതിദായകന് മുകളിൽ സൂചിപ്പിച്ച വിധത്തിൽ കമ്മീഷണർ മുന്പാകെയോ ബോർഡ് മുന്പാകെയോ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. അപേക്ഷകൾ തീരുമാനിക്കും മുന്പ് മൂന്ന് കാര്യങ്ങൾ അധികാരികൾ പരിഗണിക്കും.

1 ഏതെങ്കിലും നിയമം അനുസരിച്ച് നികുതിദായകന്‍റെ പ്രസ്തുത വരുമാനം വേറെ ആരുടെയെങ്കിലും പേരിൽ അസസ് ചെയ്യാമോ
2. നികുതിദായകന് റീഫണ്ടിന്‍റെ പലിശ ലഭിക്കില്ല.
3. റീഫണ്ട് നൽകുന്നത് ഒന്നുകിൽ സ്രോതസിൽ അടച്ച നികുതി ആയിരിക്കണം. അല്ലെങ്കിൽ അധികമായി മുൻകൂർ നികുതി അടച്ചതായിരിക്കണം .അല്ലെങ്കിൽ സെൽഫ് അസെസ്മെൻറ് ടാക്സായി അടച്ചതാകണം.

അപേക്ഷകളിൽ കമ്മീഷണർ സ്വീകരിക്കുന്ന നിലപാടുകൾക്ക് ഉന്നതാധികാരികളുടെ മുന്പിൽ അപ്പീൽ ഫയൽ ചെയ്യുന്നതിനോ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുന്നതിനോ വ്യവസ്ഥ ഇല്ല.

ബേബി ജോസഫ്
ചാർട്ടേഡ് അക്കൗണ്ടൻറ്