വിധിയെ തോല്‍പിച്ച് പ്രീത
'വിധിയുടെ വന്യവിനോദത്തില്‍
ജീവിതം എറിഞ്ഞുടയ്ക്കപ്പെട്ടവള്‍ ഞാന്‍...
നഷ്ടസ്വപ്‌നങ്ങളുടെ വിഴുപ്പും പേറി
പിന്നെയും ജീവിതം മുന്നോട്ടു നീങ്ങവേ
പിന്നിലേക്കൊന്നൊഴുകാനും
നനുത്ത ഈ മണ്ണില്‍ പാദങ്ങളുറപ്പിച്ച്
രണ്ടു ചാണ്‍ നടക്കാനും മനസകം
വല്ലാതെ തുടികൊട്ടിയപ്പോഴെനിക്ക്...'

കഴിഞ്ഞ 18 വര്‍ഷമായി വീല്‍ച്ചെയറില്‍ ജീവിക്കുന്ന പ്രീത തോന്നയ്ക്കലിന്റെ 'കാലചക്രം' എന്ന കവിതയിലെ വരികളാണിത്. വിധിയുടെ വന്യവിനോദത്തില്‍ ജീവിതം എറിഞ്ഞുടയ്ക്കപ്പെട്ടവള്‍ ഞാന്‍ എന്നു വേദനയോടെ കുറിക്കുമ്പോഴും ഒരു സ്വപ്‌നത്തിന്റെ തൂവലില്‍ മുറുകെപ്പിടിച്ച് ജീവിക്കാന്‍ വെമ്പുകയാണ് പ്രീത. തഴമ്പിച്ചുറച്ച മെത്തയില്‍ നിന്നെഴുന്നേറ്റ് തന്റെ കാലുകള്‍ ഈ നനുത്ത മണ്ണില്‍ ചവിട്ടിനില്‍ക്കാന്‍ വല്ലാതെ കൊതിക്കുന്നുണ്ടവര്‍. പഴയ പള്ളിക്കൂടമുറ്റത്ത് തുള്ളിക്കളിച്ചും പുഴയില്‍ നീന്തിത്തുടിച്ചും കഴിഞ്ഞ നാളുകളുടെ ഓര്‍മ മനസിനെ ഉണര്‍ത്തുമ്പോള്‍ ഒരു വട്ടം കൂടി നനഞ്ഞ പച്ചമണ്ണില്‍ കാലമര്‍ത്താന്‍ മോഹിക്കുകയാണെന്നും പ്രീത പറയുന്നു.

ഇവിടെ ഒരു കാര്യം എടുത്തുപറയണം. തന്റെ മോഹങ്ങളും തളര്‍ച്ചകളും പ്രീത തോന്നയ്ക്കല്‍ പറയുന്നത് കവിതകളിലൂടെ മാത്രം എന്നതാണ് അത്. ജീവിതത്തില്‍ പ്രീത ഏറെ പോസിറ്റീവാണ്. ഓരോ നിമിഷവും താന്‍ നേരിടുന്ന വെല്ലുവിളികളെ, പ്രശ്‌നങ്ങളെ അവഗണിച്ച് സ്വന്തമായൊരുപിടിമണ്ണില്‍ കാലുറപ്പിച്ച് തന്നെ നിര്‍ത്തുന്നു. കവിതകള്‍, കഥകള്‍, ബ്ലോഗ് എഴുത്ത്, കരകൗശല നിര്‍മാണം, സാമൂഹ്യപ്രവര്‍ത്തനം അങ്ങനെ പോകുന്നു പ്രീതയുടെ ജീവിതം.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് സെക്രേറിയറ്റിനു സമീപം പ്രീത തന്റെ സ്വന്തം ടാറ്റോസ് ഉത്പന്നങ്ങളുടെ വില്പന സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ പ്രളയബാധിതര്‍ക്കുവേണ്ടിയായിരുന്നു അത്. തിളയ്ക്കുന്ന വെയിലില്‍ ഇരുന്ന് ഏറെ ഉത്സാഹത്തോടെ പേപ്പര്‍ പേനയും, സോപ്പും, ലോഷനും, കമ്മലും വിറ്റ് അതില്‍നിന്നു ലഭിച്ച തുക പ്രളയബാധിതര്‍ക്കായി നീക്കിവച്ചിരിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ തോന്നയ്ക്കല്‍ സ്വദേശിനി പ്രീത തോന്നയ്ക്കലിന്റെ ജീവിതത്തിലൂടെ....

പ്രളയബാധിതര്‍ക്കൊരു കൈത്താങ്ങ്

മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ തീരാദുഃഖംതന്നെയാണ് ഈ വില്‍പനയ്ക്കു പിന്നില്‍. എന്റെ ജീവിതത്തില്‍ ധാരാളം നല്ല മനസുകളുടെ സഹായം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു മാത്രമാണ് ഞാന്‍ ഇന്ന് ഇങ്ങനെ ജീവിച്ചിരിക്കുന്നതും. കരകൗശല നിര്‍മാണത്തിനുള്ള സാധനങ്ങള്‍ മുതല്‍ കംപ്യൂട്ടര്‍ വരെ എനിക്കു ലഭിക്കുന്നത് പലരുടെയും സഹായംകൊണ്ടാണ്. അപ്പോള്‍ മറ്റുള്ളവരെ സഹായിക്കേണ്ടത് എന്റെ ചുമതലയല്ലേ? പ്രളയത്തില്‍ ഉറ്റവരെ നഷ്ടപ്പെവര്‍, ഒരായുഷ്‌കാലം മുഴുവന്‍ അധ്വാനിച്ച് ഉണ്ടാക്കിയ വീടും സമ്പാദ്യവും നഷ്ടപ്പെട്ടവര്‍... ടിവി ചാനലുകളില്‍ കണ്ട പ്രളയദുരന്ത ദൃശ്യങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. ദുരന്തത്തില്‍പ്പെട്ടു കരയുന്നവരും വിശന്നു വലയുന്നവരും നമ്മുടെ സഹോദരങ്ങള്‍തന്നെയല്ലേ? അവരെ സഹായിച്ചില്ലെങ്കില്‍ ദൈവത്തിന്റെ കോടതിയില്‍ നല്ല വിലകൊടുക്കേണ്ടിവരും എന്നു തോന്നി. അങ്ങനെയാണ് പണം സമാഹരിച്ചു നല്‍കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. വീട്ടില്‍നിന്ന് എന്റെ പുതിയ നൈറ്റികള്‍ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളും മറ്റും പ്രളയദുരിതഫണ്ടിലേക്കു നല്‍കിയിരുന്നു. പക്ഷേ, അതു മാത്രം പോരാ എന്ന് മനസ് പറഞ്ഞു. പിന്നെയാണ് ടാറ്റോസ് ഉത്പന്നങ്ങളുമായി തലസ്ഥാനത്തെത്തുന്നതും ഫണ്ട് ശേഖരിക്കുന്നതും. ഇതില്‍ നിന്നു കിട്ടിയ തുക ആലപ്പുഴ ജില്ലയിലെ കിടങ്ങറയിലെ രണ്ടു പ്രളയബാധിത കുടുംബങ്ങള്‍ക്ക് ഞാന്‍ നേരിട്ടെത്തി വിതരണം ചെയ്തു. എന്റെ അമ്മയുടെയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളുടെയും പാലിയം ഇന്ത്യയുടെയും ഉറച്ച പിന്തുണയും നന്ദിയോടെ ഓര്‍മിക്കുന്നു.

ശരീരത്തിന്റെ പരിമിതികളെക്കുറിച്ചൊന്നും അപ്പോള്‍ ഞാന്‍ ആലോചിച്ചില്ല. സെപ്റ്റംബര്‍ പതിനേഴിന് ആയിരുന്നു ഇത്. വീട്ടില്‍ മടങ്ങിയെത്തിയശേഷം രണ്ടു മൂന്നു ദിവസം കണ്ണുകളില്‍ വല്ലാത്ത നീറ്റലും പുകച്ചിലുമൊക്കെ അനുഭവപ്പെു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുറത്തെ വെയില്‍കൊണ്ട് ശീലം ഇല്ലാത്തതുകൊണ്ടായിരിക്കാം. എങ്കിലും എനിക്കു വളരെ ചാരിതാര്‍ഥ്യം തോന്നിയ അനുഭവമാണ്. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരിന്റെ വേദനയാണ് എന്റെ വേദനയെക്കാള്‍ ഏറെ വലുത്. അതിനാല്‍ അവര്‍ക്കുവേണ്ടി ചെറിയ സഹായമെങ്കിലും ചെയ്യാന്‍ കഴിയുന്നത് വലിയ കാര്യമാണ്.

വീല്‍ചെയറിലെ ജീവിതം

1995ല്‍ പത്താംക്ലാസില്‍ പഠിക്കുന്ന സമയത്ത് നെല്ലച്ചില്‍ ഒരു വളവും ഇടത് കാലില്‍ ചെറിയ മുടന്തും ഉണ്ടായി (സ്‌കോളിയോസിസ്). എങ്കിലും ഞാന്‍ നടക്കുമായിരുന്നു. രണ്ടായിരത്തിലാണ് (ഡിസംബറില്‍) വേദന വര്‍ധിക്കുകയും കാലുകള്‍ തളര്‍ന്നുപോകുകയും ചെയ്തത്. മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിലായിരുന്നു ആദ്യം ചികിത്സ. പിന്നീട് ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ നട്ടെല്ലിലെ ട്യൂമര്‍ കണ്ടെത്തി. അങ്ങനെ 2001 ഫെബ്രുവരി 13ന് ശസ്ത്രക്രിയ നടന്നു. ശസ്ത്രക്രിയയും ചികിത്സകളും കൊണ്ടൊന്നും പഴയപോലെ നടക്കാന്‍ കഴിയുന്നില്ലെന്നു തോന്നിയ ദിവസങ്ങള്‍... ശ്രീചിത്രയിലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ശസ്ത്രക്രിയയ്ക്കു മുമ്പുതന്നെ എന്നോട് പറഞ്ഞിരുന്നു ഓപ്പറേഷനു ശേഷം ചിലപ്പോള്‍ എഴുന്നേറ്റു നടക്കാന്‍ കഴിയും. ചിലപ്പോള്‍ ആജീവനാന്തം കിടന്നുപോകാനും സാധ്യതയുണ്ട്. എന്റെ ശസ്ത്രക്രിയയ്‌യുടെ അനന്തരഫലത്തെക്കുറിച്ച് ഡോക്ടര്‍ തുറന്നു പറഞ്ഞിരുന്നുവെങ്കിലും ഓരോ നിമിഷവും ഞാന്‍ പ്രതീക്ഷിച്ചു; എനിക്കു നടക്കാന്‍ സാധിക്കുമെന്ന്. പിന്നീട് ആ പ്രതീക്ഷ പൂവണിയില്ലെന്നു തോന്നി. ശ്രീചിത്രയില്‍ ശസ്ത്രക്രിയക്കുശേഷം വീണ്ടും മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ത്തന്നെ ചികിത്സ തുടര്‍ന്നു.

മെഡിക്കല്‍ കോളജിലെ മൂന്നാമത്തെ നിലയിലെ 46ാമത്തെ ബെഡ്ഡില്‍ നീണ്ടകാലത്തെ ജീവിതം. എട്ടൊമ്പതു മാസം ഒരേ കിടപ്പില്‍ കിടന്നു. ഇതിനിടെ തന്നെ ഇനി എനിക്കു നടക്കാന്‍ കഴിയില്ലെന്ന നടുക്കുന്ന സത്യവും ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ വിധിയുമായി പൊരുത്തപ്പെടാനും ശ്രമിച്ചുതുടങ്ങി. ആദ്യം അത് അത്ര എളുപ്പമായിരുന്നില്ല. വീട്ടിലെ സാമ്പത്തികാവസ്ഥ, പ്രായമായ അച്ഛനമ്മമാരുടെ നിസഹായത, വേദന... ഞാന്‍ ഒരു വലിയ ഭാരമാകുന്നുവെന്ന തിരിച്ചറിവ് എനിക്കുണ്ടായി.


പുനര്‍ജനി

ദൈവം ഒരു കരുത്തുനല്‍കിയതാവണം. നീണ്ട മാസങ്ങള്‍ക്കൊടുവില്‍ എഴുന്നേറ്റ് ഇരുന്നുതുടങ്ങി. പിന്നീട് ട്രോളിയില്‍ ആയിരുന്നു ജീവിതം. കുറച്ചുകാലം ഫിസിയോ തെറാപ്പിക്കും മറ്റും എന്നെ ട്രോളിയില്‍ കൊണ്ടുപോകുമ്പോള്‍ എനിക്കുതന്നെ ഒരു വല്ലായ്മ തോന്നി. എല്ലാവരും എന്നെത്തന്നെ നോക്കിനില്‍ക്കുന്ന ഒരു സാഹചര്യം. അതീവ ഗുരുതരാവസ്ഥപോലെയുള്ള ഒരു തോന്നലാവും കണ്ടുനില്‍ക്കുന്നവര്‍ക്കുണ്ടാകുക. അങ്ങനെ ഞാന്‍ വാശിപിടിച്ച് വീല്‍ചെയറിലേക്കു മാറി. തീരെ ബലമില്ലാത്ത നെട്ടല്ലുമായി വീല്‍ചെയറില്‍ ജീവിക്കുക എളുപ്പമല്ല. പക്ഷേ, ഞാന്‍ വീല്‍ചെയറിലേക്കു മാറണമെന്നുള്ള എന്റെ ലക്ഷ്യത്തില്‍ ഉറച്ചുനിന്നു. ഒരു പരീക്ഷണംപോലെയായിരുന്നു അത്. പിന്നീട് വീല്‍ചെയറില്‍ ധൈര്യത്തോടെ ഞാന്‍ യാത്ര തുടങ്ങി. എന്റെ വാര്‍ഡില്‍നിന്നു പതിനാറാം വാര്‍ഡ് വരെ ചക്രക്കസേരയുമായി നീങ്ങുകയും ധാരാളംപേരെ പരിചയപ്പെടുകയും ചെയ്തു. ഒരു കുട്ടിക്ക് ആദ്യമായി സൈക്കിള്‍ കിട്ടുമ്പോഴോ ബൈക്ക് കിട്ടുമ്പോഴോ ഉണ്ടാകുന്ന ആഹ്ലാദത്തെക്കാള്‍ അധികമായ സന്തോഷമാണ് എനിക്കു വീല്‍ചെയര്‍ നല്‍കിയത്! എന്റെ രണ്ടു കാലുകളായി വീല്‍ചെയര്‍ മാറുകയായിരുന്നു.

'എന്റെ പ്രണയം' എന്ന കഥ ഈ ചക്രക്കസേരയെ എന്റെ ലവറായി സങ്കല്പിച്ച് എഴുതിയതാണ്. എത്ര വര്‍ഷങ്ങളായി അവന്‍ എന്നെ ചുമന്നുനടക്കുന്നു. എന്താണ് ഞാന്‍ മടക്കിനല്‍കേണ്ടത്? എന്തു നല്‍കിയാല്‍ മതിയാകും?

അതിജീവനത്തിന്റെ നാളുകള്‍

അതിജീവനത്തിന്റെ പല തലങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യകാലത്ത് ഏകാന്തത, വിരസത ഇവയൊക്കെ വലിയ പ്രതിസന്ധിയായിരുന്നു. അന്നു ഫോണ്‍ പോലും ഉണ്ടായിരുന്നില്ല. റേഡിയോയും വായനയും മാത്രമായ ഒരു ലോകം. പിന്നീട് ടിവി വന്നു. ഇന്റര്‍നെറ്റും ഒരു വലിയ ലോകം തുറന്നിട്ടു. കംപ്യൂര്‍ വാങ്ങി നല്‍കിയും നെറ്റ് കണക്ഷന്‍ എടുത്തുതന്നും ബ്ലോഗ് എഴുതാന്‍ സഹായിച്ചും ഒട്ടനവധിപ്പേര്‍, എന്റെ സുഹൃത്തുക്കള്‍ എന്നെ ജീവിതത്തിലേക്കു കൈപിടിച്ച് കൂട്ടിയിട്ടുണ്ട്.

2000 മുതല്‍ 2008 വരെ മൂത്രം പോകാനുള്ള കത്തീറ്റര്‍. അതിന്‍േറതായ ബുദ്ധിമുട്ടുകളില്‍നിന്നും രക്ഷിച്ചത് വെള്ളനാട് കളരിക്കല്‍ അശോകന്‍ വൈദ്യന്റെ ചികിത്സയിലൂടെയാണ്. 2008ല്‍ മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ മാറുകയും കൃത്രിമ സഹായം മാറ്റാന്‍ സാധിക്കുകയും ചെയ്തു.

ജീവിതത്തെ തിരിഞ്ഞുനോക്കുമ്പോള്‍

മുന്നോട്ടു ജീവിക്കാന്‍ ഞാന്‍ എന്നെ ഒരുക്കിയെടുക്കുകയായിരുന്നു എന്നു പറയാം. സ്വന്തം ജീവിതമാര്‍ഗം കണ്ടെത്താനും ആഹ്ലാദിക്കാനും ഒക്കെ ഞാന്‍ എന്നെ പരിശീലിപ്പിച്ചു. എന്റെ പരിമിതികള്‍ ബോധപൂര്‍വം മറന്നുകൊണ്ടുള്ള ഒരു യാത്രയാണ് അത്.

തേടിവന്ന സാന്ത്വനം

ഒരനുഗ്രഹംപോലെ നിരവധി പേരുടെ സ്‌നേഹം ലഭിച്ചിട്ടുണ്ട്. അന്നു മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായിരുന്ന ഒരു കൂട്ടം ഡോക്ടര്‍മാരുടെ സ്‌നേഹക്കരുതല്‍ ആവോളം കിട്ടി. നഴ്‌സുമാരുടെ സാന്നിധ്യവും ഒരിക്കലും മറക്കാന്‍ കഴിയില്ല. ഡോ.എയ്ഞ്ചല്‍, ഡോ.ആനന്ദ്, ഡോ.രേഖ റെയ്ച്ചല്‍... അങ്ങനെ ഒരു വലിയ സ്‌നേഹനിരയുണ്ട്. റെയ്ച്ചല്‍ ഡോക്ടര്‍ അവരുടെ ഹോസ്റ്റലില്‍നിന്നു ബിരിയാണി കൊണ്ടുവന്നു നല്‍കിയത് ഇന്നലെയെന്നപോലെ ഓര്‍മിക്കുന്നു. ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് റെയ്ച്ചല്‍.

കഴിഞ്ഞമാസം കൊല്ലത്തുള്ള ഡോക്ടറുടെ വീട്ടില്‍പ്പോയി ഞാന്‍ കണ്ടിരുന്നു. അതുപോലെ ഇപ്പോള്‍ അമേരിക്കയില്‍ ജോലിചെയ്യുന്ന ഡോ.ജെമി. രണ്ടു മാസം മുമ്പ് ഡോക്ടര്‍ മക്കളെയും കൂട്ടി എന്നെ കാണാന്‍ വന്നു. അവരുടെയൊക്കെ സ്‌നേഹം എന്റെ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഒരാശ്വാസമാണ്.

ആശുപത്രിയില്‍വച്ച് പണ്ട് എപ്പോഴോ കണ്ട എന്നോട് ഇത്ര സ്‌നേഹം അവര്‍ കാണിക്കേണ്ട കാര്യമില്ല. ഇത്രകാലവും എന്നെ പിന്തുടര്‍ന്ന അവരുടെ സ്‌നേഹം ദൈവത്തിന്റെ കൃപകൊണ്ടാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. മിലി, സ്മിത, വിമല തുടങ്ങിയ നഴ്‌സുമാരും എന്റെ ഹൃദയത്തിലുണ്ട്.

ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ പൗഡറോ, പൊട്ടോ ഒന്നും ഉപയോഗിക്കുമായിരുന്നില്ല. സിസ്റ്റര്‍ മിലി പൗഡറും പൊുമൊക്കെ കൊണ്ടുവന്നു തരികയും നെറ്റിയില്‍ പൊട്ടുകുത്തിക്കുകയും ചെയ്യുമായിരുന്നു.

പാലിയം ഇന്ത്യയിലെ ചെയര്‍മാന്‍ ഡോ.രാജഗോപാല്‍ സാറിന്റെയും അവിടുത്തെ ഓരോ പ്രവര്‍ത്തകരുടെയും പിന്തുണയും എന്റെ ജീവിതത്തിലെ വഴിത്തിരിവായി. എന്റെ എഴുത്ത് ജീവിതത്തെ പ്രോത്സാഹിപ്പിച്ചത് പാലിയം ഇന്ത്യയിലെ ഡോ.സുനിലാണ്. റേഡിയോ (അനന്തപുരി എഫ്എിലെ റേഡിയോ ഹെല്‍ത്ത്) പരിപാടിയിലൂടെയാണ് പാലിയം ഇന്ത്യയെക്കുറിച്ച് മനസിലാക്കുന്നതും എല്ലാവരെയും പരിചയപ്പെടുന്നതും. ഇപ്പോള്‍ എന്റെ പല ദൗത്യങ്ങളിലും അവര്‍ സഹായിക്കാറുണ്ട്.

ടാറ്റോസ് ലോകം

എന്റെ വലിയ ആശ്വാസവും നിലനില്‍പ്പുമാണത്. സ്വന്തം അധ്വാനംകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.

2009 - 2010 കാലഘത്തില്‍ ദൂരദര്‍ശനില്‍ വന്നിരുന്ന 'വഴികാച്ചി'യിലൂടെയാണ് കൃത്രിമ പൂക്കള്‍ ഉണ്ടാക്കാന്‍ പഠിച്ചത്. പിന്നീട് ടിവി ചാനലുകളിലൂടെത്തന്നെ അലങ്കാര കരകൗശല വസ്തുക്കളും ആഭരണങ്ങളും ഉണ്ടാക്കാന്‍ പഠിച്ചു. സോപ്പ് നിര്‍മാണം എന്റെ കൂട്ടുകാരിയുടെ ചേച്ചി ഫോണിലൂടെയാണ് പറഞ്ഞുതരുന്നത്. ഇപ്പോള്‍ യൂട്യൂബിലൂടെ കണ്ടു പഠിക്കുന്നുണ്ട്.

പ്രവാഹിനി എന്ന ബ്ലോഗ് ഇടത്തെക്കുറിച്ച്

വലിയ ബ്ലോഗ് എഴുത്തുകാരിയൊന്നുമല്ല ഞാന്‍. എന്റെ അനുഭവങ്ങളാണ് എഴുതുന്നത്. കവിതകള്‍, യാത്രകള്‍... അങ്ങനെയുള്ള എന്റെ സ്വകാര്യ കഥകള്‍. പിന്നെ ടാറ്റോസ് ഉത്പന്നങ്ങളുടെ ഫോട്ടോകളും വിവരങ്ങളും നല്‍കാറുണ്ട്.
www.praavahiny.blogspot.com എന്നതാണ് മേല്‍വിലാസം.

എസ്. മഞ്ജുളാദേവി
ഫോട്ടോ: ടി.സി ഷിജുമോന്‍