പെണ്‍മക്കൾക്കു സുരക്ഷയും ഒപ്പം നികുതി ലാഭവും
പെണ്‍മക്കൾക്കു സുരക്ഷയും   ഒപ്പം നികുതി ലാഭവും
Saturday, December 29, 2018 3:17 PM IST
പെണ്‍കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയും അവരുടെ സാന്പത്തിക സുരക്ഷിതത്വും ലക്ഷ്യമാക്കി 2015-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി അക്കൗണ്ട് ( എസ്എസ്എ). തങ്ങളുടെ പെണ്‍മക്കൾക്കു സാന്പത്തിക സുരക്ഷ ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന അച്ഛനമ്മമാർക്കു സുരക്ഷിതമായി നിക്ഷേപക്കുവാനുള്ള അവസരമാണ് ഇതൊരുക്കുന്നത്. 2017 വരെ ഏതാണ്ട് 1.26 കോടി അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്.

പെണ്‍മക്കളുടെ ഉന്നതവിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ദീർഘകാലാ ലക്ഷ്യങ്ങൾക്കുവേണ്ടി മികച്ചൊരു നിക്ഷേപ പദ്ധതിയാണിത്. ഉയർന്ന സുരക്ഷിതത്വവും മികച്ച റിട്ടേണും നൽകുന്ന ഈ പദ്ധതിയിലെ നിക്ഷേപം വഴി നികുതി ലാഭിക്കുവാനും സാധിക്കുന്നു. ആദാനികുതി നിയമത്തിലെ 80 സി വകുപ്പ് അനുസരിച്ച് 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവു ലഭിക്കും. ഇതിൽനിന്നു ലഭിക്കുന്ന റിട്ടേണിനു നികുതി നൽകേണ്ടതില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

പിപിഎഫ്, എൻഎസ് സി, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയവയേക്കാൾ ഉയർന്ന റിട്ടേണ്‍ ലഭിക്കുന്നുവെന്നതാണ് ഇതിന്‍റെ സവിശേഷത. ഇതോടൊപ്പം ഗവണ്‍മെന്‍റ ഗാരന്‍റിയുമുണ്ട്.

അക്കൗണ്ട് ആർക്കൊക്കെ

പത്തു വയസിൽ താഴെ പെണ്‍മക്കളുളള മാതാപിതാക്കൾക്ക് ഈ അക്കൗണ്ട് തുറക്കാം. പരമാവധി രണ്ടു പെണ്‍മക്കളുടെ പേരിലേ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളു.

വിദേശ ഇന്ത്യക്കാർക്കും ഹിന്ദു അവിഭക്ത കുടുംബത്തിനും എസ്എസ് എ അക്കൗണ്ട് തുറക്കാൻ സാധിക്കില്ല. അക്കൗണ്ട് തുറന്നതിനുശേഷമാണ് വിദേശ ഇന്ത്യക്കാരനാകുന്നതെങ്കിൽ റെസിഡൻഷ്യൽ അഡ്രസ് മാറുന്നതിനനുസരിച്ച് അക്കൗണ്ട് ക്ലോസായതായി കണക്കാക്കും.
ഒരു പെണ്‍കുട്ടിയുടെ പേരിൽ ഒരു അക്കൗണ്ടു മാത്രമേ തുറക്കാനാകൂ. പോസ്റ്റോഫീസ്, ബാങ്കുകൾ എന്നിവ വഴി അക്കൗണ്ട് തുറക്കാം.

ദത്തെടുത്ത പെണ്‍കുട്ടിക്കു വേണ്ടിയും അക്കൗണ്ട് തുറക്കാം.
ആവശ്യമായ രേഖകൾ

* പെണ്‍കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്.
* മാതാപിതാക്കന്മാരുടെ തിരിച്ചറിയൽ കാർഡ്
* വിലാസം തെളിയിക്കുന്ന രേഖ

പലിശ നിരക്ക്

കേന്ദ്ര സർക്കാരാണ് ഈ പദ്ധതിയുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. ഇപ്പോൾ വിപണിയുമായി ബന്ധിപ്പിച്ച് ഓരോ മൂന്നു മാസം കൂടുന്പോഴും ഇതിന്‍റെ പലിശ പുതുക്കി നിശ്ചയിക്കുന്നു.
2018-19 ഒക്ടോബർ- ഡിസംബർ ക്വാർട്ടറിൽ 8.5 ശതമാനമാണ് പലിശ. തലേ ക്വാർട്ടറിലിത് 8.1 ശതമാനമായിരുന്നു. വാർഷികമായാണ് പലിശ മുതലിനോട് കൂട്ടിച്ചേർക്കപ്പെടുന്നത്.

എസ് എസ് എ സവിശേഷതകൾ

* പെണ്‍കുട്ടി ജനിച്ചാലുടനേ ഈ അക്കൗണ്ട് ആരംഭിക്കാം. പത്തു വയസ് പൂർത്തിയാകുന്നതുവരെയാണ് ഈ അക്കൗണ്ട് തുറക്കാൻ അനുവദിക്കുന്നത്.
* അക്കൗണ്ടിന്‍റെ കാലയളവ് അക്കൗണ്ട് തുറക്കുന്നതു മുതൽ പരമാവധി 21 വർഷം വരെയാണ്. കുറഞ്ഞത് 14 വർഷത്തേക്കും.
* എസ്എസ്എ അക്കൗണ്ട് തുറക്കുന്നതിനുള്ള കുറഞ്ഞ തുക 250 രൂപ.
* 2018 ജൂലൈ ആറു മുതൽ കുറഞ്ഞ വാർഷിക നിക്ഷേപവും 1000 രൂപയിൽനിന്ന് 250 രൂപയിലേക്കു താഴ്ത്തി. കൂടിയ നിക്ഷേപം 1.5 ലക്ഷം രൂപയാണ്.

* കൃത്യമായി നിക്ഷേപം നടത്തിയില്ലെങ്കിൽ അക്കൗണ്ട് അസാധുവാകും. മുടക്കം കൂടാതെ എല്ലാവർഷവും മിനിം തുകയെങ്കിലും നിക്ഷേപിച്ചിരിക്കണം. അക്കൗണ്ട് അസാധുവായാൽ അക്കൗണ്ട് പുനരാരംഭിക്കാൻ 50 രൂപ പിഴ നൽകണം.

അക്കൗണ്ട് അസാധുവായി പോയതിനുശേഷം 15 വർഷത്തിനുള്ളിൽ പുനരാരംഭിച്ചില്ല എന്നാണെങ്കിൽ നിക്ഷേപ തുകയ്ക്ക് പോസ്റ്റോഫീസ് സേവിംഗ്സ് നിക്ഷേപത്തിന്‍റെയോ ബാങ്ക് നിക്ഷേപങ്ങൾക്കു നൽകുന്ന പലിശ നിരക്കോ ലഭിക്കുകയുള്ളു.

നിക്ഷേപം മുടങ്ങാനുള്ള കാരണം കുട്ടിയുടെ രക്ഷിതാക്കൾ മരിച്ചതാണെങ്കിൽ മുകളിൽ പറഞ്ഞ നിയമങ്ങൾ ബാധകമല്ല. അക്കൗണ്ട് ഉടമയ്ക്ക് സുകന്യ സമൃദ്ധി യോജനയ്ക്കു ലഭിക്കുന്ന അതേ പലിശ നിരക്കു തന്നെ ലഭിക്കും.

* അക്കൗണ്ടു തുറക്കുന്നതു മുതൽ പതിനഞ്ചുവർഷത്തേക്കു അക്കൗണ്ടിൽ നിക്ഷേപം നടത്തണം. അതിനുശേഷം നിക്ഷേപത്തിനു അതാതു സമയങ്ങളിലെ പലിശ ലഭിക്കുന്നു.
* അക്കൗണ്ട് ഉടമയ്ക്ക് 18 വയസ് തികഞ്ഞാൽ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കാലാവധിക്കു മുന്പേ നിക്ഷേപത്തിന്‍റെ 50 ശതമാനം വരെ പിൻവലിക്കുവാൻ അനുവാദമുണ്ട്. ഇതിനായി അക്കൗണ്ട് ഉടമയുടെ രക്ഷിതാവ് കുട്ടിക്ക് അഡ്മിഷൻ ലഭിച്ചതു തെളിയിക്കുന്ന രേഖ ഹാജരാക്കണം.
* പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞാൽ അക്കൗണ്ട് ഓട്ടോമാറ്റിക്കായി ക്ലോസ് ചെയ്യപ്പെടും. ഇരുപത്തിയൊന്നു വയസിനു മുന്പ് വിവാഹം നടന്നാലും അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടും.
* സുകന്യ സമൃദ്ധി അക്കൗണ്ടിൽനിന്നു ലഭിക്കുന്ന വരുമാനവും നികുതി വിമുക്തമാണ്.
* നിക്ഷേപത്തിന് ഉയർന്ന സുരക്ഷിതത്വം. കേന്ദ്ര സർക്കാരിന്‍റെ ഗാരന്‍റി.
* ഓണ്‍ലൈനിൽ നിക്ഷേപം നടത്താം.
* സുകന്യ സമൃദ്ധി അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ അക്കൗണ്ട് ഉടമയായ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ നൽകണം.

പോരായ്മകൾ

* ദീർഘകാലത്തിലുള്ള നിക്ഷേപം
* ഇതിന്‍റെ റിട്ടേണ്‍ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ക്വാർട്ടറിലും വിപണിയിലെ പലിശനിരക്ക് അനുസരിച്ച് ഗവണ്‍മെന്‍റ് പലിശയിൽ പുതുക്കൽ വരുത്തുന്നു.
* പത്തു വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ പേരിലേ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളു.
* അങ്ങേയറ്റം രണ്ടു പെണ്‍കുട്ടികളുടെ പേരിലേ മാതാപിതാക്കൾക്കു അക്കൗണ്ട് തുറക്കാൻ അനുവാദമുള്ളു.

അക്കൗണ്ട് ട്രാൻസ്ഫർ

സുകന്യ സമൃദ്ധി അക്കൗണ്ട് ഒരു പോസ്റ്റോഫീസിൽ നിന്ന് മറ്റൊരു പോസ്റ്റോഫീസിലേക്കോ ഒരു ബാങ്ക് ശാഖയിൽ നിന്ന് മറ്റൊരു ശാഖയിലേക്കോ മാറ്റാം.

അതിന് പ്രത്യേക ഫീസൊന്നും നൽകേണ്ടതില്ല. അക്കൗണ്ട് ഉടമയുടെ രക്ഷിതാവ് വിലാസം മാറിയതു തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ മതി. എന്നാൽ പോസ്റ്റോഫീസിൽ നിന്നും ബാങ്കിലേക്കാണ് അക്കൗണ്ട് മാറ്റേണ്ടതെങ്കിൽ 100 രൂപ ചെലവുവരും. ഇന്ത്യയിൽ എവിടെയുമുള്ള പോസ്റ്റോഫീസിലേക്കോ ബാങ്ക് ശാഖകളിലേക്കോ അക്കൗണ്ട് മാറ്റാവുന്നതാണ്.