ദുന്ദുവിന്റെ വിജയം
വിനിതകള്‍ക്ക് സിനിമയുടെ പിന്നണിയിലും നല്ലൊരിടമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ദുന്ദു രഞ്ജീവ്. മലയാളത്തിലെ ആദ്യ വനിതാ ആര്‍ട്ട് ഡയറക്ടറായ ദുന്ദുവിന്റെ വിശേഷങ്ങളിലേക്ക്...

മലയാളത്തില്‍ ആദ്യം

രണ്ടു മാസം മുമ്പ് റിലീസായ ലില്ലി എന്ന സിനിമ പലതു കൊണ്ടും വിവാദമായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ഒരു യുവതിയെ തിക്കൊണ്ടുപോയ ക്വേഷന്‍ സംഘം അവരെ ക്രൂരമായി പീഡിപ്പിക്കുന്നതും, പിന്നീട് യുവതി അവിടെ നിന്നു രക്ഷപ്പെടുന്നതുമായ കഥയാണ് ലില്ലി. സിനിമ കണ്ട് പുറത്തിറങ്ങിയവര്‍ പലരും നെറ്റി ചുളിച്ചുവെങ്കിലും കഥയേക്കാള്‍ ഓരോ ഫ്രെയിമിലും ഇഴചേര്‍ന്നുനിന്ന ദൃശ്യങ്ങളുടെ സ്വാഭാവികത ശ്രദ്ധിക്കപ്പെട്ടിരുന്നു. തളിപ്പറമ്പ് സ്വദേശിനിയായ ദുന്ദു രഞ്ജീവ് ആയിരുന്നു മലയാളത്തിലെ ഈ ആദ്യ സിനിമാ കലാ സംവിധായിക.

സിനിമയിലേക്ക്

ഡോക്ടര്‍ ദമ്പതികളായ രഞ്ജീവിന്റെയും രാധയുടെയും രണ്ട് പെണ്‍മക്കളില്‍ ഇളയവളായ ദുന്ദു പേരിലെന്നതുപോലെ പ്രവൃത്തിയിലും വ്യത്യസ്തത തെളിയിക്കുന്നു. ബംഗളൂരു ശാന്തിനഗര്‍ സെന്റ് ജോസഫ് കോളജില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിക്കാന്‍ പോയതാണ് ദുന്ദുവിനെ സിനിമാ കലാസംവിധാന രംഗത്തേക്ക് എത്തിച്ചത്. പഠനത്തിനിടയില്‍ ഇന്‍േറണ്‍ഷിപ്പിന്റെ ഭാഗമായി 2015 ല്‍ ജനൂസ് മുഹമ്മദിന്റെ 100 ഡെയ്‌സ് ഓഫ് ലവ് എന്ന സിനിമയില്‍ ആര്‍ട്ട് ഡയറക്ടര്‍ അജയ് മാങ്ങാടിന്റെ അസിസ്റ്റന്റായി ചേര്‍ന്നത്. സിനിമയില്‍ ആര്‍ട്ട് ഡയറക്ടറുടെ പ്രാധാന്യം മനസിലായതോടെ അതേക്കുറിച്ച് കൂടുതല്‍ പഠിക്കാനിറങ്ങി. ഇതിനിടയില്‍ മുപ്പതോളം പരസ്യ ചിത്രങ്ങള്‍ക്ക് അസിസ്റ്റന്റായും 15 പരസ്യങ്ങള്‍ സ്വന്തമായും ചെയ്തതില്‍ നിന്നുണ്ടായ ആവിശ്വാസമാണ് ലില്ലി എന്ന സിനിമയുടെ കലാസംവിധാനം ഏറ്റെടുക്കാന്‍ ദുന്ദുവിന് കരുത്തായത്.


വെല്ലുവിളി നിറഞ്ഞ ജോലി

സിനിമയുടെ എല്ലാ മേഖലയിലും ശക്തമായ പുരുഷാധിപത്യം നിലനില്‍ക്കുമ്പോള്‍ ഏതാണ്ട് 24 മണിക്കൂറുമെന്നപോലെ സെറ്റില്‍ തുടരേണ്ട ആര്‍ട്ട് ഡയറക്ടറുടെ ജോലി ഒരു വലിയ വെല്ലുവിളി തന്നെയാണെങ്കിലും ഈ രംഗത്ത് ഉറച്ചുനില്‍ക്കാനുള്ള തീരുമാനത്തില്‍ തന്നെയാണ് ദുന്ദു. ലില്ലിയില്‍ ലില്ലി എന്ന നായികയെ ഒളിവില്‍ പാര്‍പ്പിക്കുന്ന പഴഞ്ചന്‍ വീടിന്റെ അന്തരീക്ഷത്തിന്റെ സ്വാഭാവികത ഒരു ആര്‍ട്ട് ഡയറക്ടറെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണെന്നു തന്നെ പറയേണ്ടിവരും. ഏച്ചുകെട്ടിയാല്‍ മുഴച്ചുനില്‍ക്കുമെന്നറിയാവുന്നതിനാല്‍ അതിന്റെ സ്വാഭാവികത തെല്ലും ചോര്‍ന്നുപോകാതെ തന്നെയായിരുന്നു ദുന്ദുവിന്റെ സെറ്റുകള്‍.

സംവിധായികയാകണം

ലില്ലിക്ക് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടേയും ഒരു കന്നഡചിത്രത്തിന്റെയും ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഇവര്‍. എങ്കിലും ദുന്ദു ലക്ഷ്യമിടുന്നത് സിനിമാ സംവിധാനം തന്നെയാണ്.

കരിമ്പം കെ.പി രാജീവന്‍