ദേവഗായകന്‍
പ്രണയം,വിരഹം,ഭക്തി,വിനോദം...പാട്ടുകള്‍ക്കു വിഷയം പലതാണ്. ഉദ്ദേശിച്ച വിഷയം ഓരോ ശ്രോതാവിനും അനുഭവവേദ്യമാക്കേണ്ട ചുമതല ഗായകനും. പ്രണയംപാടി പ്രണയ മാനസങ്ങള്‍ സൃഷ്ടിക്കാനായാല്‍ അത് ഗായകന്റെ വിജയമാകും.

ഈശ്വരസ്തുതികള്‍ പാടി ശ്രോതാക്കളില്‍ ഭക്തിയുണര്‍ത്താനായാല്‍ അതും...നാലു പതിറ്റാണ്ടിലേറെയായി ഇത്തരത്തില്‍ വിജയിച്ചുവാഴുന്ന ഒരു ഗായകനുണ്ട് മലയാളത്തില്‍. മലയാളികളുടെ ദേവഗായകനായി മാറിയ കെ.ജി. മാര്‍ക്കോസിന്റെ വിശേഷങ്ങളിലൂടെ...ദാസേട്ടന്‍ ഗുരുസ്ഥാനീയന്‍

സംഗീതവഴി തെരഞ്ഞെടുക്കാന്‍ തനിക്കു പ്രചോദനമായത് ഗാനഗന്ധര്‍വന്‍ യേശുദാസാണെന്ന് മാര്‍ക്കോസ് പറയുന്നു. ''ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലത്തുവച്ച് യേശുദാസിനെ നേരില്‍ക്കണ്ട് സംസാരിക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ദാസേട്ടന്റെ അടുത്ത സുഹൃത്തിന്റെ വീടിനടുത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്.

ദാസേട്ടന്‍ അവിടെയെത്തിയപ്പോള്‍ കാണാനായി. കാണാന്‍ മാത്രമല്ല നാലഞ്ചു പാട്ടുകള്‍ അദ്ദേഹത്തെ പാടിക്കേള്‍പ്പിക്കാനും സാധിച്ചു. പാട്ടുകളൊക്കെ കേട്ടശേഷം അദ്ദേഹം എന്നൊടു പറ ഞ്ഞത് കഷ്ടപ്പെട്ടാലേ മുന്നേറാനാകു എന്നാണ്. അന്നുതന്നെ അദ്ദേഹത്തോടൊപ്പം അടുത്തുള്ള ക്ഷേത്രത്തില്‍ ഗാനമേളയ്ക്കും പോകാനായി.

ദാസേട്ടനെ അവിടെയുള്ള ജനാവലി ആവേശപൂര്‍വം സ്വീകരിക്കുന്നതും അദ്ദേഹത്തിന്റെ നാദപ്രവാഹത്തില്‍ ജനം സ്തബ്ധരാകുന്നതുമൊക്കെ കണ്ടതോടെ ഞാനതു തീരുമാനിച്ചു; പാട്ട് തന്നെ വഴി''.

മനസില്‍ യേശുദാസ് നിറഞ്ഞുനിന്നതിനാലാവാം അദ്ദേഹത്തിന്റെ ആലാപനശൈലി മാര്‍ക്കോസിന് വേഗം സ്വായത്തമായി. ദാസേട്ടനേപ്പോലെ പാടുന്നയാള്‍ എന്ന പേരില്‍ കേരളത്തിലുടനീളം പ്രശസ്തനുമായി.

അങ്ങനെ ഗാനമേളകളുടെ ലോകത്തേക്ക്. ആവുന്നത്ര ഗാനമേളകള്‍ ചെയ്യണമെന്ന വാശിയിലായിരുന്നു അന്നൊക്കെ. കാരണം, സമൂഹമാധ്യമങ്ങളൊന്നുമില്ലാത്ത അക്കാലത്ത് ഗാനമേളകളാണു സിനിമയിലേക്കുള്ള എളുപ്പവഴിയായി ഗായകര്‍ കണ്ടിരുന്നത്.

ഒരു ദിവസം നാലു ഗാനമേളകള്‍വരെ നടത്തിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്ന് മാര്‍ക്കോസ് ഓര്‍ക്കുന്നു. ദാസേട്ടന്‍ പാടിയ പാട്ടുകള്‍ പാടുമ്പോള്‍ അദ്ദേഹത്തിന്റെ ശൈലി പിന്തുടരാറുണ്ടെങ്കിലും മറ്റുപാട്ടുകള്‍ പാടുമ്പോള്‍ തന്റെതന്നെ ശൈലിയാണ് സ്വീകരിക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു.

വെള്ളയുടുത്ത് വിവാദം

വെള്ളവസ്ത്രം ധരിച്ച് വേദികളില്‍ പ്രത്യക്ഷപ്പെടുകയെന്നത് കെ.ജി. മാര്‍ക്കോസിന്റെ നിഷ്ഠകളിലൊന്നാണ്. എന്നാല്‍, ഈ ശീലം യേശുദാസിനെ അന്ധമായി അനുകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചിലര്‍ക്ക് ആക്ഷേപമുണ്ട്.

അതിന് ദേവഗായകന്റെ മറുപടിയിങ്ങനെ...''എന്റെ അച്ഛന്‍ ജോര്‍ജ് വര്‍ഗീസും മുത്തച്ഛനും ഡോക്ടര്‍മാരായിരുന്നു. കുടുംബത്തില്‍ വേറെയുമുണ്ട് ഡോക്ടര്‍മാര്‍. ആരോഗ്യരംഗത്തായിരുന്നതിനാല്‍ ഇവരെല്ലാവരും പൊതുവേ വെള്ള വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്.ഞങ്ങള്‍ കുട്ടികള്‍ക്കും വെള്ളവസ്ത്രങ്ങളാണ് അവര്‍ വാങ്ങി നല്കിയിരുന്നത്. അങ്ങനെ അതൊരു ശീലമായിമാറി. വെണ്‍മ, നിര്‍മലതയയേയും വിശുദ്ധിയേയും സൂചിപ്പിക്കുന്ന നിറമാണ്. അതെങ്ങനെ യേശുദാസിന്റെ മാത്രമാകും?. കൂടെയുള്ളവര്‍ തെറ്റിദ്ധരിപ്പിച്ചതിനാലാവും ദാസേട്ടന്‍പോലും അടുത്തിടെ എന്റെ വെള്ളവസ്ത്രധാരണത്തെ അദ്ദേഹത്തെ അനുകരിക്കലായി ചിത്രീകരിച്ചു.

മനസില്‍ വലിയ വേദനയുണ്ടാക്കിയ സംഭവമാണത്. എങ്കിലും എന്റെ ശീലങ്ങള്‍ മാറ്റാന്‍ തയ്യാറല്ല.'' നീരസം മറയ്ക്കാതെ മാര്‍ക്കോസ് പറയുന്നു.

വീട്ടിലെ ക്രിസ്മസ്

എത്ര തിരക്കുണ്ടെങ്കിലും ക്രിസ്മസ് ദിനം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാന്‍ മാര്‍ക്കോസ് ശ്രദ്ധിക്കാറുണ്ട്. അതിനുവേണ്ടി സാധാരണയായി ഡിസംബര്‍ 24, 25 ദിവസങ്ങള്‍ ഒഴിവാക്കിയാണ് പരിപാടികള്‍ ഏല്‍ക്കാറുള്ളത്. ഇനി അപൂര്‍വമായി ക്രിസ്മസ് ദിനത്തിലും പരിപാടിയുണ്ടെങ്കില്‍ കുടുംബാംഗങ്ങളും മാര്‍ക്കോസിനെ അനുഗമിക്കും. അടുത്തകാലംവരെ കോട്ടയം കഞ്ഞിക്കുഴിയിലുള്ള വീിലെത്തിയായിരുന്നു ആഘോഷം. എന്നാല്‍ ഈ വര്‍ഷം മക്കള്‍ക്കു വരാനുള്ള സൗകര്യം പരിഗണിച്ച് കടവന്ത്രയിലെ വീട്ടില്‍തന്നെയാകും ക്രിസ്മസ്. എല്ലാവരും ചേര്‍ന്ന് കാരള്‍ ഗാനങ്ങള്‍ പാടിയും പടക്കംപൊിച്ചും പരമ്പരാഗത ക്രിസ്ത്യന്‍ ശൈലിയുള്ള ഭക്ഷണം കഴിച്ചുമൊക്കെയാണ് ആഘോഷം. അടുത്ത സുഹൃത്തുക്കളും ചിലപ്പോള്‍ ആഘോഷത്തില്‍ പങ്കുചേരും.


കുടുംബവിശേഷം

തിരക്കുകളൊരുപാടുണ്ടെങ്കിലും കെ.ജി മാര്‍ക്കോസിതുവരെ സഹായികളെയൊന്നും നിയമിച്ചിട്ടില്ല. അങ്ങനെയൊരു സഹായിയുടെ ആവശ്യമുണ്ടെന്ന് അദ്ദേഹത്തിനു തോന്നാനിടകൊടുക്കാത്തത് ഭാര്യ മഞ്ജുവാണ്. ഭര്‍ത്താവ് ഏറ്റിരിക്കുന്ന പരിപാടികളുടെ സമയവും സ്ഥലവും റിക്കര്‍ഡിംഗുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളുമെല്ലാം മഞ്ജുവിന് മനപ്പാഠമാണ്. അതിനാല്‍തന്നെ മാര്‍ക്കോസിന് ഷെഡ്യൂള്‍ മാനേജ്‌മെന്റ് ഇതുവരെയൊരു വിഷയമായിേട്ടയില്ല. കോട്ടയം കഞ്ഞിക്കുഴിയാണ് മഞ്ജുവിന്റെ സ്വദേശം. നിധിന്‍, നിഖില്‍, നമിത എന്നിവര്‍ മക്കള്‍. ഡോക്ടറായ നിധിന്‍ ശാസ്ത്രീയ സംഗീതം പഠിച്ച് അരങ്ങേറിയിരുന്നു. നിരവധി ക്രിസ്തീയ ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. വരയിലും മികവുപുലര്‍ത്തുന്ന നിധിന്‍ ഒരുക്കിയ പല ചാര്‍ക്കോള്‍ കാരിക്കേച്ചറുകള്‍ക്കും സമൂഹമാധ്യമങ്ങളില്‍ ആരാധകരേറെയാണ്. രണ്ടാമന്‍ നിഖില്‍ കോഴിക്കോട് സ്തപദിയില്‍ ആര്‍ക്കിടെക്ടാണ്. നമിത പ്ലസ്ടു വിദ്യാര്‍ഥിനി. മൂന്നു പേരും പാട്ടില്‍ കഴിവുള്ളവരാണ്. എങ്കിലും ഇളയമകന്‍ നിഖിലാണ് സംഗീതരംഗത്തോട് കൂടുതല്‍ അടുപ്പം കാണിക്കുന്നത്.

ക്രിസ്തീയ ഗാനങ്ങള്‍ അനവരതം

കെ.ജി മാര്‍ക്കോസിന്റെ മുഖചിത്രമുണ്ടോയെന്ന് ഉറപ്പുവരുത്തിയശേഷം ക്രിസ്തീയ ഭക്തിഗാനകാസറ്റുകള്‍ വാങ്ങുന്നവരുണ്ട്. ആ മുഖവും ശബ്ദവും അവര്‍ക്കൊരുറപ്പാണ്, വിശ്വാസമാണ്. കഴിഞ്ഞ 40 വര്‍ഷമായി ഭക്തിഗാനങ്ങള്‍ ഏറ്റം ഭക്തിസാന്ദ്രമായി ആലപിച്ചാണ് അദ്ദേഹം ആ വിശ്വാസം നേടിയെടുത്തത്. 1978ല്‍ കൊല്ലം ഫാത്തിമ മാതാ കോളജിനുവേണ്ടിയുള്ള കാസറ്റില്‍ പാടിയാണ് തുടക്കം. പിന്നീട് എറണാകുളത്തുനിന്ന് ഈ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ വരാന്‍ തുടങ്ങിയതോടെ താമസം അങ്ങോട്ട് മാറ്റി. അങ്ങനെ അവസരങ്ങളുടെ പെരുമഴയായി. ഇതിനിടെ അനേകം ഹിന്ദു ഭക്തിഗാനങ്ങള്‍ക്കും മാപ്പിളപ്പാട്ടുകള്‍ക്കും മാര്‍ക്കോസ് ശബ്ദമായി. പതിനായിരത്തിലധികം ക്രിസ്തീയ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇതില്‍ മിക്കവയും വലിയ ഹിറ്റുകള്‍. 'ഇമ്മാനുവല്‍ ഇമ്മാനുവല്‍', 'ഉണരുമീ ആത്മതാപം', 'ഈ യാത്രയില്‍ വഴികാട്ടുവാന്‍', 'ഭയമേതുമില്ലെന്റെ ദൈവം', 'ഞാനുറങ്ങാനായി താരാട്ട് പാടുന്നു ദൈവം' അങ്ങനെയെത്രയെത്ര മാര്‍ക്കോസ് ഹിറ്റുകള്‍...

ക്രിസ്മസ് ഈണം

ക്രിസ്മസ് രാവുണര്‍ത്താന്‍പോന്ന ഒരു പിടി 'മാര്‍ക്കോസ് ക്രിസ്മസ് ഹിറ്റു'കളുണ്ടെങ്കിലും അവയില്‍ ഒരു പക്ഷേ ഏറ്റവും പ്രചാരമുള്ളത് അദ്ദേഹം ആലപിച്ച ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം എന്ന ഗാനമായിരിക്കും. പീറ്റര്‍ ചേരാനെല്ലൂര്‍ ഈണമിട്ട ഈ പാട്ടിന് വരികളെഴുതിയത് ബേബി ജോണ്‍ കലയന്താനിയാണ്. തിരുപ്പിറവിയേപ്പറ്റി നാലുവരികള്‍ മാത്രമേ ഈ ഗാനത്തിലുള്ളുവെങ്കിലും മലയാളികള്‍ക്കിത് പ്രിയപ്പെ ക്രിസ്മസ് ഗാനമാണ്. കെ.ജി മാര്‍ക്കോസിന് ഏറ്റവുമിഷ്ടമുള്ള ക്രിസ്മസ് ഗാനവുമിതുതന്നെ. സ്റ്റേജുഷോകളിലും ഗാനമേളകളിലും ഇപ്പോഴും ആളുകള്‍ തന്നോട് കൂടുതലായി ആവശ്യപ്പെടുന്നത് ഈ ഗാനമാണെന്ന് മാര്‍ക്കോസ് പറയുന്നു. ദാസേട്ടന്‍ ആലപിച്ച 'യഹൂദിയായിലെ', 'പുല്‍ക്കുടിലില്‍' തുടങ്ങിയ ഗാനങ്ങളും മാര്‍ക്കോസിന്റെ പ്രിയ ക്രിസ്മസ് ഗാനങ്ങളാണ്.

ഓര്‍മയിലീണം

മാര്‍ക്കോസ് ആലപിച്ച ചലിച്ചിത്രഗാനങ്ങളും മലയാളികളുടെ മനം കവര്‍ന്നവയാണ്. 1982ല്‍ പുറത്തിറങ്ങിയ കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ 'കന്നിപ്പൂമാനം' എന്ന ഗാനമാണ് മാര്‍ക്കോസിന്റെ ആദ്യ ചലച്ചിത്രഗാനം. ജോണ്‍സണ്‍മാഷ് സംഗീതം പകര്‍ന്ന ഈ ഗാനത്തിന്റെ വരികളെഴുതിയത് ദേവദാസാണ്. 1985 ല്‍ പുറത്തിറങ്ങിയ നിറക്കൂട്ട് എന്ന ചിത്രത്തിലേ 'പൂമാനമേ' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെു. നാടോടിയിലെ 'താലോലം പൊന്‍ പൈതലേ', കാബൂളിവാലയിലെ 'പുത്തന്‍പുതുക്കാലം', ഗോഡ് ഫാദറിലെ 'മന്ത്രിക്കൊച്ച വരുന്നുണ്ടേ' തുടങ്ങിയ ഗാനങ്ങളും മാര്‍ക്കോസിനു വലിയ ഖ്യാതി നേടിക്കൊടുത്തവയാണ്. ''പലരും സിനിമാരംഗത്ത് എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അക്കാലത്ത് അതൊക്കെ വലിയ വേദനയുണ്ടാക്കിയിരുന്നെങ്കിലും ആരോടും പരാതിയില്ല. എന്നും മലയാളികളുടെ ഓര്‍മയില്‍നില്‍ക്കുന്ന ഒരുപിടി നല്ലഗാനങ്ങള്‍ പാടാനായതു ഭാഗ്യമായാണ് കരുതുന്നത്. ബാക്കിയെല്ലാം ദൈവഹിതം'' പരിഭവമേതുമില്ലാതെ മാര്‍ക്കോസ് പറയുന്നു. സംസാരിച്ചുകൊണ്ടിരിക്കെ പുതിയ ക്രിസ്തീയ ഗാനത്തിന്റെ റിക്കാര്‍ഡിംഗിനു ഡേറ്റ് ചോദിച്ചു ഫോണ്‍കോള്‍ വരുന്നു. അതെ, കെ.ജി. മാര്‍ക്കോസിനു പാടാന്‍ ഇനിയുമീണങ്ങള്‍ ബാക്കി....

അലക്‌സ് ചാക്കോ
ഫോട്ടോ: മാക്‌സിന്‍