അമ്മായിയമ്മ എന്ന അമ്മ
അമ്മായിയമ്മ  എന്ന അമ്മ
Monday, December 24, 2018 4:25 PM IST
ഏതൊരു ഭാഷയിലും ഏറ്റവും മൃദുല വികാരങ്ങള്‍ ഉണര്‍ത്തുന്ന പദമേതാണ് എന്നു ചോദിച്ചാല്‍ അമ്മ എന്നതാണ് എന്നു നിസ്സംശയം ഉത്തരം പറയുവാന്‍ സാധിക്കും. സ്‌നേഹം, ക്ഷമ, വാത്സല്യം, ത്യാഗം മുതലായ നന്മകളുടെ വിളനിലമാണ് അമ്മ. അമ്മായിയമ്മയോ? സകല ദുര്‍ഗുണങ്ങളുടേയും കൂമ്പാരമായ, വെറുക്കപ്പെടുവാന്‍ ഏറ്റവും യോഗ്യയായ സ്ത്രീയുടെ പര്യായമാണ് അമ്മായിയമ്മ. ഒരേ സമയത്ത് ഒരേ സ്ത്രീയെ ഇങ്ങനെ രണ്ടു വ്യത്യസ്ത രീതിയില്‍ എങ്ങനെ ഒരു സമൂഹത്തിന് കാണാന്‍ കഴിയുമെന്നത് അത്യന്തം ആശ്ചര്യജനകമാണ്. മനുസ്മൃതി മുതല്‍ ആധുനിക മന:ശാസ്ത്രം വരെ ഈ ചോദ്യത്തിന് ഉത്തരം നല്‍കുവാന്‍ വിഫല ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. മാദ്ധ്യമങ്ങള്‍ ഇവ പ്രചരിപ്പിക്കുന്നതു വഴി മക്കളുടെ വിവാഹബന്ധങ്ങള്‍ തന്നെ ശിഥിലമാകുന്നതിന് കാരണമാകുന്നു.

അമ്മായിയമ്മയും മരുമകളും ചേര്‍ന്നു പോകാതിരിക്കു #ൃമ്പോള്‍, അവര്‍ തമ്മില്‍ വഴക്കടിക്കുമ്പോള്‍ അതില്‍ നിന്നുളവാകുന്ന ടെന്‍ഷന്‍ ആ കുടുംബത്തിലെ ഓരോ അംഗത്തെയും കുടുംബനാഥന്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെ എല്ലാവരേയും ബാധിക്കും. വശം ചേരാന്‍ പ്രത്യക്ഷമായും പരോക്ഷമായും ഓരോ അംഗവും നിര്‍ബന്ധിതരാകും. ഫലമോ, ആ കുടുംബം നെടുകെ പിളര്‍ന്നു പോകുന്നു. നിങ്ങള്‍ സ്‌നേഹിക്കുന്ന നിങ്ങള്‍ വളര്‍ത്തിയ മകന്റെ ജീവിതം നരകതുല്യമായി മാറുന്നു.

അമ്മായിയമ്മ മരുമകള്‍ യുദ്ധം കഥകളിലും ജീവിതത്തിലും സാധാരണമാണെന്നിരിക്കേ ഒരമ്മയെന്ന നിലയ്ക്ക് ഇതുണ്ടാകാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും? ഒരു പക്ഷേ ഇന്നത്തെ പൈങ്കിളി സീരിയലുകള്‍ കണ്ടാല്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിക്കുകയില്ല എന്ന നിരാശാബോധം ആയിരിക്കും ആദ്യം തോന്നുന്നത്. എന്നാല്‍ സത്യമതല്ല. നിങ്ങള്‍ക്ക് അതു തടയുവാന്‍ സാധിക്കും.

നല്ല അമ്മായിയമ്മ ആകാം

മരുമകള്‍ എന്റെ മകളെപ്പോലെയാണ് മുതലായ സംഭാഷണങ്ങള്‍ സാധാരണ പൊള്ളയായ വാചകങ്ങള്‍ മാത്രമായി അധഃപതിച്ചു പോകുന്നു. നിങ്ങളുടെ മരുമകള്‍ ഒരു വ്യക്തിയാണ്. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്നും പ്രത്യേകിച്ചും നിങ്ങളുടെ മകളില്‍ നിന്നും വിഭിന്നയായ ഒരു സ്ത്രീ. അവള്‍ക്ക് അവളുടേതായ ഒരു കുടുംബ പശ്ചാത്തലമുണ്ട്, ഒരു ചരിത്രമുണ്ട്, വിശ്വാസങ്ങളുണ്ട്. അതു പോലെ ജീവിതാനുഭവങ്ങളുമുണ്ട്. ഇന്ന് നിങ്ങള്‍ കാണുന്ന മരുമകളുടെ പ്രവൃത്തികളിലും പ്രതികരണങ്ങളിലും അവ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ച് ഒരു പക്ഷേ അവള്‍ക്കുതന്നെ അറിവില്ലായിരിക്കും. ആ സ്ത്രീയെ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരം നിങ്ങള്‍ മരുമകള്‍ക്ക് കൊടുക്കണം. വ്യത്യാസങ്ങള്‍ പ്രകടമായാലും അതുമായി താദാമ്യപ്പെട്ടു മരുമകളുമായി ഒരു സുദൃഡ ബന്ധം കാലക്രമേണ കെിപ്പടുക്കുവാന്‍ ഈ തുറന്ന സമീപനം സഹായിക്കും.

നല്ല അമ്മായിയമ്മമാരാണ് നല്ല മരുമക്കളെ സൃഷ്ടിക്കുന്നത്. ആരുടെയോ മകള്‍ എന്നതില്‍ നിന്നും മരുമകള്‍ എന്ന അവസ്ഥാ ന്തരത്തിലെ മുഖ്യ കാര്‍മ്മികയും അമ്മായിയമ്മ തന്നെ. മകന്‍ തന്റെ ഭാര്യയുമായി ഒരു ദൃഢബന്ധമുണ്ടാക്കുമ്പോള്‍ അവന് തന്നോടുള്ള ബന്ധത്തില്‍ അല്പമെങ്കിലും മങ്ങലുണ്ടാകുന്നത് സാധാരണമാണ് എന്ന സത്യം അമ്മായിയമ്മ അംഗീകരിക്കണം.. മകന്റെ ജീവിതത്തിലെ പ്രധാന സ്വാധീനം മരുമകളായിത്തീരണം. ഒരു നല്ല ഭര്‍ത്താവെന്ന നിലയില്‍ ഭാര്യയുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞു വേണം മകന്‍ പ്രവര്‍ത്തിക്കേണ്ടത് എന്നത് അവനെ പഠിപ്പിക്കേണ്ടത് അമ്മായിയമ്മയുടെ കടമയാണ്. മകന്റെ വിവാഹബന്ധം വളരുമ്പോള്‍ ഒരു നല്ല മരുമകളെയാണ് വളര്‍ത്തിയെടുക്കുന്നത് എന്ന യാഥാത്ഥ്യം എല്ലാ അമ്മമാരും മനസ്സിലാക്കണം. മകന്റെ ജീവിതത്തില്‍ തനിക്കുണ്ടായിരുന്ന സ്ഥാനം നില നിര്‍ത്താന്‍ വേണ്ടി അനാവശ്യമായി അവന്റെ സമയത്തിനും വികാരങ്ങള്‍ക്കും വേണ്ടി ശഠിക്കുമ്പോള്‍ അവന്റെ വിവാഹ ജീവിതമാണ് നിങ്ങള്‍ തകര്‍ക്കുന്നത്. നിങ്ങളാരും അമര്‍ത്യരല്ല. മക്കളുടെ കുഞ്ഞുങ്ങളിലൂടെയാണ് നിങ്ങള്‍ തുടര്‍ന്നു ജീവിക്കു വാന്‍ പോകുന്നത്. ആ കുഞ്ഞുങ്ങള്‍ക്കു ജീവന്‍ കൊടുക്കുകയും അവരെ വളര്‍ത്തുകയും ചെയ്യുവാന്‍ പോകുന്ന നിങ്ങളുടെ മരുമകളെ ഏതു വിധേനയും സഹായിക്കുക എന്നത് നിങ്ങളുടെ തന്നെ പിന്‍തുടര്‍ച്ച ഉറപ്പാക്കുന്നതിന് അത്യന്താപേക്ഷികമാണ്.

മരുമകളെ മനസിലാക്കുക

നിങ്ങളുടെ മരുമകളെ മനസിലാക്കുവാനും അറിയുവാനും ശ്രമിക്കുക. അവളുമായി ഒരു നല്ല ബന്ധമുണ്ടാകേണ്ടത് നിങ്ങളുടെ ആവശ്യമായി കാണണം. ഒരു ഭാര്യയും അമ്മയുമല്ലാതെ അവളിലുള്ള മറ്റു കഴിവുകള്‍ കാണുകയും അവ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. അവളുടെ ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍, ഹോബികള്‍ മുതലായവ അറിയുവാന്‍ ശ്രമിക്കുക. എന്താണ് നിങ്ങള്‍ തമ്മിലുള്ള സമാനതകള്‍, വ്യത്യാസങ്ങള്‍? ഈ വ്യത്യാസങ്ങളെ എങ്ങനെ മറികടന്നു കൊണ്ട് ഒരു ബന്ധം സ്ഥാപിച്ചെടുക്കാം എന്നു ചിന്തിക്കുക. സംഭാഷണങ്ങള്‍ കാര്യമാത്രപ്രസക്തമാകാതെ രണ്ടുപേരുടേയും വ്യക്തി അനുഭവങ്ങളുടെ പങ്കുവക്കല്‍ ആയി മാറണം. നിങ്ങളുടെ മോഹങ്ങളും മോഹഭംഗങ്ങളും അവള്‍ അറിയട്ടെ. മകന്റെ ഭാര്യ എന്നതില്‍ കവിഞ്ഞ ഒരു അംഗീകാരവും സ്ഥാനവും അവള്‍ക്കുണ്ട് എന്ന് ധരിപ്പിക്കുവാന്‍ ശ്രമിക്കുക. ഫോണ്‍ വിളിക്കുമ്പോള്‍ വല്ലപ്പോഴുമെങ്കിലും അവളെമാത്രം വിളിക്കുക. വീടിനു പുറത്തും നിങ്ങള്‍ രണ്ടും മാത്രമായി, നിങ്ങള്‍ രണ്ടും ഇഷ്ടപ്പെടുന്ന പ്രവൃത്തികളില്‍ അതു ഷോപ്പിങ്ങോ സിനിമയോ എന്തുമാകട്ടെ ഏര്‍പ്പെടണം.


മുന്‍വിധി വേണ്ട

മരുമകളില്‍ നിന്ന് എന്തു പ്രതീക്ഷിക്കുന്നു, എന്തു പ്രതീക്ഷിക്കാം എന്നു വ്യക്തമായ ബോധം നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. അങ്ങനെ പ്രതീക്ഷിക്കുമ്പോള്‍ അവയറിഞ്ഞു മരുമകള്‍ പ്രവര്‍ത്തിക്കും എന്നു ചിന്തിക്കരുത്. നിങ്ങളുടെ മരുമകള്‍ എങ്ങനെയുള്ളവള്‍ ആണ് എന്ന യാഥാര്‍ഥ്യത്തില്‍ അധിഷ്ഠിതമായിക്കണം നിങ്ങളുടെ ആഗ്രഹങ്ങള്‍. അല്ലാതെ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള അല്ലെങ്കില്‍ അങ്ങനെ ആയിത്തീരും എന്ന വിശ്വാസത്തോടെ നിങ്ങള്‍ മരുമകളില്‍ നിന്നും പ്രതീക്ഷിക്കരുത്. യാഥാര്‍ഥ്യബോധ്യത്തോടെയുള്ള പ്രതീക്ഷകളാണ് ഏതൊരു നല്ല ബന്ധത്തിന്‍േറയും അടിത്തറ. എല്ലായ്‌പ്പോഴും മരുമകളെപ്പറ്റി നല്ലതുമാത്രം ചിന്തിക്കുക, നല്ലതുമാത്രം പ്രവര്‍ത്തിക്കുക. അവള്‍ അവളാല്‍ കഴിയുന്ന വിധം വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നു വിശ്വസിക്കുക. നിങ്ങളുടെ പ്രതീക്ഷകള്‍ പോലെ അവള്‍ ചെയ്തില്ലെങ്കില്‍ അത് അരിശം കൊണ്ടാണ്, മനപ്പൂര്‍മാണ് എന്ന് വിധിക്കാതിരിക്കുക. അവരുടെ കുട്ടികളുടെയും ജോലിയുടേയും സാമൂഹ്യ ഉത്തരവാദിത്വങ്ങളുടേയും ഇടയ്ക്ക് മരുമകള്‍ക്ക് നിങ്ങളെ വിളിക്കുവാനോ കാണുവാനോ സമയം കിിയില്ലെങ്കില്‍ അങ്ങോട്ടു ചെന്നു കാണണം.

ആരാണ് ശരി, ആരാണ് തെറ്റ് എന്നതില്‍ കൂടുതല്‍ ഊന്നല്‍ നല്കാതിരിക്കുക. എല്ലാ ബന്ധങ്ങളിലും അഭിപ്രായ വ്യത്യാസ ങ്ങളും തെറ്റിദ്ധാരണകളും ആശയ വിനിമയ പ്രശ്‌നങ്ങളും സാധാരണമാണ്. മിക്കവാറും ഇവയെല്ലാം തന്നെ കാഴ്ചപ്പാ ടുകളിലുള്ള വ്യത്യാസങ്ങളില്‍ നിന്നുളവാകുന്നതാണ്. ഇവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ഒരു നല്ല ബന്ധവും മോശം ബന്ധവും തമ്മിലുള്ള വ്യത്യാസം പ്രകട മാക്കുന്നത്. ഒരു വിശാല കാഴ്ചപ്പാട് വളര്‍ത്തുവാന്‍ ശ്രമിക്കുക. മരുമകളുടെ വീക്ഷണം നിങ്ങളുടെ പോലെ തന്നെ ശരിയായി രിക്കാം എന്നു മനസിലാക്കണം. അവസാനം എന്താണ് പ്രധാനം എന്നോര്‍ക്കുക. മകനും കുട്ടികളുമായിട്ടുള്ള ഒരു നല്ല ബന്ധമാണോ അതോ മരുമകളുടെ മേല്‍ നൈമിഷികമായ ഒരു വിജയമാണോ?

നിങ്ങളുടെ പ്രവൃത്തികളുടേയും വിശ്വാസങ്ങളുടേയും മേല്‍ ഒരു പുനര്‍വിചിന്തനത്തിനു എപ്പോഴും തയ്യാറാകണം. പ്രത്യക്ഷത്തില്‍ ഇതു ബുദ്ധിമുട്ടാണെങ്കിലും മരുമകളുമായുള്ള പ്രശ്‌ന പരിഹാരത്തിന് ഇതു മിക്കപ്പോഴും സഹായകമായിത്തീരും. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിലും വളര്‍ത്തുന്നതിലും എല്ലാവര്‍ക്കും പങ്കുണ്ട്. നുടെ പ്രവൃത്തികള്‍ എങ്ങനെ മാറ്റാം എന്നു ചിന്തിക്കുമ്പോള്‍ നമ്മള്‍ സ്വയം ബലവത്കരിക്കുകയാണ് ചെയ്യുന്നത്. ആ ബലത്തില്‍ നില്‍ക്കുമ്പോള്‍ പീഡിത അല്ലെങ്കില്‍ ഇര എന്ന വിശ്വാസം മാറുകയും ക്ഷമയോടെ വിഷമനിവാരണ മാര്‍ഗങ്ങള്‍ തേടുകയും ചെയ്യാന്‍ സാധ്യമാകുന്നു.

മകന്‍ ഭാര്യയേയും സ്‌നേഹിക്കട്ടെ

അവസാനമായി ഒരു സത്യം ഓര്‍ത്തിരിക്കുക. നിങ്ങളുടെ മകന്‍ തിരഞ്ഞെടുത്ത, അവന്‍ സ്‌നേഹിക്കുന്ന സ്ത്രീയാണ് നിങ്ങളുടെ മരുമകള്‍. ഒരു നിമിഷം ഒന്നു ചിന്തിച്ച് എന്തുകൊണ്ട് അവന്‍ അവളെ സ്‌നേഹിക്കുന്നു അല്ലെങ്കില്‍ സ്‌നേഹിക്കണം എന്നു നിങ്ങള്‍ മനസിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍, ആ അറിവു മരുമകളെപ്പറ്റിയുള്ള അഭിപ്രായത്തിലേക്ക് നിങ്ങള്‍ എഴുതിച്ചേര്‍ക്കുമ്പോള്‍ ആ അഭിപ്രായം മരുമകളോടുള്ള നിങ്ങളുടെ ബന്ധത്തില്‍ പ്രതിഫലിപ്പിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കുടുംബം ഒരു സ്വര്‍ഗ്ഗമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിങ്ങളുടെ മരുമകളെ അവളറിയാതെ തന്നെ ഒരു ദേവതയാക്കി നിങ്ങള്‍ മാറ്റുന്നു. അപ്പോള്‍ നിങ്ങളറിയാതെ തന്നെ നിങ്ങള്‍ അായിയയില്‍ നിന്നും ഒരമ്മയായി മാറുന്നു.



ഡോ.ടി.ആര്‍ ജോണ്‍
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം