ചക്കയുടെ വേറിട്ട രുചിക്കൂട്ടുകള്‍
ചക്കയുടെ വേറിട്ട രുചിക്കൂട്ടുകള്‍
Monday, December 24, 2018 2:38 PM IST
തൊടിയിലെ പ്ലാവില്‍ നിന്നും ലഭിക്കുന്ന ചക്ക ഇനി പാഴാക്കേണ്ട. ഒരേ വിഭവം തന്നെയുണ്ടാക്കി മടുക്കുകയും വേണ്ട. ഒരു പൂങ്കുലയിലെ അനേകം പൂക്കള്‍ ഒരുമിച്ച് ഒറ്റപ്പഴമായി വളരുന്ന പ്രത്യേക പ്രതിഭാസമാണ് ചക്ക. ഇതുപയോഗിച്ച് അനേക വിഭവങ്ങളും നമുക്കു തയാറാക്കാം. ചക്ക വരിക്കയായാലും കൂഴയായാലും സംസ്‌കരിക്കാം. പിഞ്ചു പ്രായത്തിലുള്ള ഇടിയന്‍ചക്ക മുതല്‍ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളിലുള്ള ചക്കയും പഴുത്ത ചക്കയുമൊക്കെ ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ അനുയോജ്യമാണ്. കര്‍ഷകര്‍ ഇതു മനസിലാക്കി ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിച്ചാല്‍ പ്ലാവായിരിക്കും കര്‍ഷകന് ഏറ്റവും ആദായം നല്‍കുന്ന വിള.

ചക്ക കൊണ്ടുണ്ടാക്കാവുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ ചിലത് ചുവടെ.

1. ചക്ക അച്ചാര്‍

ആവശ്യമായ സാധനങ്ങള്‍

ചക്കകഷണങ്ങള്‍ ഉപ്പുലായനിയില്‍ കഴുകിയത്- അഞ്ചു കപ്പ്, മുളകുപൊടി- 12 ടീസ്പൂണ്‍, വെളുത്തുള്ളി അല്ലി- എട്ടെ ണ്ണം, ഇഞ്ചി കൊത്തിയരിഞ്ഞത്- രണ്ടു ടീസ്പൂണ്‍, കടുക് - ഒരു ടീസ്പൂണ്‍, നല്ലെണ്ണ- രണ്ട് വലിയ കരണ്ടി, മഞ്ഞള്‍പ്പൊടി- രണ്ടു ടീസ് സ്പൂണ്‍, ജീരകപ്പൊടി- രണ്ട് ടീസ്പൂണ്‍.

പാകം ചെയ്യുന്ന വിധം

നല്ലെണ്ണയില്‍ ഇഞ്ചി കൊത്തിയരിഞ്ഞതും വെളുത്തുള്ളിയും വഴറ്റിയശേഷം മുളകുപൊടി, മഞ്ഞ ള്‍പ്പൊടി, പുളി പിഴിഞ്ഞത്, കടുക്, ജീരകപ്പൊടി എന്നിവ ചേര്‍ ത്തിളക്കുക. ഇതിലേക്ക് ചക്ക കഷണങ്ങള്‍ ഇട്ടിളക്കി കുപ്പിയില്‍ കോരി നിറയ്ക്കാം. നിറയ്ക്കുന്ന അവസരത്തില്‍ വായുഅറകള്‍ ഉണ്ടാകാതിരിക്കാന്‍ അച്ചാര്‍ കൂട് നല്ലപോലെ അമര്‍ത്തി കുപ്പിയുടെ കഴുത്തറ്റം വരെയാക്കി മുകളില്‍ ചൂടാക്കി തണുപ്പിച്ച നല്ലെണ്ണ ഒഴിച്ച് അടപ്പിട്ട് മുറുക്കിവയ്ക്കാം.

2. ഇടിയന്‍ ചക്ക കട്‌ലറ്റ്

ആവശ്യമായ സാധനങ്ങള്‍

ഇടിയന്‍ ചക്ക- ഒരു കിലോ, ഉള്ളി-500 ഗ്രാം, ഉരുളക്കിഴങ്ങ്- 750 ഗ്രാം, പച്ചമുളക്- 50 ഗ്രാം, ഇഞ്ചി- 25 ഗ്രാം,

വെളുത്തുള്ളി- 250 ഗ്രാം, മുളകുപൊടി- 10 ഗ്രാം, മഞ്ഞള്‍പ്പൊടി- അഞ്ചു ഗ്രാം, കുരുമുളകുപൊടി ഒരു ടീ സ്പൂണ്‍, ഉപ്പ് ആവശ്യത്തിന്, ബ്രഡ്‌പൊടി- 750 ഗ്രാം, മുട്ട/മൈദ- 150 ഗ്രാം, മസാലപ്പൊടി- അഞ്ചു ഗ്രാം.

ഉണ്ടാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചക്കക്കഷണങ്ങള്‍ വെള്ളത്തില്‍ ഇട്ടു വേവിക്കുക. കൂടുതലുള്ള വെള്ളം കളയുക. ഇതുപോലെ ഉരുളക്കിഴങ്ങും വേവിക്കുക. ഉപ്പിട്ടതിനുശേഷം വേവിച്ച ഉരുളക്കിഴങ്ങ് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.

ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും എണ്ണയിലിട്ട് കടുത്ത മഞ്ഞനിറമാകുന്നതുവരെ വഴറ്റുക. ഉള്ളിയും പച്ചമുളകും ചേര്‍ക്കുക. ഇതിനുശേഷം മുളകുപൊടിയും മഞ്ഞള്‍പൊടിയും മല്ലിപ്പൊടിയും മസാലയും ചേര്‍ക്കുക. ഇതിലേക്ക് പാകപ്പെടുത്തിയ ഇടിയന്‍ ചക്കയും കുഴമ്പ് രൂപത്തിലാക്കിയ ഉരുളക്കിഴങ്ങും ഇട്ട് നന്നായി കുഴയ്ക്കുക. ഇതിനുശേഷം ഇഷ്ടമുള്ള രൂപത്തിലാക്കി, മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി ഇരുവശവും പൊരിച്ചെടുക്കാവുന്നതാണ്.

3. ചക്ക കൊണ്ടാട്ടം

ആവശ്യമായ സാധനങ്ങള്‍

മൂപ്പെത്തിയ ചക്കച്ചുളകള്‍- 500 ഗ്രാം, മുളകുപൊടി- അഞ്ചു ഗ്രാം, മഞ്ഞള്‍പ്പൊടി- അഞ്ചു ഗ്രാം, ഉപ്പ്- ആവശ്യത്തിന്.

ഉണ്ടാക്കുന്ന വിധം

മൂപ്പെത്തിയ ചക്കക്കഷണങ്ങള്‍ ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. വേവിച്ചതിനുശേഷം കൂടുതല്‍ ഉള്ള വെള്ളം മാറ്റിയതിനുശേഷം ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇടുക. ഒരാഴ്ച്ച വെയിലത്തു വച്ചുണക്കുക. ഉണക്കിയതിനുശേഷം എണ്ണയില്‍ ഇട്ട് വറുത്തെടുക്കാം. പോളിത്തീന്‍ കവറില്‍ പായ്ക്ക് ചെയ്ത് വില്‍ക്കാം.

5. ചക്ക സ്‌ക്വാഷ്

ആവശ്യമായ സാധനങ്ങള്‍

ചക്കച്ചുള- ഒരു കിലോ, പഞ്ചസാര- രണ്ടുകിലോ, വെള്ളം- ഒരു ലിറ്റര്‍, സിട്രിക്ക് ആസിഡ്- 15 ഗ്രാം,എസെന്‍സ്-അര ടീസ്പൂണ്‍, ഇഞ്ചി നീര്- ഒരു ടീസ്പൂണ്‍.

ഉണ്ടാക്കുന്ന വിധം

പഴുത്ത ചക്കച്ചുള ചെറുചൂടുവെള്ളത്തില്‍ അരച്ച് അരിച്ചെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം എടുത്ത് അതിലേക്ക് പഞ്ചസാരയും സിട്രിക് ആസിഡും ചേര്‍ത്തു ചൂടാക്കി, അരിച്ചെടുക്കുക. പഞ്ചസാര ലായനി തണുത്തതിനുശേഷം ചക്ക നീരിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് ഇഞ്ചിനീരും ചേര്‍ത്ത് ഉപയോഗിക്കാം.


5. ചക്കസോസ്

ആവശ്യമുള്ള സാധനങ്ങള്‍

ചക്കച്ചുള- ഒരു കിലോ, വെള്ളം- 200 മില്ലി ലിറ്റര്‍, പഞ്ചസാര-150 ഗ്രാം, ഉപ്പ്- 20 ഗ്രാം, ഉള്ളി- 100 ഗ്രാം, വെളുത്തുള്ളി- എട്ടു ഗ്രാം, ഏലയ്ക്ക-ആറെണ്ണം, മുളകു പൊടി- അര ടീസ്പൂണ്‍, ഗ്രാമ്പൂ - 30 എണ്ണം, കുരുമുളക്- 20 എണ്ണം, വിനാഗിരി- 75 മില്ലിലിറ്റര്‍, സോഡിയം ബെന്‍ സോയറ്റ്- ഒരു ഗ്രാം.

ഉണ്ടാക്കുന്ന വിധം

ഉള്ളി, വെളുത്തുള്ളി, ഏലയ്ക്ക, മുളക്, കുരുമുളക്, മുളകുപൊടി, ഗ്രാമ്പൂ എന്നിവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇത് തുണിയില്‍ കെട്ടി ഒരു കിഴിയാക്കുക. ചക്ക മിക്‌സിയിലടിച്ച് പള്‍പ്പ് രൂപത്തിലാക്കുക. ഇതി ലേക്ക് മൂന്നിലൊരുഭാഗം പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. ഒരു കിലോ പള്‍പ്പിന് 200 മില്ലിലിറ്റര്‍ വെള്ളവും ചേര്‍ക്കണം. ചെറിയ തീയില്‍ വേവിക്കുക. ഈ മിശ്രിതം തിളയ്ക്കുമ്പോള്‍, പള്‍പ്പിലേക്ക് കിഴി ഇടുക. കുറച്ചു സമയം തിളച്ചുകഴിയുമ്പോള്‍ കിഴി പിഴിയുക. പള്‍പ്പിനു രുചികൂട്ടുന്നതിനുവേണ്ടി പള്‍പ്പ് വറ്റിച്ച് പകുതിയാകുമ്പോള്‍ കിഴിമാറ്റി ബാക്കിയുള്ള പഞ്ചസാരയും ഉപ്പും വിനാഗിരിയും ചേര്‍ക്കുക. രണ്ടുമൂന്നു മിനിറ്റ് ചൂടാക്കുക. സോസ് കേടുകൂടാതെ സൂക്ഷിക്കാന്‍ സോഡിയം ബെന്‍സോയറ്റ് 750 മില്ലിഗ്രാം ഒരു കിലോയ്ക്ക് എന്ന രീതിയില്‍ വെള്ളത്തില്‍ കലര്‍ത്തി പള്‍പ്പിലേക്ക് ചേര്‍ക്കാം.

6. ചക്ക ഹല്‍വ

ചക്ക പള്‍പ്പ്- 500 ഗ്രാം, പഞ്ചസാര- 600 ഗ്രാം, ഉപ്പ്- കുറച്ച്, ഡാല്‍ഡ- 100 ഗ്രാം, അരിപ്പൊടി 50 ഗ്രാം, വറുത്ത കശുവണ്ടി- ആവശ്യാനുസരണം. ഉണക്കമുന്തിരി- ആവശ്യാനുസരണം.

ഉണ്ടാക്കുന്ന വിധം

ഡാല്‍ഡ അല്ലെങ്കില്‍ നെയ്യ് (25ഗ്രാം) പാത്രത്തില്‍ ഒഴിക്കുക. ഇതിലേക്ക് ചക്ക പള്‍പ്പ് ഒഴിച്ച് പഞ്ചസാര ചേര്‍ത്തു വേവിക്കുക. പള്‍പ്പ് കട്ടിയാകുന്ന സമയത്ത് അരിപ്പൊടിയും ഉപ്പും ചേര്‍ക്കുക. കാപ്പിക്കളര്‍ ആകുന്നതുവരെ ഇളക്കുക. അവസാനം കശുവണ്ടിയും ഉണക്കമുന്തിരിയും ചേര്‍ക്കാം. അതിനുശേഷം പാത്രത്തില്‍ നിന്നു മറ്റൊരു പ്ലേറ്റിലേക്കു മാറ്റാം. രണ്ടുമണിക്കൂര്‍ വച്ച് സെറ്റാക്കി ഉപയോഗിക്കാം.

7. ചക്ക ടോഫി

ചക്കപ്പള്‍പ്പ് 500 ഗ്രാം,
പഞ്ചസാര- 600 ഗ്രാം,
ഏലയ്ക്ക എസന്‍സ്-
അര സ്പൂണ്‍, നെയ്യ്- 10 ഗ്രാം,
മില്‍ക്ക് മെയ്ഡ്- 10 ഗ്രാം,
ഗ്ലൂക്കോസ്- 50 ഗ്രാം.

ഉണ്ടാക്കുന്ന വിധം

കട്ടിയുള്ള പാത്രത്തില്‍ ചക്ക പള്‍പ്പ് ഇട്ടതിനുശേഷം ചെറുതീയില്‍ വേവിക്കുക. ഇത് കട്ടിയാകുമ്പോള്‍ ഇതിലേക്ക് ഏലയ്ക്ക എസന്‍സും മില്‍ക്ക്‌മെയ്ഡും പഞ്ചസാരയും ചേര്‍ക്കുക. ചെറുതീയില്‍ തന്നെ ഇളക്കുക. ഈ മിശ്രിതം ഒരു പ്ലേറ്റിലേക്കു മാറ്റുക. തണുക്കാന്‍ വയ്ക്കുക. പുറത്തു നെയ്യ് ഒഴിച്ചുകൊടുക്കാവുന്നതാണ്. ചെറിയ കഷണങ്ങള്‍ ആയി മുറിച്ചെടുത്ത് ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ്, പ്ലാസ്റ്റിക് ടിന്നുകളിലാക്കി വില്‍ക്കാവുന്നതാണ്.

8. ചക്ക ഉപ്പേരി

മൂപ്പെത്തിയ ചക്കച്ചുളകള്‍ നീളത്തില്‍ വിരല്‍ ആകൃതിയില്‍ മുറിക്കുക. ഇത് അല്‍പം മഞ്ഞളും ഉപ്പും ചേര്‍ത്ത വെളിച്ചെണ്ണയില്‍ വറുത്തെടുത്താല്‍ ഉപ്പേരിയായി.

9. ഉണക്കിയ ചക്കച്ചുള

മൂപ്പെത്തിയ ചക്കച്ചുളകള്‍ ചെറുതായി ആവിയില്‍ വേവിച്ചശേഷം വെയിലത്തുണക്കിയാണ് ഇത് ഉണ്ടാക്കുന്നത്. പിന്നീട് കറികള്‍ ഉണ്ടാക്കാനും മറ്റും ഉപയോഗിക്കാം. ഒരേ വലിപ്പത്തില്‍ അരിഞ്ഞാല്‍ ഒരുപോലെ വേഗത്തില്‍ ഉണങ്ങിക്കിട്ടും.

10. ചക്കപപ്പടം

മൂപ്പെത്തിയ ചക്കച്ചുളകള്‍ അരച്ച്, പപ്പടം പോലെ പരത്തി വെയിലത്തു വച്ചുണക്കി ചക്കപപ്പടം ഉണ്ടാക്കാം. ഉപ്പ്, മുളകുപൊടി, കുരുമുളക്, മല്ലി, ഉഴുന്നുമാവ് എന്നിങ്ങനെ ചേരുവകള്‍ ചേര്‍ത്ത് അനേക രുചികളിലുള്ള പപ്പടം ഉണ്ടാക്കാം.



നീതു ജി രാജ്
കാര്‍ഷിക കോളജ്,
പടന്നക്കാട്‌