ഗോള്‍ഡന്‍ മൊമന്റ്‌സ്
ഗോള്‍ഡന്‍ മൊമന്റ്‌സ്
Wednesday, December 19, 2018 3:18 PM IST
ഏതു മതവിഭാഗത്തിലും ഉള്‍പ്പെട്ട വധുവിനെയും കൂടുതല്‍ സുന്ദരിയാക്കി അണിയിച്ചൊരുക്കാനുള്ള ആഭരണശ്രേണി ഇന്നു വിപണിയില്‍ ലഭ്യമാണ്. പരമ്പരാഗത സ്റ്റൈലിലുള്ള സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം ആധുനികതയുടെ സ്വര്‍ണചാരുതകൂടി ഉള്‍പ്പെടുത്താനാണ് ഓരോ പെണ്ണും കൊതിക്കുന്നത്.

ആഭരണങ്ങള്‍ ഹിന്ദു വധുവിന്

പരമ്പരാഗത സ്റ്റൈലും ആഢ്യത്വവും നിറഞ്ഞുനില്‍ക്കുന്ന ആഭരണങ്ങളാണ് ഹിന്ദുവധു വിവാഹദിനത്തില്‍ തെരഞ്ഞെടുക്കുന്നത്. ദൈവരൂപങ്ങള്‍ കൊത്തിയ ചെട്ടിനാടന്‍ ആഭരണങ്ങള്‍, നിറമുള്ള മയിലുകളും പൂവുകളും കൊത്തിയ മിനാകാരി മാലകള്‍, നര്‍ത്തകികള്‍ അണിഞ്ഞിരുന്ന ടെംപിള്‍ ജ്വല്ലറി... ഇവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടും.

ഓള്‍ഡ് ഈസ് ഗോള്‍ഡ്

കൗമാരക്കാലം മുതല്‍ പെണ്ണിന്‍ മനസിലെ മോഹമാണു മുത്തശിയുടെ ആഭരണപ്പെട്ടിയിലെ ആഭരണങ്ങള്‍. ഇളക്കത്താലി, പാലയ്ക്കാമാല, മാങ്ങാമാല, കാശുമാല, പൂത്താലി, ലക്ഷ്മിമാല, കുരുമുളകുമാല... തുടങ്ങി പല പാരമ്പരാഗത ആഭരണങ്ങളും പെണ്‍കുട്ടികള്‍ എന്നും മോഹിച്ചിരുന്നു. അണിഞ്ഞൊരുങ്ങുന്നതിനൊപ്പം വിവാഹാഭരണങ്ങളിലും മുത്തശിമാരും അമ്മമാരും തലമുറകളായി കൈമാറി പോരുന്ന ചില ട്രഡീഷണല്‍ ആഭരണങ്ങള്‍ തങ്ങളുടെ വിവാഹത്തിനും വേണമെന്നു പെണ്‍കുട്ടികളില്‍ ചിലരെങ്കിലും ഇപ്പോഴും വാശിപിടിക്കാറുണ്ട്.

പക്ഷേ ആ ഓള്‍ഡ് സ്റ്റൈല്‍ അല്ലെന്നു മാത്രം. കെട്ടിലും മട്ടിലും അടിമുടി മോഡേണ്‍ ആയിട്ടാണ് ഇന്നു പരമ്പരാഗത ആഭരണങ്ങളും എത്തുന്നത്. കല്ലുകളും രത്‌നങ്ങളും അണ്‍കട്ട് ഡയമണ്ടും പതിപ്പിച്ച് ഏറെ വ്യത്യസ്തമാക്കിയിട്ടുള്ള പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ കാഴ്ചയിലും അണിയുമ്പോഴും ഭംഗിയേറുന്നവയുമാണ്.

പാലയ്ക്കാമാലയില്‍ വ്യത്യസ്ത നിറങ്ങളിലുള്ള കല്ലുകളാണു പതിപ്പിച്ചിരിക്കുന്നത്. പച്ച, വയലറ്റ്, മെറൂണ്‍ തുടങ്ങിയ നിറങ്ങളിലുള്ള കല്ലുകള്‍ ഉണ്ടെങ്കിലും പഴയകാലം മുതല്‍ പിന്തുടര്‍ന്നുപോരുന്ന പച്ചക്കല്ലില്‍ തീര്‍ത്ത പാലയ്ക്കാമാലയ്ക്കാണു ആവശ്യക്കാരേറെയും.

സാധാരണ മൂക്കുത്തി ധരിക്കാത്തവര്‍ പോലും കല്യാണത്തിനു മൂക്കുത്തി ധരിക്കും. അതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ചെറിയ ഡയമണ്ട് അല്ലെങ്കില്‍ സ്റ്റോണ്‍ വച്ച മൂക്കുത്തിക്കാണ് ആവശ്യക്കാര്‍.

പ്രിയം ചെട്ടിനാട് ആഭരണങ്ങളോട്

മഞ്ഞലോഹത്തോടു പണ്ടത്തേതുപോലുള്ള താത്പര്യമൊന്നും ന്യൂജനറേഷന്‍ കുട്ടികള്‍ക്കില്ല. സ്വര്‍ണത്തില്‍ വ്യത്യസ്തത തേടുന്നവര്‍ക്ക് ഏറെ പ്രിയം ചെട്ടിനാട് ആഭരണങ്ങളോടുതന്നെയാണ്. സ്വര്‍ണത്തില്‍ ചുവന്ന പോളിഷ് ചെയ്തിട്ടുള്ള ചെട്ടിനാടന്‍ ആഭരണങ്ങളാണു ഹൈന്ദവ വിവാഹങ്ങളില്‍ കൂടുതലായി കാണുന്നത്.
തമിഴ്‌നാടിന്റെ പാരമ്പര്യത്തനിമ നിറഞ്ഞവയാണു ചെട്ടിനാട് ആഭരണങ്ങള്‍. സ്വര്‍ണപ്പണിക്കാര്‍ മെഷീനുകള്‍ ഉപയോഗിക്കാതെ കൈകൊണ്ടാണ് ആഭരണങ്ങള്‍ നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ മോഡേണ്‍ ഡിസൈനുകളും തിളക്കവും ഇവയില്‍ കാണില്ല. ലക്ഷ്മിദേവിയുടെ വിവിധ രൂപങ്ങള്‍ കൊത്തിവച്ചിരിക്കുന്ന ലോക്കറ്റുകളുണ്ടാകും. സ്വര്‍ണത്തിനു തൂക്കക്കൂടുതല്‍ വരുന്ന മാലകളാണ് ചെട്ടിനാട് ആഭരണങ്ങളുടെ പ്രത്യേകത. പത്തു പവനില്‍ കുറഞ്ഞു വരുന്ന ചെട്ടിനാടു മാലകള്‍ തീരെ കുറവാണ്. വളകളും കമ്മലുകളും ചുരുങ്ങിയതു മൂന്നു പവനു മുകളിലേക്കും.

ചുവപ്പും പച്ചയും നിറങ്ങളിലുള്ള കെംപു സ്റ്റോണാണ് ചെട്ടിനാട് ആഭരണങ്ങളില്‍ ഉപയോഗിക്കുന്നത്. ഡിവൈന്‍ ജ്വല്ലറി കളക്ഷന്‍ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.

മിക്‌സ് ആന്‍ഡ് മാച്ച് ട്രെന്‍ഡ്

മിക്‌സ് ആന്‍ഡ് മാച്ച് ആഭരണങ്ങളോടാണു പെണ്‍കുട്ടികള്‍ക്കു പ്രിയം. എല്ലാവരും കാണുന്നതല്ലേ, അപ്പോള്‍ ഓര്‍ണമെന്റ്‌സില്‍ വെറൈറ്റി വേണ്ടേ... യേസ്, പെണ്‍മനം കൊതിക്കുന്നതും അതുതന്നെയാണ്. പച്ചക്കല്ലു പതിപ്പിച്ച പാലയ്ക്കാ മാല, ചുവന്ന കല്ലിലുള്ള ആന്റിക് മാല, അണ്‍കട്ട് ഡയമണ്ട് പതിച്ച ടെംപിള്‍ ജ്വല്ലറി... ഇവ പല രൂപത്തിലാക്കിയാണ് മണവാട്ടിമാര്‍ ഇന്നണിയുന്നത്.



ജിമുക്കി കമ്മല്‍

കാലമെത്ര മാറിയിട്ടും ജിമുക്കിയോടു മണവാട്ടിയുടെ പ്രിയം കുറയുന്നില്ല. ചെട്ടിനാടു സ്റ്റൈല്‍ ജിമുക്കി, ആന്റിക് ജിമുക്കി, ജയ്പൂരി ജിമുക്കി, ഭരതനാട്യം ജിമുക്കി തുടങ്ങി ഡയമണ്ട് ജിമുക്കി വരെ ഇക്കൂട്ടത്തിലുണ്ട്.

സാധാരണ കാണുന്നതിനെക്കാള്‍ വലുപ്പമുള്ളതാണ് ഇവ. ഹെറിറ്റേറ്റ് ജ്വല്ലറി കളക്ഷനിലുള്ള ജിമുക്കിക്കും ചെട്ടിനാട് സ്റ്റൈലില്‍ കല്ലു പതിപ്പിച്ച ജിമുക്കിക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. മൂന്നു മുതല്‍ ഒമ്പതു പവന്‍ വരെയാണ് ഇവയുടെ തൂക്കം. റൂബി, എമറാള്‍ഡ് സ്റ്റോണുകളും മുത്തുകളും പതിപ്പിച്ചാണ് ഇവ മനോഹരമാക്കിയിരിക്കുന്നത്. ഫാന്‍സി ഡിസൈനുകള്‍ക്കാണ് ഇവയുടെ പ്രിഫറന്‍സ്. ട്രഡീഷണല്‍ കമ്മലുകള്‍, ആന്റിക് സെറ്റ് കമ്മലുകള്‍... ഇവയ്ക്കും ആവശ്യക്കാരുണ്ട്. ജിമുക്കിയുടെ സ്റ്റഡില്‍ ലക്ഷ്മിദേവി, മയില്‍ എന്നിവയുടെ ചിത്രം മുദ്രണം ചെയ്തിരിക്കുന്നതും പ്രത്യേകതയാണ്.

വളകളിലും വൈവിധ്യമേറെ


വീതിയേറിയ വളകള്‍ക്കാണ് ഡിമാന്‍ഡ്. സ്‌ക്രൂ ഉപയോഗിച്ചാണ് ഇവ അഡ്ജസ്റ്റ് ചെയ്യുന്നത്. ചെട്ടിനാട് ടൈപ്പ് വളകളുടെ മധ്യത്തിലായി ലക്ഷ്മിദേവിയുടെയോ മയിലിന്റെയോ രൂപം മുദ്രണം ചെയ്തിരിക്കും. ട്രഡിഷണല്‍ ടൈപ്പിലുള്ള വളകളും സിലക്ട് ചെയ്യുന്നവരുണ്ട്. ലക്ഷ്മിവള, പാലയ്ക്കാ വള, കുരുമുളകു വള... എന്നിങ്ങനെ പോകുന്നു. സ്ഥിരം ഉപയോഗിക്കാനായി സിംപിള്‍ ടൈപ്പിലുള്ള വളകള്‍ തെരഞ്ഞെടുക്കാനും മണവാട്ടിമാര്‍ ശ്രദ്ധിക്കാറുണ്ട്.

ടെംപിള്‍ ജ്വല്ലറി

പണ്ടുകാലത്ത് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ദേവീദേവന്മാരുടെ വിഗ്രഹങ്ങളെ അണിയിക്കാനുപയോഗിച്ച ആഭരണങ്ങളാണിവ. ഭരതനാട്യം, കുച്ചിപ്പുടി നര്‍ത്തകരും ഇതേ രീതിയിലുള്ള ആഭരണങ്ങളാണ് അണിയുന്നത്. ചെട്ടിനാടു കളക്ഷനിലുള്ള ആഭരണങ്ങള്‍ ഇപ്പോള്‍ ആന്റിക് ആയിട്ടാണു നിര്‍മിക്കുന്നത്. ലക്ഷ്മി, ഗണപതി തുടങ്ങിയ ദൈവങ്ങളുടെ രൂപമാണ് ആഭരണങ്ങളില്‍ കൊത്തിയെടുക്കുന്നത്. അഷ്ടലക്ഷ്മി മാല, ലക്ഷ്മി വള ഇവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. റിവേഴ്‌സ് ചെയ്യാവുന്ന വലിയ പെന്‍ഡന്റുകളുള്ള മാലകളാണ് മറ്റൊരാകര്‍ഷണം. ഒരു വശത്ത് ലക്ഷ്മിയും മറുവശത്തു കല്ലു പതിച്ച രൂപവുമാണ് ഈ പെന്‍ഡന്റിന്റെ പ്രത്യേകത.

ക്രിസ്ത്യന്‍ വധുവിന്

ക്രിസ്ത്യന്‍ മണവാട്ടിമാര്‍ രണ്ടുതരത്തിലാണ് ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നത്. മനസതത്തിന് അണിയാനായി ആന്റിക് ഹെവി സെറ്റ് ആഭരണങ്ങളും അണ്‍കട്ട് ഡയമണ്ടുമാണ് പെണ്‍കുട്ടികള്‍ക്കിഷ്ടം.

സിംപിള്‍ ബ് ഹെവി വെയ്റ്റ്, അത്തരത്തിലുള്ള ഒറ്റ പീസ്... അതാണ് ന്യൂജെന്‍ ബ്രൈഡിന്റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്. ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തിനൊപ്പം അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ കൂടി അണിയുമ്പോള്‍ മണവാട്ടിക്ക് സൂപ്പര്‍ലുക്കായിരിക്കും. നോര്‍മല്‍ സ്റ്റോണുകളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ആന്റിക് ആഭരണങ്ങളില്‍ തിളങ്ങി

മഞ്ഞലോഹത്തോടു പണ്ടത്തെതുപോലുള്ള താത്പര്യമൊന്നും ന്യൂജനറേഷന്‍ കുട്ടികള്‍ക്കില്ല. ഉത്തരേന്ത്യന്‍ ആന്റിക് ഡിസൈനുകളോടാണ് അവര്‍ക്കു പ്രിയം. ആഭരണത്തിനു മേലെ ബ്ലാക്ക്, കോപ്പര്‍ നിറങ്ങള്‍ പൂശി ഡള്‍ഫിനിഷ് നല്‍കിയാണ് ഈ ആഭരണങ്ങള്‍ തയാറാക്കുന്നത്. സ്വര്‍ണം വാരിവലിച്ചണിയുന്നതിനു പകരം അപൂര്‍വമായ ഡിസൈനുകളില്‍ രണ്ടോ മൂന്നോ ആന്റിക് ഡിസൈന്‍ മാലകളാണ് ഇപ്പോള്‍ വധു അണിയുന്നത്. ലാച്ചയ്‌ക്കൊപ്പം ആന്റിക് നെക്‌ലേസും കമ്മലും നന്നായി ചേരും. ആന്റീക് ആഭരണങ്ങളില്‍ നെക്‌ലേസുകളോടാണു പെണ്‍കുട്ടികള്‍ക്കു പ്രിയം. ഒറ്റമാലയില്‍ എലഗന്റ് ലുക്ക് അതാണിപ്പോള്‍ എല്ലാവരുടെയും നോം. മാലയും കലുമടങ്ങിയ സെറ്റ് എട്ടു പവനില്‍ കൂടുതല്‍ തൂക്കം വരും.

ആന്റിക് ആഭരണങ്ങള്‍ കാണുമ്പോള്‍ ഇതു സ്വര്‍ണം തന്നെയാണോ എന്ന് തോന്നിപ്പോകാമെന്നതാണ് മറ്റൊരു പ്രത്യേകത. പുരാതനമായ, പഴയത് എന്നീ അര്‍ഥങ്ങളാണ് ആന്റിക്കിനുള്ളത്. മലയാളത്തിന്റെ തനതു ശൈലിക്കൊപ്പം ഉത്തരേന്ത്യന്‍ദക്ഷിണേന്ത്യന്‍ ഡിസൈനുകളും ആന്റിക് ആഭരണങ്ങളില്‍ വരുന്നുണ്ട്.

റൂബിയും എമറാള്‍ഡും പതിച്ച ആന്റിക് മാലകള്‍, ആന്റിക് കുന്ദന്‍ നെക്ലേസ്, ആന്റിക് യെല്ലോയുടെയും ഡള്‍ യെല്ലോയുടെയും മിക്‌സില്‍ നിര്‍മിച്ച ട്വിന്‍ കളര്‍ മാലകള്‍ ഇവയും ആന്റിക് കളക്ഷന്‍സിലുണ്ട്.

ഇവയ്‌ക്കൊപ്പം അണിയാനുള്ള വളകള്‍ കുന്ദന്‍, റൂബി, എമറാള്‍ഡ് സ്റ്റോണുകള്‍ പിടിപ്പിച്ചവയായിരിക്കും. രണ്ടു പവന്‍ മുതല്‍ പത്തുപവന്‍ വരെ തൂക്കം വരും.

വിവാഹദിനത്തിനായി അണ്‍കട്ട് ഡയമണ്ട് കളക്ഷന്‍സ്

ഗൗണോ ഫ്രോക്കോ ആണ് വധു ധരിക്കുന്നതെങ്കില്‍ ഡിസൈന്‍ ടച്ചുള്ള സെറ്റ്( കമ്മലും നെക്ക് പീസും റിംഗു വളയും) ഉപയോഗിക്കുന്നതാണ് നല്ലത്. വജ്രാഭരണങ്ങളും ഇപ്പോഴത്തെ ട്രെന്‍ഡാണ്. ക്രീമോ വെള്ളയോ നിറത്തിലുള്ള സാരിയാണു വധു ധരിക്കുന്നതെങ്കില്‍ ട്രെന്‍ഡി ആഭരണങ്ങള്‍ അണിയാം. അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്കാണ് ഇവിടെയും പ്രിയം.

സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും എക്കണോമിക്കല്‍ ആയ സമന്വയമാണ് ലൈറ്റ് വെയ്റ്റ് ഡയമണ്ട് ശ്രേണി. 6000 രൂപയുടെ മൂക്കുത്തി മുതല്‍ 35000 രൂപയുടെ ഡയമണ്ട് സെറ്റ് വരെ ഇക്കൂട്ടത്തിലുണ്ട്. വില കുറവായതിനാല്‍ അണ്‍കട്ട് ഡയമണ്ടിന് ആവശ്യക്കാര്‍ ഏറെയാണ്.

മുസ്ലിം വധുവിന്

ഹെവി ടൈപ്പ് തോന്നിക്കുന്ന ആഭരണങ്ങളോടാണു മുസ്ലിം വധുവിന് പ്രിയം. മുഗള്‍, ബംഗാള്‍, രാജ്‌കോട്ട് സ്റ്റൈലിലെ ബ്രൈഡല്‍ സെറ്റാണ് മുസ്ലിം വധു കൂടുതലും തെരഞ്ഞെടുക്കുന്നത്.

സാരിക്കു പുറമെ ലാച്ച, ലെഹംഗ എന്നീ വസ്ത്രങ്ങളാണ് അണിയുന്നതെങ്കില്‍ ആന്റിക് ഡിസൈനുകളിലുള്ള കുന്ദന്‍ ആഭരണങ്ങള്‍ കൂടുതല്‍ ഭംഗിയാകും. സാരിക്കും ലാച്ചയ്ക്കും പ്രത്യേകം അരപ്പട്ടയും ലേറ്റസ്റ്റ് ഫാഷന്‍ ആണ്. നെറ്റിച്ചുട്ടിയുടെ വശത്തു തൂങ്ങുന്ന ജമാര്‍ മുസ്ലീം വധുവിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇവയ്‌ക്കൊപ്പം നിത്യവും ധരിക്കുന്നതിനായി ലൈറ്റ് വെയ്റ്റിലുള്ള ആഭരണങ്ങളും മണവാട്ടിമാര്‍ തെരഞ്ഞെടുക്കുന്നു.

സീമ മോഹന്‍ലാല്‍