ഇൻവെസ്കോ അസറ്റ് മാനേജ്മെന്‍റ്
ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര ഇൻവെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് സ്ഥാപനമാണ് ഇൻവെസ്കോ. ആളുകൾക്ക് അവരുടെ ജീവിതത്തിൽ മികച്ചൊരു നിക്ഷേപ അനുഭവം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് കന്പനി പ്രവർത്തിക്കുന്നത്. ആഗോളതലത്തിൽ 93420 കോടി ഡോളർ ആസ്തി മാനേജ് ചെയ്യുന്ന കന്പനിയാണ് ഇൻവെസ്കോ. ശക്തമായ ബാലൻസ് ഷീറ്റുള്ള കന്പനിയുടെ ഓഹരികൾ ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

നിക്ഷേപകർ ആദ്യം

"നിക്ഷേപകർ ആദ്യം’ എന്നതാണ് ഇൻവെസ്കോയുടെ പ്രതിബദ്ധത. അവരുടെ ധനകാര്യ ലക്ഷ്യങ്ങൾ നിറവേറ്റുവാൻ സഹായിക്കുകയാണ് ഇൻവെസ്കോ ചെയ്യുന്നത്. അതിനായി പ്രത്യേക പ്രഫഷണൽ ഗ്രൂപ്പുകളെത്തന്നെ വളർത്തിയെടുത്തിട്ടുണ്ട്. ലോകമൊട്ടാകെ ഗവേഷകരുള്ള കന്പനിക്ക് 25 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഏതാണ്ട് 120 രാജ്യങ്ങളിലെ ഇടപാടുകാർക്ക് സേവനം നൽകുകയും ചെയ്യുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലേക്കും ഇൻവെസ്കോ കടന്നുവന്നത്. ഇൻവെസ്കോ അസറ്റ് മാനേജ്മെന്‍റ് ഇന്ത്യ പ്രൈവറ്റ ലിമിറ്റഡ് എന്ന കന്പനിയിലൂടെ ഇന്ത്യക്കാർക്ക് മ്യൂച്വൽ ഫണ്ട് പദ്ധതികൾ ലഭ്യമാക്കുന്നത്. 2012-ൽ റെലിഗർ എന്‍റർപ്രൈസസ് ലിമിറ്റഡിന്‍റെ മ്യൂച്വൽ ഫണ്ട് സംരഭത്തിൽ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെയാണ് ഇൻവെസ്കോ ഇന്ത്യയിലേക്ക് എത്തുന്നത്. 2016-ൽ റെലിഗറിന്‍റെ മുഴുവൻ ഓഹരികളും ഇൻവെസ്കോ വാങ്ങുകയും മ്യൂച്വൽ ഫണ്ടിന്‍റെ പേര് ഇൻവെസ്കോ അസറ്റ് മാനേജ്മെന്‍റ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നു മാറ്റുകയും ചെയ്തു. കഴിഞ്ഞ രണ്ടുമൂന്നു വർഷംകൊണ്ട് മികച്ച വളർച്ചയാണ് കന്പനി നേടിയിട്ടുള്ളത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 30-ന് കന്പനി മാനേജ് ചെയ്യുന്ന ആസ്തി ഏതാണ്ട് 27556 കോടി രൂപയാണ്. ഇതിൽ ഇക്വിറ്റി ഫണ്ടു മുതൽ ലിക്വിഡ് ഫണ്ട് വരെയുള്ള വൈവിധ്യമാർന്ന പദ്ധതികൾ ഉൾക്കൊള്ളുന്നു.

സൗരഭ് നാനാവതിയാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. സ്ട്രാറ്റജി, ഇൻവെസ്റ്റ്മെന്‍റ്, ഓപ്പറേഷൻ തുടങ്ങിയവയെല്ലാം മാനേജ് ചെയ്യുന്നു. 2008 റെലിഗർ തുടങ്ങിയതുമുതൽ സൗരഭ് ഇതു ചെയ്തുപോരുന്നു. കേതൻ ഉഗ്രാങ്കർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എന്നീ നിലകൾ പ്രവർത്തിക്കുന്നു. കേതന് മ്യൂച്വൽ ഫണ്ട് വ്യവസായത്തിൽ 22 വർഷത്തെ പരിചയമുണ്ട്. താഹർ ബാദ്ഷാ ആണ് ചീഫ് ഇൻവെസ്റ്റ്മെന്‍റ് ഓഫീസർ.സുജോയ്കുമാർ ദാസ് ഫിക്സഡ് ഇൻകം പദ്ധതികളുടെ തലവനാണ്.
സാന്പത്തിക കണക്കുകൾ അടിസ്ഥാനമാക്കിയുള്ള വിശകലനത്തിലൂടെയാണ് ഫിക്സ്ഡ് ഇൻകം ഇൻവെസ്റ്റ്മെന്‍റ് തന്ത്രം തയാറാക്കുന്നത്. ഏറ്റവും കുറഞ്ഞ റിസ്കിൽ മികച്ച റിട്ടേണ്‍ ലഭ്യമാക്കുകയെന്നതാണ് ഫണ്ട് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം നിക്ഷേപത്തിന് സുരക്ഷിതത്വവും ലിക്വിഡിറ്റിയും നൽകാൻ ശ്രമിക്കുകയും ചെയ്യുന്നു.

മുൻനിര പദ്ധതികൾ

ഇന്ത്യയിലെ വ്യക്തികളുടേയും കന്പനികളുടേയും മറ്റു സ്ഥാപനങ്ങളുടേയും നിക്ഷേപാവശ്യങ്ങൾ നിറവേറ്റുന്ന വൈവിധ്യമാർന്ന പദ്ധതികളാണ് കന്പനി ലഭ്യമാക്കുന്നത്. ഇവയോരോന്നു മാനേജ് ചെയ്യാൻ വൈദഗ്ധ്യമുള്ള ടീമുകൾക്കു രൂപം നൽകിയിട്ടുണ്ട്. വിവിധ വിഭാഗങ്ങൾക്ക് ടോപ് ക്ലാസ് സേവനം നൽകുവാൻ കന്പനി പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു. ഫണ്ട് മാനേജ് ചെയ്യുന്ന ആസ്തിയുടെ വളർച്ചതന്നെ ഇതു ശരിവയ്ക്കുന്നതാണ്.

ഓരോ നിക്ഷേപകന്‍റേയും ആവശ്യത്തിനനുസരിച്ച് ഇക്വിറ്റി, ബാലൻസ്ഡ് ഫണ്ട്, ഫണ്ട് ഓഫ് ഫണ്ട്, ഇഎൽഎസ്എസ്, ഇടിഎഫ്, ഫിക്സഡ് ഇൻകം തുടങ്ങിയ വിഭാഗങ്ങളിൽ വൈവിധ്യമാർന്ന നിക്ഷേപ ഉത്പന്നങ്ങൾ ഇൻവെസ്കോ മ്യൂച്വൽ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി മ്യൂച്വൽ ഫണ്ടുകൾ വാങ്ങുവാനും കന്പനി സൗകര്യമൊരുക്കിയിട്ടുണ്ട്. എസ്ഐപി സ്കീമും ലഭ്യമാണ്.

ഇക്വിറ്റി പദ്ധതിയിൽ ഏഴോളം ഫണ്ടുകൾ പത്തു വർഷം പൂർത്തിയാക്കിയിട്ടുണ്ട്. ഇവയിൽ ആറും പദ്ധതി തുടങ്ങിയതു മുതൽ 14-17 ശതമാനം വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട്. സെക്ടർ ഫണ്ടായ ഇൻവെസ്കോ ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ നൽകിയത് 4.4 ശതമാനം വാർഷിക റിട്ടേണ്‍ ആണ്.
2008-ൽ ആരംഭിച്ച മൾട്ടികാപ് ഫണ്ടായ ഇൻവെസ്കോ ഇന്ത്യ മൾട്ടികാപ് ഫണ്ട് 15.59 ശതമാനം വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട്. അതായത് തുടക്കത്തിൽ നിക്ഷേപിച്ച ഒരു ലക്ഷം രൂപ ഇന്ന് 10 വർഷം പൂർത്തിയാകുന്പോൾ 4.6 ലക്ഷം രൂപയായി വളർന്നിരിക്കുന്നു.

നാല് ആർബിട്രേജ് ഫണ്ട്, ആറ് ബാലൻസ്ഡ് ഫണ്ട്, 18 ഇക്വിറ്റി ഫണ്ട്, രണ്ട് ഇടിഎഫ്, 30 എഫ് എംപി, രണ്ട് ഫണ്ട് ഓഫ് ഫണ്ട്, നാല് ഗിൽറ്റ് ഫണ്ട്, 4 ഗ്ലോബൽ ഫണ്ട്, 15 ഇൻകം ഫണ്ട്, ഒന്പത് ലിക്വിഡ് ഫണ്ട്, ഏഴ് ഷോർട്ട് ടേം ഫണ്ട്, 18 അൾട്ര ഷോർട്ട് ടേം ഫണ്ട് തുടങ്ങിയവയാണ് ഇൻവെസ്കോ മ്യൂച്വൽ ഫണ്ട് പുറത്തിറക്കിയിട്ടുള്ളത്.


ക്ഷമ കൂടുതലുള്ള നിക്ഷേപകർക്ക് ഇൻവെസ്കോ കോണ്‍ട്രാ ഫണ്ട്

മൂല്യമുള്ള ഓഹരികൾ വിവിധ മേഖലകളിൽനിന്നു തെരഞ്ഞെടുത്ത് നിക്ഷേപം നടത്തി മൂലധന വളർച്ച ലക്ഷ്യമിടുന്ന ഫണ്ടാണ് ഇൻവെസ്കോ മ്യൂച്വൽ ഫണ്ടിന്‍റെ ഇൻവെസ്കോ കോണ്‍ട്രാ ഫണ്ട്. 2007-ൽ വിപണി അതിന്‍റ ഏറ്റവും ഉയരത്തിൽ നിന്ന സമയത്താണ് ഇൻവെസ്കോ കോണ്‍ട്രാ ഫണ്ടിന്‍റെ പിറവി. പിന്നീടു വന്ന വിപണിത്തകർച്ച, എല്ലാ ഫണ്ടിനേയും പോലെ ഇൻവെസ്കോ കോണ്‍ട്രാ ഫണ്ടിനേയും ബാധിച്ചു. എങ്കിലും ഫണ്ടിന്‍റെ നിക്ഷേപതന്ത്രം തിരിച്ചുവരുവാനും മികച്ച പ്രകടനം കാഴ്ച വയ്ക്കുവാനും സഹായിച്ചു.

ഫണ്ടിന്‍റെ പ്രകടനം

പ്രവർത്തനത്തിന്‍റെ പന്ത്രണ്ടാം വർഷത്തിലുടെ കടന്നുപോകുന്ന ഇൻവെസ്കോ കോണ്‍ട്രാ ഫണ്ട് ഇതുവരെ നിക്ഷേപകന് നേടിക്കൊടുത്തത് 13.93 ശതമാനം വാർഷിക റിട്ടേണ്‍ ആണ്. അതായത് ഫണ്ട് ആരംഭിച്ചപ്പോൾ നിക്ഷേപിച്ച ഒരു ലക്ഷം രൂപ ഇന്ന് 4.2 ലക്ഷം രൂപയായി വളർന്നിരിക്കുന്നു. റിട്ടേണിന് നികുതി ബാധ്യതയുമില്ല.

പത്തുവർഷക്കാലത്തെ വാർഷിക റിട്ടേണ്‍ 21.14 ശതമാനവും അഞ്ചുവർഷക്കാലത്തെ വാർഷിക റിട്ടേണ്‍ 21.92 ശതമാനവും മൂന്നു വർഷക്കാലത്തെ റിട്ടേണ്‍ 13.87 ശതമാനവുമാണ്. വന്യമായ വ്യതിയാനങ്ങളിലൂടെ നീങ്ങുന്ന വിപണിയിൽ കഴിഞ്ഞ ഒരു വർഷക്കാലത്തും പോസീറ്റീവ് റിട്ടേണ്‍ നൽകാൻ ഫണ്ടിനു സാധിച്ചു. മിക്ക ഫണ്ടുകളും ബഞ്ചുമാർക്കുകളും നെഗറ്റീവ് റിട്ടേണ്‍ നൽകുന്ന സാഹചര്യത്തിലാണ് ഫണ്ടിന്‍റെ ഈ പ്രകടനം.

നിക്ഷേപ സ്ട്രാറ്റജി

ഓഹരികളുടെ മൂല്യത്തിൽ ഉൗന്നൽ നൽകി നിക്ഷേപം നടത്തുന്ന ഫണ്ടാണ് ഇൻവെസ്കോ കോണ്‍ട്ര ഫണ്ട്. ടേണ്‍ എറൗണ്ട് ഘട്ടത്തിലുള്ള ഓഹരികൾ, ഒരു ഓഹരിയുടെ ആന്തരിക മൂല്യത്തേക്കാൾ താഴ്ന്ന നിലയിൽ വിപണി വിലയിൽ വ്യാപാരം നടക്കുന്ന ഓഹരികൾ തുടങ്ങിയവയിലാണ് ഫണ്ട് മുഖ്യമായും നിക്ഷേപം നടത്തുന്നത്. മുൻനിരയിലുണ്ടാ യിരുന്നതും എന്നാൽ താൽക്കാലികമായി പിന്നോട്ടു പോയതുമായ ഓഹരികളും ഫണ്ട് നിക്ഷേപത്തിനായി തെരഞ്ഞെടുക്കാറുണ്ട്. ചുരുക്കത്തിൽ അവസരങ്ങൾ അനുസരിച്ച് നിക്ഷേപം നടത്തുകയാണ് ഫണ്ട് ചെയ്യുന്നത്.

ഫണ്ടിന്‍റെ ഈ തന്ത്രങ്ങൾ നേട്ടം പകരണമെങ്കിൽ കുറഞ്ഞത് 3-5 വർഷമെങ്കിലും വേണം. ഫണ്ടിന്‍റെ കോണ്‍ട്രാ സ്ട്രാറ്റജി മൂലം ഹൃസ്വകാലത്തിലെ പ്രകടനം അത്ര ആകർഷകമല്ല.
നിക്ഷേപത്തിന്‍റെ പകുതിയോളം പത്ത് ഒഹരികളിലായി നിക്ഷേപിച്ചിരിക്കുന്നു. തകർന്നടിഞ്ഞു കിടക്കുന്ന ധനകാര്യ ഓഹരികളിലാണ് ഫണ്ടിന്‍റെ 30 ശതമാനത്തോളം നിക്ഷേപം. അടുത്ത തിരിച്ചുവരവിൽ വൻനേട്ടമാണ് ഇതു ഫണ്ടിനു നേടിക്കൊടുക്കുക. അതേപോലെ തൊട്ടടുത്ത സ്ഥാനം ഉർജ മേഖലയ്ക്കാണ്. 21.33 ശതമാനമാണ് ഈ മേഖലയിലെ നിക്ഷേപം.
റിലയൻസ് ഇൻഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ,് ഐടിസി, എച്ച് ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയൊക്കെ ദീർഘകാലമായി ഫണ്ടിന്‍റെ നിക്ഷേപശേഖരത്തിലുണ്ട്.

2001-ൽ 100 കോടി രൂപയായിരുന്ന ആസ്തി ഇന്ന് 2615 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. ഫണ്ടിന്‍റെ വളർച്ചയുടെ സാക്ഷ്യപത്രംതന്നെയാണിത്.

നഷ്ട-നിക്ഷേപ സാധ്യതകൾ

കോണ്‍ട്രാ ഫണ്ടുകളിൽ നിക്ഷേപകർ വളരെയധികം ക്ഷമ കാണിക്കേണ്ടിയിരിക്കുന്നു. മൂന്നു മുതൽ അഞ്ചുവരെ വർഷങ്ങൾ കണക്കിലെടുത്താണ് കോണ്‍ട്രാ ഫണ്ടു മാനേജർമാർ നിക്ഷേപം നടത്തുന്നത്. സാധാരണ മൾട്ടി കാപ് ഫണ്ടുകളേക്കാൾ റിട്ടേണ്‍ കിട്ടാൻ സാധ്യതയുണ്ട് കോണ്‍ട്ര മൾട്ടി കാപ് ഫണ്ടുകൾക്ക്. വിപണി ഇടിവുകൾക്കെതിരേയുള്ള ഹെഡ്ജിംഗാണ് കോണ്‍ട്രാ ഫണ്ടുകൾ. കോണ്‍ട്ര ഫണ്ടുകൾ സാധാരണ ജനപ്രിയ സെക്ടറുകളിൽ നിക്ഷേപിക്കാറില്ല. ആർക്കും താല്പര്യമില്ലാത്ത, എന്നാൽ ദീർഘകാലത്തിൽ വളർച്ചാ സാധ്യതയുള്ള ഓഹരികളാണ് ഇവ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. ചുരുക്കത്തിൽ ദീർഘകാലത്തിൽ ക്ഷമയോടെ കാത്തിരിക്കുവാൻ സാധിക്കുന്നവർക്കുള്ളതാണ് ഇൻവെസ്കോ കോണ്‍ട്രാ ഫണ്ട്.

അറ്റ ആസ്തി മൂല്യം (എൻഎവി - ഒക്ടോബർ 19)

എൻഎവി ഗ്രോത്ത് 45.2 രൂപ
എൻഎവി ഡിവിഡൻഡ് 24.46 രൂപ
മൊത്തം ആസ്തി 2615 കോടി രൂപ
നിക്ഷേപം എവിടെ
ലാർജ് കാപ് 69.04 %
മിഡ്കാപ് 23.00 %
സ്മോൾ കാപ് 7.95 %
പ്രമുഖ നിക്ഷേപ മേഖലകൾ
മേഖലകളുടെ എണ്ണം 11
ധനകാര്യ സേവനം 29.97 %
എനർജി 21.33 %
ടെക്നോളജി 12.72 %
എഫ്എംസിജി 08.92 %
ഹെൽത്ത്കെയർ 08.35%
എൻജിനീയറിംഗ് 04.18 %
ഓട്ടോ 03.77 %
മെറ്റൽസ് 02.63 %