സമാധാനത്തിന്റെ ഫീനിക്‌സ് പക്ഷി
സമാധാനത്തിന്റെ ഫീനിക്‌സ് പക്ഷി
Wednesday, November 14, 2018 3:15 PM IST
2015 ല്‍ യുഎന്‍ രക്ഷാസമിതിയില്‍ തന്റെ ജീവിതത്തിലെ ദുരനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ അവള്‍ ഒരിക്കലും സമാധാനത്തിനുള്ള നൊബേല്‍ മുന്നില്‍ കണ്ടിരുന്നില്ല. മറിച്ച് ആഗ്രഹിച്ചത് ഒന്നു മാത്രം; മറ്റൊരു പെണ്‍കുട്ടിക്കും തന്റെ അനുഭവം ഉണ്ടാകരുത്. ഐഎസ് ഭീകരരുടെ പിടിയിലകപ്പെട്ട നാദിയ അവരുടെ തടവറയിലനുഭവിച്ച ക്രൂരതയുടെ കഥകള്‍ സധൈര്യം വിളിച്ചുപറഞ്ഞു ലോകമനഃസാക്ഷിയെ ഞെട്ടിച്ചു.

ഭീകരരുടെ തടവറയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നാദിയ മുരാദ് ബാസി താഹ എന്ന യസീദി മനുഷ്യാവകാശ പ്രവര്‍ത്തകയെ തേടി 2018ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരമെത്തി.

ലൈംഗിക അടിമത്തത്തില്‍ നിന്ന് ലോകത്തെ മുഴുവന്‍ വെളിച്ചത്തിലേക്കു നയിക്കുന്ന പെണ്‍കുട്ടിയായി മാറിയ നാദിയ നമ്മളില്‍ എല്ലാവര്‍ക്കും മാതൃകയാണ്. ഇനിയൊരിക്കലും ആര്‍ക്കും ഈ ഗതിയുണ്ടാകരുത്. ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) തീവ്രവാദികളുടെ കൊടുംക്രൂരതകള്‍ക്ക് ഇരയായ യസീദി യുവതി നാദിയ മുരാദിനെക്കുറിച്ച്...

സന്തോഷം നിറഞ്ഞ ബാല്യം

ഇറാക്കിന്റെ വടക്കു മാറിയാണ് കൊച്ചോ എന്ന ഗ്രാമം. അവിടെയാണ് നാദിയ ജനിച്ചു വളര്‍ന്നത്. 1993ല്‍ ഒരു നിര്‍ധന യസീദി കുടുബത്തില്‍ ജനിച്ച നാദിയ വളര്‍ന്നത് പുരാതന മെസൊപ്പൊേമിയന്‍ വിശ്വാസങ്ങള്‍ പ്രകാരമാണ്.

പൊതുവേ സന്തോഷപൂര്‍ണവും ശാന്തവുമായിരുന്നു നാദിയയുടെ ബാല്യവും ആ നാടും. ആയിടയ്ക്ക് ടെലിവിഷനില്‍ കണ്ടാണ് ആളുകളെ കൊല്ലാനും ഉപദ്രവിക്കാനും മടിയില്ലാത്ത ഐഎസ് ഭീകരരെക്കുറിച്ച് നാദിയ അറിയുന്നത്.

കാര്‍മേഘം പോലെ അവര്‍ നിറഞ്ഞു

2014 ഓഗസ്റ്റിലാണ് ഐഎസ് ജിഹാദികള്‍ ഏറ്റവും വലിയ യസീദി പട്ടണമായ സിഞ്ചാര്‍ ആക്രമിക്കുന്നത്. ആദ്യമായി ഐഎസ് ഭീകരര്‍ തന്റെ ഗ്രാമത്തിലേക്കു കടന്നുകയറിയതിനേക്കുറിച്ച് നാദിയ പറയുന്നതിങ്ങനെ.

'ഒരു ദിവസം സഹോദരിമാര്‍ക്കൊപ്പം ഗ്രാമത്തിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് കറുത്ത കൊടി പാറിച്ച ജിഹാദികള്‍ ട്രക്കുകളിലും പിക്ക് അപ്പ് വാനുകളിലും അവിടേക്കു വന്നത്. ഭീതി പടര്‍ത്തുന്ന കാര്‍മേഘം പോലെ അവര്‍ അവിടെ നിറഞ്ഞു. ടെലിവിഷനില്‍ കണ്ടിട്ടുള്ള ആ രൂപങ്ങള്‍ തെരുവില്‍ കണ്ട ആണുങ്ങളുടെ തലയറുത്ത് മുന്നേറി. സ്ത്രീകളെയും കുട്ടികളെയും അവര്‍ ആണുങ്ങളില്‍ നിന്ന് അകറ്റിക്കൊണ്ടുപോയി. സൗന്ദര്യമില്ലാത്തവരേയും പ്രായമായ സ്ത്രീകളെയും കൊന്നു കുഴിച്ചുമൂടി.'

അവരുടെ കത്തിക്ക് ഇരയായ രണ്ടായിരം പേരില്‍ നാദിയയുടെ സഹോദരന്മാരുമുണ്ടായിരുന്നു. എട്ടു സഹോദരന്മാരില്‍ ആറുപേരുടേയും തലയറുത്തിത് അവളുടെ കണ്‍മുന്നിലാണ്. അവരുടെ പിടയുന്ന ശരീരം കണ്ട് അമ്പരന്നു നിന്ന നാദിയയെയും സഹോദരിമാരെയും ഭീകരര്‍ ബലമായി പിടിച്ചുകൊണ്ടുപോയി. പ്രായമായ അമ്മയെ വെടിവെച്ചുകൊന്നു. മറ്റനേകം പെണ്‍കുട്ടികള്‍ക്കൊപ്പം നാദിയയേയും അവര്‍ മൊസൂളിലേക്കു കൊണ്ടുപോയി ലൈംഗിക അടിമയാക്കി.

കറുത്ത നിഴല്‍പോലെ ദുരന്തം പടര്‍ന്നു

ഇരുപത്തിയൊന്നാം വയസില്‍ നാദിയയുടെ ജീവിതത്തിലേക്ക് കറുത്ത നിഴല്‍പോലെ ദുരന്തം പടര്‍ന്നു. ആകാശത്തെയും പൂക്കളെയും പ്രണയിച്ചു നടന്ന അവളുടെ ജീവിതം ഇരുള്‍വീണ തടവറയില്‍ അടയ്ക്കപ്പെട്ടു.

മൂന്നു മാസത്തെ തടവു ജീവിതത്തിനിടയില്‍ ഒരു മനുഷ്യായുസില്‍ അനുഭവിക്കേണ്ടതും അനുഭവിക്കാന്‍ പാടില്ലാത്തതും അവള്‍ അനുഭവിച്ചു തീര്‍ത്തു. ഒപ്പമുണ്ടായിരുന്ന പലരെയും അവര്‍ അടിമച്ചന്തകളില്‍ വിറ്റു. സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ ഏഴായിരത്തോളം പേരാണ് വില്‍ക്കപ്പെത്. ആണുങ്ങള്‍ക്കൊപ്പം ഞങ്ങളെയും കൊന്നിരുന്നെങ്കില്‍ എന്നു താന്‍ ആഗ്രഹിച്ചുവെന്ന് നാദിയ പറഞ്ഞു.

ദിവസവും പലതരത്തിലുള്ള ശാരീരിക പീഡനങ്ങള്‍ക്ക് നാദിയ ഇരയാക്കപ്പെട്ടു. കൂട്ടബലാത്സംഗം അവര്‍ പതിവാക്കി. അരണ്ട വെളിച്ചത്തില്‍ തന്നെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കിയവരുടെ മുഖം കണ്ടില്ലെങ്കിലും ആ വേദനയും നീറുന്ന ഓര്‍മകളും ഇന്നും അവളുടെ കണ്ണിലെ ഭയമാകുന്നു.

രാത്രികാലങ്ങളിലെ അടിമച്ചന്തകള്‍

രാത്രിയായാല്‍ അടിമച്ചന്തകള്‍ ഉണരും. അടിമകളെ വാങ്ങുന്നതിനായുള്ള ബഹളം ഞങ്ങളെ പാര്‍പ്പിച്ചിരുന്ന മുറികളിലേക്ക് നീളും, നാദിയ പറഞ്ഞു. ' പെട്ടെന്നാണ് ഒരു മനുഷ്യന്‍ ഞങ്ങളുടെ മുറിയിലേക്ക് കടന്നുവന്നത്. ഉള്ളിലെ ഭയം പുറത്തേക്കു വന്നത് നിലവിളിയായാണ്. അയാള്‍ കൂട്ടത്തില്‍ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടികള്‍ക്കടുത്തേക്കു നടന്നു. 'ഇവര്‍ കന്യകകള്‍ അല്ലേ?' അയാള്‍ ഗാര്‍ഡിനോട് ചോദിച്ചു. അതേ എന്നയാള്‍ തല കുലുക്കി.

വില്പനച്ചരക്കിനേക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുന്ന കച്ചവടക്കാരന്റെ ഭാവമായിരുന്നു അയാള്‍ക്കപ്പോള്‍ എന്നെനിക്കു തോന്നി. അവരുടെ കൈകള്‍ ഞങ്ങളുടെ ശരീരത്തിലൂടെ ഇഴഞ്ഞു, അവര്‍ക്കു വേണമെന്നു തോന്നിയ ഭാഗങ്ങളിലൂടെയെല്ലാം. അവര്‍ അറബിയോ തുര്‍ക്കി ഭാഷയോ ആണ് സംസാരിച്ചത്. എന്റെ നേര്‍ക്കു നീണ്ട കൈകള്‍ ഞാന്‍ തട്ടി മാറ്റി, കരഞ്ഞ് അപേക്ഷിച്ചു.

ആ സമയം തീവ്രവാദികളുടെ മുതിര്‍ന്ന നേതാവ് സല്‍വാന്‍ എന്റെ അടുത്തേക്കു വന്നു. എഴുന്നേല്‍ക്കൂ എന്ന് ആക്രോശിച്ചുകൊണ്ട് അയാള്‍ എന്നെ ആഞ്ഞു തൊഴിച്ചു. എന്റെ പിങ്ക് ജാക്കറ്റ് അടയാളമായി പറഞ്ഞുകൊണ്ട് അയാള്‍ വീണ്ടും ആജ്ഞാപിച്ചു. അയാളുടെ കുഴിഞ്ഞ കണ്ണുകള്‍ ഒരു രാക്ഷസന്‍േറതു പോലെ തോന്നി.

സഭയ അഥവാ ലൈംഗിക അടിമ എന്നത് പെെട്ടന്നുണ്ടായ ഒരു തീരുമാനമല്ല. മറിച്ച് അവരുടെ പ്രധാന ആശയങ്ങളില്‍ ഒന്നാണ്. അയാള്‍ എന്നെയും കൂട്ടി മുറിക്കു പുറത്തേക്കു വന്നു. വില്‍ക്കപ്പെടുന്ന പെണ്‍കുട്ടിയുടെയും വാങ്ങുന്ന ആളിന്റെയും പേരുകള്‍ അവര്‍ എഴുതി സൂക്ഷിക്കുന്നുണ്ടായിരുന്നു.

ആ തിരക്കിനിടയില്‍ ഞാന്‍ രണ്ടു മെലിഞ്ഞ കാലുകള്‍ കണ്ടു. ഞാന്‍ പെെട്ടന്നു തന്നെ ആ കാലുകളിലേക്ക് വീണ് അപേക്ഷിച്ചു. എന്നെ നിങ്ങള്‍ക്കൊപ്പം കൊണ്ടുപോകണം. ഈ രാക്ഷസന്റെ കൂടെ പോകാന്‍ എനിക്കു ഭയമാണ്. എന്നെ എന്തു വേണമെങ്കിലും ചെയ്‌തോളു. അയാള്‍ സമ്മതിച്ചു. അയാള്‍ സല്‍വാനു നേരെ തിരിഞ്ഞ് ഇവള്‍ എന്‍േറതാണെന്നു പറഞ്ഞു. സല്‍വാന്‍ തര്‍ക്കിച്ചില്ല, മറിച്ച് അനുസരണയോടെ എന്റെ കൈയില്‍ നിന്നു പിടിവിട്ടു. എങ്കിലും ഞാന്‍ വീണ്ടും പലപ്പോഴും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടേയിരുന്നു.


ജര്‍മനിയിലെ ആകാശം

ഒരിക്കല്‍ തടവറയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച നാദിയയെ ഗാര്‍ഡുകള്‍ പിടികൂടി. ചെയ്ത തെറ്റിനുള്ള ശിക്ഷയെന്നോണം ദിവസങ്ങളോളം അടച്ചിട്ട മുറിക്കുള്ളില്‍ അവളെ പലരും മാറി മാറി പീഡിപ്പിച്ചു. കരഞ്ഞു കരഞ്ഞു തളര്‍ന്നിട്ടും ബോധം പോകും വരെ അവര്‍ അവളെ പീഡിപ്പിച്ചു. അവരുടെ തടങ്കലില്‍ ചവിട്ടി അരയ്ക്കപ്പെട്ട പനിനീര്‍പൂവുപോലെ നാദിയ കിടന്നു.

ഒടുവില്‍ 2014 നവംബറില്‍ മൊസൂളിലെ ഒരു മുസ്ലിം കുടുംബത്തിന്റെ സഹായത്തോടെ അവള്‍ തടവില്‍ നിന്നു പുറത്തെത്തി. പലതരത്തിലുള്ള അപകട സാധ്യതകളേയും മറികടന്ന് കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെത്തുകയും യസീദി സ്ത്രീകളുടെ ക്യാമ്പില്‍ അഭയം തേടുകയും ചെയ്തു.

യസീദി പെണ്‍കുട്ടികളെ സഹായിക്കുന്ന സംഘടനയുടെ സഹായത്തോടെ അവള്‍ ജര്‍മനിയിലുള്ള സഹോദരിയുടെ അടുത്തെത്തി.



ഫീനിക്‌സ് പക്ഷിയായി നാദിയ

കത്തിച്ചാമ്പലായിപ്പോയ ഒരു ഫീനിക്‌സ് പക്ഷിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് പിന്നെ ലോകം കണ്ടത്. ലെബനീസ് ബ്രിട്ടീഷ് അഭിഭാഷകയായ അമല്‍ അലാമുദ്ദീന്‍ ക്ലൂണി എന്ന സന്നദ്ധപ്രവര്‍ത്തക അവള്‍ക്ക് ധൈര്യം പകര്‍ന്നു കൂടെ നിന്നു.

2015 നവംബറില്‍ നാദിയയും ഒപ്പമുണ്ടായിരുന്നവരും അനുഭവിച്ച പീഡനങ്ങള്‍ അവള്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ തുറന്നു പറഞ്ഞു. തലകുനിക്കാതെയും കണ്ണുകള്‍ നിറയാതെയും ആര്‍ക്കും നാദിയയുടെ വാക്കുകള്‍ കേട്ടിരിക്കാനായില്ല. ആദ്യമായാണ് നാദിയ തന്റെ അനുഭവങ്ങള്‍ ലോകത്തോടു തുറന്നു പറയുന്നത്. പുറത്തെത്തിയിട്ടും സംസാരത്തിലുടനീളം നാദിയ വിറയ്ക്കുന്നുണ്ടായിരുന്നു.

ഐഎസ് തടവിലെ പൊള്ളുന്ന അനുഭവങ്ങള്‍ നാദിയ ഓര്‍ത്തെടുത്തു. 'ഭീകരന്മാര്‍ക്കുള്ള സമ്മാനമായിരുന്നു ഞങ്ങളെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആയിരത്തി അഞ്ഞൂറോളം വരുന്ന യസീദികള്‍ക്കൊപ്പമാണ് ഞങ്ങളേയും പാര്‍പ്പിച്ചത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ വിറങ്ങലിച്ചു നിന്ന എന്റെ അരികിലേക്ക് ഭീമാകാരനായ ഒരാള്‍ നടന്നുവന്നു. തലയുയര്‍ത്തി നോക്കാന്‍ പോലും സാധിക്കാത്ത വിധം ഞാന്‍ ഭയന്നു വിറച്ചു. പേടിച്ചു നിലവിളിച്ച എന്നെ അയാള്‍ തല്ലിച്ചതയ്ക്കുകയും ചവിട്ടുകയും ചെയ്തു. അയാള്‍ക്കു പിന്നാലെ മറ്റൊരാള്‍ വന്നു. അയാള്‍ എന്നോടു മതം മാറാന്‍ ആവശ്യപ്പെട്ടു. അയാളുടെ ആവശ്യം നിരസിച്ച എന്നോട് അടുത്ത ആവശ്യം ഉന്നയിച്ചു. ഞാന്‍ അയാളെ വിവാഹം കഴിക്കണം എന്നയാള്‍ പറഞ്ഞു. എനിക്ക് മാസമുറയുടെ സമയമായിരുന്നു അപ്പോള്‍. മാത്രമല്ല എനിക്ക് നന്നേ ക്ഷീണമുണ്ടെന്നും ഞാന്‍ അയാളെ അറിയിച്ചു. രണ്ടു വാതിലുള്ള ഒരു മുറിയില്‍ അയാളെന്നെ അടച്ചു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അയാള്‍ വീണ്ടും വന്നു. നല്ല വസ്ത്രവും മേക്കപ്പ് ചെയ്യാന്‍ ആവശ്യമായ സാധനങ്ങളും തന്നു. ആ രാത്രി അയാളെന്നെ നശിപ്പിച്ചു. അയാള്‍ മാത്രമല്ല ഒരുപാടു പേര്‍ അന്നെന്നെ ക്രൂരമായി ഉപയോഗിച്ചു.'വിതുമ്പാതെ, ശബ്ദമിടറാതെ പറഞ്ഞു തീര്‍ക്കാന്‍ നാദിയയ്ക്ക് സാധിച്ചില്ല.

അവസാനിപ്പിക്കുന്നതിനു മുന്‍പ് നാദിയ പറഞ്ഞു, 'ഐഎസിനെ പൂര്‍ണമായി ഇല്ലായ്മചെയ്യണം. ഇതെന്റെ അപേക്ഷയാണ്. അവര്‍ ചെറിയ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും ചെയ്യുന്നത് എന്തൊക്കെയെന്ന് ഞാന്‍ നേരില്‍ കണ്ടതാണ്. സിറിയയിലേയും സൊമാലിയയിലേയും ഇറാക്കിലേയും നൈജീരിയയിലേയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമാധാനത്തോടെ ജീവിക്കണമെങ്കില്‍ ഇവരെ തുടച്ചുനീക്കേണ്ടത് അത്യാവശ്യമാണ്. അവരെ നീതിപീഠത്തിനു മുന്നില്‍ കൊണ്ടുവരണം.'

നാദിയയ്ക്ക് അസാധാരണ ധൈര്യമുണ്ടെന്നും സ്ത്രീകള്‍ മൗനം പാലിക്കണമെന്ന സാമൂഹിക വ്യവസ്ഥിതിയെ അവര്‍ തകര്‍ത്തുവെന്നും നൊബേല്‍ പുരസ്‌കാര കിറ്റി പറഞ്ഞു.

അവസാനത്തെ പെണ്‍കുട്ടി ഞാനാകണം

ഐഎസ് ഭീകരതയുടെ അവസാനത്തെ ഇര ഞാന്‍ ആകണമെന്നാണ് എന്റെ ആഗ്രഹം. ഞാന്‍ പറഞ്ഞ എന്റെ കഥ സത്യസന്ധമാണ്. ഐഎസ് ഭീകരതയ്‌ക്കെതിരേ പോരാടാന്‍ എന്റെ കൈയില്‍ ആകെയുള്ള ആയുധം എന്റെ കഥയാണ്. എന്നെപ്പോലെ ഒരു കഥയുള്ള ലോകത്തിലെ അവസാന പെണ്‍കുട്ടി ഞാനായിരിക്കണം.

ദി ലാസ്റ്റ് ഗേള്‍: മൈ സ്റ്റോറി ഓഫ് കാപ്റ്റിവിറ്റി ആന്‍ഡ് മൈ ഫൈറ്റ് എഗന്‍സ്റ്റ് ദി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ആകഥയിലൂടെ ഭീകരരുടെ തടവിലാക്കപ്പെട്ട അനുഭവം നാദിയ പങ്കുവയ്ക്കുന്നു.

യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം വിഭാഗത്തിന്റെ കീഴിലുള്ള ഡിഗ്നിറ്റി ഓഫ് സര്‍വൈവേഴ്‌സ് ഓഫ് ഹ്യൂമണ്‍ ട്രാഫിക്കിംഗിന്റെ ഗുഡ് വില്‍ അംബാസഡര്‍ ആണ് നാദിയ. നാദിയയുടെ ജീവിതത്തെ ആസ്പദമാക്കി അലക്‌സാന്‍ഡ്രിയ ബൊംബാച്ച് ഒരുക്കിയിട്ടുള്ള ഡോക്യുമെന്ററിയാണ് ഓണ്‍ ഹെര്‍ ഷോള്‍ഡേഴ്‌സ്.

ആബിദ് ഷംദീന്റെ നാദിയ

യുഎസ് ആര്‍മിയുടെ മുന്‍ ഇന്റര്‍പ്രറും സാമൂഹിക പ്രവര്‍ത്തകനുമായ ആബിദ് ഷംദീനുമായുള്ള വിവാഹത്തെക്കുറിച്ച് നാദിയ തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. വിഷമതകള്‍ അനുഭവിച്ചിരുന്ന സമയത്ത് തീവ്രവാദി ക്യാമ്പുകളിലെ ഓര്‍മകളുടെ ട്രോമയില്‍ നിന്ന് പുറത്തു വരുന്നതില്‍ ആബിദ് വലിയ പിന്തുണയാണ് നാദിയയ്ക്കു നല്‍കിയത്.

'രണ്ടുപേരുടേയും ജീവിതത്തിലെ വളരെ സങ്കീര്‍ണമായ സമയത്താണ് ഞങ്ങള്‍ രണ്ടുപേരും കണ്ടുമുട്ടിയത്. അതിനെ മറികടക്കാനുള്ള ഒരു വലിയ പോരാട്ടത്തിനിടയില്‍ ഞങ്ങള്‍ ഞങ്ങളുടെ ഉള്ളിലെ പ്രണയവും കണ്ടെത്തി.' ആബിദ് ട്വിറ്ററില്‍ കുറിച്ചു.

അഞ്ജലി അനില്‍കുമാര്‍