പച്ചക്കറി വിളയുന്നു; കരയിലും ടെറസിലും
പച്ചക്കറി വിളയുന്നു; കരയിലും ടെറസിലും
Monday, November 12, 2018 4:57 PM IST
കോട്ടുകാല്‍ പഞ്ചായത്തില്‍ പുലിവിള റോഡ് കോട്ടേജില്‍ റോയി, പച്ചക്കറിക്കൃഷി തുടങ്ങിയിട്ട് വര്‍ഷം 15 കഴിഞ്ഞു. തിരുവനന്തപുരം ബാ ലരാമപുരത്തെ സ്വന്തം പുരയിടത്തിലും ടെറസിലുമായിട്ടാണ് കൃഷി. പയര്‍, കത്തിരി, തക്കാളി, ചീര എന്നിവയുടെ വിവിധ ഇനങ്ങള്‍ കായ്ച്ചു നില്‍ക്കുന്നതു കണ്ടാല്‍ ആരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിയും. ടെറസിനു മുകളിലെ കൃഷിക്കായി പ്ലാസ്റ്റിക് ചാക്കുകളില്‍ അറക്കപ്പൊടി (മരപ്പൊടി), ഉണങ്ങിയ കാലിവളം, വളക്കൂറുള്ള മേല്‍മണ്ണ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കൂട്ടിയോജിപ്പിച്ചതില്‍ തൈ നടുന്നു. അറക്കപ്പൊടി പോട്ടിംഗ് മിശ്രിതത്തോട് ചേര്‍ക്കും. ഇത് വായുസഞ്ചാരം ഉണ്ടാക്കുന്നതിനാല്‍ വേരോട്ടം സുഗമമാകുമെന്നാണ് റോയിയുടെ കണ്ടെത്തല്‍.

നിത്യവും പച്ചക്കറികൃഷിയിടത്തില്‍ ഓരോ പച്ചക്കറി ചെടിയെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാല്‍ കീടാക്രമണം നന്നേ കുറവാണ്. ഏതെങ്കിലും കീടങ്ങള്‍ എത്തിയിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പിടികൂടി നശിപ്പിക്കുമെന്ന് റോയി പറയുന്നു. പുരയിടത്തിലെ പാഴ്‌ചെടികളില്‍ രോഗകീടബാധ പ്രകടിപ്പിക്കാത്ത ഇലയുടെ നീരെടുത്ത് പച്ചക്കറികളില്‍ തളിച്ചുകൊടുക്കുന്നു. ഇതിനാലാണ് കീടങ്ങള്‍ രാത്രി ആക്രമിക്കാത്തതെന്നാണ് റോയിയുടെ അനുഭവം. ആഴ്ചയിലൊരിക്കല്‍ സ്വന്തം ഗോശാലയില്‍ നിന്നു ശേഖരിച്ച ഗോമൂത്രം 10 ഇരട്ടി വെള്ളവുമായി ചേര്‍ത്ത് പച്ചക്കറി ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നു.


മാസത്തില്‍ രണ്ടുതവണ തേങ്ങാവെള്ളം മൂന്നിരട്ടി വെള്ളവുമായി ചേര്‍ത്ത് പച്ചക്കറി ചെടികളില്‍ തളിച്ചുകൊടുക്കുന്നതിനാല്‍ നല്ല വളര്‍ച്ചയും ഇരട്ടി കായ്ഫലവും ലഭിക്കുന്നു.തിരുവനന്തപുരം ജില്ലയിലെ ഒട്ടുമിക്ക റസിഡന്‍സ് അസോസിയേഷനുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും നിരവധി സ്‌കൂളുകളിലും എത്തി, റോയി പച്ചക്കറി തൈ നട്ടുപിടിപ്പിച്ചു കൊടുക്കാറുണ്ട്. ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ക്കും തൈകള്‍ക്കുമായി നിരവധിപ്പേര്‍ റോയിയെ തേടിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : റോയി - 9961252325.

ഗ്രേഷ്യസ് ബഞ്ചമിന്‍