ഇടിയുന്ന വിപണിയിൽ കരുത്തുറ്റ 4 ഫണ്ടുകൾ
ഇടിയുന്ന വിപണിയിൽ  കരുത്തുറ്റ 4 ഫണ്ടുകൾ
Monday, November 12, 2018 3:53 PM IST
ഓഹരി വിപണിയിൽ വന്യമായ തിരുത്തലുകൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വിപണി എവിടെ വരെ എത്തുമെന്നും ആർക്കും പ്രവചിക്കുവാൻ സാധിക്കുകയില്ല. പക്ഷേ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയ നിരവധി ഓഹരികൾ അവരുടെ നല്ലൊരു പങ്ക് നേട്ടം നഷ്ടപ്പെടുത്തിയിട്ടുണ്ട്. പല ഓഹരികളും അവയുടെ മൂല്യത്തേക്കാൾ വളരെ കുറഞ്ഞ വില എന്ന നിലയിലേക്കു എത്തിയിട്ടുണ്ട്. ഈ സാഹചര്യം നിക്ഷേപകനു മുന്പിൽ ഒരുക്കുന്നത് വലിയൊരു അവസരമാണ്.

പക്ഷേ ഇടിയുന്ന വിപണിയിൽ നിന്ന് ഓഹരി എങ്ങനെ തെരഞ്ഞെടുക്കും എന്ന അനിശ്ചിതത്വമാണ് നിക്ഷേപകനെ അലട്ടുന്നത്. ഈ അനിശ്ചിതത്വത്തെ മികച്ച മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ അതിജീവിക്കാൻ സാധിക്കും. മികച്ച തോതിൽ വൈവിധ്യവത്കരിച്ച നാലു ഫണ്ടുകളെ ഇവിടെ നിർദ്ദേശിക്കുകയാണ്. ദീർഘകാലത്തിൽ ഇവയെല്ലാം സന്പത്തു സൃഷ്ടിക്കുന്നവയാണ്.

എൽ ആൻഡ് ഇന്ത്യ വാല്യു ഫണ്ട്
എൻഎവി (ഒക്ടോബർ 24)
ഗ്രോത്ത് : 32.517രൂപ
ഡിവിഡൻഡ് : 22.843 രൂപ
കുറഞ്ഞ നിക്ഷേപം : 5,000 രൂപ
എസ്ഐപി നിക്ഷേപം : 500 രൂപ
എക്സ്പെൻസ് റേഷ്യോ : 2.26 %
എക്സിറ്റ് ലോഡ് : 1 % (365 ദിവസത്തിനുള്ളിൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം : -7.66 %
3 വർഷം : 9.58 %
5 വർഷം : 22.52 %
തുടക്കം മുതൽ : 14.70 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2010
ഇനം : മിഡ്കാപ്
ആസ്തിയുടെ വലുപ്പം : 8160 കോടി രൂപ
ബഞ്ച് മാർക്ക് : ബിഎസ്ഇ 500
ഫണ്ട് മാനേജർ : കരണ്‍ ദേശായ്
വേണുഗോപാൽ മങ്ങാട്ട്

വിപണി പ്രയാസകരമായ സ്ഥിതിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് എൽ ആൻഡ് ടി ഇന്ത്യ വാല്യു ഫണ്ടിന്‍റെ ആരംഭം. വിപണിയിൽ കുറഞ്ഞ വിലയിൽ നിൽക്കുന്ന മൂല്യമുള്ള ഓഹരികൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നു. അടിസ്ഥാനപരമായി ശക്തമായ അടിത്തറയുള്ള ഓഹരികൾ് വിപണി ശരാശരിയേക്കാൾ ഡിസ്കൗണ്ടിൽ വാങ്ങി സൂക്ഷിക്കുകയെന്ന സമീപനമാണ് ഫണ്ട് മാനേജർ സ്വീകരിക്കുന്നത്. അതേ സമയം വളർച്ചാ സാധ്യതയുള്ളതുമായിരിക്കുമത്.

വിവിധ മേഖലകളിൽനിന്നുള്ള ഓഹരികളാണ് ഫണ്ട് തെരഞ്ഞെടുത്തിട്ടുള്ളത്. സൈക്കിളിക്കൽ ഓഹരികൾ, ടേണ്‍എറൗണ്ട് തുടങ്ങിയ പ്രത്യേക സാഹചര്യത്തിലുള്ള ഓഹരികൾ തുടങ്ങിയവയിലെ മൂല്യാവസരങ്ങളും ഫണ്ട് ഉപയോഗപ്പെടുത്തുന്നു. ഇപ്പോൾ ആസ്തിയുടെ 57.71 ശതമാനം ലാർജ് കാപ് ഓഹരികളിലും 35.02 ശതമാനം മിഡ്കാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. സ്മോൾ കാപ് ഓഹരികളിലെ നിക്ഷേപം 7.27 ശതമാനമാണ്. റിസ്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായി 7080 ഓഹരികൾ എപ്പോഴുംതന്നെ നിക്ഷേപശേഖരത്തിലുണ്ടാകും. ഇപ്പോൾ 82 ഓഹരികളാണ് നിക്ഷേപശേഖരത്തിലുള്ളത്. ഒരു ഓഹരിയിൽ 5 ശതമാനത്തിൽകൂടുതൽ നിക്ഷേപം ഫണ്ട് മാനേജർ സാധാരണ നടത്താറില്ല. ഇപ്പോൾ റിലയൻസ് ഇൻഡസ്ട്രീസിൽ 6.14 ശതമാനം നിക്ഷേപമുണ്ട്. മറ്റെല്ലാ ഓഹരികളിലേയും നിക്ഷേപം അഞ്ചു ശതമാനത്തിൽ താഴെയാണ്.

ബഞ്ച്മാർക്കിനേക്കാൾ വളരെ മികച്ച പ്രകടനമാണ് സമീപ വർഷങ്ങളിലെല്ലാം ഫണ്ട് കാഴ്ചവച്ചുപോരുന്നത്. തുടക്കത്തിൽ അൽപം പുറകിലായിരുന്നുവെങ്കിലും. പദ്ധതി തുടങ്ങിയതു മുതൽ ഫണ്ട് 14.70 ശതമാനം റിട്ടേണ്‍ നൽകിയിട്ടുണ്ട്. അതായത് ഫണ്ട് പ്രവർത്തനം തുടങ്ങിയ 2010ൽ നിക്ഷേപം നടത്തിയ ഒരു ലക്ഷം രൂപ 299576 രൂപയായി വർധിച്ചിട്ടുണ്ട്. 2008ലെപ്പോലെയുള്ള വലിയൊരു ബെയർ വിപണിയിൽ ഫണ്ടിന്‍റെ പ്രകടനം എങ്ങനെയായിരിക്കുമെന്നു വിലയിരുത്തുവാൻ സാധിച്ചിട്ടില്ല എങ്കിലും എട്ടു വർഷക്കാലത്ത് നല്ലൊരു കാലയളവിലും ബഞ്ച്മാർക്കിനേക്കാളും കാറ്റഗറി ശരാശരിയേക്കാളും മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഇടിവിലും ഫണ്ട് പിടിച്ചു നിൽക്കുന്നുണ്ട്.

ഐസിഐസിഐ ഫോക്കസ്ഡ് ബ്ലുചിപ്
എൻഎവി (ഒക്ടോബർ 24)
ഗ്രോത്ത് : 38.64രൂപ
ഡിവിഡൻഡ് : 21.39 രൂപ
കുറഞ്ഞ നിക്ഷേപം : 5,000 രൂപ
എസ്ഐപി നിക്ഷേപം : 500 രൂപ
എക്സ്പെൻസ് റേഷ്യോ : 2.1 %
എക്സിറ്റ് ലോഡ് : 1 % (365
ദിവസത്തിനുള്ളിൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം : 11.50 %
3 വർഷം : 11.38 %
5 വർഷം : 19.15 %
തുടക്കം മുതൽ : 15.11 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2008
ഇനം : ലാർജ് കാപ്
ആസ്തിയുടെ വലുപ്പം : 18,747 കോടി രൂപ
ബഞ്ച് മാർക്ക് : നിഫ്റ്റി 100 ടിആർഐ
ഫണ്ട് മാനേജർ : ശങ്കരൻ നരേൻ, രജത് ചന്ദക്
ഐസിഐസിഐ പ്രൂഡൻഷ്യൽ ഫോക്കസ്ഡ് ബ്ലൂചിപ് ഇക്വിറ്റി ഫണ്ടിന്‍റെ പേര് ഐസിഐസിഐ പ്രൂഡൻഷ്യൽ ബ്ലൂചിപ് ഇക്വിറ്റി ഫണ്ട് എന്ന് മാറ്റയിട്ടുണ്ട്. ലാർജ്കാപ് വിഭാഗത്തിൽ ശക്തമായ പ്രകടനം കാഴ്ച വയ്ക്കുന്ന ഈ ഫണ്ട് ആഗോള സാന്പത്തികക്കുഴപ്പം ആരംഭിച്ച 2008ലാണ് പിറന്നുവീണത്. ഇപ്പോൾ ഈ ഫണ്ട് മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 19000 കോടി രൂപയ്ക്കടുത്തായിരിക്കുന്നു.

മികച്ച ഫണ്ടുമാനേജരായ ശങ്കരൻ നരേന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫണ്ട് പ്രവർത്തനം തുടങ്ങിയതു മുതൽ 15.11 ശതമാനം റിട്ടേണ്‍ നൽകിയിട്ടുണ്ട്. ബഞ്ചുമാർക്കിനേക്കാൾ മികച്ച പ്രകടനമാണ് ഫണ്ട് കാഴ്ചവച്ചുപോരുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി കാറ്റഗറി ശരാശരിയേക്കാളും മികച്ച പ്രകടനമാണ് ഫണ്ട് കാഴച് വയ്ക്കുന്നത്. വ്യത്യസ്ത വിപണി കണ്ടീഷനുകളിൽ മികച്ച പ്രകടനമാണ് ഫണ്ട് കാഴ്ച വച്ചിട്ടുള്ളത്.

ഫണ്ട് തുടക്കത്തിൽ 20 ഓഹരികളുമായിട്ടാണ് നിക്ഷേപം തുടങ്ങിയത്. മാനേജ് ചെയ്യേണ്ട ആസ്തിയുടെ വലുപ്പം വർധിച്ചതോടെ നിക്ഷേപശേഖരത്തിലെ ഓഹരികളുടെ എണ്ണം ഇപ്പോൾ 59 ലേക്ക് ഉയർന്നിട്ടുണ്ട്. ഫിനാൻസ്,ഓട്ടോ, എനർജി തുടങ്ങിയ ചാക്രികമായ പ്രകടനം കാഴ്ച് വയ്ക്കുന്ന മേഖലകളിലാണ് ഫണ്ട് കൂടുതലായി നിക്ഷേപിച്ചിട്ടുള്ളത്. എസ്ബിഐ (6.97 ശതമാനം), ഐസിഐസിഐ ബാങ്ക് (5.52 ശതമാനം), ഇൻഫോസിസ് (4.87 ശതമാനം), ഐടിസി(4.37 ശതമാനം), എൻടിപിസി (4.32 ശതമാനം) തുടങ്ങിയവയാണ് മുൻനിരയിലുള്ള അഞ്ച് ഓഹരികൾ. നിക്ഷേപത്തിന്‍റെ 25 ശതമാനത്തോളം വരുമിത്.


അഞ്ചുവർഷം മുന്പ് ലംപ്സമായി നിക്ഷേപിച്ച ഒരു ലക്ഷം രൂപ 240100 രൂപയായി വളർന്നിട്ടുണ്ട്. എസ്ഐപി അടിസ്ഥാനത്തിൽ കഴിഞ്ഞ അഞ്ചുവർഷം ഫണ്ട് നൽകിയ റിട്ടേണ്‍ 15.40 ശതമാനമാണ്. കഴിഞ്ഞ മേയിൽ 10 വർഷം പൂർത്തിയാക്കിയ ഫണ്ട് പ്രവർത്തനം തുടങ്ങിയതു മുതൽ 15.11 ശതമാനം വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട്. അതായത് ഫണ്ട് തുടങ്ങിയപ്പോൾ നിക്ഷേപിച്ച ഒരു ലക്ഷം രൂപ പത്തു വർഷംകൊണ്ട് 418900 രൂപയായി വളർന്നിട്ടുണ്ട്. ഇതിലെ വരുമാനത്തിന് നികുതിയുമില്ല.

ദീർഘകാലത്തിൽ സ്ഥിരതയുള്ള വരുമാനം ആഗ്രഹിക്കുന്നവർക്ക് നിക്ഷേപത്തിനു യോജിച്ചതാണ്. പ്രത്യേക ലക്ഷ്യം വച്ച് ലംപ്സമായോ എസ്ഐപി വഴിയോ നിക്ഷേപം നടത്താം.

റിലയൻസ് ലാർജ് കാപ് ഫണ്ട്
എൻഎവി (ഒക്ടോബർ 24)
ഗ്രോത്ത് : 30.73 രൂപ
ഡിവിഡൻഡ് : 14.55രൂപ
കുറഞ്ഞ നിക്ഷേപം : 5,000 രൂപ
എസ്ഐപി നിക്ഷേപം : 100 രൂപ
എക്സ്പെൻസ് റേഷ്യോ : 2.31 %
എക്സിറ്റ് ലോഡ് : 1 % (365
ദിവസത്തിനുള്ളിൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം : -0.57 %
3 വർഷം : 8.64 %
5 വർഷം : 17.14 %
തുടക്കം മുതൽ : 10.53 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2007
ഇനം : ലാർജ് കാപ്
ആസ്തിയുടെ വലുപ്പം : 10,898 കോടി രൂപ
ബഞ്ച് മാർക്ക് : എസ് ആൻഡ് പി ബിഎസ്ഇ 100
ഫണ്ട് മാനേജർ : സൈലേഷ് രാജ് ബാൻ
ലാർജ് കാപ് കന്പനികളുടെ ഓഹരികളിലും ഓഹരിയധിഷ്ടിത ഉപകരണങ്ങളിലും നിക്ഷേപം നടത്തി ദീർഘകാലത്തിൽ മൂലധന നേട്ടമുണ്ടാക്കുകയാണ് റിലയൻസ് ലാർജ് കാപ് ഫണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

ഫണ്ടിന്‍റെ നിക്ഷേപത്തിൽ 97.93 ശതമാനവും ഓഹരിയിലാണ് നടത്തിയിരിക്കുന്നത്. വലിയ കന്പനികളിലാണ് 53.66 ശതമാനം നിക്ഷേപവും. ലാർജ് കാപിൽ 27.10 ശതമാനവും നിക്ഷേപിച്ചിരിക്കുന്നു. ഫണ്ട് 49 ഓഹരികളിലായിട്ടാണ് ഇപ്പോൾ നിക്ഷേപം നടത്തിയിരിക്കുന്നത്.ധനകാര്യ മേഖല, എഫ്എംസിജി, നിർമാണ മേഖല എന്നിങ്ങനെ വൈവിധ്യാമാർന്ന മേഖലകളിലായാണ് ഫണ്ട് നിക്ഷേപമുള്ളത്. മുൻനിരയിലുള്ള 10 ഓഹരികളിലെ നിക്ഷേപം 46.62 ശതമാനമാണ്. ധനകാര്യ മേഖലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(8.28ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക്(5.82 ശതമാനം),എഫ്എംസിജി മേഖലയിലെ ഐടിസി(5.48 ശതമാനം) എന്നിങ്ങനെയാണ് മുൻ നിര നിക്ഷേപങ്ങൾ. 2007 ജൂണ്‍ മുതൽ ശൈലേഷ് രാജ് ബാൻ ആണ് ഫണ്ട് മാനേജർ.

എച്ച്ഡിഎഫ്സി കാപിറ്റൽ ബിൽഡർ ഫണ്ട്
എൻഎവി (ഒക്ടോബർ 24)
ഗ്രോത്ത് : 269.132 രൂപ
ഡിവിഡൻഡ് : 26.154 രൂപ
കുറഞ്ഞ നിക്ഷേപം : 5,000 രൂപ
എസ്ഐപി നിക്ഷേപം : 500 രൂപ
എക്സ്പെൻസ് റേഷ്യോ : 2.32 %
എക്സിറ്റ് ലോഡ് : 1 % (365
ദിവസത്തിനുള്ളിൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം : -0.2.97 %
3 വർഷം : 9.68 %
5 വർഷം : 17.52 %
10 വർഷം : 19.50 %
തുടക്കം മുതൽ : 14.23 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 1994
ഇനം : വാല്യു ഓറിയന്‍റഡ്
ആസ്തിയുടെ വലുപ്പം : 3,730 കോടി രൂപ
ബഞ്ച് മാർക്ക് : നിഫ്റ്റി 500
ഫണ്ട് മാനേജർ : മിതേണ്‍ ലാതിയ, രാകേഷ് വ്യാസ്

അണ്ടർ വാല്യൂഡ് ഫണ്ടുകളിൽ നിക്ഷേപം നടത്തി മൂലധന നേട്ടമുണ്ടാക്കുകയാണ് എച്ച്ഡിഎഫ്സി കാപിറ്റൽ ബിൽഡർ ഫണ്ടിന്‍റെ ലക്ഷ്യം. ലാർജ് കാപ് ഓഹരികളിൽ 71.32 ശതമാനം, മിഡ്കാപിൽ 16.32 ശതമാനം എന്നിങ്ങനെയാണ് ഫണ്ടിന്‍റെ നിക്ഷേപ ശേഖരം. ഫണ്ട് 94.78 ശതമാനം നിക്ഷേപം നടത്തിയിരിക്കുന്നത് ഓഹരിയിലാണ്. ധനകാര്യ മേഖല, എഫ്എംസിജി, എനർജി, ടെക്നോളജി എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിലായി 60 ഓഹരികളിൽ ഫണ്ട് നിക്ഷേപം നടത്തിയിട്ടുണ്ട്.

മുൻ നിരയിലുള്ള 10 ഓഹരികളിലെ നിക്ഷേപം 41.75 ശതമാനമാണ്. ധനകാര്യ മേഖലയിലെ എച്ച്ഡിഎഫ്സി ബാങ്ക്(9.26 ശതമാനം), എഫ്എംസിജി മേഖലയിലെ ഐടിസി(5.71 ശതമാനം), ഉൗർജ മേഖലയിലെ റിലയൻസ് ഇൻഡസ്ട്രീസ്(4.95 ശതമാനം ) എന്നിങ്ങനെയാണ് മുൻനിര നിക്ഷേപങ്ങൾ. വളരെ വൈവിധ്യവത്കരിച്ച് ഓഹരിശേഖരമാണ് ഫണ്ടിന്‍റേത്. മുൻനിര ഓഹരികളെല്ലാം തന്നെ അതാതു മേഖലകളിലെ മുൻനിരകന്പനികളും മികച്ച വളർച്ചാസാധ്യതയുള്ളതുമാണ്. ഇതുകൊണ്ടുതന്നെ മികച്ച റിട്ടേണിനുള്ള സാധ്യതയേറെയാണ്.
സന്പത്തു സൃഷ്ടിക്കുകയെന്ന ലക്ഷ്യം നിറവേറ്റാൻ ഫണ്ടിനു ബുദ്ധിമുട്ടുണ്ടാവില്ല. 2010 ആഗസ്റ്റ് മുതൽ മിതേൻ ലാതിയയും 2014 ജൂണ്‍ മുതൽ രാകേഷ് വ്യാസും ഫണ്ട് മാനേജർമാരായി തുടരുന്നു.

(ഡിസ്ക്ലെയിമർ: ഇവിടെ നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എടുക്കുന്ന ധനകാര്യ തീരുമാനങ്ങളുടെ ഉത്തരവാദിത്വം നിക്ഷേപകർക്കുതന്നെയായിരിക്കും. കാപ്സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് ഇന്ത്യയ്ക്ക് ഉത്തരവാദിത്വമുണ്ടായിരിക്കുകയില്ല. ഇവിടെ നൽകിയിട്ടുള്ള കന്പനികൾ നൽകാനിടയുള്ള അവസരങ്ങളെക്കുറിച്ചു യുക്തിസഹമായ ചിത്രം, ഞങ്ങൾക്കു ലഭ്യമായ വിവരങ്ങളനുസരിച്ചു നൽകുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം.)

വി. രാജേന്ദ്രൻ
മാനേജിംഗ് ഡയറക്ടർ, കാപ്സ്റ്റോക്ക് സെക്യൂരിറ്റീസ്