ആനയോളം മനസുള്ള ആന ഡോക്ടര്‍
ആനയോളം മനസുള്ള ആന ഡോക്ടര്‍
Saturday, November 10, 2018 2:47 PM IST
ലോകത്തിലെ ഏറ്റവും മികച്ച വന്യജീവി ചികിത്സകര്‍ക്കും ഗവേഷകര്‍ക്കും നല്‍കുന്ന മുറൈ ഫൗളര്‍ ഫെലോഷിപ്പ് നേടുന്ന ആദ്യ മലയാളിയായ ഡോ. ടി.എസ്. രാജീവിനെക്കുറിച്ച്..

പൂരങ്ങളുടെ നാടായ തൃശൂര്‍ ജില്ലയിലെ, മുല്ലക്കരയില്‍ ജനിച്ച ടി.എസ്. രാജീവ് എന്ന ഗജ ചികിത്സാ വിദഗ്ധന്റെ കൈപ്പുണ്യപ്പെരുമ വിശ്വത്തോളമെത്തിയിരിക്കുന്നു. ഇത് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ വര്‍ഷത്തെ മുറൈ ഫൗളര്‍ ഫെലോഷിപ്പ്. അമേരിക്കയിലെ ഫ്‌ളോറിഡ ആസ്ഥാനമായുള്ള, വന്യജീവി ഗവേഷകരുടെയും ചികിത്സകരുടെയും സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് സൂ വെറ്ററിനേറിയന്‍സ് വര്‍ഷാവര്‍ഷം നല്‍കി വരുന്നതാണ് 'മുറൈ ഫൗളര്‍ ഫെലോഷിപ്പ്'.

2000 അമേരിക്കന്‍ ഡോളറും പ്രശസ്തിപത്രവും അടങ്ങുന്ന ഈ പുരസ്‌കാരം ലോകപ്രശസ്ത വന്യജീവി ചികിത്സകനും ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ. മുറൈ ഇ. ഫൗളറിന്റെ പേരിലുള്ളതാണ്.

ലോകത്തിലെ ഏറ്റവും മികച്ച വന്യജീവി ചികിത്സകര്‍ക്കും ഗവേഷകര്‍ക്കും നല്‍കി വരുന്ന മുറൈ ഫൗളര്‍ ഫെലോഷിപ്പ് നേടുന്ന ആദ്യ മലയാളിയാണ് ഡോ. ടി.എസ്. രാജീവ്. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് സൂ വെറ്ററിനേറിയന്‍സും, യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് സൂ ആന്‍ഡ് വൈല്‍ഡ് ലൈഫ് വെറ്ററിനേറിയന്‍സ് എന്ന സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഔദ്യോഗികമായി പങ്കെടുക്കുന്നതിനും തുടര്‍ ഗവേഷണ, ചികിത്സ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഫെല്ലോഷിപ്പ് നല്‍കുന്നത്.


മുല്ലക്കര തെക്കൂട്ട് വീട്ടില്‍ ശങ്കരന്‍കുട്ടി മേനോന്റെയും, ശാരദ ട്ടീച്ചറുടേയും മകനായ രാജീവ് ബാല്യത്തിലെ ആന പ്രേമിയായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് മനസില്‍ കയറിയ സ്വപ്നമായിരുന്നു ഒരു മൃഗഡോക്ടറാവുകയെന്നത്. സ്വപ്നങ്ങളിലൂടെ നടന്നു കയറിയത് മണ്ണൂത്തി വെറ്ററിനറി കോളജിലെ അധ്യാപകവൃത്തിയില്‍. കോളജിലെ ആനപഠനകേന്ദ്രം മേധാവികൂടിയായ ഈ അധ്യാപകനെക്കുറിച്ച് പറയാന്‍ കുട്ടികള്‍ക്ക് നൂറു നാവാണ്. ഗജചികിത്സാ രംഗത്തെ നൂതന അറിവുകള്‍ സ്വായത്തമാക്കുന്നതിന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികളും ഗവേഷകരും ഡോക്ടറെത്തേടി തൃശൂരിലെത്താറുണ്ട്.

രണ്ട് ദശാബ്ദത്തിലേറെയായി ഗജ ചികിത്സാ, ഗവേഷണ, മയക്കുവെടി രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ നാട്ടാനകളെ മാരകമായി ബാധിച്ചുകൊണ്ടിരിക്കുന്ന എരണ്ടക്കെട്ടിനെക്കുറിച്ച് അന്താരാഷ്ട്ര കോ ണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കും. ഭാര്യ മീന ഭാരതീയ വിദ്യാഭവനില്‍ അധ്യാപികയാണ്. മകള്‍ കൃഷ്ണനന്ദ. ഫോണ്‍: ഡോ. രാജീവ് (94474 36130)

സോളി ജോര്‍ജ്‌