ഈണങ്ങളുടെ ഉദയസൂര്യനു വിട
ഈണങ്ങളുടെ ഉദയസൂര്യനു വിട
Friday, November 9, 2018 4:29 PM IST
ണ്ണേ കലൈമാനേ...
ഉയിരേ ഉയിരേ...
മലര്‍ക്കൊടി പോലെ...'

വയലിനില്‍ പല്ലവി പാടിയിട്ട് ബാലഭാസ്‌ക്കര്‍ ഒരു മാത്ര നിര്‍ത്തും. ഓഡിറ്റോറിയത്തില്‍ വന്‍ സദസ് ബാക്കി വരികള്‍ ഏറ്റു പാടും. മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ബാലഭാസ്‌കര്‍ പാട്ട് തുടരും...

ബാലഭാസ്‌കറിന്റെ കൈയിലെ പാടുന്ന വയലിന്‍ ആണോ അതോ ആ മുഖത്ത് തെളിഞ്ഞ നിഷ്‌കളങ്കമായ പുഞ്ചിരിയാണോ ആയിരക്കണക്കിന് ആസ്വാദകരെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചത്? ബാലഭാസ്‌കറെ നഷ്ടപ്പെട്ടപ്പോള്‍ പലരും അറിയാതെ ചോദിച്ച ചോദ്യമാണിത്. ഒരു ഒഴുക്കുപോലെ പ്രവഹിക്കുന്ന വയലിന്‍ നാദവും വയലിന്‍ തന്ത്രികളുടെ മാസ്മരികതയില്‍ പുഞ്ചിരിയോടെ ലയിക്കുന്ന ബാലഭാസ്‌കറും ഒരേപോലെ മലയാളികളെ കീഴടക്കി എന്നു ഉത്തരം പറയാം. നിനച്ചിരിക്കാതെ കടന്നുവന്നു, ഞെരിച്ചമര്‍ത്തിയ പ്രളയം പോലെ അടുത്തകാലത്ത് മലയാളത്തെ അക്ഷരാര്‍ഥത്തില്‍ നടുക്കിയ ഒരു ദുരന്തമാണ് ബാലഭാസ്‌കറിന്റെ കാര്‍ അപകടവും മരണവും. മലയാളികള്‍ ഒന്നടങ്കം ഇതുപോലെ വേദനിച്ച മറ്റൊരു സന്ദര്‍ഭം ഇല്ല എന്നുതന്നെ പറയാം.

മലയാളത്തെ ഞെട്ടിച്ച വാര്‍ത്ത

സെപ്റ്റംബര്‍ 25നാണ് വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറും കുടുംബവും കാര്‍ അപകടത്തില്‍പ്പെട്ടു എന്ന വാര്‍ത്ത വരുന്നത്. പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും ലഭിച്ച തേജസ്വിനി ബാല എന്ന രണ്ടു വയസുകാരി കാര്‍ അപകടത്തില്‍ മരിച്ചുവെന്നും ബാലഭാസ്‌കറും ഭാര്യയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജീവന്മരണ പോരാട്ടത്തിലാണെന്നുമുള്ള വിവരങ്ങള്‍ സന്ദേശങ്ങളായി പ്രവഹിച്ചു കൊണ്ടേയിരുന്നു. ബാലഭാസ്‌കറിന്റെ കൈയില്‍ ഒരു പൂമ്പാറ്റയെ പോലെ ആര്‍ത്തുല്ലസിക്കുന്ന കുഞ്ഞുതേജസ്വിനിയുടെ ചിത്രങ്ങള്‍ എല്ലാവരുടേയും കണ്ണ് നനയ്ക്കുകയായിരുന്നു. സ്വന്തം കുടുംബത്തിലെ കുഞ്ഞുകള്‍ പെട്ടെന്നു നഷ്ടമായ വേദനയാണ് പലരും പങ്കുവച്ചത്. ബാലു എന്നു പ്രിയപ്പെവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ബാലഭാസ്‌കറിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല ബാലുവിനെ ദൂരെ നിന്നു കണ്ടവരും എത്തിക്കൊണ്ടിരുന്നു. വാട്‌സ്ആപ്പ്, ഫെയ്‌സ് ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെല്ലാം ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും ഗുരുതരമായ ആരോഗ്യാവസ്ഥയുടെ വാര്‍ത്തകളും അടിയന്തര ശസ്ത്രക്രിയയുടെ വിവരങ്ങളും വന്നുകൊണ്ടിരുന്നു. ബാലഭാസ്‌കറിനും ലക്ഷ്മിക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നുള്ള അപേക്ഷകളും. പക്ഷേ എല്ലാ പ്രാര്‍ഥനകളും നിഷ്ഫലമായി, ലക്ഷ്മിയെ തനിച്ചാക്കി, അച്ഛനെയും അമ്മയെയും തീരാകണ്ണീരിലാക്കി ആസ്വാദകരെയും പ്രിയ കൂട്ടുകാരെയും പൊട്ടിക്കരയിച്ചുകൊണ്ട് ബാലുവും നിത്യതയിലേക്ക് മറഞ്ഞു. തിരുവനന്തപുരത്തെ ശാന്തികവാടത്തില്‍ ബാലുവിന്റെ ചിതയെരിയുമ്പോള്‍ വിങ്ങി പ്പൊച്ചിക്കരഞ്ഞത് സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും കൂടിയാണ്. ടെലിവിഷനില്‍, അനുസ്മരണച്ചടങ്ങുകളില്‍ പങ്കെടുത്ത പലരും ബാലു ഈണം നല്കിയ 'ഒന്നിനുമല്ലാതെ എന്തിനോ തോന്നിയോരിഷ്ടം... എനിക്കെപ്പോഴോ തോന്നിയോരിഷ്ടം...' എന്നു തൊണ്ടയിടറി പാടുന്നുണ്ടായിരുന്നു. പകുതിവഴിയില്‍ മുറിഞ്ഞ ഒരീണം പോലെ രാപ്പകല്‍ ബാലഭാസ്‌കറിന്റെ വയലിന്‍ സംഗീതം ടിവി ചാനലുകളില്‍ ഒഴുകിക്കൊണ്ടിരുന്നു.

പൈതൃകവഴി

പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള തള്ളിക്കയറ്റങ്ങളില്‍ നിന്നുമകന്ന് എന്നും ശുദ്ധമായ സംഗീത പാത പിന്തുടരുന്ന വയലിന്‍ വിദ്വാന്‍ ബി. ശശികുമാറിന്റെ സഹോദരീപുത്രനാണ് ബാലഭാസ്‌കര്‍. കുടുംബത്തില്‍ ഗുരുവായ വല്യമ്മാവനും ചെറിയമ്മാവനുമെല്ലാം പ്രഗല്ഭകലാകാരന്മാരായിരുന്നു. സംഗീതം കേട്ടാണ് ബാലു വളര്‍ന്നത്. അമ്മയുടെ അച്ഛന്‍ ഭാസ്‌ക്കരപണിക്കര്‍ അനുഗ്രഹീത നാദസ്വര കലാകാരനായിരുന്നു. ബാലഭാസ്‌കറിന്റെ ഹീറോ ആയിരുന്നു കണ്ടിട്ടില്ലാത്ത മുത്തച്ഛന്‍. അപ്പൂപ്പന്റെ പ്രതിഭയുടെ ജ്വാല സിരകളില്‍ പേറിയ മകനു ബാലഭാസ്‌കര്‍ എന്നു പേര് ഇട്ടത് സംസ്‌കൃത അധ്യാപികയായ അമ്മ ശാന്തകുമാരിയാണ്. കുടുംബപാരമ്പര്യം ഉടയാതെ കാത്തു സൂക്ഷിച്ചു എന്നത് മാത്രമല്ല ബാലഭാസ്‌കറിന്റെ സവിശേഷത. ശാസ്ത്രീയ അടിത്തറയില്‍ കാലൂന്നി നിന്നുകൊണ്ട് തന്നെ സംഗീതത്തിന്റെ വിശാലമായ ആകാശങ്ങളും കീഴടക്കി. മുണ്ടും ഷര്‍ട്ടും ധരിച്ച് വേദിയിലെ പായയില്‍ ചമ്രം പടഞ്ഞിരുന്നു വയലിനില്‍ 'വാതാപീ ഗണപതിംഭജേ' ശുദ്ധശൈലിയില്‍ പാടി; തോളില്‍ വയലിന്‍ ചേര്‍ത്തുവച്ച് ഫ്യൂഷന്‍ സംഗീതത്തിലൂടെ ലോകമെമ്പാടുമുള്ള ആസ്വാദകരെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്തു. ഗള്‍ഫ് നാടുകളിലും അമേരിക്കയിലും എത്രയോ വട്ടം വയലിനുമായി ബാലഭാസ്‌കര്‍ എത്തി. സ്‌റ്റേജില്‍ നിന്നും തിങ്ങി നിറഞ്ഞ സദസ്യര്‍ക്കിടയിലൂടെ നടന്നു വയലിന്‍ മീട്ടി. ഗാനമേളകളും മിമിക്രിയും കോമഡികളും മാത്രം ആസ്വദിക്കുവാന്‍ അറിഞ്ഞിരുന്ന ആയിരക്കണക്കിന് ആസ്വാദകരെ അക്ഷരാര്‍ഥത്തില്‍ വയലിന്റെ അടിമകളാക്കി. ഒരു ചെറിയ വിഭാഗം പണ്ഡിതന്മാരായ സംഗീതാസ്വാദകരുടെ വിനോദമായി മാറ്റിനിര്‍ത്തിയിരുന്ന വയലിന്‍ കച്ചേരിയെ സാധാരണക്കാരന്റെ ലഹരിയാക്കി മാറ്റി.

സ്‌കൂള്‍ കോളജ് താരം

തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്‌കൂളായ മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ചു. പക്ഷേ, കൈയില്‍ ഒരു ഇന്ദ്രജാലം ഉളളതുകൊണ്ടുതന്നെ സ്‌കൂൡ താരമായി. യുവജനോത്സവ വേദികളില്‍ തിളങ്ങിയ ബാലുവിന് അക്കാലം മുതല്‍ തന്നെ ചുറ്റും ആരാധകവൃന്ദം ഉണ്ടായിരുന്നു. സ്‌കൂള്‍ ബാന്‍ഡും ഫ്യൂഷനും അന്നേ സ്വന്തമാക്കി.


പ്രീഡിഗ്രിക്കു തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ പഠിക്കുമ്പോള്‍ 17 വയസുള്ള പ്രീഡിഗ്രി വിദ്യാര്‍ഥിയായ ബാലു മംഗല്യപല്ലക്ക് എന്ന സിനിമയ്ക്കുവേണ്ടി ഈണം പകര്‍ന്നു. ഡോ. കെ.ജെ. യേശുദാസ് ആലപിച്ച ഗാനത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനുമായി.

പ്രീഡിഗ്രിക്ക് ആദ്യം സെക്കന്‍ഡ് ഗ്രൂപ്പായിരുന്നു. അതല്ല തന്റെ വഴി എന്നുള്ള കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ ഇഷ്ടമുള്ള വിഷയം പഠിക്കുവാന്‍ അച്ഛന്‍ ചന്ദ്രശേഖരന്‍ സ്വാതന്ത്ര്യം നല്‍കി.

യൂണിവേഴ്‌സിറ്റി കോളജിലെ ബിരുദബിരുദാനന്തര പഠനകാലം ബാലുവിന്റെ ജീവിതം മാറ്റിമറിച്ചു. തന്റെ ഏറ്റവും വലിയ കംഫര്‍ട്ട് സോണ്‍ എന്നു ബാലു വിശേഷിപ്പിച്ച ഭാര്യ ലക്ഷ്മിയെ കണ്ടുമുുന്നതും ഇവിടെ വച്ചുതന്നെ.

ബാലഭാസ്‌കറിന്റെ ഉള്‍വഴികള്‍

അതീവ വൈകാരികത നിറഞ്ഞ ഒരു വ്യക്തി. വികാര വിക്ഷോഭങ്ങള്‍ക്കടിമപ്പെടുന്ന ഒരാളാണ് താന്‍ എന്നു ബാലഭാസ്‌കര്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ദേഷ്യവും സ്‌നേഹവും പിണക്കവും ഭാവമാറ്റവും പെട്ടെന്നുവരും. നിങ്ങള്‍ എന്നെ രണ്ട് മണിക്കൂര്‍ സ്റ്റേജില്‍ കാണുന്നത് പോലെയല്ല ഞാന്‍. 24 മണിക്കൂറും എന്നെ സഹിക്കുന്ന ലക്ഷ്മിയെ സമ്മതിക്കണം. എന്നൊക്കെ തുറന്നു പറഞ്ഞിരുന്നു.

ഒരു കുട്ടിയുടെ ചാപല്യങ്ങള്‍ പ്രകടിപ്പിക്കുന്ന ബാലഭാസ്‌കറിനു പക്ഷേ, ആഴമുള്ള ചിന്തകളും ഫിലോസഫിയും ഉണ്ടായിരുന്നു. പണം വാങ്ങി ചെയ്യുന്ന വയലിന്‍ പരിപാടികളില്‍ സ്വന്തം ആത്മാവിനോടും ആസ്വാദകരോടും താന്‍ പൂര്‍ണമായ നീതി കാണിക്കുന്നുണ്ടോ എന്നുള്ള സംശയവും പങ്കുവച്ചു.

വലിയ സെലിബ്രിറ്റിയായിരിക്കുമ്പോഴും വളരെ എളിമയോടെ ഗുരുഭക്തിയോടെ വിനയത്തോടെ ജീവിച്ചു. സംഗീതം എന്നാല്‍ ഉദാത്തമായ സംസ്‌കാരം കൂടിയാണെന്ന് ഓര്‍മിപ്പിച്ചു. പുതിയ തലമുറയ്ക്കു നല്ല മാതൃകയായി. ഈശ്വരനെയും ഗുരുവിനെയും സ്വന്തം മാതാപിതാക്കളെയും തൊഴുതുകൊണ്ട് അരങ്ങുകളില്‍ കയറി.

പ്രാണന്റെ പകുതി

'എന്റെ ഏറ്റവും നല്ല സുഹൃത്ത്. എന്റെ ജീവിതം നേര്‍ ദിശയിലായത് ലക്ഷ്മി കാരണമാണ്. ഞാന്‍ എവിടെ വരെ പോകും എന്നറിയുന്നവള്‍...' അങ്ങനെയൊക്കെ പറഞ്ഞു ബാലഭാസ്‌കര്‍. ബാലഭാസ്‌കറിന്റെ സ്‌നേഹവും ജീവിതവുമായിരുന്നു ലക്ഷ്മി.

ലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചു എന്നറിഞ്ഞപ്പോള്‍ ട്യൂഷന്‍ അധ്യാപകന്‍ വിജയമോഹന്‍ സാറുമായി ലക്ഷ്മിയുടെ വീട്ടില്‍ പോയി വിവാഹം ആലോചിച്ച കഥ ബാലഭാസ്‌കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. 'അന്ന് മെലിഞ്ഞു വെളുത്ത കോലമായിരുന്നു താന്‍. എം.എ പാസായിട്ടില്ല. വിജയമോഹന്‍ സാര്‍, ബാലഭാസ്‌കരന്‍ എന്ന ഒരു പയ്യനുമായി ലക്ഷ്മിയുടെ വിവാഹം നടത്തണം എന്നു പറഞ്ഞപ്പോള്‍ കേട്ടിരുന്ന ലക്ഷ്മിയുടെ അച്ഛനും അമ്മയും രോഷാകുലരായി. താനാണ് കഥയിലെ കാമുകന്‍ ബാലഭാസ്‌കര്‍ എന്നു പറയുവാന്‍ മടിച്ച് സ്വന്തം പേരുമാറ്റി ഇ കൃഷ്ണകുമാര്‍ എന്നു ബാലു പറഞ്ഞു. തീര്‍ന്നില്ല ആന്റി വിഷമിക്കേണ്ട ബാലഭാസ്‌കറിനെയും ലക്ഷ്മിയെയും പറഞ്ഞ് മനസിലാക്കി ബന്ധം മാറ്റാം എന്നു വരെ കൃഷ്ണകുമാര്‍ പറഞ്ഞു. ഇതിനിടെ വിവാഹം നടത്തികൊടുക്കണം എന്നു വിജയമോഹന്‍സാര്‍ നിര്‍ബന്ധിച്ചപ്പോള്‍ കണ്ടില്ലേ ഈ പയ്യനു കാര്യം മനസിലായി എന്നു ലക്ഷ്മിയുടെ അമ്മ പറഞ്ഞത് അഭിമുഖങ്ങളില്‍ അയവിറക്കി പൊട്ടിച്ചിരിക്കുമായിരുന്നു ബാലു. ജോലിയും കൂലിയുമില്ലെന്നു കരുതി വീട്ടുകാര്‍ നിരസിച്ച പയ്യന്‍ പിന്നീട് താരമായി, ലക്ഷപ്രഭുവുമായി. വയലിന്‍ ട്യൂഷനെടുത്ത് ലക്ഷ്മിയെ പോറ്റാം എന്നു വാക്ക് നല്കിയ ഇരുപത്തിരണ്ടുകാരന്‍ വലിയ മാളികയും കാറും ജീവിതസൗകര്യങ്ങളും നല്കുകയും ചെയ്തു.

ഇരു വീട്ടുകാരും എതിര്‍ത്തപ്പോള്‍ നവംബര്‍ 18നു തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ വച്ച് താലിചാര്‍ത്തല്‍. നവംബര്‍ വീണ്ടും എത്തി. ലക്ഷ്മി പക്ഷേ തനിച്ചാണ്.

അച്ഛന്റെ ജാനിക്കുട്ടി

ഒരു മേഘത്തുണ്ടില്‍ ഇരിക്കുന്ന പൊന്നു മകള്‍ ജാനിക്കുട്ടി. ആകാശ നീലിമയില്‍ ഒരു കാല്‍ കുത്തിയിരുന്നു വയലിന്‍ മീട്ടുന്ന ബാലഭാസ്‌കര്‍. കുഞ്ഞിന് ഉറങ്ങുവാന്‍ അച്ഛന്റെ വയലിന്‍ സംഗീതം വേണം എന്ന അടിക്കുറിപ്പും. ബാലഭാസ്‌കര്‍ വിട പറഞ്ഞപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രമാണിത്. അച്ഛനും മകളും തമ്മിലുള്ള അതിശക്തമായ ബന്ധത്തിന്റെ ആഴം ആരോ വരച്ചിട്ട ഈ ഹൃദയചിത്രത്തില്‍ കാണാം. പതിനാറു വര്‍ഷത്തിനുശേഷം ഭൂമിയില്‍ വന്ന ജാനിക്കുട്ടി അച്ഛന്റെ ജീവനായിരുന്നു. അവള്‍ക്കുവേണ്ടി ബാലഭാസ്‌കര്‍ വയലിന്‍ മീട്ടി. മുറ്റത്ത് ഒപ്പം പിച്ച വച്ചുനടന്നു, കുളിപ്പിച്ചു... ഊട്ടി, പാട്ടു പാടി ഉറക്കി. എവിടെപോയാലും അച്ഛന്റെ നെഞ്ചില്‍ ചേര്‍ന്നു ഒപ്പം പോയി ജാനികുട്ടി. എല്ലാ കുടുംബചിത്രങ്ങളിലും ബാലഭാസ്‌ക്കറിന്റെ കൈയിലിരുന്നു ചിരിക്കുന്ന തേജസ്വിനി ബാല എന്ന ജാനിക്കുട്ടിയെ കാണാം.

ജാനിക്കുട്ടി പിറന്നശേഷം വയലിന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ വിദേശങ്ങളില്‍ എത്തിയാല്‍ പോലും തിരികെ വീട്ടിലേക്കു മടങ്ങുവാന്‍ തിരക്കു കൂട്ടുമായിരുന്നു ബാലഭാസ്‌കര്‍. ജാനിക്കുട്ടിയുടെ ജനനവും ജന്മദിനങ്ങളുമെല്ലാം ആഘോഷമാക്കി തീര്‍ത്തു. ഒടുവില്‍ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച് തന്നെ നിത്യതയിലേക്കുള്ള യാത്രയും പോയി.

എസ്. മഞ്ജുളാദേവി