മനം നിറയ്ക്കും മൈലാഞ്ചി മൊഞ്ച്...
മനം നിറയ്ക്കും മൈലാഞ്ചി മൊഞ്ച്...
Monday, November 5, 2018 5:00 PM IST
മൈലാഞ്ചി കൊമ്പൊടിച്ച്...നീട്ടി വലിച്ചരച്ച്...കൈയ്ക്ക് നീ ചെപ്പമിട്...പെണ്ണേ...പെണ്ണഴകിന് മാറ്റു കൂട്ടാന്‍ മൈലാഞ്ചിക്കുള്ള കഴിവ് ഈ വരികളിലുണ്ട്. ഓരോ തവണ നോക്കുമ്പോഴും ഭംഗി ഇരട്ടിക്കുന്ന രീതിയില്‍ കൈത്തണ്ടയിലും പാദങ്ങളിലും പടര്‍ന്ന് കയറിയിരിക്കുന്ന വള്ളിപ്പടര്‍പ്പുകളും പുഷ്പദളങ്ങളും. സാഹിത്യത്തില്‍ ചാലിച്ച് മൈലാഞ്ചിയെന്ന മെഹന്തിയെ ഇങ്ങനെയും വിശേഷിപ്പിക്കാം. കൗമാരത്തിന്റെ ഒരിക്കലും മാറാത്ത ഭ്രമങ്ങളിലൊന്നായ മെഹന്തിയെ ആകര്‍ഷകമാക്കുന്നത് അതിന്റെ നിറത്തേക്കാള്‍ ഡിസൈനുകളിലെ വൈവിധ്യമാണെന്നതിലും സംശയമില്ല. പല സമുദായങ്ങളിലും മൈലാഞ്ചിയിടല്‍ ആചാരപരമായ ചടങ്ങായിരിക്കെ മൈലാഞ്ചിയെന്ന പേര് മാറ്റി മെഹന്തി എന്ന് ഓമനപ്പേര് വിളിച്ച് സുന്ദരിമാര്‍ മൈലാഞ്ചിയെ ഫാഷന്‍ പ്രപഞ്ചത്തിലേക്ക് കൈപിടിച്ചു കയറ്റിയിരിക്കുകയാണ്.

ഇന്‍സ്റ്റന്റ് മെഹന്തി

മരത്തില്‍ നിന്ന് ഇല പറിച്ചെടുത്ത്, അരച്ച് കയ്യില്‍ തേച്ച്, വരച്ച് പിടിപ്പിക്കുന്ന പഴയ രീതി പാടേ മാറി. ഫാന്‍സി സ്‌റ്റോറുകളില്‍ കോണ്‍ ആകൃതിയില്‍ റെഡിമെയ്ഡ് ആയി ഇന്ന് മൈലാഞ്ചി ലഭിക്കും. അതുപയോഗിച്ച് അതിമനോഹരമായ ഡിസൈനുകളില്‍ കൈകളെ സുന്ദരമാക്കാം. ആയിരക്കണക്കിന് രൂപയാണ് വിവാഹവേളകളില്‍ സുന്ദരിമാര്‍ കൈകളും കാലുകളും മൈലാഞ്ചി മൊഞ്ചില്‍ ഒരുക്കുന്നതിനായി ചെലവഴിക്കുന്നത്.

ഡിസൈനുകള്‍

അറേബ്യന്‍, ഇന്ത്യന്‍ രീതികളിലാണ് മെഹന്തി പ്രധാനമായും ഡിസൈന്‍ ചെയ്യാറുള്ളത്. അറബികളാണ് മെഹന്തിക്ക് ലോകമെമ്പാടും പ്രചാരം നല്‍കിയതെന്നതും ശ്രദ്ധേയം. വലിയ പൂക്കളും ഇലകളുമാണ് അറേബ്യന്‍ ഡിസൈനുകളുടെ പ്രത്യേകത. ചെറിയ പൂക്കളും ഇലകളും മയിലും മറ്റുമാണ് ഇന്ത്യന്‍ ഡിസൈനുകളിലുള്ളത്. അവ അതിസൂക്ഷ്മവുമായിരിക്കും. ഡിസൈന്‍ ചെയ്യാന്‍ ഏറെ സമയം വേണ്ടിവരുമെന്നത് മറ്റൊരു കാര്യം.

പാര്‍ട്ടികളിലും വിവാഹാവസരങ്ങളിലും തിളങ്ങാന്‍ പല നിറങ്ങളില്‍ തിളക്കമാര്‍ന്ന ഡിസൈനുകളും ലഭ്യമാണ്. വാങ്ങി കൈത്തലങ്ങളില്‍ ഒിക്കേണ്ടതേയുള്ളൂ. അറബിക്, മുഗള്‍, രാജസ്ഥാനി, സര്‍ദോസി, പീകോക്ക്, ചോപ്പര്‍ തുടങ്ങി നൂറുകണക്കിന് മെഹന്തി ഡിസൈനുകളാണ് പ്രചാരത്തിലുള്ളത്. രാജസ്ഥാനി മെഹന്തിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഈ ഡിസൈനുകളുടെ പുറത്ത് വിവിധ നിറങ്ങളിലുള്ള തിളക്കമുള്ള വസ്തുക്കള്‍ പിടിപ്പിച്ചും മെഹന്തിയുടെ സൗന്ദര്യം വര്‍ധിപ്പിക്കാം. ഒരു ആഭരണം പോലും ധരിക്കാതെ മെഹന്തികൊണ്ട് മാത്രം ആഭരണവിഭൂഷിതയാകാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും ഏറി വരികയാണ്.

മൈലാഞ്ചി അച്ചുകള്‍

പ്ലാസ്റ്റിക്കിന്റെ വിവിധ ഡിസൈന്‍ മൈലാഞ്ചി അച്ചുകള്‍ കൈയില്‍ നിവര്‍ത്തിവച്ച് അതിനു മുകളില്‍ മൈലാഞ്ചി പേസ്റ്റ് തേച്ചുപിടിപ്പിച്ചാല്‍ വളരെ എളുപ്പത്തില്‍ മനോഹരമായ ഡിസൈനുകള്‍ സ്വന്തമാക്കാം. ഇടക്കാലത്ത് ഇത്തരം അച്ചുകള്‍ ധാരാളമായി എത്തിയിരുന്നെങ്കിലും കോണുകള്‍ ഉപയോഗിച്ച് വരയ്ക്കുമ്പോഴുള്ള മനോഹാരിത ലഭിക്കാത്തതുകൊണ്ട് അച്ചുകളോട് മങ്കമാര്‍ അധികം ഇഷ്ടം കാിയില്ല.

വെള്ള മെഹന്തി

ചുവന്ന മെഹന്തിയായിരുന്നു ഒരു കാലത്ത് ട്രെന്‍ഡെങ്കില്‍ ഇപ്പോള്‍ യുവത്വം വൈറ്റ് മെഹന്തിക്ക് പിന്നാലെയാണ്. കല്യാണ പ്പെണ്ണ് പോലും വെള്ള മെഹന്തി തെരഞ്ഞെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. വാട്ടര്‍ പ്രൂഫും കിടിലന്‍ ലുക്കുമാണ് ഇത്തരം മെഹന്തികളുടെ പ്രത്യേകത. സാധാരണ മെഹന്തികള്‍ കുറച്ചുദിവസം കഴിയുമ്പോള്‍ പാടുകളായി കൈയില്‍ ഭംഗിയില്ലാതെ നില്‍ക്കും. വൈറ്റ് മെഹന്തിക്ക് അത്തരത്തിലുള്ള പ്രശ്‌നമില്ല. വൈറ്റ് മെഹന്തികള്‍ക്ക് ഇടയില്‍ സ്‌റ്റോണുകള്‍ വച്ച് ഭംഗിയാക്കുന്ന രീതിയും ഉണ്ട്.




കൈയില്‍ മാത്രമല്ല

കൈയിലെ മെഹന്തിക്ക് പകരം കാല്‍പ്പാദത്തിലെ മെഹന്തിയാണ് ഇപ്പോള്‍ ട്രെന്‍ഡ്. കഴുത്തിന് പുറകില്‍, വയറിന്റെ അരികില്‍, ചെവിക്കരികില്‍ എന്നിവിടങ്ങളിലൊക്കെ ചെറുതും വലുതുമായ ഡിസൈനുകള്‍ ഇടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. മോഡേണ്‍ വസ്ത്രങ്ങള്‍ക്കൊപ്പം കാല്‍പാദത്തിന് മുകളില്‍ മെഹന്തിയണിയുന്നത് ട്രെന്‍ഡി ലുക്ക് നല്‍കും.

കല്യാണപ്പെണ്ണും മൈലാഞ്ചി മൊഞ്ചും

കല്യാണപ്പെണ്ണിനായി മാത്രം െ്രെബഡല്‍ ഡിസൈനുകളും വിപണിയില്‍ ലഭ്യമാണ്. നോര്‍ത്ത് ഇന്ത്യയില്‍ കൂടുതലായി ഉപയോഗിക്കുന്ന ദുല്‍ഹദുല്‍ഹന്‍ മോഡലാണ് കല്യാണപ്പെണ്ണുങ്ങള്‍ തെരഞ്ഞെടുക്കുന്നത്.

മൈലാഞ്ചിയിലെ പ്രണയകഥ

ഏതെങ്കിലുമൊരു പ്രണയ കഥ മൈലാഞ്ചിയിലൂടെ അവതരിപ്പിക്കുന്ന രീതിയിലും ഡിസൈനുകളുണ്ട്. കൈയില്‍ നിന്ന് ആരംഭിക്കുന്ന പ്രണയ കഥ കാല്‍മുട്ടു വരെ നീളും.

ഹെവി ഡിസൈന്‍

ക്രോസ് ആന്‍ഡ് ഗ്രിഡ് ഡിസൈന്‍ മെഹന്തിക്കും ആരാധകര്‍ ധാരാളമുണ്ട്. കൈമുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു എന്ന പ്രത്യേകതയാണിതിനുള്ളത്. ക്രോസ് ആന്‍ഡ് ഗ്രിഡ് ഡിസൈനില്‍ ഹെവി ഫീച്ചേഴ്‌സ് ആണ് ഉപയോഗിക്കുക. പാദത്തില്‍ മാത്രം ഒതുങ്ങിയിരുന്ന ഇത്തരം ഡിസൈനുകള്‍ കാല്‍മുട്ടു വരെ എത്തിയിട്ടുണ്ട്. 4000 രൂപ മുതല്‍ 10,000 രൂപവരെയാണ് മെഹന്തി ഡിസൈനുകള്‍ക്ക് ഈടാക്കുന്നത്.

നിറം കിട്ടാന്‍

മൈലാഞ്ചി ഇട്ടുകഴിഞ്ഞ് ഉണങ്ങിയാല്‍ നാരങ്ങയില്‍ അലിയിച്ച പഞ്ചസാര നീരിടാം. ഒരു മണിക്കൂറിനുശേഷം മെഹന്തി ഇളക്കി കളയാം. പക്ഷേ കഴുകരുത്. ഡിസൈനിനു മുകളില്‍ എണ്ണ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകാം.

മൈലാഞ്ചി മായിക്കാന്‍

ആഘോഷങ്ങള്‍ക്ക് മൈലാഞ്ചി ഇട്ടതിനുശേഷം കുറച്ചു ദിവസം കഴിയുമ്പോള്‍ അത് നിറം മങ്ങി ഭംഗിയില്ലാത്ത അവസ്ഥയിലാവും. ഇത് കൈകളുടെ ഭംഗി നഷ്ടപ്പെടാനും കാരണമാവും. അതുകൊണ്ട് ആവശ്യം കഴിയുമ്പോള്‍ മൈലാഞ്ചി പൂര്‍ണമായും കളയാന്‍ ചില എളുപ്പവഴികളുണ്ട്.

* മുഖത്ത് ഉപയോഗിക്കുന്ന ബ്ലീച്ച് മൈലാഞ്ചിയിട്ടിട്ടുള്ള ഭാഗങ്ങളില്‍ പുരട്ടി ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുക.

* ബേക്കിങ് സോഡയില്‍ ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. ഇത് പുരട്ടി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ചിലപ്പോള്‍ ഇത് കൈ വരണ്ടുപോവാന്‍ കാരണമാകും. അതിനാല്‍ നന്നായി മോയിസ്ചറൈസര്‍ പുരട്ടണം.

* വളരെ വേഗം മൈലാഞ്ചി മങ്ങിപ്പോവാന്‍ ടൂത്ത് പേസ്റ്റ് പുരട്ടുന്നതും നല്ലതാണ്. പേസ്റ്റ് പുരട്ടി ഉണങ്ങിയതിന് ശേഷം ഇരുകൈകളും കൂട്ടിത്തിരുമ്മിയാല്‍ നിറം പെെട്ടന്ന് മങ്ങും.

* ഹാന്‍ഡ് വാഷും നല്ലതാണ്. ഇടയ്ക്കിടെ കൈകള്‍ കഴുകുക. ദിവസം 10/ 12 പ്രാവശ്യം വരെയാകാം. മൈലാഞ്ചി മങ്ങാന്‍ സോപ്പും സഹായിക്കും. അമിതമായി കൈ കഴുകിയാല്‍ ചര്‍മം വരളും. അതുകൊണ്ട് ഓരോ തവണ കൈകഴുകി കഴി ഞ്ഞാലും മോയിസ്ചറൈസര്‍ പുരട്ടാന്‍ മറക്കരുത്.

* ഇളംചൂട് വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് 20 മിനിറ്റ് നേരം മുക്കിവയ്ക്കുക. ഇത് ഇടയ്ക്കിടെ ചെയ്യുമ്പോള്‍ മൈലാഞ്ചി മാഞ്ഞുപോകും. കൈ വരണ്ടുപോവാതിരിക്കാന്‍ മോയിസ്ചറൈസര്‍ പുരട്ടുകയും വേണം.

കീര്‍ത്തി കാര്‍മല്‍ ജേക്കബ്