മൃദു സ്വഭാവത്തോടെ മഹീന്ദ്ര മറാസോ
മൃദു സ്വഭാവത്തോടെ  മഹീന്ദ്ര മറാസോ
Friday, November 2, 2018 3:12 PM IST
ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന എംപിവി വിഭാഗത്തിൽ മഹീന്ദ്രയുടെ ആദ്യ മോഡൽ സൈലോയായിരുന്നു. എന്നാൽ ടാക്സി മേഖലയിലാണ് സൈലോ പ്രധാനമായും വിൽപ്പന നടന്നത്. സ്വകാര്യ വാഹനം എന്ന നിലയ്ക്ക് പേരെടുത്ത മാരുതി എർട്ടിഗ, റെനോ ലോഡ്ജി പോലുള്ള മോഡലുകളോടു മത്സരിക്കാൻ പോന്ന ഒരു മോഡൽ എന്ന മോഹം മഹീന്ദ്ര ഒടുവിൽ സാക്ഷാത്കരിച്ചു. അതാണ് മറാസോ. ടൊയോട്ട ഇന്നോവയ്ക്ക് ഇന്നോവ ക്രിസ്റ്റയിലേയ്ക്കു സ്ഥാനം കയറ്റം കിട്ടിയപ്പോഴുണ്ടായ ഒഴിവ് നികത്താനാണ് മറാസോയുടെ വരവ്. അത്യാധുനിക എംപിവികൾക്കൊപ്പം നിൽക്കുന്ന രൂപഭംഗിയും മികച്ച ഡീസൽ എൻജിനുമുള്ള മഹീന്ദ്ര മറാസോയുടെ ടെസ്റ്റ് ഡ്രൈവിലേയ്ക്ക്.

രൂപകൽപ്പന

ചീറ്റയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു എസ് യു വിയായ എക്സ് യു വി ഫൈവ് ഡബിൾ ഒയുടെ രൂപകൽപ്പനയെങ്കിൽ സ്രാവിന്‍റെ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മറാസോയുടെ ഡിസൈൻ. സ്പാനിഷ് ഭാഷയിൽ സ്രാവ് എന്നാൽ മറാസോ എന്നാണ്. മോഡലുകളുടെ പേര് ഒ എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ അവസാനിക്കും വിധം തിരഞ്ഞെടുക്കുന്ന മഹീന്ദ്രയുടെ പതിവ് മറാസോയുടെ കാര്യത്തിലും തുടർന്നു.

മഹീന്ദ്രയുടെ മറ്റുപല മോഡലുകളെപ്പോലെ വലിയ അലങ്കാരങ്ങൾ കൂടാതെയുള്ള ലളിതമായ രൂപമാണ് മറാസോയ്ക്ക്. മുന്നിലെ ഗ്രില്ലിലെ ആറ് ക്രോം അഴികൾ സ്രാവിന്‍റെ പല്ലുകളെ ഓർമിപ്പിക്കുന്നു. എക്സ് യു വിയിൽ കണ്ടതരം പ്രൊജക്ടർ ഹെഡ് ലാംപുകളാണ് മറാസോയ്ക്കും. സ്രാവിന്‍റെ വാലിന്‍റെ ആകൃതിയാണ് ടെയിൽലാംപുകൾക്ക്.

പുതിയ പ്ലാറ്റ്ഫോമിലാണ് ഫ്രണ്ട് വീൽ ഡ്രൈവായ മറാസോയെ ഒരുക്കിയിരിക്കുന്നത്. എക്സ് യു വി 500 യ്ക്ക് സമാനമായി 4,585 മില്ലീമീറ്ററാണ് നീളം. ഇന്നോവയെ അപേക്ഷിച്ച് നീളം കുറവെങ്കിലും വീൽബേസ് കൂടുതലുണ്ട്. ഇത് അധിക ഇന്‍റീരിയർ സ്ഥലം ഉറപ്പാക്കുന്നു. മോണോക്ക് ബോഡിയല്ല. കൂടുതൽ ഭാരം വഹിക്കാൻ കഴിവുള്ള ലാഡർ ഫ്രെയിം ആണ് മറാസോയ്ക്ക്.

മഹീന്ദ്ര നിർമിച്ചതിൽ വച്ചേറ്റവും ഗുണമേന്മയേറിയ ഡാഷ്ബോർഡാണ് മറാസോയുടെത്. രൂപകൽപ്പന കൊണ്ടും നിലവാരംകൊണ്ടും മികച്ചതാണ് ഏഴിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്‍റ് സിസ്റ്റമുള്ള ഡ്യുവൽ ടോണ്‍ ഡാഷ്ബോർഡ്.
ഏഴ്, എട്ട് എന്നീ സീറ്റ് ക്രമീകരണങ്ങളുള്ള വകഭേദങ്ങൾ മറാസോയ്ക്കുണ്ട്. ഏഴ് സീറ്ററിന് രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളാണ്. എട്ട് സീറ്ററിന് ആ സ്ഥാനത്ത് ബെഞ്ച് സീറ്റും.

പിടിച്ചുകയറേണ്ട കാര്യമില്ല, അനായാസമായി പ്രവേശിക്കാവുന്ന വിധമാണ് വാഹനത്തിന്‍റെ ഫ്ളോർ ഉയരം ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം നിരയിൽ മാത്രമല്ല മൂന്നാം നിരയിലും ആവശ്യം പോലെ ലെഗ് സ്പേസ്, ഷോൾഡർ റൂം, ഹെഡ് റൂം എന്നിവ ലഭിക്കുന്നു. മൂന്ന് നിരകളിലും വേഗത്തിൽ തണുപ്പെത്തിക്കുംവിധം രൂപകൽപ്പന ചെയ്ത റൂഫ് മൗണ്ടഡ് എസി വെന്‍റ് സവിശേഷതയാണ്. എല്ലാ സീറ്റുകളും നിവർത്തി വച്ചിരിക്കുന്പോൾ 190 ലീറ്ററാണ് ലഗേജ് സ്പേസ്. മൂന്നാം നിര സീറ്റ് രണ്ട് ഭാഗങ്ങളായി വേർതിരിച്ച് മടക്കാനുള്ള സൗകര്യം നൽകിയിട്ടുണ്ട്. കൂടുതൽ വലുപ്പമുള്ള ലഗേജ് വയ്ക്കാൻ ഇത് അവസരം നൽകുന്നു. മൂന്നാംനിര സീറ്റ് പൂർണ്ണമായി മടക്കിയാൽ ലഗേജ് സ്പേസ് 680 ലീറ്ററാകും. ഉയർത്തിവയ്ക്കാവുന്ന സണ്‍ഷേഡുകൾ വിൻഡോകൾക്കുണ്ട്. ചെറിയ കാര്യമാണെങ്കിലും ഇതേറെ പ്രയോജനപ്പെടുന്നതുതന്നെ.

എൻജിൻ ഡ്രൈവ്

മറാസോയുടെ ബോണറ്റിനടിയിൽ പുതുപുത്തൻ 1.5 ലീറ്റർ ഡീസൽ എൻജിനാണ്. രണ്ട് ടണ്ണിനടുത്ത് ഭാരമുള്ള വാഹനത്തിന് 1.5 ലിറ്റർ എൻജിൻ? നെറ്റിചുളിക്കേണ്ട. റെനോ ലോഡ്ജിയുടെ 1.5 ലിറ്റർ എൻജിനേക്കാൾ ശേഷി ഇതിനുണ്ട്. നാല് സിലിണ്ടർ, ടർബോ എൻജിന് 121 ബിഎച്ച്പി 300 എൻഎം ആണ് പരമാവധി ശേഷി. ഫ്രണ്ട് വീൽ ഡ്രൈവുള്ള എംപിവിയ്ക്ക് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിക്കുന്നു.


മറാസോ സ്റ്റാർട്ട് ചെയ്ത് നോക്കാം. പാസഞ്ചർ ക്യാബിനിൽ എൻജിൻ ശബ്ദം കേൾക്കാനേയില്ല. ഡീസൽ എൻജിൻ പ്രവർത്തിക്കുന്നുണ്ടോയെന്നു പോലും സംശയിക്കും. അത്രയ്ക്കും മികച്ചതാണ് ഇൻസുലേഷൻ. സ്മൂത്തായി വേഗമെടുക്കുന്നു. 1,750 ആർപിഎമ്മിനോട് അടുത്ത് ടർബോ പ്രവർത്തിച്ചുതുടങ്ങും. ഓടിക്കാൻ നല്ല രസം. കട്ടി കുറഞ്ഞ ക്ലച്ചും കൃത്യമായി വീഴുന്ന ഗീയറുകളും ഡ്രൈവിംഗ് സുഖകരമാക്കുന്നു. ഉയർന്ന വേഗത്തിൽ പോകുന്പോഴുള്ള വാഹനത്തിന്‍റെ സ്ഥിരതയും അഭിനന്ദനം അർഹിക്കുന്നു. മറ്റു മഹീന്ദ്ര വാഹനങ്ങളിലേതുപോലെ ഗീയർ ലിവർ വിറയ്ക്കുന്നില്ല. കേബിൾ ഷിഫ്ട് മെക്കാനിസം ഉപയോഗിക്കുന്നതിന്‍റെ മെച്ചം.
ഓട്ടോമാറ്റിക് ഗീയർബോക്സുള്ള വകഭേദം വരാനിരിക്കുന്നുവെന്നാണ് അറിവ്.

അതുകൂടിയായാൽ മറാസോയ്ക്ക് കൂടുതൽ ആവശ്യക്കാരെ കിട്ടും. നാല് വീലുകൾക്കും ഡിസ്ക് ബ്രേക്ക് ഉപയോഗിക്കുന്ന മറാസോയും ബ്രേക്കിംഗ് കാര്യക്ഷമവും മികച്ചതാണ്. ചെറിയ വേഗത്തിൽ സ്റ്റിയറിംഗ് ഏറെ അയവുള്ളതായി മാറുന്നു. അതുകൊണ്ടുതന്നെ പാർക്കിംഗ് അനായാസമാകുന്നു. ഉയർന്ന വേഗത്തിൽ മതിയായ വിധം സ്റ്റിയറിംഗ് കട്ടിയാവുന്നുമുണ്ട്.

കൊച്ചിയിലെ എക്സ്ഷോറൂം വില

മാരുതി എർട്ടിഗയെ അപേക്ഷിച്ച് വിലക്കൂടുതലാണ് മറാസോയ്ക്ക്. മാന്വൽ, ഓട്ടോമാറ്റിക് വകഭേദങ്ങളുള്ള പെട്രോൾ എൻജിൻ ഓപ്ഷൻ ഉണ്ടെന്നതും എർട്ടിഗയുടെ മേന്മ. മാരുതി എംപിവിയ്ക്ക് 7.02 ലക്ഷം രൂപ മുതൽ 11.23 ലക്ഷം രൂപ വരെയാണ് കൊച്ചിയിലെ എക്സ്ഷോറൂം വില. മറ്റൊരു എതിരാളിയായ റെനോ ലോഡ്ജിയുടെ എക്സ്ഷോറൂം വില 8.70 ലക്ഷം രൂപ 12.15 ലക്ഷം രൂപ. ആകർഷകമായ രൂപം, കൂടുതൽ സ്ഥല സൗകര്യം, ഫീച്ചറുകൾ എന്നിവ പരിഗണിക്കുന്പോൾ മറാസോയുടെ വില കൂടുതലാണെന്ന് പറയാനാവില്ല.

അടിസ്ഥാന വകഭേദമായ എം 2 നും രണ്ട് എയർബാഗുകൾ , എബിഎസ് ഇബിഡി, ചൈൽഡ് സീറ്റ് ഉറപ്പിക്കാനുള്ള സംവിധാനം എന്നിവയുണ്ട്. മൂന്ന് നിരകൾക്കുമായി എസി വെന്‍റുകൾ, പവർ വിൻഡോസ് , സെൻട്രൽ ലോക്കിംഗ് എന്നിവയും അടിസ്ഥാന വകഭേദത്തിനുണ്ട്.

എം 4 ന് റൂഫിൽ ഉറപ്പിച്ച ആന്‍റിന, 16 ഇഞ്ച് വീൽ കവറുകൾ, യുഎസ്ബി ഓക്സിലറി കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ബാഹ്യമിററുകൾ, റിയർ വൈപ്പർ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നീ അധിക സൗകര്യങ്ങളുണ്ട്. എം 6 ന് 16 ഇഞ്ച് അലോയ് വീലുകൾ , പ്രൊജക്ടർ ഹെഡ് ലാംപുകൾ , മുന്നിലും പിന്നിലും ഫോഗ് ലാംപുകൾ , കീലെസ് എൻട്രി , ഏഴിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, സ്റ്റിയറിംഗിൽ ഓഡിയോ കണ്‍ട്രോളുകൾ എന്നിവ അധികമായി ഉണ്ട്.

മുന്തിയ വകഭേദമായ എം 8 ന് എൽഇഡി ഡേ ടൈം റണ്ണിംഗ് ലാംപുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയുമുള്ള ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോൾ, ക്രൂസ് കണ്‍ട്രോൾ, ബട്ടൻ അമർത്തി മടക്കാവുന്ന ബാഹ്യമിററുകൾ, റിയർ പാർക്കിംഗ് ക്യാമറ സെൻസർ എന്നിവയുമുണ്ട്.

കൊച്ചിയിലെ എക്സ്ഷോറൂം വില
എം 2- 9.99 ലക്ഷം രൂപ
എം 4- 10.94 ലക്ഷം രൂപ
എം 6 -12.40 ലക്ഷം രൂപ
എം 8 -13.89 ലക്ഷം രൂപ.

അവസാനവാക്ക്

പുതിയ പ്ലാറ്റ്ഫോം, പുതിയ രൂപകൽപ്പന ശൈലി, പുതിയ എൻജിൻ എന്നിവയുള്ള മറാസോ എല്ലാം കൊണ്ടും മികച്ചതാണ്. പഴയ ഇന്നോവയുടെ വില നിലവാരത്തിൽ ഏഴ് സീറ്റർ എംപിവി തേടുന്നവർക്ക് ഇണങ്ങും. മഹീന്ദ്ര വാഹനങ്ങൾക്ക് പൊതുവേയുള്ള പരുക്കൻ സ്വഭാവം മറാസോയ്ക്കില്ല. കാർ പോലെ കൈകാര്യം ചെയ്യാം. അടിസ്ഥാന വകഭേദത്തെക്കാൾ, ആവശ്യത്തിനു സൗകര്യങ്ങളുള്ള എം 4 വേരിയന്‍റ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

ഐപ്പ് കുര്യൻ