പ്രളയാനന്തര പുനരുദ്ധാരണം പൈനാപ്പിളില്‍
പ്രളയാനന്തര പുനരുദ്ധാരണം പൈനാപ്പിളില്‍
Thursday, October 25, 2018 2:40 PM IST
വെള്ളപ്പൊക്കത്തില്‍ പൈനാപ്പിള്‍ കൃഷി പൂര്‍ണമായും നശിച്ച തോട്ടങ്ങള്‍ വൃത്തിയാക്കി പുതുകൃഷി നടത്തണം. 50 ശതമാനത്തില്‍ താഴെ നശിച്ച പൈനാപ്പിള്‍ തോട്ടങ്ങളെ പുനരുജ്ജീവിപ്പിക്കാം. നശിച്ച ചെടികള്‍ പിഴുതുമാറ്റി, നല്ലവ വൃത്തിയാക്കി, വേണ്ട വളവും പരിചരണവും നല്കി ഉത്പാദനക്ഷമമാക്കാം. കാര്യമായ നാശങ്ങളില്ലാത്ത തോട്ടങ്ങളെ ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ പൂര്‍ണമായും പുനരുദ്ധരിച്ചെടുക്കാം.
മണ്ണ്-ജല സംരക്ഷണം

പ്രളയത്തിലും പെരുവെള്ളപ്പാച്ചിലിലും താഴ്ന്ന സ്ഥലങ്ങളില്‍ 5-35 സെന്റീമീറ്റര്‍ കനത്തില്‍ എക്കല്‍ മണ്ണ് അടിഞ്ഞിട്ടുള്ളതായി കണക്കാക്കിയിട്ടുണ്ട്. ഈ എക്കല്‍ മണ്ണിന്റെ ശാസ്ത്രീയ പരിശോധനയില്‍ പിഎച്ച് 5.9-6 ഇടയിലായി അമ്‌ളമാണെന്നു തെളിഞ്ഞു. ഓര്‍ഗാനിക് കാര്‍ബണ്‍ 1.85 - 1.9 ശതമാനം കൂടുതലുണ്ട്. സലൈനിറ്റി ഇല്ല. മഗ്നീഷ്യം കുറവാണ്. ബോറോണ്‍, സിങ്ക്, കാല്‍സ്യം, സള്‍ഫര്‍ എന്നിവ ആവശ്യത്തിനുണ്ട്. പൊട്ടാഷ്, ഫോസ്ഫറസ് എന്നിവ കൂടുലാണെന്നും കണ്ടെത്തി.

എക്കല്‍ വന്നടിഞ്ഞ് കട്ടപിടിച്ച് നീര്‍വാര്‍ച്ചയില്ലാതായത് പരിഹരിക്കാനായി ആഴത്തില്‍ കിളച്ച് പഴയ മണ്ണുമായി എക്കല്‍ ചേര്‍ത്തിളക്കണം. വെട്ടുകല്‍ പൂഴിയോ, മണല്‍ നിറഞ്ഞ മണ്ണോ കമ്പോസ്റ്റോ ഹെ ട്കറിന് 10-20 ടണ്‍ ചേര്‍ക്കുന്നത് നീര്‍വാര്‍ച്ചയും വായു-ജലസഞ്ചാരവും വര്‍ധിപ്പിക്കും. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ഒരുകാനിക്ക് 8:4:8 ഗ്രാം നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് ഒരു വര്‍ഷം എന്നത് പരിഷ്‌കരിച്ച് വളങ്ങള്‍ പല ഗഡുക്കളായി നല്കണം.

വളപ്രയോഗത്തിന് ഒരാഴ്ച മുമ്പ് മണ്ണിന്റെ അമ്ലത കുറയ്ക്കാ ന്‍ ഹെക്ടറിന് 300 കിലോഗ്രാം കുമ്മായം ചേര്‍ക്കണം. മഗ്നീഷ്യത്തിന്റെ അഭാവം പരിഹരിക്കാനും അമ്ലത കുറയ്ക്കാനുമായി ഹെക്ടറിന് 300-500 കിലോഗ്രാം ഡോളമൈറ്റും ചേര്‍ക്കണം. എക്കല്‍ മണ്ണില്‍ ഫോസ്ഫറസും പൊട്ടാ ഷും കൂടുതലും കാല്‍സ്യം, സള്‍ ഫര്‍, ബോറോണ്‍, സിങ്ക് എന്നിവ ആവശ്യത്തിനും ഉള്ളതിനാല്‍ ഇവ സാധാരണഗതിയില്‍ പ്രത്യേ കം ചേര്‍ത്തു കൊടുക്കേണ്ടതില്ല. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് പൊട്ടാഷും നൈട്രജനും ഒലിച്ചു നഷ്ടപ്പെട്ടിട്ടുള്ളതിനാല്‍ ഇവ കൂടുതല്‍ നല്കണം.

സമ്പുഷ്ടീകരിച്ച ചാണകം, വേപ്പിന്‍പിണ്ണാക്ക്, ട്രൈക്കോഡെര്‍മ (100:10:1) മിശ്രിതം ഹെക്ടറിന് ഒരു ടണ്ണും സ്യൂഡോമോണസ് 10 കിലോഗ്രാമും ചേര്‍ത്തു കൊടുക്കുന്നത് മണ്ണ് ജീവസുറ്റതാക്കും. വരാനിരിക്കുന്ന വരള്‍ച്ച മുന്നില്‍കണ്ടുകൊണ്ട് ശാസ് ത്രീയ ജല സംരക്ഷണ മാര്‍ഗങ്ങ ളും ഇപ്പോഴേ സ്വീകരിക്കണം.


കൃഷിപരിപാലനം

പ്രളയക്കെടുതിയില്‍ പുനരുദ്ധാരണം സാധ്യമില്ലാത്ത തോട്ടങ്ങള്‍ വൃത്തിയാക്കണം. കാര്‍ഷി ക സര്‍വകലാശാലയുടെ പാക്കേ ജ് ഓഫ് പ്രാക്ടീസ് അനുസരിച്ച് പുതുക്കൃഷി നടത്തുന്നതായിരി ക്കും ഉത്തമം. പുനരുദ്ധാരണം സാധ്യമായ തോട്ടങ്ങളില്‍ തക്ക നടപടികള്‍ സ്വീകരിക്കണം. രോഗം ബാധിച്ച് ചീഞ്ഞ ചെടികള്‍ പൂര്‍ണമായും നശിപ്പിക്കണം. ഇവ കൂട്ടിയിട്ട് കത്തിച്ചു കളയുന്നത് രോഗാണു നിര്‍മാര്‍ജന ത്തിന് സഹായിക്കും. കത്തിക്കാ നാവാത്ത ഇടങ്ങളില്‍, 0.2-0.3 ശതമാനം വീര്യമുള്ള ഇന്‍ഡോഫില്‍, സാഫ് തുടങ്ങിയ കുമിള്‍ നാശിനികള്‍ തളിച്ച് രോഗാണുക്കളെ നശിപ്പിക്കാം. നല്ല പൈനാപ്പിള്‍ ചെടികള്‍ വെള്ളം പമ്പുചെയ്തു കഴുകി വൃ ത്തിയാക്കണം. കുമിള്‍ രോഗനിയന്ത്രണത്തിനായി കുമിള്‍ നാശിനികള്‍ തളിക്കണം.

മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ കുമ്മായവും ഡോ ളമൈറ്റും മണ്ണില്‍ ചേര്‍ക്കണം. ഒരാഴ്ച കഴിഞ്ഞ് ആവശ്യമായ വളപ്രയോഗം നടത്താം. ഉയര്‍ന്ന പ്രദേശങ്ങളില്‍ മൂന്നു ശതമാനം സള്‍ഫേറ്റ് ഓഫ് പൊട്ടാഷോ ഒരുശതമാനം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷോ ഇലവളമായി നല്‍കാം.

1.5 ശതമാനം യൂറിയായും ഇലവളമായി പൈനാപ്പിള്‍ ചെടികളില്‍ തളിച്ചു കൊടുക്കണം. വീ ണ്ടും ഒരാഴ്ചകഴിഞ്ഞ് സമ്പുഷ്ടീകരിച്ച ചാണകം വേപ്പിന്‍ പിണ്ണാ ക്ക് ട്രൈക്കോഡെര്‍മ (100:10:1) മിശ്രിതം ഹെക്ടറിന് ഒരു ടണ്ണും സ്യൂഡോമോണസ്, വാം എന്നിവ 10 കിലോഗ്രാം വീതവും നല്കുന്നത് രോഗങ്ങള്‍ തടയാനും വേഗത്തിലുള്ള വളര്‍ച്ചയ്ക്കും ഉത്പാദനക്ഷമതയ്ക്കും സഹായിക്കും.

അടിഞ്ഞു കൂടിയ എക്കല്‍ മണ്ണില്‍ ധാരാളം കളകളുടെ വിത്തുകള്‍ ഉണ്ടായിരിക്കും. നല്ല വളക്കൂറുള്ള മണ്ണില്‍ കളകള്‍ തഴച്ചു വളരും. ഇതിനാല്‍ വിളപരിചരണത്തില്‍ കളനിയന്ത്രണം അനിവാര്യമാണ്. ഡൈയൂറോണ്‍ (ക്ലാസ്, കാര്‍മെക്‌സ്, ഡൈയുറെക്‌സ്) എന്ന കളനാശിനി ഹെക്ടറിന് മൂന്നു കിലോഗ്രാം 600 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. ഇത് പൈനാപ്പിള്‍ കാനികള്‍ക്ക് കേടുവരുത്താതെ 4-5 മാസം വരെ കളകളെ നിയന്ത്രിക്കും. ഡൈയുറോണിന് പകരമായി ഓക്‌സിഫ്‌ളൂര്‍ഫെന്‍ (ഗോള്‍, ഓക്‌സിഗോള്‍ഡ്) എന്ന കളനാശിനി ഹെക്ടറിന് 300 ഗ്രാം (1200 മില്ലി ലിറ്റര്‍ ഗോള്‍) കാനികള്‍ നടുന്നതിന് തൊട്ടു മുമ്പായി തളിച്ചാല്‍ നാലു മാസത്തോളം കളകളൊന്നും മുളക്കില്ല.

ഡോ. പി. പി. ജോയ്
മുന്‍ പ്രഫസര്‍, അഗ്രോണമി, കേരള കാര്‍ഷിക സര്‍വകലാശാല