കൗമാരക്കാരുടെ കൈ പിടിക്കാം
കൗമാരക്കാരുടെ കൈ പിടിക്കാം
Wednesday, October 24, 2018 4:36 PM IST
ജിജ്ഞാസയും സാഹസികതയും നിറഞ്ഞ പ്രായമാണ് കൗമാരം. നല്ലതും ചീത്തയുമായ ഒരുപാടു കാര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാനുള്ള സാധ്യത ഈ പ്രായത്തിലുണ്ട്. ലൈംഗികതയെക്കുറിച്ച് അറിയാനുള്ള താല്‍പര്യവും ഉണ്ടാകാം. പ്രായത്തിനു ചേരുന്നതും ചേരാത്തതുമായ അനവധി കാര്യങ്ങള്‍ കുട്ടികളുടെ കൈയെത്തും ദൂരത്തുതന്നെയുണ്ട്. എവിടെയും ചതിക്കുഴികള്‍ കാണാനാകും. മദ്യത്തിന്റെയും ലഹരിയുടെയും പിടിയില്‍, അറിഞ്ഞും അറിയാതെയും വഴുതി വീഴുന്ന കൗമാരക്കാരുടെ എണ്ണവും ഇന്ന് കൂടുതലാണ്. അതില്‍ പെണ്‍കുട്ടികളും ഉണ്ടെന്നുള്ളത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. കരുത്തോടെയും കരുതലോടെയും ചുവടുകള്‍ പിഴയ്ക്കാതെ മക്കള്‍ക്ക് താങ്ങാകാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ഉപദേശവും നിയന്ത്രണവും മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാതെ സ്‌നേഹപൂര്‍വം അവരോടു നിര്‍ദേശിക്കാം. അതുപോലെതന്നെ സുരക്ഷിതമല്ലാത്ത ഈ ലോകത്ത് സുരക്ഷിതരായിരിക്കാന്‍ കൗമാരക്കാരും പഠിക്കണം. അറിയാം കുറച്ചു കാര്യങ്ങള്‍...

* നല്ല കേള്‍വിക്കാരാകുക. അതായത് മക്കള്‍ക്ക് നിങ്ങളോട് എന്തും തുറന്നു പറയാവുന്ന ബന്ധം വളര്‍ത്തിയെടുക്കുക

* കുട്ടികളെ അറിയുക. കുട്ടികളുടെ വികാരങ്ങളും മനോഭാവങ്ങളും സന്തോഷവും സങ്കടവും തിരിച്ചറിയാന്‍ രക്ഷകര്‍ത്താവിന് കഴിയണം. സന്തോഷങ്ങളില്‍ അവര്‍ക്കൊപ്പം നിങ്ങളും സന്തോഷിക്കണം. സങ്കടങ്ങളില്‍ അവര്‍ക്ക് പിന്തുണ നല്‍കണം. അങ്ങനെയായാല്‍ ഒരു സഹായം വേണ്ടിവരുമ്പോള്‍ അവര്‍ ആദ്യം ചിന്തിക്കുന്നത് നിങ്ങളെക്കുറിച്ചായിരിക്കും.

* ഉപദേശം വേണ്ട. തെറ്റു കണ്ടാല്‍ കുറ്റപ്പെടുത്തുകയോ മോശം ഭാഷയില്‍ ശകാരിക്കുകയോ ചെയ്യരുത്. മറിച്ചു ചെയ്താല്‍ കുട്ടിയിലേക്കുള്ള നിങ്ങളുടെ വാതില്‍ അടയും. സംഭാഷണങ്ങളിലൂടെ അറിവു പകരാന്‍ ശ്രമിക്കണം. നല്ല വാക്കുകളിലൂടെ അവരെ പ്രോത്സാഹിപ്പിക്കണം.

* കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്കൊപ്പം നിങ്ങളും ഉണ്ടാകണം. അവരുടെ താല്‍പര്യങ്ങള്‍, സുഹൃത്തുക്കള്‍, ഒഴിവുനേരങ്ങള്‍ അവര്‍ എവിടെ ചെലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. ടിവിയില്‍ അവര്‍ എന്തു കാണുന്നു, അവര്‍ക്കു താല്‍പര്യമുള്ള ഗെയിമുകളും സംഗീതവും ഏതു തരമാണ്, കംപ്യൂട്ടര്‍ ഉപയോഗിച്ച് അവര്‍ എന്തെല്ലാം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളും അറിയാന്‍ ശ്രമിക്കണം.

* പണത്തിന്റെ വില നിങ്ങള്‍ സ്വയം പഠിക്കുകയും കുട്ടിയെ പഠിപ്പിക്കുകയും വേണം. മൊബൈല്‍ ഫോണ്‍(പ്രായത്തിനു യോജിക്കാത്തത്), ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയ വിലയേറിയ വസ്തുക്കളുടെ പിന്നാലെ പോകാനുള്ള അവരുടെ ശ്രമങ്ങളെ വിലക്കണം. കുട്ടിക്കാലത്തുതന്നെ മിതവ്യയം അവരില്‍ ഉണ്ടാക്കിയെടുക്കുക.

* ട്യൂഷന്‍ പോലുള്ള ആവശ്യങ്ങള്‍ക്കായി കൗമാരക്കാരെ ഒരു മുതിര്‍ന്ന വ്യക്തിയോടൊപ്പം മുറിയില്‍ തനിച്ചാക്കേണ്ടി വരുമ്പോള്‍ ജാഗ്രത പാലിക്കണം. വീട്ടുജോലിക്കാരോടൊപ്പം കുട്ടികളെ തനിച്ചാക്കേണ്ടി വരുമ്പോഴും ഇതേ കരുതല്‍ വേണം.

* പഠനത്തില്‍ പിന്നോക്കം പോകുക, അകാരണമായ കരച്ചില്‍ പോലെ പെെട്ടന്നുണ്ടാകുന്ന വൈകാരിക മാറ്റങ്ങള്‍, കടുത്ത ദേഷ്യം, വൈരാഗ്യബുദ്ധിയോടെ എന്ന മട്ടിലുള്ള അനുസരണക്കേട്, മാനസിക വിക്ഷോഭം കൊണ്ടുള്ള പൊട്ടിത്തെറിക്കല്‍ തുടങ്ങി കുികളിലെ പെരുമാറ്റ വൈകല്യങ്ങള്‍ ചിലപ്പോള്‍ ലൈംഗികപീഡനങ്ങളുടെ ഫലമായുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രതിഫലനമാകാം. ഇത്തരം മാറ്റങ്ങള്‍ കണ്ടാല്‍ കുട്ടിയെ ശ്രദ്ധിക്കണം.

* ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കുട്ടിയോട് 'നീ നശിച്ചു പോയീ, ചീത്തയായി' തുടങ്ങിയ രീതിയില്‍ സംസാരിച്ചു വിധിയെഴുത്തു നടത്തരുത്. പ്രശ്‌നമുണ്ടായാല്‍ വിവേചനബുദ്ധിയോടെ, കുട്ടിക്കു പിന്തുണ നല്‍കുന്ന രീതിയില്‍ പെരുമാറണം. കുട്ടിയിലെ കുറ്റബോധം കുറയ്ക്കാനും വൈകാരികവിക്ഷോഭം പരിഹരിക്കാനുമാകണം നിങ്ങളുടെ ശ്രമം.

* ഒളിച്ചോടിയ കുട്ടിയെ തിരികെ കിട്ടിയാല്‍ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്. അവന്റെ പ്രശ്‌നങ്ങള്‍ക്കു നിങ്ങളും കാരണമായിട്ടുണ്ടാകാം. കുട്ടിയുടെ പ്രശ്‌നത്തിലേക്കുതിരിയും മുമ്പു നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് കണ്ടെത്താന്‍ ചെറിയൊരു സ്വയം വിമര്‍ശനം നന്നായിരിക്കും.


* കുട്ടികള്‍ക്കു ലഭിക്കുന്ന പണത്തിനപ്പുറം മൂല്യമുള്ള വസ്തുക്കള്‍ അവരുടെ പക്കല്‍ കണ്ടാല്‍ പണത്തിന്റെ ഉറവിടം കണ്ടെത്തണം. കുട്ടിയുടെ മുറിയില്‍ സിഗരറ്റ്, സിറിഞ്ച്, പാന്‍മസാലയുടെ അവശിഷ്ടങ്ങള്‍ എന്നിവ കണ്ടാല്‍ ജാഗരൂകരാകണം. കംപ്യൂട്ടറും മൊബൈല്‍ ഫോണും രഹസ്യമായി ഉപയോഗിക്കുന്നതും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ നിന്നു പെട്ടെന്ന് ഉള്‍വലിയുന്നതും ശ്രദ്ധിക്കണം. കാര്യങ്ങള്‍ നേരായ മാര്‍ഗത്തിലെത്തിക്കാന്‍ കുട്ടിയുമായി തുറന്നു സംസാരിക്കുകയാണു വേണ്ടത്..



കൗമാരക്കാരേ, ഇതു ശ്രദ്ധിക്കൂ...

* ടെലിവിഷന്‍, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണുകള്‍, സിഡികള്‍, മെമ്മറി കാര്‍ഡുകള്‍ ഇവയെല്ലാം ഇന്ന് സര്‍വസാധാരണമാണ്. അവയ്ക്കു പിന്നിലെ ചതിക്കുഴികളെക്കുറിച്ച് മനസിലാക്കണം. അശ്ലീല വെബ്‌സൈറ്റുകള്‍ക്കും ചാറ്റ് റൂം സുഹൃത്തുക്കള്‍ക്കും മോഹിപ്പിക്കുന്ന എസ്എംഎസുകള്‍ക്കും അശ്ലീല ക്ലിപ്പിംഗുകള്‍ക്കും പുറകേ പോകരുത്. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ വൈകാരിക വ്യക്തിത്വ വികസനത്തെ താറുമാറാക്കുമെന്ന കാര്യം മറക്കരുത്.

* അപരിചിതര്‍ നിങ്ങളോടു ബന്ധം പുലര്‍ത്താന്‍ അമിതമായ താല്‍പര്യം കാണിക്കുന്നുവെങ്കില്‍ അവരെ ജാഗ്രതയോടെ നിരീക്ഷിക്കണം. അനാവശ്യവും അംഗീകൃതമല്ലാത്തതുമായ സൗഹൃദവാഗ്ദാനങ്ങള്‍ അവഗണിക്കുക. ഇക്കാര്യത്തെക്കുറിച്ചു മാതാപിതാക്കളോടും നിങ്ങളുമായി അടുപ്പം പുലര്‍ത്തുന്നവരോടും ചര്‍ച്ച ചെയ്യുക.

* നിങ്ങളോട് അടുപ്പമുള്ളവര്‍ (മാതാപിതാക്കളും സുഹൃത്തുക്കളും മറ്റും) അറിയരുതെന്നു പറഞ്ഞ് അടുപ്പം പുലര്‍ത്താന്‍ എത്തുന്നവരെ അകറ്റി നിര്‍ത്തണം.

* കുടുംബാംഗങ്ങള്‍ക്കു പരിചയമില്ലാത്ത ആളുകള്‍ക്കൊപ്പം രക്ഷിതാക്കള്‍ അറിയാതെ ഭക്ഷണശാലയിലോ സിനിമയ്‌ക്കോ മറ്റു സ്ഥലങ്ങളിലോ പോകരുത്. സിനിമ, സീരിയല്‍ , മ്യൂസിക് ആല്‍ബം എന്നിവയില്‍ അഭിനയിക്കാമെന്നു പറഞ്ഞ് അപരിചിതര്‍ വിളിച്ചാല്‍ പോകരുത്.

* ലൈംഗിക താല്‍പര്യത്തോടെയുളള സ്പര്‍ശങ്ങള്‍ പരിചിതരില്‍ നിന്നായാല്‍ പോലും തിരിച്ചറിയണം. തനിച്ചാകുമ്പോഴുണ്ടാകുന്ന ഇത്തരമൊരു സ്പര്‍ശനത്തില്‍ നിന്നാകാം ലൈംഗിക പീഡനത്തിന്റെ തുടക്കം.

* ലഹരിവസ്തുക്കളോ മദ്യമോ പാന്‍ മസാലയോ ഉപയോഗിക്കാന്‍ ആരെങ്കിലും പ്രലോഭിപ്പിച്ചാല്‍ അതില്‍ നിന്നു ചെറുത്തു നില്‍ക്കുക.

* പരീക്ഷയ്ക്കു മാര്‍ക്കു കുറഞ്ഞാലോ മറ്റോ വീടു വിട്ടു പോകാനുള്ള താല്‍പര്യം ചില കുട്ടികളെങ്കിലും കാണിച്ചേക്കാം. അതു ചിലപ്പോള്‍ അസാന്മാര്‍ഗിക കൂട്ടുകെട്ടില്‍ ചെന്ന് എത്തിച്ചേക്കാമെന്ന് ഓര്‍ക്കുക.

* സ്‌കൂളിലോ ട്യൂഷന്‍ ക്ലാസിലോ പോകാതെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കറങ്ങി നടക്കരുത്. ഇത്തരം സാഹചര്യങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ കൈകളില്‍ എത്തിപ്പെേക്കാം.

* ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിന് (ലൈംഗിക പീഡനം, കുറ്റവാളി സംഘങ്ങളുടെയോ ലഹരിമരുന്നു റാക്കറ്റിന്റെയോ കെണിയിലാകല്‍ ) ഇരയാകുകയാണെങ്കില്‍ അക്കാര്യം വേണ്ടപ്പെവരോടു തുറന്നു പറയാന്‍ മടിക്കരുത്. അതു നിങ്ങളുടെ രക്ഷകര്‍ത്താവോ അധ്യാപകരോ അടുത്ത ബന്ധുക്കളോ ആവാം. കാര്യങ്ങള്‍ തുറന്നു പറയുന്നതു വഴി കുറ്റവാളിയെ എളുപ്പത്തില്‍ ശിക്ഷിക്കാനായേക്കും.

ഡോ.സി.ജെ ജോണ്‍
കണ്‍സള്‍ന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം

തയാറാക്കിയത്: സീമ മോഹന്‍ലാല്‍