മിഡ്കാപ്പുകളിൽ സാധ്യത
മിഡ്കാപ്പുകളിൽ സാധ്യത
Friday, October 19, 2018 4:47 PM IST
അടുത്ത കാലത്തു പൊതുവേ മിഡ്കാപ്പുകളിലുണ്ടായ താഴ്ച അവയിൽ പണം നിക്ഷേപിക്കുന്നതിനുള്ള അവസരമായി കാണുന്ന വിദഗ്ധരുണ്ട്. കഴിഞ്ഞുപോയ അഞ്ചാറു മാസങ്ങളിൽ അവയിൽ വലിയൊരു തിരുത്തലാണ് ഉണ്ടായത്. ഇതിന്‍റെ അർത്ഥം ഇനി ആരും മിഡ്കാപ്പുകളിൽ നിക്ഷേപിക്കരുത് എന്നല്ല.

ഇതു വാങ്ങാനുള്ള അവസരമാണ്.

വലിയ കന്പനികളെല്ലാം ജനിച്ചത് ചെറുതായിട്ടാണ്. പതുക്കെ പതുക്കെ വളർന്നു വലുതായി. അതു ടിസിഎസ് ആയാലും ഇൻഫോസിസ് ആയാലും ശരിയാണ്. കഴിഞ്ഞ അഞ്ചാറുവർഷം മുൻപ് സ്മോൾ, മിഡ്കാപ് ഓഹരികളിൽ പണം നിക്ഷേപിച്ചവർക്ക് വലിയ ലാഭം കിട്ടിയിട്ടുണ്ട്.
പല സ്മോൾകാപ് കന്പനികളും വളർന്ന് മിഡ്കാപ് ആയി. അവ ഇനിയും വളർന്ന് ലാർജ് കാപ് ആവും. മിക്കവാറും സ്മോൾ, മിഡ് കാപ് ഓഹരികൾ നമ്മുടെ സാന്പത്തിക സാഹചര്യത്തിൽ വളർന്നു വികസിക്കുവാനുള്ള സാഹചര്യം ഇന്നുണ്ട്. എല്ലാം ചാക്രികമാണ്.
കുറേ വർഷങ്ങളായി സ്മോൾ, മിഡ് കാപ് ഓഹരികൾ നേടിയ വളർച്ച തന്നെയാണ് അവയെ ഈ അടുത്ത കാലത്തെ തകർച്ചയിലേക്ക് നയിച്ചത്. ഈ തകർച്ചയിൽ നിന്ന് അവ ഉയർത്തെഴുന്നേൽക്കാതിരിക്കില്ല. ഇതു വിപണിയുടെ സ്വഭാവമാണ്.

വിപണിയെ സംബന്ധിച്ച് കൃത്യമായൊരു ടൈമിംഗ് പറയാനാവില്ല. ഏതു ഓഹരിയായാലും ഇന്ന സമയത്തു റിട്ടേണ്‍ ലഭിക്കും എന്ന് ആർക്കും പറയാനാവില്ല. മിഡ്, സ്മോൾ കാപ് ഓഹരികളിൽ പ്രത്യേകിച്ചും. താഴ്ന്നു നിൽക്കുന്ന ഈ സെക്ടർ ഇപ്പോൾ നിക്ഷേപാർഹമാണ്. പക്ഷേ എന്ന് ഉയരും എന്ന് പറയാനാകില്ല. ഇനിയും അവ താഴില്ല എന്ന് നൂറുശതമാനം കൃത്യതയോടെ പ്രവചിക്കാനും ആകില്ല.

ഇപ്പോൾ ലാർജ് കാപ് കന്പനികളുടെ വാല്യുവേഷൻ അവയുടെ ചരിത്രപരമായ ശരാശരിയേക്കാൾ ഉയരത്തിലാണ്. അതുകൊണ്ട് അടിസ്ഥാനമുള്ള, മൂല്യവളർച്ചാ സാധ്യതയുള്ള മിഡ്കാപ് ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കാവുന്നതാണ്. ഗ്രാമീണ മേഖല, കയറ്റുമതി തുടങ്ങിയ മേഖലകളിലെ കന്പനികളിൽ പ്രത്യേകിച്ചും.

നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നത് ഏത് ഓഹരിയാണെങ്കിലും ക്ഷമ ഉണ്ടായേ തീരൂ. 8-10 വർഷം മുന്നിൽ കണ്ടുവേണം നിക്ഷേപിക്കാൻ.

മിഡ്കാപ് ഓഹരികളുടെ വാല്യുവേഷൻ

മിഡ്കാപ്പുകളിൽ ചില തിരുത്തലുകൾ ഈയിടയ്ക്ക് സംഭവിച്ചല്ലോ. മിഡ്കാപ്പുകളുടെ വളർച്ചാസാധ്യത വളരെ കൂടുതലായിരിക്കുമെന്ന് ചിന്തിക്കുന്നവർ ധാരാളം. മിഡ്കാപ്പുകൾ ഓഹരിവിപണിയുടെ ഒരറ്റമാണ്. മിഡ്കാപ്പിൽ നിന്നാണ് പല ബിസിനസുകളുടേയും വളർച്ച ത്വരിതഗതിയിലാവുന്നത്. അങ്ങനെ അവർക്ക് വൻതോതിൽ സന്പത്ത് സൃഷ്ടിക്കാനാവും.

100 ശതമാനം ആകരുത്

മിഡ്കാപ്പിന് വളർച്ചാ സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ലാർജ് കാപ്പുകൾ 50 ശതമാനമെങ്കിലും ഉണ്ടാകട്ടെ. ഓഹരി നിക്ഷേപത്തിലും വൈവിധ്യവത്കരണം നടപ്പാക്കണം. എല്ലാ സെക്ടറുകളിലും പ്രാതിനിധ്യം ഉണ്ടായിരിക്കാൻ നോക്കണം.

എങ്ങോട്ടാണ് വിപണി

എങ്ങോട്ടാണ് വിപണിയെന്ന് ആർക്കും ഇപ്പോൾ അറിയില്ല. പ്രവചിക്കാനും ആകില്ല. മിഡ്, സ്മോൾ കാപ് ഓഹരികൾ മുൻപ് നേടിയ വളർച്ച തന്നെയാണ് അവയുടെ പതനത്തിലേക്ക് നയിച്ചത്. ഇപ്പോഴത്തെ താണനിലയിൽ നിന്നാകും അവയുടെ മുന്നോട്ടുള്ള പ്രയാണവും.

ഇതാണല്ലോ വിപണിയുടെ സ്വഭാവം. കൊള്ളാവുന്ന ഈ ഗണത്തിൽപ്പെടുന്ന കുറേ കേരള ഓഹരികൾ താഴെ കൊടുത്തിരിക്കുന്നു.

1. സൗത്ത് ഇന്ത്യൻ ബാങ്ക്
2. വിഗാർഡ്
3. ഫെഡറൽ ബാങ്ക്
4. മുത്തൂറ്റ് ഫിനാൻസ്

ഭാവി സാധ്യതയുള്ള, സ്ഥിരമായി ലാഭമുണ്ടാക്കുന്ന മറ്റു 10 ഓഹരികൾ ചുവടെ നൽകുകയാണ്. ശ്രദ്ധിക്കുക.

1. റോൾട്ട ഇന്ത്യ
2. ഐ.ആർ.ബി ഇൻഫ്ര
3. ഗ്രാന്യൂൾസ് ഇന്ത്യ
4. ബർജർ പെയിന്‍റ്
5. അപ്പോളോ ഹോസ്പിറ്റൽസ്
6. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്
7. സുവെൻ സയൻസസ്
8. ഹാവൽസ് ഇന്ത്യ
9. ഹെറിറ്റേജ് ഫുഡ്സ്
10. അശോക് ലേലാൻഡ്

ഈ 10 കന്പനികളും നിക്ഷേപ യോഗ്യമാണ്. എന്ന്, എപ്പോൾ നിക്ഷേപിക്കണം എന്നതാണ് പ്രധാനം. കേരള കന്പനികളിൽ എസ്ഐബി കുറേക്കാലമായി 18-33 റേഞ്ചിൽ തുടരുകയാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഈ ബാങ്കിന്‍റെ ഓഹരികളിൽ ഒരു കുതിപ്പ് പലരും പ്രതീക്ഷിക്കുന്നുണ്ട്. വിഗാർഡ് താഴ്ന്ന നിലയിൽ നിന്ന് വളരെയേറെ ഉയർന്ന സ്ഥിരതയാർജിച്ചിരിക്കുകയാണ്. പക്ഷേ നല്ല മാനേജ്മെന്‍റും ഭാവി സാധ്യതയും തുടർച്ചയായ ലാഭവുമൊക്കെ കണക്കിലെടുക്കുന്പോൾ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഫെഡറൽ ബാങ്കും കരൂർ വൈശ്യാ ബാങ്കും സാധ്യതയുള്ള ഓഹരികൾ തന്നെ. നിക്ഷേപാർഹവും.

പക്ഷേ ഇതിലൊന്നും പെട്ടെന്ന് പണമുണ്ടാക്കാമെന്ന് കരുതി നിക്ഷേപിക്കരുത്. കഴിഞ്ഞ ആറേഴ് വർഷമായി എസ്ഐബി അങ്ങനെ തന്നെ തുടരുകയാണ്. ഒരിടയ്ക്ക് 33 രൂപവരെ എത്തി എന്നതു ശരിയാണ്.

പിന്നീട് കൊടുത്തിരിക്കുന്ന പത്തു കന്പനികളും താഴ്ന്ന നിലകളിൽ നിന്ന് വളരെയേറെ ഉയർന്ന ഓഹരികളാണ്. ഇവയിൽ ഓടിച്ചാടി കയറണമെന്നല്ല സൂചിപ്പിക്കുന്നത്. അവയെ പഠിക്കുക.
പ്രവർത്തനഫല റിപ്പോർട്ടുകൾ, കഴിഞ്ഞ 10 വർഷത്തെ ലാഭശതമാനം, മാനേജ്മെന്‍റ് ഇവയെല്ലാം അരിച്ചുപെറുക്കി മനസിലാക്കുക.

52 ആഴ്ചയിലെ താഴ്ന്ന വിലയും ഉയർന്ന വിലയും കണ്ടെത്തുക. ലൈഫ് ടൈം ലോയും ലൈഫ്ടൈം ഹൈയും കണ്ടുപിടിക്കുക. കഴിഞ്ഞ ആറുമാസം ഓരോ ഓഹരിയും ചലിച്ചതെങ്ങനെയാണെന്ന് മനസിലാക്കുക.

അഞ്ചാറുമാസത്തെ ദിവസേനയുള്ള ക്ലോസിംഗ് പ്രൈസ് നോട്ടുചെയ്ത് സൂക്ഷിക്കുക. ഓഹരിവില താഴേക്കു വരുന്പോൾ നിക്ഷേപിക്കുക. കയ്യിലുള്ള പണമൊന്നും ഒറ്റയടിക്ക് നിക്ഷേപിക്കാതെ കുറച്ച് ഓഹരികൾ വാങ്ങി കാത്തിരിക്കുക. ഇടിവുണ്ടാകുന്പോൾ പിന്നേയും വാങ്ങുക. ഒന്നോ, രണ്ടോ മൂന്നോ വർഷം ഈ രീതിയിൽ നിക്ഷേപം നടത്തിയിട്ട് കാത്തിരുന്നു ചലനങ്ങൾ നിരീക്ഷിക്കുക. ഇരട്ടിയാകുന്പോൾ വിൽക്കാം. 50 ശതമാനമൊക്കെ കയറിയാൽ മുതിൽമുടക്ക് തിരികെയെടുക്കാം.

റിസ്ക് എടുക്കാൻ തയറാണെങ്കിൽ വിൽക്കാതെ കാത്തിരിക്കാം. എന്തായാലും ബുൾ മാർക്കറ്റ് വന്നെത്തിയാൽ വിൽക്കാൻ തയാറെടുത്തുകൊള്ളണം. ബെയർ മാർക്കറ്റാകുന്പോൾ വാങ്ങാനും. ഒരിക്കൽ വിറ്റ ഓഹരിയിൽ പിന്നേയും നിക്ഷേപിക്കുന്നത് ആ വിലയിലും ഓഹരി താഴേ വരുന്പോൾ മാത്രമായിരിക്കണം.

ചില പ്രത്യേക കാരണങ്ങൾകൊണ്ട് ഓഹരികളിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾ വരാം. ഇതിനെ മുതലെടുക്കണമെങ്കിൽ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കണം.