മൊബൈലില്‍ കുരുങ്ങുന്ന കൗമാരം
മൊബൈലില്‍ കുരുങ്ങുന്ന കൗമാരം
Wednesday, October 17, 2018 4:22 PM IST
കൗമാരക്കാരില്‍ മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം ഏറ്റവും അധികം വര്‍ധിച്ചിരിക്കുന്നു. 12 വയസിനു മുകളിലുള്ള 80 ശതമാനം കുട്ടികളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഇത് അവരുടെ മാനസിക ശാരീരിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. പലരും തങ്ങളുടെ ഏകാന്തത, വിരസത എന്നിവ ഒഴിവാക്കാനാണ് ഫോണ്‍ ഉപയോഗിക്കുന്നത്. നിമിഷനേരത്തിനുള്ളില്‍ ഇന്റര്‍നെറ്റു വഴി പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കപ്പെടുന്നു. ഇതു പഴയ തലമുറയില്‍ സാധ്യമല്ലാത്ത ഒരു കാര്യമായിരുന്നു.

15 മുതല്‍ 25 വയസുള്ളവരെയുള്ളവരില്‍ 64 ശതമാനം ആളുകളും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. കുട്ടിക്ക് സ്വന്തമായി മൊബൈല്‍ ഫോണില്ലായെന്ന് സങ്കടത്തോടെ പറയുന്ന രക്ഷിതാക്കളുണ്ട്. അതുകൊണ്ടുതന്നെ പത്താംക്ലാസ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ കുട്ടികള്‍ക്കു ഫോണ്‍ വാങ്ങിക്കൊടുക്കുകയായി. ഇതിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ആരും ബോധവന്മാരല്ല. കുട്ടികള്‍ മിടുക്കനായി എന്നു പറയുമ്പോള്‍ അവന്റെ സ്വഭാവരൂപീകരണത്തെക്കുറിച്ച് ചിന്തിക്കണം.

മൊബൈല്‍ ഫോണ്‍ നമ്മുടെ ആശയ വിനിമയത്തെ സുഗമമാക്കിയെങ്കിലും ഇതു നമ്മുടെ ബന്ധങ്ങളെ ശിഥിലമാക്കിയിുണ്ടെന്ന കാര്യം വിസ്മരിക്കരുത്.

മൊബൈലില്‍ സംസാരിക്കുമ്പോള്‍/ ടെക്‌സ്റ്റ് അയക്കുമ്പോള്‍ മുഖാമുഖം കാണുന്നില്ല. പല കാര്യങ്ങളുടെ ഇടയിലായിരിക്കും ഇതു ചെയ്യുന്നത്. അതിനാല്‍ ശ്രദ്ധയോടെ നാം ആഗ്രഹിച്ച കാര്യം അറിയിക്കാനും മറ്റേ ആളോടുള്ള ശരിയായ വികാരം പ്രകടിപ്പിക്കാനും സാധ്യമല്ല. പല കുട്ടികളും സ്‌കൂളില്‍, ക്ലാസ് നടക്കുന്നതിനിടയിലിരുന്നു ഫോണ്‍ സന്ദേശങ്ങള്‍ കൈമാറുന്നു. (വീഡിയോ കോള്‍ എപ്പോഴും എല്ലാവര്‍ക്കും സാധ്യമാകണമെന്നില്ല). പലരും പ്രണയബന്ധത്തില്‍ വീഴുന്നതുതന്നെ, ഫേസ്ബുക്കിലും വാട്‌സാപ്പിലും ചാറ്റു ചെയ്തിട്ടാണ്. എന്നാല്‍ ഇതില്‍ ഒളിച്ചിരിക്കുന്ന അപകടത്തെ നാം തിരിച്ചറിയുന്നില്ല.

ഫോണില്‍ ഐ ലൗ യു എന്നു സന്ദേശമയക്കുന്ന ആളുടെ ഹൃദയത്തില്‍ ഈ സ്‌നേഹത്തിന്റെ വികാരമൊന്നും ഉണ്ടാവണമെന്നില്ല. മാത്രമല്ല, ഇതേ സന്ദേശം വേറെ മൂന്നോ നാലോ പേര്‍ക്കും ഒരേ സമയത്തു തന്നെ അയയ്ക്കാം. പല കുട്ടികളും മൊബൈല്‍ ഗെയ്മുകള്‍ കളിക്കാനായി ജീവിതം തന്നെ നഷ്ടപ്പെടുത്തുന്നു. ഈ കളികള്‍ അവരെ അലസന്മാരും പൊണ്ണത്തടിയന്മാരുമാക്കി തീര്‍ക്കും. പലര്‍ക്കും കണ്ണുകള്‍ക്കും തകരാറുണ്ടാകുന്നു. പഠനത്തില്‍ പിന്നോട്ടു പോവുകയും, പലരും സ്‌കൂളില്‍ പോകാതിരിക്കുകയും ചെയ്യുന്നു. ചിലര്‍ ചെറിയ കാര്യങ്ങളില്‍ അക്രമാസക്തരാവുന്നു.

വണ്ടി ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടസാധ്യത കൂട്ടും. ഫോണിലുള്ള ഇന്റര്‍നെറ്റിലൂടെ അനേകര്‍ അശ്ലീലചിത്രങ്ങള്‍ കാണുന്നു. നമ്മുടെ നാട്ടില്‍ കൗമാരപ്രായത്തിലുള്ള ആണ്‍കുട്ടികളാണ് ഇതിനടിമയാകുന്നത്. ഇതു അവരുടെ ഇടയില്‍ മൂല്യച്യുതിക്കും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും കാരണമാകുന്നു. പലപ്പോഴും അമ്മമാരുടെ ഫോണെടുത്തു ഗെയിം കളിക്കും. അമ്മയുടെ ഫോണ്‍ ഉപയോഗം തന്നെ കുറയ്ക്കണം.

ശരിയായ രീതിയില്‍ ഫോണ്‍ ഉപയോഗിക്കാം

മൊബൈല്‍ ഫോണിലൂടെ കുട്ടിക്ക് പാട്ടുകേള്‍ക്കുകയോ റേഡിയോ സന്ദേശം കേള്‍ക്കുകയോ ചെയ്യാം. എന്നാല്‍ ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗം നിരുത്സാഹപ്പെടുത്തണം. ഇനി പഠനാവശ്യത്തിനായി നെറ്റ് ഉപയോഗിക്കണമെങ്കില്‍, വീട്ടില്‍ സ്വീകരണ മുറിയിലിരുന്ന് (എല്ലാവരും കാണുന്നിടത്ത്) അരമണിക്കൂര്‍ ഉപയോഗിക്കാം. ഇക്കാര്യത്തില്‍ മാതാപിതാക്കളും അധ്യാപകരും ഈ നിബന്ധന പാലിക്കണം. ഒരിക്കലും 20 വയസിനു താഴെ പ്രായമുള്ള കുട്ടിക്ക് സ്വന്തമായി മൊബൈല്‍ വാങ്ങിച്ചു കൊടുക്കരുത്. നിങ്ങള്‍ എത്ര സ്‌നേഹിച്ചു വളര്‍ത്തിയ കുട്ടിയാണെങ്കിലും അത് അവന്റെ സ്വഭാവത്തെ മാറ്റാനിടയുണ്ട്. സ്ഥിരമായി വീഡിയോ ഗെയിം കളിക്കുന്ന കുട്ടി വയലന്‍സ് ഇഷ്ടപ്പെടുന്നു. സ്മാര്‍ട്ട് ഫോണിന്റെ അടിമത്തം ഏറ്റവും കൂടുതലുള്ളതു പെണ്‍കുികളിലാണ്. പഠനഭാഗങ്ങള്‍ ചിത്രങ്ങളായോ, വീഡിയോയായോ കാണിച്ചു പഠിപ്പിക്കാം. എന്നാല്‍ അതു മാതാപിതാക്കളുടെ നിരീക്ഷണത്തിലാവണം.


നിശ്ചിത സമയം അനുവദിക്കാം

കുട്ടികള്‍ക്കു ഫോണ്‍ ഉപയോഗിക്കുവാനായി ഒരു നിശ്ചിത സമയം ക്രമീകരിക്കണം. ഒരു ദിവസത്തില്‍ ഒരു മണിക്കൂറിനു മുകളില്‍ ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിക്കരുത്. കുട്ടി ഏതൊക്കെ സൈറ്റുകളില്‍ കയറുന്നുണ്ട്, ഏതൊക്കെ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്, ഏതൊക്കെ ഗെയിം കളിക്കുന്നുണ്ട് എന്ന് മാതാപിതാക്കള്‍ അറിയണം. പലരും നെറ്റിലൂടെ ഒരു സാങ്കല്‍പിക ലോകത്തില്‍ ജീവിക്കുന്നു. ഇന്റര്‍നെറ്റില്‍ നുടെ കുട്ടികള്‍ കാണുന്ന പല വിവരങ്ങളും അവര്‍ക്കു വേണ്ടതല്ല. കൂടുതല്‍ അറിവല്ല, ശരിയായ അറിവാണ് അവര്‍ക്കാവശ്യം. കുികള്‍ക്കു പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ ഫോണ്‍ അനുവദിക്കരുത്. ചെറിയ പ്രായം മുതല്‍ (5 വയസ് മുതല്‍) സ്‌കൂളുകളില്‍ ശരിയായ സെല്‍ഫോണ്‍ ഉപയോഗത്തെക്കുറിച്ചു ബോധവത്ക്കരണം നടത്താന്‍ അധികൃതര്‍ ശ്രമിക്കണം. അയല്‍പക്കത്തെ കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതനുസരിച്ച് നമ്മുടെ കുട്ടിയും ഉപയോഗിക്കട്ടെ എന്നു ചിന്തിക്കരുത്. കൗമാരപ്രായക്കാരുടെ ഇടയില്‍, വളരെ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അവരുടെ ജീവിതം തന്നെ താറുമാറാക്കാന്‍ സാധിക്കുന്ന ഒരുപകരണമായി സെല്‍ഫോണ്‍ മാറിയിരിക്കുന്നു. കുട്ടികളില്‍ നിന്ന് സ്‌നേഹം, അനുകമ്പ തുടങ്ങിയ മൃദുല വികാരങ്ങളെ തുടച്ചു നീക്കുവാന്‍ ഈ ഫോണിനാകും. ശരിയായ, നിയന്ത്രിതമായ ഉപയോഗത്തിലൂടെ കൗമാരക്കാരുടെ ക്രിയാകമായ ശക്തിയെ ഉത്തേജിപ്പിക്കുന്ന ഒരു ഉപകരണമായി ഫോണ്‍ മാറ്റണം. ഇതിന്റെ ഉപയോഗത്തിന് വീട്ടിലെ മറ്റുള്ള ഉപകരണങ്ങള്‍ പോലെയുള്ള ഒരു പ്രധാന്യം മാത്രം നല്‍കിയാല്‍ മതി. ഇങ്ങനെയാണെങ്കില്‍ നാളെ ഒരു പ്രബുദ്ധ കേരളത്തെ നമുക്കു വാര്‍ത്തെടുക്കാന്‍ പറ്റും.

ആരോഗ്യ പ്രശ്‌നങ്ങള്‍

സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ തലച്ചോറില്‍ മാറ്റം വരുകയും ശ്രദ്ധാകേന്ദ്രം വളരാതിരിക്കുകയും ചെയ്യും. ചില സ്‌കൂളുകളിലും കോളേജുകളിലും സെല്‍ഫോണ്‍ നിയന്ത്രിച്ചിട്ടുണ്ട്. ഇതു എല്ലാ സ്‌കൂളുകളിലും കര്‍ശനമായി പാലിക്കുവാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗവും, തെറ്റായ ഉപയോഗത്തിന്റെ സാധ്യതയും മാതാപിതാക്കള്‍ മനസിലാക്കണം. ഇതു നിങ്ങളുടെ കുട്ടിയെ പറഞ്ഞു പഠിപ്പിക്കണം. എന്റെ കുട്ടിക്കു മൊബൈലിന്റെ എല്ലാ പണിയും അറിയാം എന്ന് അഹങ്കരിക്കാതെ ഞാന്‍ കാണാത്ത ഒരുവശം ഈ കുട്ടിക്കുണ്ടാകാം എന്നു ചിന്തിക്കണം. എല്ലാം തെറ്റാണ് എന്നു പഠിപ്പിക്കുന്നതിനെക്കാള്‍ എന്താണ് ശരി എന്നു പഠിപ്പിക്കുകയാണ് വേണ്ടത്. കുട്ടികളുടെ സര്‍ഗാത്മക ശക്തി വളര്‍ത്തുവാനുള്ള പ്രായം, മൊബൈല്‍ ഫോണിന്റെയും ടിവിയുടെയും മുന്‍പില്‍ തളച്ചിട്ടു കളയരുത്. നിങ്ങളുടെ കുട്ടി ഫോണിന്റെ അടിമത്വത്തിലാണെങ്കില്‍ ചികിത്സതേടാനും മടിക്കരുത്. വ്യക്തിത്വ വികസനത്തിനും കുടുംബാംഗങ്ങളുമായിുള്ള ബന്ധം വളര്‍ത്തുവാനുമുള്ള സമയമാണ് കൗമാരപ്രായം. ഇവരെ ശരിയായ മാര്‍ഗനിര്‍ദേശം നല്‍കി ഉത്തമ പൗരന്മാരാകുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

ഡോ.നതാലിയ എലിസബത്ത് ചാക്കോ
സൈക്യാട്രിസ്റ്റ്, എച്ച്.ജി.എം ഹോസ്പിറ്റല്‍, മുട്ടുചിറ