കൃഷി പുനരുദ്ധരിക്കാം, ശാസ്ത്രീയമായി
കൃഷി പുനരുദ്ധരിക്കാം, ശാസ്ത്രീയമായി
Wednesday, October 17, 2018 3:53 PM IST
പ്രളയത്തോടൊപ്പം വന്‍തോതില്‍ ജൈവ-അജൈവ-രാസ- വിഷമാലിന്യങ്ങള്‍ കൃഷിക്ക് ഹാനികരമായ രീതിയില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതുമൂലം ചിലസ്ഥലങ്ങളില്‍ മണ്ണ് കൃഷിക്കുപയുക്തമല്ലാതായി. ആദ്യം ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യണം. മണ്ണ് കൃഷിക്കുപയുക്തമാക്കണം.

ഭൗമപ്രതിഭാസങ്ങളുണ്ടായ സ്ഥലങ്ങളിലെ കൃഷി അപകടം നിറഞ്ഞതും അതിസാഹസികവുമാണ്. സ്ഥായിയായ പരിഹാരങ്ങള്‍ കണ്ട് ഈ സ്ഥലങ്ങളില്‍ കൃഷി അപായരഹിതമാക്കണം. ഉയര്‍ന്ന പ്രദേശങ്ങളിലെ വളക്കൂറുള്ള മേല്‍മണ്ണ് പ്രളയത്തില്‍ കുത്തിയൊലിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ എക്കലായി അടിഞ്ഞിട്ടുണ്ട്. അങ്ങനെ ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണിന്റെ വളക്കൂറും ഫലപുഷ്ടിയും നഷ്ടപ്പെട്ടു. പ്രളയത്തില്‍ അടിഞ്ഞുകൂടിയ ചെളി കട്ടപിടിച്ചുറച്ച് മണ്ണിലെ വായുസഞ്ചാരം തടസപ്പെട്ടു.

മണ്ണിലെ ജീവജാലങ്ങള്‍ ശ്വസിക്കാന്‍ പ്രാണവായു ലഭിക്കാതെ നശിച്ചു. വായു-ജല സഞ്ചാരമില്ലാതെ മണ്ണിന്റെ ഉപരിതലത്തില്‍ ചൂട് കനത്തു. കര്‍ഷകന്റെ കലപ്പ എന്നറിയപ്പെടുന്ന മണ്ണിരകള്‍ പലയിടത്തും കൂട്ടത്തോടെ ചത്തൊടുങ്ങി. ചെടികളുടെ വേരുകള്‍ വായു ലഭിക്കാതെ അഴുകി. പലതരം കുമിള്‍, ബാക്ടീരിയ, വൈറസ് രോഗങ്ങള്‍ പടരുകയാണ്. ചെടികളുടെ ഇലകളില്‍ ചെളി പറ്റിപ്പിടിച്ചതു മൂലം സ്‌റ്റൊമാറ്റാകള്‍ അടഞ്ഞു. ചെടിയിലെ വായു-ജല കൈമാറ്റങ്ങള്‍ തടസപ്പെട്ടു. ശ്വസിക്കാനും ഊഷ്മാ വ് ക്രമീകരിക്കാനും കഴിയാതെ ചെടികള്‍ നശിക്കുകയാണ്. പ്രളയത്തില്‍ എക്കലും ചെളിയും അടിഞ്ഞുകൂടി കട്ടപിടിച്ചു. ഇതിനാല്‍ ജലത്തിന് മണ്ണിനടിയിലേക്ക് അരിച്ചിറങ്ങാനാകുന്നില്ല. സ്വാഭാവികമായി നടക്കുന്ന ഭൂഗര്‍ഭജല റീചാര്‍ജിംഗാണ് ഇ തുമൂലം തടസപ്പെട്ടത്. പലയിടത്തും കിണറുകള്‍ വറ്റി, ഭൂഗര്‍ഭജലനിരപ്പുതാണു.

കൃഷിക്കനുകൂല ഘടകങ്ങള്‍

കൃഷി വിജയിക്കണമെങ്കില്‍ മണ്ണ് കൃഷിയോഗ്യമാകണം. കൃഷിക്കനുകൂലമായ ഭൗതീക-രാസീക- ജൈവീക ഘടനാസ്വഭാവങ്ങള്‍ മണ്ണിനുണ്ടാകണം.

ചെടികളുടെ ശരിയായ വളര്‍ ച്ചയ്ക്ക് മണ്ണിലെ ഘരവസ്തുക്കള്‍:ജലം:വായു അനുപാതം 2:1:1 ആണ് ഉത്തമം. കൂടാതെ മണ്ണ് ജൈവസമ്പന്നവും വളക്കൂറും ഫലപുഷ്ടിയുള്ളതുമായിരിക്കണം. മണ്ണിന്റെ പിഎച്ച് 5.5-7 ഇടയിലുള്ളതാണ് അഭികാമ്യം. മണല്‍ കലര്‍ന്ന മണ്ണ് നീര്‍വാര്‍ച്ച ഉറപ്പാക്കും. സിമന്റു ചാന്തുപോലത്തെ ഫൈന്‍ ക്ലേ കൂടുതലുള്ള മണ്ണ് കട്ടപിടിച്ചാല്‍ വായൂസഞ്ചാരവും നീര്‍വാര്‍ച്ചയും തടസപ്പെടും. ജൈവ-ധാതുലവണസമ്പന്നമായ എക്കല്‍ മണ്ണ് പോഷകമൂല്യമുള്ളതാണ്. ഇത് കൃഷിക്ക് ഉത്തമമായിരിക്കും.

ബാക്ടീരിയ, ഫംഗസുകള്‍, ആല്‍ഗകള്‍, വൈറസുകള്‍ തുടങ്ങിയ സൂക്ഷ്മജീവികളുടെയും മണ്ണിര, തേരട്ട, ഉറുമ്പ്, ചിതല്‍ ഞണ്ടുകള്‍, തവളകള്‍ മുതലായവയുടെയും സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. ഇത്തരം മണ്ണില്‍ നിന്നേ നല്ല വിളവു ലഭിക്കൂ. ചെളി അടിഞ്ഞ മണ്ണ് ആഴത്തില്‍ കൊത്തിയിളക്കി വായു- ജല സഞ്ചാരമുള്ളതാ ക്കാം. കുമ്മായം, ഡോളോമൈറ്റ,് വേപ്പിന്‍പിണ്ണാക്ക്, ട്രൈക്കോഡര്‍മ, സ്യൂഡോമോണസ്, വാം തുടങ്ങിയവയാല്‍ സമ്പുഷ്ടീകരിച്ച് മണ്ണിന്റെ ജീവശക്തി വീണ്ടെ ടുക്കാം.

ഭൂമിയില്‍ ചെയ്യേണ്ടത്

ഭൂമി വിണ്ടുകീറല്‍, വിള്ളലുകള്‍, മണ്ണിടിച്ചില്‍ എന്നിവയുണ്ടായ സ്ഥലങ്ങളില്‍ ഗള്ളി പ്ലഗിം ഗ്, തട്ടുതിരിച്ചു നിരപ്പാക്കല്‍, ഇടക്കൈയാലകെട്ടല്‍, പുല്ലുവച്ചുപിടിപ്പിക്കല്‍ മുതലായ ദീര്‍ഘകാല മണ്ണ്-ജലസംരക്ഷണമാര്‍ഗങ്ങള്‍ സ്വീകരിക്കണം.


നീര്‍ച്ചാലുകളിലും തോടുകളിലും സ്വാഭാവിക നീരൊഴുക്ക് സാധ്യമാകും വിധം അറ്റകുറ്റപ്പണികള്‍ നടത്തണം. ഇപ്പോഴേ കിണര്‍ റീചാര്‍ജിംഗ് നടത്തുന്നതും മഴവെള്ള ശേഖരണസംവിധാനങ്ങള്‍ ഒരുക്കുന്നതും നല്ലതാണ്.

വിളപരിപാലനം

അതാതു സ്ഥലത്തുള്ള വിളകളെ സംരക്ഷിക്കണം. അനുയോജ്യമായ ക്രോപ്പിംഗ് കലണ്ടര്‍ ഉണ്ടാക്കുന്നത് നല്ലതാണ്.

രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി കത്തിച്ചുകളയണം. മറ്റുള്ളവയില്‍ രോഗബാധ തടയാന്‍ വായു സഞ്ചാരവും നീര്‍വാ ര്‍ച്ചയും ഉറപ്പുവരുത്തണം.

വേരു നശിച്ച് മഞ്ഞളിപ്പു ബാ ധിച്ച വിളകള്‍ക്ക് സെന്റൊന്നിന് അല്ലെങ്കില്‍ വൃക്ഷമൊന്നിന് ഒരു കിലോ കുമ്മായമോ ഡോളോമൈറ്റോ നല്കണം. ഇവ ചെടികളുടെ ചുവട്ടില്‍ നിന്നും അല്പം അകറ്റിയിടാന്‍ ശ്രദ്ധിക്കണം.ചെടികളുടെ ഇലകളില്‍ പറ്റിപ്പിടിച്ച ചെളിമൂലം അടഞ്ഞു പോയ സ്റ്റൊമാറ്റാകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ശക്തിയായി വെള്ളം പമ്പുചെയ്ത് ഇലകളിലുള്ള ചെളി നന്നായി കഴുകിക്കളയണം.

ഉയര്‍ന്ന സ്ഥലങ്ങളില്‍ പൊട്ടാ ഷ് ഒലിച്ചുപോകാം. 2-3 ശതമാനം സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് അല്ലെങ്കില്‍ ഒരു ശതമാനം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയിലേതെങ്കിലും ചെടികളുടെ ഇലകളില്‍ തളിക്കണം. ശരിയായ മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓരോവിളയ്ക്കും വളപ്രയോഗം ശിപാര്‍ശയനുസരിച്ച് സമയാസമയങ്ങളില്‍ നടത്തണം.

കുമ്മായവും ഡോളോമൈറ്റും ചേര്‍ത്ത് ഒരാഴ്ചയ്ക്കു ശേഷം സമ്പുഷ്ടീകരിച്ച ചാണകപ്പൊടി: വേപ്പിന്‍ പിണ്ണാക്ക്: ട്രൈക്കോഡെര്‍മ (100:10:1) മിശ്രിതം സെന്റൊന്നിന് അല്ലെങ്കില്‍ വൃക്ഷമൊന്നിന് 5-10 കിലോഗ്രാം മണ്ണില്‍ ചേര്‍ക്കാം. 1-2 ശതമാനം സ്യൂഡോമോണസ് ചെടികളില്‍ തളിക്കാം. രോഗങ്ങള്‍ തടയാനും വേഗത്തിലുള്ള വളര്‍ച്ചയ്ക്കും ഉത്പാദനക്ഷമതയ്ക്കും ഇത് സഹായിക്കും.

സ്യൂഡോമോണസിന്റെ അളവുകുറയ്ക്കാനും കാര്യക്ഷമത കൂട്ടാനും വേണ്ടി 50 ഗ്രാം സ്യൂ ഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 100 മില്ലി ലിറ്റര്‍ തേങ്ങാവെള്ളവും ചേര്‍ത്ത് 4-5 മണിക്കൂര്‍ വയ്ക്കുക. ഇത് ഒമ്പത് ലിറ്റര്‍ വെള്ളവും ചേര്‍ത്ത് നന്നാ യി ഇളക്കിയശേഷം ചെടികളില്‍ തളിക്കാം. അടിഞ്ഞു കൂടിയ എക്കല്‍ മണ്ണില്‍ ധാരാളം കളകളുടെ വിത്തുകള്‍ ഉണ്ടായിരിക്കും. നല്ല വളക്കുറുള്ള മണ്ണില്‍ ഇവ തഴച്ചുവളരും. അതിനാല്‍ വിളപരിചരണത്തില്‍ കളനിയന്ത്രണത്തിനു കൂടുതല്‍ പ്രാധാന്യം നല്കണം. പ്രളയശേഷം വിളകളില്‍ എലിശല്യം കൂടുമെന്നതിനാല്‍ ആവശ്യമായ എലി നശീകരണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

അപൂര്‍വാവസരം

പ്രകൃതി വരദാനമായിത്തന്ന എക്കല്‍ മണ്ണ് സമ്പുഷ്ടീകരിച്ച് നഴ്‌സറിയില്‍ വിത്തുകള്‍ പാകി മുളപ്പിക്കുന്നതിനുപയോഗിക്കാം. പോളിബാഗുകളില്‍ നിറച്ച് ചെടികള്‍ നടുന്നതിനും ഗ്രോ ബാഗുകളില്‍ നിറച്ച് മട്ടുപ്പാവില്‍ കൃഷിചെയ്യുന്നതിനും സാധിക്കും.

ഡോ. പി. പി. ജോയ്
മുന്‍ പ്രഫസര്‍, അഗ്രോണമി, കേരള കാര്‍ഷിക സര്‍വകലാശാല