നമ്മള്‍ പുനര്‍നിര്‍മിക്കും, കാര്‍ഷികമേഖലയെ
നമ്മള്‍ പുനര്‍നിര്‍മിക്കും, കാര്‍ഷികമേഖലയെ
Wednesday, October 3, 2018 4:41 PM IST
മുന്നില്‍ ഒരു ശൂന്യതയാണ്... ഇതുവരെ സമ്പാദിച്ചതെല്ലാം പ്രളയമെടുത്തു. ഉടുതുണി മാത്രമായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു മുന്നില്‍ നിസഹായത. ഇനിയെന്തു ചെയ്യും, എവിടെത്തുടങ്ങണം. ഇത്തരം വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ശരീരത്തിനേറ്റ മുറിവുകള്‍ സുഖപ്പെടുത്താന്‍ നാം പ്രഥമചികിത്സയും വൈദ്യസഹായവും എത്തിക്കാറുണ്ട്. മനസിലേറ്റ മുറിവുണക്കാനും ഇത്തരം സഹായങ്ങള്‍ ലഭ്യമാക്കിയാലേ കര്‍ഷിക കേരളം മാനസിക ആരോഗ്യം വീണ്ടെടുക്കൂ. മനസു തകര്‍ന്നവരുടെ ശരീരം മാത്രം സുഖപ്പെടുത്തിയിട്ട് എന്തുകാര്യം? മനസുണരാതെ എങ്ങനെ ശരീരം പ്രവര്‍ത്തനക്ഷമമാകും?

വലിയദുരന്തങ്ങള്‍ നടക്കുന്നിടത്തെല്ലാം ശരീരത്തിലെ പ്രഥമശുശ്രൂഷയ്‌ക്കൊപ്പം നല്‍കുന്ന ഒന്നാണ് മനഃശാസ്ത്രപരമായ പ്രഥമ ചികിത്സ. ക്യാമ്പുകളില്‍ സര്‍ക്കാര്‍ തലത്തില്‍ ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഏറ്റവും അത്യാവശ്യമായി നല്‍കേണ്ടത് കാര്‍ഷിക മേഖലയിലാണ്.

എന്താണ് മനഃശാസ്ത്ര പ്രഥമചികിത്സ?

ശരീരത്തിന്റെ മുറിവുകള്‍ ഉണക്കുന്നതുപോലെ മനസിന്റെ മുറിവുണക്കുന്നതിനുള്ള ശാസ്ത്രീയ രീതിയാണിത്. കര്‍ഷകരെ മാനസികമായി ശക്തരാക്കി പഴയജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇതു സഹായിക്കും. മുന്നോട്ടു കുതിക്കാനുള്ള ശക്തിയാണ് ആദ്യം ആവശ്യം. ഭൂകമ്പങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുന്ന ജപ്പാന്‍ പോലുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ അതിജീവനത്തിന്റെ കഥകള്‍ മനസിനു ശക്തിപകരും. തന്റെ കണ്ടുപിടുത്തങ്ങള്‍ എല്ലാം അഗ്നികവര്‍ന്നപ്പോള്‍ 'പഴയതെല്ലാം പോയി, ഇനി പുതിയവ നിര്‍മിക്കാം' എന്നുപറഞ്ഞ വിഖ്യാതശാസ്ത്രജ്ഞജന്‍ തോമസ് ആല്‍വ എഡിസന്റെതുപോലുള്ള മനോഭാവമാണ് ജീവിതത്തില്‍ വിജയമുണ്ടാക്കുക. സര്‍ക്കാരിനാണ് ഈ പ്രവര്‍ത്തനത്തില്‍ വലിയ പങ്കുവഹിക്കാനുള്ളത്. വാഗ്ദാനങ്ങള്‍ക്ക് കുറവില്ലാത്ത നാടാണ് കേരളം. വാഗ്ദാനങ്ങള്‍ മനുഷ്യന് പ്രതീക്ഷപകരുന്നതാണ്. എന്നാല്‍ ഇത് നടപ്പാകാത്ത സാഹചര്യം ഏറെ അനുഭവിച്ച കേരളീയര്‍ക്ക് വാഗ്ദാനം കൊണ്ട് ഒരുപരിധിവരെയേ പ്രതീക്ഷ നല്‍കാനാകൂ. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുന്നതാണ് വിഷാദത്തിലേക്ക് വഴുതിവീഴാനുള്ള ആദ്യകാരണം.

ഇങ്ങനെ പ്രതീക്ഷ നഷ്ടപ്പെട്ട ധാരാളമാളുകളെ സൃഷ്ടിച്ചാണ് പ്രളയം ഒഴുകിമാറുന്നത്. ഇവര്‍ക്ക് പ്രതീക്ഷനല്‍കാന്‍ സര്‍ക്കാരിനാണ് കഴിയുക. അതുപോലെ തന്നെ കര്‍ഷക കൂട്ടായ്മകള്‍ക്കും വ്യക്തികള്‍ക്കും ഇതില്‍ വലിയ പങ്കുവഹിക്കാനാകും. കൃഷി നശിച്ചവര്‍ പടിപടിയായി ചെയ്യേണ്ട കാര്യങ്ങള്‍ക്ക് കൃത്യമായ ഒരു ആക്ഷന്‍പ്ലാനുണ്ടാക്കി കര്‍ഷകര്‍ക്കു നല്‍കുന്നത് ഇപ്പോഴുണ്ടായ ശൂന്യതയില്‍ നിന്ന് അവരെ കരകയറ്റും. അടിയന്തര നടപടികള്‍ ഉടനടി സ്വീകരിച്ച് കൃഷി പുനരുദ്ധരിക്കുന്നതിനുള്ള സാങ്കേതികമായ സഹായങ്ങള്‍ എത്തിക്കുന്നതും ശൂന്യതാബോധമകറ്റും. കൃഷിഭവനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്കിടയിലെത്തി സര്‍ക്കാരിന്റെ പദ്ധതികള്‍ നേരിട്ടു വിവരിക്കുന്നതും പ്രതീക്ഷയറ്റുപോയവരെ തിരികേ ജീവിതത്തിലേക്കു കൈപിടിക്കാന്‍ സഹായിക്കും. അടിയന്തര സഹായങ്ങള്‍ കാലതാമസമില്ലാതെ കര്‍ഷകരിലെത്തിക്കുന്നത് സര്‍ക്കാര്‍ പറയുന്നത് നടപ്പാകും എന്ന ധാരണ സൃഷ്ടിക്കാന്‍ സഹായിക്കും.

ദുരന്തങ്ങള്‍ നേരിട്ടവര്‍ക്ക് സമാന ദുരന്തങ്ങള്‍ അനുഭവിച്ചവരുടെ കഥകള്‍ ഏറെ ആശ്വാസമാകും. ദുരന്തം തനിക്കുമാത്രമല്ല, ഇതില്‍ ഭീകരമായി മറ്റുള്ളവര്‍ക്കും ഉണ്ടായെന്നതോന്നല്‍ ദുരന്തത്തെ അതിജീവിക്കാനുള്ള ശക്തിനല്‍കും. ഇത്തരത്തിലുള്ള ആശയവിനിമയത്തിന് കര്‍ഷകസംഗമങ്ങള്‍ നടത്താന്‍ കര്‍ഷക കൂട്ടായ്മകള്‍ക്കാകും. ഒരു സമൂഹം ഒപ്പമുണ്ടെന്നതോന്നല്‍ മനസിനു ശക്തി നല്‍കും. കൃഷി പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍ കര്‍ഷകര്‍ ഒന്നിച്ച് ഓരോകൃഷിയിടങ്ങളില്‍ ഇറങ്ങുന്ന രീതികള്‍ ദുരന്തഭാരം ലഘൂകരിച്ചു കാണാനുള്ള ശേഷി മനസിനു നല്‍കും. ഇത്തരം കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കാന്‍ കൃഷിഭവനുകള്‍ക്കായാല്‍ പുനരുദ്ധാരണത്തില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന തോന്നല്‍ ശക്തമാക്കാന്‍ സഹായിക്കും. പ്രാദേശികാടിസ്ഥാനത്തില്‍ നഷ്ടങ്ങള്‍ വിലയിരുത്തി പ്രദേശത്തിന് ആവശ്യമുള്ള കാര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ ശ്രമിക്കുകയാണു വേണ്ടത്. പൊതുപദ്ധതികള്‍ കാര്യമായ ഫലം ചെയ്യില്ലെന്നത് മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയാന്‍ സാധിക്കും.


സമാനമായ ദുരന്തമുണ്ടായ സ്ഥലങ്ങളിലെ പുനരുദ്ധാരണമാതൃകകളും കര്‍ഷകരുടെ മാനോഭാവവും നമ്മുടെ കര്‍ഷകരിലേക്കെത്തിക്കുന്നത് ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരമാകും. ദുരന്തത്തെ നേരിട്ട് കൃഷിഭൂമിയില്‍ സജീവമായ കര്‍ഷകരെ കൂട്ടായ്മകളില്‍ എത്തിച്ച് അവര്‍ ദുരന്തത്തെ എങ്ങനെ അഭിമുഖീകരിച്ചു എന്നു പങ്കുവയ്പിക്കുന്നത് മനസിനെ പ്രവര്‍ത്തന ക്ഷമമാക്കാന്‍ നല്ലതാണ്. എല്ലാറ്റിനുമുപരി സര്‍ക്കാര്‍ പറയുന്നതു ചെയ്യും എന്നു ചെയ്തുതന്നെ കാണിക്കുകയാണ് കര്‍ഷക മനസുകളെ ശക്തിപ്പെടുത്താന്‍ വേണ്ട പ്രഥമ ചികിത്സ.

പെട്ടുപോയാല്‍

അപൂര്‍വം ചിലര്‍ ഇതിനകം തന്നെ കരകയറാനാകാത്ത മാനസികക്കുരുക്കില്‍ അകപ്പെടാം. കരച്ചില്‍, നഷ്ടബോധം, ഇടയ്ക്കിടെയുണ്ടാകുന്ന ഭയം, അസ്വസ്ഥത, അകാരണമായ ദേഷ്യം, ആള്‍ക്കൂട്ടത്തില്‍ നിന്നു മാറിനില്‍ക്കുക, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, അകാരണമായി വഴക്കുയെപ്പറ്റി സംസാരിക്കുന്നവരെ ശ്രദ്ധിക്കണം. അവരെ മാനസികമായി ശക്തരാക്കാന്‍ ശക്തരായ കര്‍ഷക സുഹൃത്തുക്കള്‍ക്കുമാകും. ഇത്തരത്തില്‍ സാഹചര്യത്തെ നേരിടാന്‍ അവരെ പ്രാപ്തരാക്കണം. ഇതിന് ഒരുവ്യക്തി വിചാരിച്ചിട്ടും നടക്കുന്നില്ലെന്നു തോന്നിയാല്‍ വിദഗ്ധരുടെ സഹായം തേടണം. സാഹചര്യത്തെ നേരിടാന്‍ കരുത്തില്ലാത്തവര്‍ ദുരന്തശേഷം അമിതലഹരി ഉപയോഗത്തിലേക്കു വഴുതിവീഴാം. ഇത്തരക്കാരെ സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തരാക്കിയാല്‍ ദുശീലങ്ങളുടെ വളര്‍ച്ച തടയാം. ദഹനസംബദ്ധമായ പ്രശ്‌നങ്ങള്‍, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവയായി പിരിമുറുക്കം ശരീരത്തില്‍ പ്രത്യക്ഷപ്പെടാം. ഇത്തരം രോഗങ്ങള്‍ മരുന്നുകഴിച്ച് മാറുന്നില്ലങ്കിലോ ഡോക്ടറുടെ പരിശോധനയില്‍ കണ്ടുപിടിക്കാനാകുന്നില്ലെങ്കിലോ മാനസികപിരിമുറുക്കത്തില്‍ നിന്നുണ്ടാകുന്നതാണെന്ന് അനുമാനിക്കാം. പിരിമുറുക്കം കുറക്കാനുള്ള മനശാസ്ത്ര സമീപനത്തിലൂടെ ഇവ മാറ്റിയെടുക്കാം.
ചേര്‍ത്തുപിടിക്കുക

ദുരന്തഅഭിമുഖീകരിച്ചവരെ ചേര്‍ത്തുപിടിച്ചു ആശ്വാസവാക്കുകള്‍ പറയുന്നത് പിരിമുറുക്കം കുറയ്ക്കും.

നിങ്ങള്‍ വിലപ്പെട്ടവനാണ്

കര്‍ഷകര്‍ സമൂഹത്തിനു വേണ്ടപ്പെട്ടവരാണെന്ന ബോധ്യം ഉണ്ടാക്കുന്ന സംസാരങ്ങള്‍ അവര്‍ക്ക് സന്തോഷം നല്‍കും. വെളിച്ചത്തിന്റെ അഭാവത്തെയാണ് ഇരുട്ടെന്നു പറയുക. ഇരുട്ടുമാറ്റാന്‍ വെളിച്ചം കൂട്ടുക എന്ന ശാസ്ത്രം ഇവിടെയും പ്രയോജനപ്പെടുത്താം. മനസില്‍ സന്തോഷമില്ലാതാകുന്ന അവസ്ഥയാണ് വിഷാദം. സന്തോഷമുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നതും നല്ല സംഗീതം കേള്‍ക്കുന്നതും വിഷാദ ചിന്തകള്‍ക്ക് തടയിടും. നിങ്ങള്‍ക്ക് ഈ സാഹചര്യത്തെ നേരിടാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ക്രമീകരിക്കുകയാണ് വേണ്ടത്.

ടോം ജോര്‍ജ്
എഡിറ്റര്‍ ഇന്‍ ചാര്‍ജ്, കര്‍ഷകന്‍
ഫോണ്‍-93495 99023.