വീടിനു സുരക്ഷാ കവചമൊരുക്കാം
വീടിനു സുരക്ഷാ കവചമൊരുക്കാം
Thursday, September 27, 2018 2:39 PM IST
പ്രളയം വിഴുങ്ങിയ കേരളത്തിൽ നാനൂറോളം ജീവനുകളാണ് നഷ്ടമായത്. പുറമേ വീടുകളും കൃഷിയും കൃഷിയിടങ്ങളും ഭാഗികമായോ പൂർണമായോ തകർന്നു. ചില കൃഷിയിടങ്ങളും കെട്ടിടങ്ങളും മണ്ണിനടയിലായി.... മഴയുടേയും കാറ്റിന്‍റേയും വെള്ളത്തിന്‍റേയും തീവ്രത അത്രയധികവും അപ്രതീക്ഷിതവുമായിരുന്നു. പ്രാഥമിക വിലയിരുത്തലിൽ കേരളത്തിന് 20000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുള്ളത്. കൂടുതൽ കൃത്യമായ കണക്കുകൾ എത്താനിരിക്കുന്നതേയുള്ളു. കേരളത്തെ പുനരുദ്ധരിക്കാൻ കുറഞ്ഞത് 50000 കോടി രൂപയെങ്കിലും വേണമെന്നാണ് കണക്കാക്കുന്നത്.

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം മാവടിയിൽ തേനംമാക്കൽ അപ്പച്ചന്‍റെ പുതിയ ഇരുനിലവീടിന്‍റെ ഒരു നില ഭൂമിക്കടിയിലേക്കു താഴന്നുപോയി ഈ പ്രളയകാലത്ത്. ഇതു പണി പൂർത്തിയാക്കി താമസം തുടങ്ങിയിട്ട് നാലു വർഷമാകുന്നതേയുള്ളു.... ഉരുൾപൊട്ടലിൽ മൂന്നാർ ഗവണ്‍മെന്‍റ് കോളജിന്‍റെ അടുത്തയിടെ നിർമിച്ച രണ്ടു കെട്ടിടങ്ങളാണ് മണ്ണിനടിയിലായത്. ഇങ്ങനെ സ്വകാര്യമായതും പൊതുവുമായ എത്രയോ വീടുകളും കെട്ടിടങ്ങളുമാണ് പ്രളയത്തിൽ പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടത്.

നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്‍റ് ഏജൻസിയുടെ പ്രാഥമിക കണക്കുകളനുസരിച്ച് കേരളത്തിൽ 361 മരണവും 20774 വീടുകൾക്കു നാശനഷ്ടവുമാണ് സംഭവിച്ചിട്ടുള്ളത്.

വീടിനുവേണം സംരക്ഷണം

ഭിത്തികൾകൊണ്ടും ബീമുകൾകൊണ്ടു നിർമിച്ചിട്ടുള്ളതാണ് വീട്. സ്നേഹംകൊണ്ടും സ്വപ്നങ്ങൾകൊണ്ടു നിർമിച്ചതാണ് കുടുംബം. കുടുംബം പോലെ ലോകത്ത് സുഖവും സമാധാനവും നൽകുന്ന മറ്റൊരു സ്ഥലം ഈ ലോകത്തില്ല. ഓരോരുത്തരും അവരവരുടെ പ്രിയപ്പെട്ടവരോടൊപ്പം ഏറ്റവും കൂടുതൽ ആനന്ദിക്കുന്ന സ്ഥലവും കൂടിയാണ് സ്വന്തം ഭവനം.
വരുമാനത്തിൽ നിന്നു മിച്ചം പിടിച്ചും കടമെടുത്തും മറ്റുമാണ് പലരും വീടും മറ്റും നിർമിക്കുന്നത്. ജീവിതത്തിലെ ആകെ സന്പാദ്യമെന്നു വേണമെങ്കിൽ പറയാം. ഭൂരിപക്ഷത്തിനും രണ്ടാമതൊരു വീടു ജീവിതകാലത്തു സ്വപ്നം കാണാൻ കൂടി കഴിയാത്ത അവസ്ഥ. ഇത്രയും ത്യാഗം സഹിച്ചു വീടു പണിയുന്പോഴും എല്ലാവരും വീടിനു സംരംക്ഷണം വേണെമെന്ന കാര്യം മറന്നുപോകുന്നു.
ഈ ജീവിതസന്പാദ്യം കണ്ണടച്ചു തുറക്കും മുന്പ് ഇല്ലാതായാലോ? നിനച്ചിരിക്കാത്ത നേരത്താണ് പലപ്പോഴും ആപത്തുകൾ എത്തുന്നത്. തീയും മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമൊക്കെയായി അതെത്താം.

ദുരന്തത്തിനെതിരേ ഇൻഷുറൻസ്

പ്രകൃതിദുരന്തങ്ങളിൽ നിന്നു വീടിനും സ്വത്തിനും വരുന്ന നഷ്ടം ഒരു പരിധിവരെ നികത്താൻ സഹായിക്കുന്നതാണ് ഇൻഷുറൻസുകൾ. ഒട്ടു മിക്ക ജനറൽ ഇൻഷുറൻസ് കന്പനികളും വൈവിധ്യമാർന്ന ഇൻഷുറൻസ് പോളിസികൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും വളരെക്കുറച്ചാളുകൾ മാത്രമേ ഇതിനേക്കുറിച്ചു ബോധവാന്മരായിട്ടുള്ളു.

ബഹുഭൂരിപക്ഷം പേരും ഇത്തരം പോളിസിയേക്കുറിച്ച് അവബോധമില്ലാത്തവരാണെന്നാണ് ഇൻഷുറൻസ് കന്പനികളുടെ അഭിപ്രായം. ഉറച്ച മണ്ണിലാണ് വീടു പണിതിരിക്കുന്നത് അതിനാൽ ഇതിനു കേടൊന്നും സംഭവിക്കുകയില്ല, വെറുതെ എന്തിനാണ് ഓരോ വർഷവും ഇൻഷുറൻസ് തുക നൽകുന്നത് എന്ന ചിന്താഗതിയാണ് ഭൂരിപക്ഷത്തിനുമുള്ളത്.

ഇന്ത്യയിൽ ഹോം ഇൻഷുറൻസിന് പ്രാധാന്യം കൊടുക്കുന്നവർ വളരെ കുറവാണ്. ജീവനു കൊടുക്കുന്ന പ്രാധാന്യം ആരും സ്വത്തിനു കൊടുക്കുന്നില്ല.

ഇൻഷുറൻസ് നൽകുന്നത്

നല്ലൊരു ഹോം ഇൻഷുറൻസ് എടുക്കുന്നതുവഴി വീടിനുള്ള ഭീഷണികളെ അകറ്റി നിർത്താൻ കഴിയുന്നു. കവർച്ച, ഭൂമികുലുക്കം, മിന്നൽ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ, കൊടുങ്കാറ്റ്, തീ, മരം വീഴൽ, പൊട്ടിത്തെറികൾ തുടങ്ങിയവയൊക്കെ ജനസാന്ദ്രതയേറിയെ കേരളത്തിൽ പതിവുപോലെ ആവർത്തിക്കുന്ന കാര്യമാണ്. ഇത്തരം ദുരന്തങ്ങളിൽപ്പെടുന്നതുവരെ ഭവന ഇൻഷുറൻസ് എടുക്കുവാൻ കാത്തിരിക്കേണ്ട കാര്യമില്ല. നിരവധി ഗുണങ്ങളാണ് ഹോം ഇൻഷുറൻസ് വീട്ടുടമയ്ക്കു നൽകുന്നത്.

* വീടിനും അതിലെ ഉപകരണങ്ങൾക്കും സമഗ്ര കവറേജ് നൽകുന്നു.
* ആസ്തികൾക്ക് സംരക്ഷണം നൽകുന്നു
* മറ്റ് ഇൻഷുറൻസ് പോളിസികളേക്കാൾ കുറഞ്ഞ പ്രീമിയം
* ദുരന്തങ്ങൾ സംഭവിച്ചാലും സമാധാനത്തോടെ മുന്നോട്ടു പോകാൻ സഹായിക്കുന്നു. പുനരുദ്ധാരണജോലികൾ വേഗം തുടങ്ങാനും ജീവിതം മുന്നോട്ടു കൊണ്ടുപോകുവാനും സഹായിക്കുന്നു.
* ചുരുക്കത്തിൽ ദുരന്തത്തിൽപ്പെട്ടവരെ ഏറ്റവും വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുവാൻ സഹായിക്കുന്നു.

ഇൻഷുറൻസ് എടുക്കുന്നതിനു മുന്പ്

ഒരു ഹോം ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കുന്നതിനു മുന്പ് അതിലെ നിർദേശങ്ങൾ മുഴുവനും വായിച്ചു മനസിലാക്കണം. കാരണം പല ഇനങ്ങളേയും ഇൻഷുറൻസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടാകും. അതിനാൽ ഈ പോളിസി തന്‍റെ ആവശ്യങ്ങൾ നിറേവറ്റുമെന്നു ഉറപ്പാക്കിവേണം പോളിസി എടുക്കാൻ.

ഒരു തീപിടുത്തമോ വെള്ളപ്പൊക്കമോ വീടിനോ കെട്ടിടത്തിനോ മാത്രമല്ല തകരാറുണ്ടാക്കുന്നത്. കെട്ടിടത്തിന്‍റെയും വീടിന്‍റെയും ഉള്ളിലുള്ള ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെയുള്ള വസ്തുക്കളെയെല്ലാം അത് ബാധിക്കും. അതുകൊണ്ടു തന്നെ വീടിനും കെട്ടിടത്തിനുമൊപ്പം അവയ്ക്കുള്ളിലുള്ള വസ്തുക്കളെയും ഇൻഷുർ ചെയ്യേണ്ടതുണ്ട്.
നിരവധി ജനറൽ ഇൻഷുറൻസ് കന്പനികൾ ഹോം ഇൻഷുറൻസ് നൽകന്നുണ്ട്. വ്യക്തികളുടെ ആവശ്യത്തിനനുസരിച്ച് വൈവിധ്യമാർന്ന പോളിസികളും അവർ ലഭ്യമാക്കിയിരിക്കുന്നു. അതിൽനിന്നു യോജിച്ചതു തെരഞ്ഞെടുക്കുകയേ വേണ്ടൂ.അതിനുള്ള ചില സൂചകങ്ങൾ ചുവടെ:
* പ്രീമിയവും കവറേജും-വീട് എവിടെ സ്ഥിതി ചെയ്യുന്നുവെന്നത് വളരെ പ്രധാനമാണ്. ഭാവിയിൽ ഭീഷണിയുണ്ടാവാനിടയുള്ള സ്ഥലത്താണെങ്കിൽ അതുകൂടു കണക്കിലെടുത്തുവേണം പോളിസിയെടുക്കാൻ.

ഉദാഹരണത്തിനു വെള്ളപ്പൊക്കമുണ്ടാകുന്ന വാട്ടർ ഫ്രണ്ടേജ് സ്ഥലത്താണ് വീടെങ്കിൽ ആ റിസ്കും കൂടി കവർ ചെയ്യണം. ഉരുൾപൊട്ടാൻ സാധ്യതയുള്ള മലഞ്ചെരുവുകളിലാണ് വീടെങ്കിൽ അതിനു കവറേജ് എടുക്കണം.

* കവറേജ് പരഗിണക്കുന്പോൾ അതിന്‍റെ പ്രീമിയം തന്‍റെ ബജറ്റിൽ നിൽക്കുന്നുവെന്നും ഉറപ്പു വരുത്തുക.
* പോളിസി എടുക്കാനുദ്ദേശിക്കുന്ന കന്പനിയുടെ ക്ലെയിം സെറ്റിൽമെന്‍റ് റേഷ്യോ പരിശോധിക്കുക. ക്ലെയിം സെറ്റിൽ ചെയ്യാനെടുക്കുന്ന സമയവും കണക്കിലെടുക്കുക. വേഗം തന്നെ ക്ലെയിം സെറ്റിൽ ചെയ്യുന്ന കന്പനികൾ നല്ലതാണെന്ന സൂചന നൽകുന്നു. സമയത്തു ക്ലെയിം അനുവദിച്ചു കിട്ടായാലേ അതുകൊണ്ടു പ്രയോജനമുണ്ടാകൂ.
* കന്പനയുടെ മതിപ്പ് പരിശോധിക്കുക. നല്ല കന്പനി ഇടപാടുകാരുമായി സൗഹൃദം പുലർത്തുന്നവയായിരിക്കും. മികച്ച സേവനം നൽകുന്നവയായിരിക്കും.
ചുരുക്കത്തിൽ ഹോം ഇൻഷുറൻസിനായി നല്ല കന്പനി തെരഞ്ഞെടുക്കുക.

സമയത്തു ക്ലെയിം നൽകുക

പ്രകൃതി ദുരന്തം മൂലം വീടിനു നഷ്ടം സംഭവിച്ചാൽ അക്കാര്യം ഇൻഷുറൻസ് കന്പനിയെ ഏത്രയും വേഗം അറിയിക്കുക. ഇതിനായി മിക്ക കന്പനികളും നിശ്ചിത സമയപരിധി വെച്ചിട്ടുണ്ട്. സാധാരണയായി ഏഴുമുതൽ 15 ദിവസം വരെയാണ് സമയപരിധി. കന്പനികളെ അറിയിക്കാൻ പറ്റിയ സാഹചര്യമല്ലെങ്കിൽ കന്പനിയെ ഫോണ്‍ വഴിയെങ്കിലും നഷ്ടം അറിയിക്കണം. അല്ലെങ്കിൽ എസ്എംസ്, ഇമെയിൽ എന്നീ മാർഗങ്ങളിലൂടെയും അറിയിക്കാം.

കെവൈസിയും ഹാജരാക്കുക.

ഇൻഷുറൻസിൽ ഉൾപ്പെടാത്തത്

* പണം, രേഖകൾ, സർട്ടിഫിക്കറ്റുകൾ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവയൊന്നും പലപ്പോഴും ഇത്തരം ഇൻഷുറൻസുകളിൽ ഉൾപ്പെടില്ല. ചിലതിൽ ആഭരണങ്ങൾക്ക് കവറേജിൽ 25 ശതമാനത്തിൽ കൂടുതൽ ഉൾപ്പെടുത്താറില്ല. അല്ലെങ്കിൽ ഒരു ലക്ഷം രൂപവരെയുള്ള ജ്വല്ലറിക്ക് കവറേജ് ലഭിക്കു. ഒരു വസ്തുവിനെ ഇൻഷുർ ചെയ്യുന്പോൾ ആ വസ്തുവിന്‍റെ മാർക്കറ്റ് വിലയിൽ നിന്നും തേയ്മാനം കിഴിച്ചിട്ടുള്ള തുകയെ ഇൻഷുർ ചെയ്യുകയുള്ളു.
* ഒരു വസ്തു പുനസ്ഥാപിക്കാനുള്ള തുക അതിന്‍റെ ഡാമേജിനു മുന്പുള്ള കണ്ടീഷൻ അനുസരിച്ചെ ലഭിക്കു. ഉദാഹരണത്തിന് അഞ്ചു വർഷം മുന്പ് 40000 രൂപ നൽകി വാങ്ങിയ ഒരു എയർ കണ്ടീഷണറോ അല്ലെങ്കിൽ റഫ്രിജറേറ്ററോ അഞ്ചു വർഷം കഴിയുന്പോൾ ഡിപ്രീസിയേഷൻ കൂടി ഉൾപ്പെടുത്തി 20000 -22000 രൂപയെ വരികയുള്ളു.
* യുദ്ധം, വിദേശ രാജ്യങ്ങളുടെ ഇടപെടൽ തുടങ്ങിയവ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്കു കവറേജ് ലഭിക്കില്ല.
* ആണവ യുദ്ധ മൂലമുണ്ടാകുന്ന നഷ്ടം.
* അധിക ഉപയോഗം മൂലം ഇലക്ട്രോണിക് ഉപകരണങ്ങൾക്കുണ്ടാകുന്ന നാശം

ആരൊക്കെ ഇൻഷുറൻസ് എടുക്കണം

വീടുള്ള എല്ലാവരും ഇൻഷുറൻസ് എടുക്കണം. പക്ഷേ വീട്ടിൽ വാടകയ്ക്കു താമസിക്കുകയാണെങ്കിൽ അവർ കൂടി ഇൻഷുറൻസ് എടുക്കേണ്ടതുണ്ട്.

ദീർഘകാലത്തിൽ എടുക്കുന്ന പോളസികൾക്ക് കന്പനികൾ പ്രീമിയത്തിൽ ഡിസ്കൗണ്ട് നൽകാറുണ്ട്. പത്തുവർഷം വരെ കാലാവധിയുള്ള ഹോം ഇൻഷുറൻസ് പോളിസികളുണ്ട്.
സേഫ്റ്റി ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുള്ള വീടുകൾക്കു കന്പനികൾ പ്രീമിയത്തിൽ ഡിസ്കൗണ്ട് നൽകാറുണ്ട്.

മൂല്യമുള്ള വസ്തുക്കൾ മാത്രം ഇൻഷ്വർ ചെയ്യുന്നതുവഴി പ്രീമിയം കുറയ്ക്കാം. അഞ്ചോ എട്ടോ വർഷം പഴക്കമുള്ള ടെലിവിഷന് കവറേജ് എടുത്തുതുകൊണ്ടു കാര്യമായ നേട്ടമൊന്നുമില്ല. പ്രീമിയം കൂടുമെന്നു മാത്രം.

ഓരോ ആവശ്യത്തിനുമനുസരിച്ചുള്ള ഇൻഷുറൻസ് വിപണിയിൽ ലഭ്യമാണ്. സ്ട്രക്ചറിനു മാത്രം, വീട്ടിലെ ഉപകരണങ്ങൾ എന്നിങ്ങനെ.

പോർച്ചിൽ കിടക്കുന്ന കാറിന് കേടു പറ്റിയാൽ ഹോം ഇൻഷുറൻസ് കവറേജ് കിട്ടുകയില്ല. കാരണം കാറിന് പ്രത്യേ ഇൻഷുറൻസ് ഉണ്ട്. കാർ ഹോം ഇൻഷുറൻസിന്‍റെ ഭാഗമല്ല.

ഭവനവായ്പയ്ക്ക് ഇൻഷുറൻസ്

ദുരന്തമുണ്ടായാലും ഇല്ലെങ്കിലും വായ്പ എടുത്ത വീടു വയ്ക്കുന്പോൾ തീർച്ചയായും ഭവന വായ്പയ്ക്ക് ഇൻഷുറൻസ് എടുത്തിരിക്കണം. ഗൃഹനാഥന്‍റെ അഭാവത്തിലും അദ്ദേഹത്തിന്‍റെ കുടുംബത്തിന് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ അത് സഹായിക്കും. കുടുംബാംഗങ്ങളെ നിസഹായവസ്ഥയിലേക്കു തള്ളിവിടുന്നത് ഇതുവഴി ഒഴിവാക്കാൻ സഹായിക്കും.
ഭവന വായ്പകൾ എടുക്കുന്നത് ദീർഘകാലത്തേക്കാണ് . ഒരു ദശകമോ രണ്ടു ദശകമോ ഒക്കെ ഇതിന്‍റെ തിരിച്ചടവ് നീളും. വലിയ അനിശ്ചിതത്വമാണ് ഇവിടെ നിലനിൽക്കുന്നത്. വായ്പ എടുത്തയാൾ കുടുംബത്തിൽ വരുമാനം കൊണ്ടുവരുന്നയാളായിരിക്കും. അയാൾ പെട്ടെന്നു മരിച്ചാൽ ആശ്രിതർക്ക് വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നേക്കാം. അവരുടെ ജീവിതത്തിൽ ഇത് ബഹുമുഖ ദുരന്തമാണ് കൊണ്ടുവരിക. പ്രിയപ്പെട്ടയാൾ പോയി, പുതിയതായി വരുമാനം കണ്ടെത്തണം, വീടു നഷ്ടപ്പെടാതിരിക്കാൻ വായ്പ തിരിച്ചടയ്ക്കണം... പ്രശ്നങ്ങൾ നിരവധിയാണ് അവരുടെ മുന്നിലേക്കു കടന്നുവരുന്നത്.

പരിഹാരം ടേം ഇൻഷുറൻസ്

ഇത്തരം അനിശ്ചിതവസ്ഥയ്ക്കുള്ള ലളിതമായ പരിഹാരമാണ് ടേം ഇൻഷുറൻസ്. ഭവന വായ്പ എടുക്കുന്നയാൾ നിശ്ചയമായും ടേം ഇൻഷുറൻസ് എടുത്തിരിക്കണം. അതിൽ ഭവനവായ്പയുടെ തിരിച്ചടവും ചേർത്തിരിക്കണം.

ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ വലിയ കവറേജ് ലഭിക്കുന്ന പോളിസിയാണ് ടേം ഇൻഷുറൻസ് എന്ന് ഓർമിക്കുക.

ഉദാഹരണത്തിന് മുപത്തിയഞ്ചു വയസുള്ള ഒരാൾ 40 ലക്ഷം രൂപ 25 വർഷത്തേക്ക് ഭവനവായ്പ എടുത്തുവെന്നു കരുതുക. പ്രതിമാസം 36000 രൂപ ഗഡു അടയ്ക്കണമെന്നും കരുതുക. ആരോഗ്യമുള്ള, പുകവലിക്കാത്ത 35 വയസുകാരന് 40 രൂപയുടെ കവറേജിന് പ്രീമിയമായി അടയ്ക്കേണ്ടി വരുക പ്രതിമാസം 700-800 രൂപയാണ്. ഇഎംഐയുടെ കൂടെ കൂട്ടിയാൽ മാക്സിമം പ്രതിമാസം അടയ്കേണ്ടി വരിക 36800 രൂപ. അപ്രതീക്ഷിതമായി ഏറ്റവും മോശം സംഭവിച്ചാൽപോലും ആശ്രിതർക്ക് അനിശ്ചിതിത്വമില്ലാതെ മുന്നോട്ടു പോകുവാൻ കരുത്തു നൽകും.

റെഗുലർ ടേം പ്ലാനിനൊപ്പം വായ്പയ്ക്കുമാത്രമായി ഇൻഷുറൻസ് കൂട്ടാം. വായ്പയിൽ കുറയുന്നതനുസരിച്ച് പ്രീമിയത്തിലും മാറ്റം വരുത്താം. പക്ഷേ ഇതിന് അൽപം ചെലവുകൂടുതലാണ്. ടേം ഇൻഷുറൻസ് തന്നെയാണ് അഭികാമ്യം.

ഇപ്പോൾ പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുന്നതിനൊപ്പം ഭവന വായ്പ ഇൻഷുറൻസും നൽകാറുണ്ട്. അത് ഓപ്ഷണലാണ്. ആയിരമോ രണ്ടായിരമോ ഒക്കയാണ് പ്രീമിയമായി വരിക.

ഏതു സാഹചര്യത്തിലായാലും ഭവന വായ്പ ബാധ്യതയ്ക്കെതിരേ ഇൻഷുറൻസ് കവർ ലഭ്യമാക്കുവാൻ മറക്കരുത്. ലോകം അനിശ്ചിതത്വത്തിലൂടെയാണ് എപ്പോഴും നീങ്ങുന്നത്. അതുകൊണ്ടുതന്നെ എല്ലാവരുടേയും ജീവിതത്തിലും അനിശ്ചിതാവസ്ഥയുണ്ടാകും. ഇതിനെ ഒരു പരിധിവരെ ഇൻഷുറൻസ്കൊണ്ടു പരിഹരിക്കാം. ഉയർന്ന വിദ്യാഭ്യാസമുള്ള കേരളത്തിൽപ്പോലും ഒരു ഇൻഷുറൻസ് കൾച്ചറില്ല. അതു വളർത്തിക്കൊണ്ടുവരേണ്ടത് ഇപ്പോഴത്തെ വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങളെ നേരിടാൻ ഏറ്റവും ആവശ്യമാണ്.
ദുരന്തത്തിനെതിരേ നമുക്കു നമ്മളേയും നമ്മുടെ വിലപിടിപ്പുള്ള വസ്തുക്കളേയും ഇൻഷുർ ചെയ്യാം!

ഹോം ഇൻഷുറൻസ് പലവിധം

പല ലക്ഷ്യങ്ങൾക്കു കവറേജ് ലഭിക്കുന്ന ഹോംഇൻഷുറൻസുകൾ കന്പനികൾ നൽകുന്നുണ്ട്. ഇവയിൽനിന്ന് ആവശ്യത്തിനനുസരിച്ച് ഒന്നോ അതിലധികമോ കൂട്ടിച്ചേർത്ത് ഹോം ഇൻഷുറൻസ് എടുക്കാം.
* വീടിന്‍റെ നിർമാണത്തിനു മാത്രം കവറേജ് ലഭിക്കുന്നത്. ഭൂമിയുടെ വില ഇതിൽ ഉൾപ്പെടുകയില്ല
* സ്റ്റാൻഡാർഡ് ഫയർ ആൻഡ് സ്പെഷൽ പെരിൾസ് പോളിസി. വീടിന്‍റെ ഘടനയ്ക്കും അതിലെ ഉപകരണങ്ങൾക്കും തീയ്ക്കെതിരേയുള്ള കവറേജ് ലഭിക്കുന്നു. ഭൂകന്പം മൂലമുള്ള നാശനഷ്ടവും ഇത് കവർ ചെയ്യുന്നു.
* കവർച്ച, ഭവനഭേദനം, ഉപകരണങ്ങളുടെ നശിപ്പിക്കൽ തുടങ്ങിയവയ്ക്കെതിരേയുള്ള കവറേജ്
* പാസ്പോർട്ട് പോലുള്ള ചില രേഖകളുടെ നഷ്ടത്തിനുള്ള കവറേജ്.

ഇവ സംരംക്ഷണം നൽകുന്നു

പ്രകൃതി ദുരന്തങ്ങൾ മൂലം വീടുകൾക്കും വീട്ടുപകരണങ്ങൾക്കുമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കവറേജ് നൽകുന്ന നിരവധി ഇൻഷുറൻസ് പോളിസികളിൽ ലഭ്യമാണ്. അവയിൽ ചിലതു ചുവടെ നൽകുന്നു.
* ഐസിഐസിഐ ലൊംബാർഡ്സ് ഹോം ഇൻഷുറൻസ്
* ഐസിഐസിഐ ലൊംബാർഡ്സ് സ്റ്റാൻഡാർഡ് ഫയർ ആൻഡ് സ്പെഷ്യൽ പെരിൽസ്
* എച്ച്ഡിഎഫ്സി എർഗോസ് ഹോം ഇൻഷുറൻസ്
* എച്ച്ഡിഎഫ്സി എർഗോസ് സ്റ്റാൻഡാർഡ് ഫയർ ആൻഡ് സ്പെഷ്യൽ പെരിൽസ്
* ടാറ്റ എഐജി സെക്യുർ സുപ്രീം
* ഭാർതി ആക്സ സ്മാർട് ഹോം
* റോയൽ സുന്ദരം ഗൃഹസുരക്ഷാ ഇൻഷുറൻസ്.