വേദിയൊരുക്കാന്‍ സങ്കല്‍പ്
വേദിയൊരുക്കാന്‍ സങ്കല്‍പ്
Wednesday, September 26, 2018 4:32 PM IST
സങ്കല്‍പ് എന്ന സംസ്‌കൃതം വാക്കിന് നിശ്ചയദാര്‍ഢ്യം എന്നാണര്‍ത്ഥം. പാലക്കാട്ടുകാരി പ്രിയ മേനോന്റെ നേതൃത്വത്തി ലുള്ള സംരംഭത്തിന് ഇതിലും യോജിച്ച മറ്റൊരു പേര് നല്‍കാനാകില്ല. സര്‍ഗാത്മകതയും പ്രാപ്തിയും വേണ്ടുവോളമുണ്ടായിട്ടും അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ വീട്ടകങ്ങളില്‍ ഒതുങ്ങേണ്ടി വരുന്ന വനിതകള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ഉറച്ച തീരുമാനമാണ് സങ്കല്‍പ് ക്രിയേറ്റീവ് വെന്‍ച്വേഴ്‌സിന്റെ പിറവിക്കു പിന്നില്‍. സ്ത്രീശാക്തീകരണവും സംരംഭകത്വവികസനവും ലക്ഷ്യമിട്ട് കേരളത്തിലുടനീളം സങ്കല്‍പ് ഒരുക്കുന്ന പ്രദര്‍ശനവിപണന മേളകള്‍ ഇന്നു സൂപ്പര്‍ഹിറ്റാണ്. വീട്ടമ്മമാരില്‍ നിന്നു സംരംഭകരിലേക്കുയരാന്‍ സാധിച്ചതിന്റെ ആഹ്ലാദം നിരവധി പേര്‍ക്കു പകരാന്‍ സങ്കല്‍പിനു സാധിച്ചു. മികവുറ്റ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ലഭിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കും സംതൃപ്തി.

തുടക്കം പാലക്കാട്ട്

എംബ്രോയിഡറി വര്‍ക്കും പെയിന്റിംഗുമെല്ലാം പ്രിയ മേനോന്റെ ഇഷ്ടങ്ങളായിരുന്നു. കരകൗശല വസ്തുക്കളും മറ്റും നിര്‍മിക്കാന്‍ കഴിവുള്ളവര്‍ സ്വന്തം കുടുംബത്തില്‍ തന്നെ നിരവധിയുണ്ടെന്നു തിരിച്ചറിഞ്ഞപ്പോഴാണ് അവരെ ഉള്‍പ്പെടുത്തി ഒരു പ്രദര്‍ശനവിപണന മേള നടത്താമെന്ന ആശയം വരുന്നത്. 2009ല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ഇത് യാഥാര്‍ഥ്യമാക്കി. മകന്‍ വരുണ്‍ പഠിച്ചിരുന്ന പാലക്കാ െലയണ്‍സ് സ്‌കൂള്‍ ഹാളിലായിരുന്നു ആദ്യ പ്രദര്‍ശനം. കാര്യമായ പ്രചാരണമൊന്നും നടത്താതെ സംഘടിപ്പിച്ച ആ മേളയ്ക്കു മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെ ഇത് മറ്റിടങ്ങളിലും നടത്താന്‍ തീരുമാനമെടുത്തു.

സങ്കല്‍പ് ചെയ്യുന്നത്

വീ ട്ടമ്മമാര്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുന്ന ജോലിയാണ് സങ്കല്‍പ് ഏറ്റെടുത്തിരിക്കുന്നത്. ക്രാഫ്റ്റ്‌സ് ആന്‍ഡ് വീവ്‌സ് എന്ന പേരിലുള്ള മേളകളുടെ സംഘാടനമാണ് പ്രധാനം. സ്ഥലം കണ്ടെത്തുന്നതു മുതല്‍ സങ്കല്‍പ്പിന്റെ ജോലി ആരംഭിക്കും. വിവിധ ജില്ലകളില്‍ നിന്നായി അഞ്ഞൂറിലേറെ വനിതകള്‍ ഇന്നു സങ്കല്‍പ്പിന്റെ കോണ്‍ടാക്ട് ലിസ്റ്റിലുണ്ട്. തീയതിയും വേദിയുമൊക്കെ തീരുമാനിച്ച് അവരെ അറിയിക്കും. പ്രദര്‍ശനസ്റ്റാളിലേക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും മറ്റും കുറഞ്ഞ ചെലവില്‍ സങ്കല്‍പ്പ് ഒരുക്കി നല്‍കും. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം കാര്‍ഡ് സൈ്വപ്പിംഗ് പോലുള്ള സംവിധാനങ്ങളും സജ്ജമാക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹരായ വനിതാസംരംഭകര്‍ക്ക് മേളകളില്‍ അവസരം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് പ്രിയാ മേനോന്‍ പറഞ്ഞു. ഇതിനെല്ലാം പുറമേ വിവിധ വിഷയങ്ങളിലു ള്ള വര്‍ക്ക്‌ഷോപ്പുകളും സ്ത്രീകള്‍ അണിയറയില്‍ പ്രവര്‍ത്തിച്ച സിനിമകളും ഷോര്‍ട്ട് ഫിലിമുകളും ഉള്‍പ്പെടുത്തിയുള്ള ചലച്ചിത്രോത്സവങ്ങളും നടത്തുന്നുണ്ട്. വനിതകളില്‍ ആത്മവിശ്വാസവും ലക്ഷ്യബോധവും വര്‍ധിപ്പിക്കാന്‍ ഇതു സഹായകമാകുന്നു.


വസ്ത്രങ്ങള്‍ മുതല്‍ ഭക്ഷണം വരെ

സങ്കല്‍പ് ക്രാഫ്റ്റ് ആന്‍ഡ് വീവ്‌സ് എന്ന പേരില്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ വസ്ത്രങ്ങള്‍ക്കാണ് മുന്‍തൂക്കം. സാരി, ചുരിദാര്‍, സ്‌കര്‍ട്ടുകള്‍, ടോപ്പുകള്‍, കുര്‍ത്തകള്‍ എന്നിവയ്ക്കാണ് ആവശ്യക്കാരേറെയും. ബെഡ്ഷീറ്റുകള്‍, ഹാന്‍ഡ്‌മെയ്ഡ് ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, ലൈഫ്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുമുണ്ടാകും. വീടുകളില്‍ നിര്‍മിക്കുന്ന ഭക്ഷ്യോത്പന്നങ്ങളുമായും വനിതകള്‍ എത്താറുണ്ട്. വിവിധ ജില്ലകളിലായി ഇതിനോടകം ഇരുപതിലേറെ മേളകളാണ് നടത്തിയത്. മികച്ച സ്വീകാര്യതയാണ് ഇവയ്ക്കു ലഭിക്കുന്നത്. ഒരിക്കല്‍ മേള സന്ദര്‍ശിക്കുന്നവര്‍ പതിവ് ഉപഭോക്താക്കളായി മാറാറുണ്ടെന്ന് പ്രിയ മേനോന്‍ പറയുന്നു. മേളയില്‍ പങ്കെടുത്ത പല സ്ത്രീകളും ഇന്ന് സ്വന്തം നിലയില്‍ സ്ഥാപനങ്ങളാരംഭിച്ചു.

വിജയത്തിനു പിന്നില്‍

ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉള്‍പ്പെടുന്ന സൗഹൃദവലയമാണ് സങ്കല്‍പ്പിന്റെ കരുത്തെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവി വഹിക്കുന്ന പ്രിയാ മേനോന്‍ പറയുന്നു. ഗൗരി ഭവദാസ്, ദീപ വിജു എന്നിവരാണ് കോ- ഫൗണ്ടര്‍മാര്‍. വരുണ്‍, രേഷ്മ, സുജിത്ത്, സച്ചിന്‍, സുധീഷ്, മനോജ്, പ്രവീണ്‍ എന്നിവരും വിവിധ ചുമതലകള്‍ വഹിക്കുന്നു. ജിതിന്‍, ലിനസ്, മനു, പ്രതീക്, ഗീതാഞ്ജലി എന്നിവരാണ് കോ ഓര്‍ഡി നേറ്റര്‍മാര്‍. സല്യൂട്ടിംഗ് വുമണ്‍ പവര്‍ എന്നതാണ് സങ്കല്‍പ്പിന്റെ സ്‌ളോഗണ്‍..

സങ്കല്‍പ്പിനെക്കുറിച്ച് കൂടുതലറിയാന്‍
ഫേസ് ബുക്ക് പേജ്: https://www.facebook.com/sankalpev-etsn

ടി.വി.ജോഷി
ചിത്രങ്ങള്‍: രമേഷ് കോട്ടൂളി