വരകളിലെ തീഷ്ണ സൗന്ദര്യം
വരകളിലെ തീഷ്ണ സൗന്ദര്യം
Saturday, September 8, 2018 4:38 PM IST
ഏതോ സ്വപ്‌നാവസ്ഥയിലെന്ന പോലെ കണ്ണടച്ച് നില്‍ക്കുന്ന നീല നിറമുള്ള യുവതി. മുഖത്തിന്റെ ഒരുവശം മാത്രമേ കാണുവാന്‍ കഴിയുന്നുള്ളു. ഒരു ആഫ്രിക്കന്‍ സ്ത്രീയുടെ രൂപസാദൃശ്യമുണ്ട് ഈ സുന്ദരിക്ക്. കമ്പിപോലെ വളഞ്ഞു പിണഞ്ഞ തലമുടി താഴെയ്ക്കു ഒഴുകുന്നില്ല. പെെട്ടന്നു ആഞ്ഞടിച്ച ഒരു കാറ്റില്‍പ്പെട്ട് എന്ന പോലെ ഉയര്‍ന്നു പറക്കുകയാണ്. യുവതിക്കു മുന്നില്‍ പനിനീര്‍ റോസാദലങ്ങള്‍ ചിതറി വീണു കിടക്കുന്നു.
ആസംഘര്‍ഷത്തിന്റെ ഏതോ നിമിഷങ്ങളില്‍ നീതുബാബു എന്ന യുവചിത്രകാരി വരച്ചിട്ട ചിത്രമാണിത്. കാന്‍വാസില്‍ കരളിന്റെ പിടയലും; തലച്ചോറിന്റെ പുകയും ഇല്ല. ഉള്ളത് തീഷ്ണമായ സൗന്ദര്യം മാത്രം. വിവിധങ്ങളായ നിറത്തുടിപ്പുകള്‍ മാത്രം. ഇതു തന്നെയാണ് നീതു ബാബുവിന്റെ പെയിന്റിംഗുകളുടെ വലിയ ലാവണ്യവും, ശക്തിയും. സ്വന്തം ആത്മനൊമ്പരങ്ങള്‍, സംഘര്‍ഷങ്ങള്‍ ഒഴുകി പടരുവാനുള്ള ഒരു പ്രതലം, അവ തുഷാരവര്‍ഷങ്ങളായി മാറുവാനുള്ള ഇടം... അതായിരുന്നു നീതുവിനു ആദ്യം കാന്‍വാസുകള്‍. ഇപ്പോള്‍ നീതുവിനിതു ജീവന്‍ മാത്രമല്ല ജീവിതവും കൂടിയാണ്. ഐടി മേഖലയില്‍ ഉദ്യോഗസ്ഥയായിരുന്ന നീതു ബാബു വൈറ്റ്‌കോളര്‍ ഉദ്യോഗത്തിനു വിരാമമിട്ട് ഇപ്പോള്‍ പൂര്‍ണമായും പെയിന്റിംഗിന്റെ ലോകത്താണ്.

നീതു ബാബുവിന്റെ പോസിറ്റീവ് പെയിന്റിംഗ്

ഞാന്‍ ഏതൊരു മാനസികാവസ്ഥയിലിരുന്നു പെയിന്റ് ചെയ്താലും എന്റെ ചിത്രങ്ങളില്‍ ആ സംഘര്‍ഷം വരാന്‍ പാടില്ലെന്ന നിര്‍ബന്ധം എനിക്കുണ്ട്. എന്റെ ചുവരില്‍ തൂക്കിയിടേണ്ട ചിത്രം എന്ന ഒരു ചിന്തയോടെയാണ് ഞാന്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ഞാന്‍ നേരിടുന്ന കടുത്ത വ്യഥകള്‍ അങ്ങനെ തന്നെ പകര്‍ത്തി വയ്ക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. അതു എന്റെ ഹൃദയത്തിലൂടെ കടന്നു, വിമലീകരിക്കപ്പെട്ട് വര്‍ണങ്ങളായി മാറുകയാണ്. നമുക്കു തീവ്രദുഃഖം നല്‍കുന്ന പെയിന്റിംഗ് ആരും ഇഷ്ടപ്പെടുമെന്നു കരുതുന്നില്ല. ഒരു പൂവ് കാണുമ്പോള്‍ ഉണ്ടാകുന്ന ആഹ്ലാദം, അനുഭൂതി എന്നിവ ഒരു ചിത്രം കാണുമ്പോള്‍ ഉണ്ടാകണം. എന്റെ എല്ലാ പെയിന്റിങ്ങുകളിലും ഒരു പോസിറ്റീവ് വൈബ് സൃഷ്ടിക്കുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ചിത്രരചനയുടെ നിമിഷങ്ങളില്‍ ഞാന്‍ അനുഭവിച്ചിരുന്ന വിഷമാവസ്ഥ അതു പിന്നീട് ചിത്രം കാണുമ്പോള്‍ ഞാന്‍ പോലും ഓര്‍മിക്കരുത് എന്ന ഒരു ലക്ഷ്യവും എനിക്കു വ്യക്തമായുണ്ട്. എന്റെ പെയിന്റിംഗുകളില്‍ ഈ ഒരു ആഹ്ലാദം സൃഷ്ടിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നു.

നീതുവിന്റെ വര്‍ണ ഭൂമിക

ജീവിതത്തില്‍ വലിയ തിരിച്ചടികള്‍ നേരിട്ടേപ്പാഴാണ് പെയിന്റിംഗ് ലോകത്തേക്ക് എത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ 2015 ജനുവരിയാണ് ബ്രഷ് കൈയിലെടുക്കുന്നത്. വേദനകളില്‍ നിന്നുമുള്ള ഒരു മുക്തിയായിരുന്നു പെയിന്റിംഗ്. രണ്ട് ആണ്‍ മക്കളാണ് എനിക്ക്. ഇളയമകന്റെ പെെട്ടന്നുള്ള വേര്‍പാട് താങ്ങാവുന്നതിലധികമായിരുന്നു. അങ്ങനെ 2015 പുതുവര്‍ഷത്തില്‍ ഞാനൊരു തീരുമാനനെടുത്തു. ന്യൂഇയര്‍ റെസല്യൂഷന്‍ എന്നുപറയാം. ഈ വര്‍ഷം മുതല്‍ പെയിന്റിംഗ് തുടങ്ങും എന്നൊരു ഉറച്ച തീരുമാനം.


നിറങ്ങളിലേക്കുള്ള യാത്ര

സ്‌കൂള്‍ പഠനകാലത്ത് തന്നെ ചിത്രങ്ങള്‍ വരച്ചിരുന്നു. ചിത്ര രചന മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് പഠനം, ജോലി, വിവാഹം, മക്കള്‍, കാനഡയിലെ കുടുംബജീവിതം ഇതിനിടയില്‍ ഒരിക്കല്‍പോലും വരച്ചിട്ടില്ല. പിന്നീടെന്നോ പെയിന്റിംഗ് എന്റെ അതിജീവനമായി മാറുകയായിരുന്നു. നിറങ്ങളെ ഞാന്‍ പണ്ട് മുതലെ ഏറെ സ്‌നേഹിച്ചിരുന്നു. നിറങ്ങളോട് എന്റെ ഹൃദയം ചേര്‍ത്ത് വയ്ക്കുവാന്‍ വേണ്ടിയാണ് പെയിന്റിംഗ് തന്നെ തെരഞ്ഞെടുക്കുന്നതും. പ്രകൃതിയും എന്നെ ഏറെ മോഹിപ്പിക്കുന്ന ഒന്നാണ്. പ്രകൃതിയില്‍ കാണുന്ന നിറങ്ങള്‍, കാഴ്ചകള്‍ ഞാന്‍ എന്‍േറതായ രീതിയില്‍ പുനഃസൃഷ്ടിക്കുകയാണ്. നമ്മുടെ അനുഭവങ്ങള്‍ തന്നെ വളരെ തീഷ്ണമല്ലേ. ജീവിതത്തില്‍ ഞാന്‍ കണ്ട വ്യത്യസ്തരായ മനുഷ്യര്‍, അവരുടെ മനസ്, പെരുമാറ്റം.. വളരെ നല്ല അനുഭവങ്ങളും നളെ എല്ലാ രീതിയിലും തളര്‍ത്തുന്ന, തകര്‍ക്കുന്ന അനുഭവങ്ങളും ഈ ജീവിതത്തില്‍ ഉണ്ടല്ലോ. ഇതൊക്കെ എന്റെ പെയിന്റിംഗുകളുടെയും ആധാരമാവുകയാണ്.


സണ്‍ഡേ പെയിന്‍േറഴ്‌സ്

2015 ല്‍ ആണ് ചിത്രകാരന്‍ ബി.ഡി. ദത്തന്‍ സാറിന്റെ സണ്‍ഡേ പെയിന്‍േറഴ്‌സ് എന്ന ചിത്രരചന കൂട്ടായ്മയില്‍ ചേരുന്നത്. ചിത്രകലാധ്യാപകന്‍ എന്ന നിലയില്‍ നിന്നും വ്യത്യസ്തമായ ഒരു രീതിയാണ് അദ്ദേഹത്തിന്‍േറത്. ദത്തന്‍സാര്‍ പറയാറുണ്ട്. ' നമ്മുടെ കാന്‍വാസ്, നിറങ്ങള്‍, ഭാവന, അതുകൊണ്ടു എന്തുവേണമെങ്കിലും വരച്ചോളു. ഈ സ്വാതന്ത്ര്യമാണ് വര്‍ണങ്ങളുടെ ഒരു ലോകത്തേയ്ക്കു സൂക്ഷ്മമായി സഞ്ചരിക്കുവാനും, പരീക്ഷണങ്ങള്‍ നടത്തുവാനുമൊക്കെ സഹായിച്ചത്.

പാഷന്‍ പ്രഫഷനായി മാറുമ്പോള്‍

ഇപ്പോള്‍ അങ്ങനെ ഒരവസ്ഥയാണ്. ഐടി കമ്പനിയിലെ ജോലി വിട്ട് പൂര്‍ണമായും പെയിന്റിംഗിലേക്കു മാറി. ജോലി അടുത്തകാലത്താണ് നിര്‍ത്തിയത്. ഭാഗ്യവശാല്‍ മനുഷ്യ ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ മനസിലാകുന്ന കമ്പനിയില്‍ ആയിരുന്നു ജോലി. അതുകൊണ്ടു മാത്രമാണ് ഇത്രകാലം ഇങ്ങനെ മുന്നോട്ട് പോകുവാന്‍ കഴിഞ്ഞത്. മകന്‍ അദ്വൈത് ഇപ്പോള്‍ എട്ടാം ക്ലാസിലാണ്. മകനുവേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുവാന്‍ കഴിയുന്നു എന്നുള്ളതും പെയിന്റിംഗ് ജീവിതത്തിന്റെ വലിയ പ്ലസ്‌പോയിന്റായി ഞാന്‍ കരുതുകയാണ്.

ജീവനവഴി

ഇപ്പോള്‍ പെയിന്റിംഗ് എന്റെ അതിജീവനവും ഉപജീവനവുമാണ്. എക്‌സിബിഷനുകളില്‍ പങ്കെടുക്കുമ്പോഴും, സംഘടിപ്പിക്കുമ്പോഴും, ആത്മവിശ്വാസം വര്‍ധിച്ചു. ജനങ്ങള്‍ എന്റെ പെയിന്റിംഗ് വാങ്ങുവാന്‍ തുടങ്ങിയപ്പോള്‍ ജീവിതത്തില്‍ നല്ല പ്രതീക്ഷ വന്നു തുടങ്ങി.

എസ്.മഞ്ജുളാദേവി
ഫോട്ടോ: ടി.സി ഷിജുമോന്‍