വ്യത്യസ്ത രുചിയിലൂടെ വരുമാനം
വ്യത്യസ്ത രുചിയിലൂടെ വരുമാനം
Saturday, September 8, 2018 3:36 PM IST
നെല്ലിക്കയും കാന്താരിയും ചേർന്ന സ്ക്വാഷോ, അതും ഉപ്പിട്ടത്. സ്ക്വാഷ് എന്നു പറഞ്ഞാൽ നല്ല നിറമുള്ള മധുരമുള്ള പാനീയമല്ലേ?

തൃശൂർ പുത്തൂർ സ്വദേശിനി നെല്ലരിക്കൽ അജി സാബുവിന്‍റെ ഉത്തരം ഇതാണ്: അതും സ്ക്വാഷാണ്, ഇതും സ്ക്വാഷാണ്. അജി സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് നെല്ലിക്ക കാന്താരി സ്ക്വാഷ്.

ബീറ്ററൂട്ട്, ഇഞ്ചിയും നാരങ്ങയും ചേർന്നത്, പച്ചമാങ്ങ, മാന്പഴം, പാഷൻ ഫ്രൂട്ട്. ചക്ക, വെള്ളരിക്ക, കുന്പളങ്ങ എന്നിവ കൊണ്ടുള്ള സ്ക്വാഷുകളൊക്കെ അജി ഉണ്ടാക്കുന്നുണ്ടെങ്കിലും. നെല്ലിക്കയും കാന്താരിയും ചേർന്ന സ്ക്വാഷാണ് ജനപ്രിയൻ.

ഇതിനെ ഒരു ഹെൽത്ത് ഡ്രിങ്കായിട്ടാണ് എല്ലാവരും ഉപയോഗിക്കുന്നത്. ഉപയോഗിച്ചവരെല്ലാം തന്നെ വീണ്ടും നെല്ലിക്ക കാന്താരി മിശ്രിതത്തെ അന്വേഷിച്ച് എത്താറുണ്ട്.’’അജി പറയുന്നു. നാലു വർഷമായി വ്യത്യസ്ത രുചികളിലൂടെ വരുമാനം നേടുകയാണ് ഈ വീട്ടമ്മ.

സ്ക്വാഷുകൾ, അച്ചാറുകൾ വിഭവങ്ങൾ നിരവധി

ഒരു സ്ക്വാഷ് സ്പെഷ്യലിസ്റ്റ് മാത്രമല്ല അജി. അച്ചാറുകൾ, ജാം, ജെല്ലി എന്നിവയെല്ലാം "ഗ്രാമിക ഫുഡ്സ്’ എന്ന ബ്രാൻഡിൽ തയ്യാറാക്കുന്നുണ്ട്.

ഉണക്കമുന്തിരി, ഈന്തപ്പഴം, ഈന്തപ്പഴവും നാരങ്ങയും, പാവക്ക, ചക്കകുരു, കാന്താരി എന്നിവയാണ് അച്ചാറുകളിലെ വൈവിധ്യങ്ങൾ. മിക്സ്ഡ് ഫ്രൂട്ട്, ചക്ക, പൈനാപ്പിൾ, പാഷൻഫ്രൂട്ട് എന്നിവയാണ് ജാമിലെ വ്യത്യസ്തയിനങ്ങൾ. ചക്ക, പാഷൻ ഫ്രൂട്ട് എന്നിവ കൊണ്ടാണ് ജെല്ലി തയ്യാറാക്കുന്നത്.

ഇതിനു പുറമേ പ്രദർശനങ്ങളും മറ്റും വരുന്പോൾ തക്കാളി, കാരറ്റ് എന്നിവകൊണ്ടുള്ള ഹൽവ, ചക്കകൊണ്ടുള്ള ഹൽവ, ചക്കകുരു അവലോസുപൊടി, ചക്കകുരു പായസം, ചക്കപ്പൊടി കൊണ്ടുള്ള വിവിധ പലഹാരങ്ങൾ എന്നിവയും തയ്യാറാക്കാറുണ്ട്.

അജി ഒറ്റയ്ക്കാണ് വിഭവങ്ങളെല്ലാം തയ്യാറാക്കുന്നത്. ധാരാളം ഓർഡറുകൾ വരുന്പോൾ മാത്രം രണ്ടു പേർ സഹായത്തിന് എത്തും. പ്രിസർവേറ്റീവുകൾ അധികമൊന്നും ചേർക്കാത്തതുകൊണ്ട് എല്ലാ ഉത്പന്നങ്ങൾക്കും തന്നെ ഏതാണ്ട് മൂന്നു മാസത്തെ കാലാവധിയെ ഉണ്ടാകു.
ഒരു പാചക വിദഗ്ധ എന്നതിനോടൊപ്പം തന്നെ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉപയോഗിച്ചുള്ള വിവിധ ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനെക്കുറിച്ച് പരിശീലനവും അജി നൽകുന്നുണ്ട്. പാലക്കാട് പീപ്പിൾ സർവീസ് സൊസൈറ്റിക്കു വേണ്ടിയാണ് കൂടുതൽ പരിശീലനങ്ങളും നൽകുന്നത്.

പ്രദർശനങ്ങൾ പ്രധാന വിപണി

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പ്രദർശനങ്ങളാണ് അജിയുടെ പ്രധാന വിപണി. കേരളത്തിൽ എവിടെ പ്രദർശനം വന്നാലും അതു ഒഴിവാക്കാറില്ല. കാരണം നിലവിൽ കടകളിലേക്കൊന്നും ഉത്പന്നങ്ങൾ എത്തിയിട്ടില്ല. തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട, കുന്നംകുളം,തൃശൂർ എന്നിവിടങ്ങളിലെ ഏതാനും കടകളിൽ നെല്ലിക്ക കാന്താരി സ്ക്വാഷ് എത്തിക്കുന്നുണ്ട്. സൂപ്പർമാർക്കറ്റുകളും മറ്റും ഉത്പന്നം ആവശ്യപ്പെടുന്നുണ്ട്. അവിടേക്കും കൂടി ഉത്പന്നങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതിനോടൊപ്പം കേരളം മുഴുവൻ ഉത്പന്നങ്ങൾ എത്തിക്കുക എന്ന ആഗ്രഹം കൂടിയുണ്ട്.’’ അജി പറഞ്ഞു.

നെല്ലിക്ക കാന്താരി സ്ക്വാഷിനാണ് ആവശ്യക്കാർ ഏറെയും. തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലൊക്കെ അജി പ്രദർശനത്തിനു പോകാറുണ്ട്. പ്രദർശനത്തിന് പോകുന്പോൾ ലഭിക്കുന്ന ഓർഡറുകൾ വീട്ടിലെത്തി ഉത്പന്നം തയ്യാറാക്കി അയച്ചു നൽകുകയാണ് ചെയ്യുന്നത്. വിദേശത്തേക്കു പോകുന്നവരും അജിയുടെ പക്കൽ നിന്നും ഉത്പന്നം വാങ്ങിച്ചു കൊണ്ടു പോകാറുണ്ട്.


നെല്ലിക്ക കാന്താരി സ്ക്വാഷ് 750 മില്ലി ലിറ്ററിന്‍റെ കുപ്പികളിലാണ് വിൽക്കുന്നത്. ഒരു കുപ്പിക്ക് 150 രൂപയാണ് വില. ഒരു ഗ്ലാസ് സ്ക്വാഷിന് മൂന്നു ടേബിൾ സ്പൂണ്‍ നെല്ലിക്ക കാന്താരി മിശ്രിതമാണ് വേണ്ടത്. ഉപ്പ് ചേർത്താണ് ഉപയോഗിക്കേണ്ടത്. കുപ്പി തുറന്നു കഴിഞ്ഞാൽ പിന്നെ അത് ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഒരു കുപ്പിയിൽ നിന്നും ഏകദേശം 20 ഗ്ലാസ് സ്ക്വാഷ് എങ്കിലും ഉണ്ടാക്കാം.

""പ്രമേഹ രോഗികൾക്കും മറ്റും ഉപയോഗിക്കാവുന്ന ഉത്പന്നമാണ്. ഉപയോഗിച്ചവരെല്ലാം നല്ല അഭിപ്രായമാണ് ഉത്പന്നത്തെക്കുറിച്ച് പറഞ്ഞത്. ഒരു തവണ ഉപയോഗിച്ചവർ വീണ്ടും വീണ്ടും എത്താറുണ്ട്. അതാണ് സംരംഭ ലോകത്ത് നിലനിൽക്കാനുള്ള പ്രചോദനം.’’ അജി പറഞ്ഞു.

ഒരുമാസം 40000 രൂപവരെ വരുമാനം

അജിയുടെ ഈ സംരംഭത്തിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്‍റെ പ്രധാന ആശ്രയം. ""ബിസിനസ് സീസണിൽ ഒരുമാസം 35,000-40,000 രൂപവരെ വരുമാനം ലഭിക്കാറുണ്ട്. അല്ലാത്തപ്പോഴും വലിയ കുഴപ്പമില്ലാതെ വരുമാനം നേടാൻ സാധിക്കാറുണ്ടെന്ന’’ അജി പറയുന്നു.
വീട്ടിൽ തന്നെ ചെയ്യുന്നതുകൊണ്ട് പ്രത്യേക യൂണിറ്റിന്‍റെ ആവശ്യം അജിക്കു വന്നിട്ടില്ല. വലിയ തോതിൽ ഉത്പാദനം നടത്താത്തതിനാൽ മെഷീനറിയും അധികം വേണ്ടി വന്നിട്ടില്ല. വിവധ ആവശ്യങ്ങൾക്കായുള്ള പാത്രങ്ങൾ കുറച്ചധികം വാങ്ങേണ്ടി വന്നിട്ടുണ്ട്. കൂടുതൽ ഓർഡർ വരുന്പോൾ പാത്രങ്ങൾ വാടകയ്ക്ക് എടുക്കുകയും ചെയ്യും.

തൃശൂർ മാർക്കറ്റിൽ നിന്നു തന്നെയാണ് ഉത്പന്നങ്ങൾക്കാവശ്യമായ അസംസ്കൃത വസ്തുക്കളെല്ലാം എടുക്കുന്നത്. നെല്ലിക്കയും കാന്താരി മുളകുമൊക്കെ എന്നും തൃശൂരിൽ ലഭ്യമാണ്. പക്ഷേ, സീസണ്‍ അനുസരിച്ച് വിലയിൽ വലിയ വ്യത്യാസം വരും. നെല്ലിക്കയ്ക്ക് സീസണിൽ 25 രൂപയും സീസണല്ലാത്തപ്പോൾ 75, 80 രൂപ വെരയാകും. എന്നാൽ കാന്താരി മുളക് സീസണിൽ 250 രൂപ മുതലും സീസണല്ലാത്തപ്പോൾ 1300 രൂപവരെ വിലയിലുമാണ് ലഭിക്കുന്നത്.നെല്ലിക്കയ്ക്ക് വിലകുറയുന്പോൾ കാന്താരിക്ക് വില കൂടും ഇങ്ങനെയാണ് പലപ്പോഴും സംഭവിക്കാറ്.പ്രദർശനങ്ങൾക്കു പോകുന്പോൾ കാന്താരി ലഭ്യമാകുന്ന സ്ഥലങ്ങളെക്കുറിച്ച് അന്വേഷിക്കും. അങ്ങനെ കാന്താരി മുളക് വാങ്ങിക്കാറുണ്ട്.
സ്വന്തമായി വിഭവങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനൊപ്പം തന്നെ കൃഷി വിജ്ഞാന കേന്ദ്രവും മറ്റും സംഘടിപ്പിക്കുന്ന പരിശീലന ക്ലാസുകളിലൊക്കെ പങ്കെടുത്ത് അജി പുതിയ വിഭവങ്ങളെക്കുറിച്ചുള്ള അറിവ് നേടാറുമുണ്ട്. മലപ്പുറം നിലന്പൂർ സ്വദേശിയായ ഭർത്താവ് സാബു അഗസ്റ്റിന് തൃശൂരായിരുന്നു ജോലി അങ്ങനെയാണ് അജി തൃശൂരിലേക്ക് എത്തുന്നത്. ഇവിടെ സംരംഭത്തിന് ചേർന്ന അന്തരീക്ഷമാണെന്നു മനസിലായതോടെയും കൂട്ടുകാരും വീട്ടുകാരും പിന്തുണച്ചതോടെയും സംരംഭം ഇവിടെ ആരംഭിച്ചു.

ഭർത്താവിനൊപ്പം മകൾ ആഷ്് ലിയും മരുമകൻ ജെയിസണും കൊച്ചുമക്കളായ ജെറോമും ജെറിനുമെല്ലാം അജിക്കൊപ്പമുണ്ട്. മകൻ ആൽബിൻ ഹാർഡ് വേർ ആൻഡ് നെറ്റ് വർക്കിംഗ് കോഴ്സ് കഴിഞ്ഞ് തൊഴിലന്വേഷിക്കുന്നതോടൊപ്പം തന്നെ അമ്മയെ സംരംഭത്തിൽ സഹായിക്കുന്നുമുണ്ട്.
ഫോൺ നന്പർ-9747131058