ആരോഗ്യത്തിനും ഉന്മേഷത്തിനും അത്തിപ്പഴം
ആരോഗ്യത്തിനും ഉന്മേഷത്തിനും അത്തിപ്പഴം
Friday, September 7, 2018 3:01 PM IST
അത്തിയെന്ന് കേള്‍ക്കുമ്പോള്‍ ഒരു തണല്‍ വൃക്ഷം എന്ന രൂപമാണ് പലരുടേയും മനസില്‍. ആയൂര്‍വേദത്തില്‍ പ്രസിദ്ധമായ നാല്പാമരങ്ങളിലെ അംഗമാണിത്. ഔഷധഗുണങ്ങള്‍ എറെയുള്ള അത്തിപ്പഴങ്ങള്‍ രുചിയും ലഘുമധുരവും ഉള്ളതാണ്. ഭക്ഷ്യയോഗ്യമായ പഴച്ചെടി. വലിയ ഇലകളോകൂടി നിരവധി ശാഖകള്‍ വച്ച് വളര്‍ന്നു പന്തലിക്കുന്നു. ഈ മരത്തിന്റെ തൊലി ഉപയോഗിച്ച് മരുന്നുകളും ഉണ്ടാക്കുന്നുണ്ട്. ചൊറി, കരപ്പന്‍ തുടങ്ങിയ ത്വക്ക് രോഗങ്ങള്‍ക്ക് നാല്പാമരത്തിന്റെ തൊലി ബഹുവിശേഷമാണ്.

അത്തിയെ തൊട്ടാല്‍ കറ കൊണ്ടഭിക്ഷേകം. ചെറിയൊരു പോറലോ തട്ടോ ഉണ്ടായാല്‍ കറപുറത്തു വരും. ഇതു കളയാന്‍ എണ്ണതേച്ചു കഴുകണം. കറ ശല്യവും കായ്കള്‍ പഴുത്ത് കിട്ടാത്തതു കൊണ്ടും അത്തിവളര്‍ത്തുന്നവര്‍ ചുരുങ്ങി. ഇന്ന് തണല്‍ വൃക്ഷമെന്ന നിലയിലാണ് അത്തി വളരുന്നത്.

ഷാജിയുടെ അത്തി അനുഭവം

ഇരുപതു വര്‍ഷം മുമ്പുനട്ട അത്തിയില്‍ നിന്ന് വര്‍ഷം മുഴുവന്‍ പഴം നേടുന്ന കൃഷി സ്‌നേഹിയാണ് ഇരിട്ടി ഉളിക്കല്‍ മാതാനഴ്‌സറി ഉടമയായ ഷാജി. പുഴുത്തകായ്കള്‍ ഉപയോഗിച്ച് ജ്യൂസാണ് പ്രധാനമായും ഉണ്ടാക്കുന്നത്. നല്ലപോലെ പഴുത്ത കായ്കള്‍ നേരിട്ടു കഴിക്കാം. ചിലര്‍ ഇതുണക്കി സൂക്ഷിക്കുന്നുണ്ട്. ചിലര്‍ തേനില്‍ ഇട്ട് അതില്‍ നിന്നെടുത്ത് ഉണക്കി സൂക്ഷിക്കും. ഇതിന് മധുരവും രുചിയും കൂടുതലായിരിക്കും. മൂത്തകായ്കള്‍ പറിച്ചെടുത്ത് കറിയുണ്ടാക്കുന്നു. തൊലികളഞ്ഞ് തോരനുണ്ടാക്കിയും കഴിക്കാം. കായ്ക ള്‍ക്കുള്ളിലെ പൂക്കളും പാചകം ചെയ്യുമ്പോള്‍ കളയാറില്ല. വാത പിത്ത രോഗങ്ങളെ ശമിപ്പിക്കാന്‍ ഈ പഴം അത്യുത്തമമാണ്.

ചര്‍മസംരക്ഷണത്തിനും അര്‍ശസ് മാറാനും

അത്തിയുടെ തൊലിയിട്ട് തിളപ്പിച്ച വെള്ളം മുറിവുകള്‍ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്നു. ക്ഷുദ്രജീവികള്‍ കടിച്ചുണ്ടാകുന്ന മുറിവുകളും കഴുകി വൃത്തിയാക്കാന്‍ ഈ ജലം ഉത്തമമാണ്. അര്‍ശസ് മാറ്റാനും വയറിളക്കത്തെ നിയന്ത്രിക്കാനും മരത്തില്‍ നിന്നുള്ള കറ ഉപയോഗിക്കുന്നു. എല്ലുകള്‍ക്ക് ഉണ്ടാകുന്ന ഒടിവു മാറാന്‍ അത്തിത്തൊലി ചതച്ച് വച്ചുകെട്ടിയാല്‍ മതിയാകും. പ്രമേഹരോഗികളുടെ ചര്‍മ്മ സംരക്ഷണത്തിനും കക്ഷത്തിലുണ്ടാകുന്ന കുരുക്കളെ അകറ്റാനും രക്തസ്രാവം ശമിപ്പിക്കാനും മുണ്ടിനീരിനും അസ്ഥിസ്രാവ ത്തിനും അത്തിയുടെ തൊലി, കായ, കറ എന്നിവ ആയൂര്‍വേദത്തിലും നാട്ടുവൈദ്യത്തിലും ഉപയോഗപ്പെടുത്തുന്നുണ്ട്. മനുഷ്യ ശരീരത്തിന് ആരോഗ്യമേകുന്ന ഈ ചെടിയെ നാം അവഗണിക്കുകയാണ്. പ്രത്യേക പരിചരണമോ വളപ്രയോഗമോ ഇല്ലാതെ തിങ്ങിനിറഞ്ഞ ഇലകളോടുകൂടി വളരും. കടുത്ത വേനലിനെ നേരിടാനുള്ള കഴിവുണ്ട്. ഈ സമയം ഇലകള്‍ പൊഴിച്ച് സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ ജലം നിലനിര്‍ത്താനുള്ള കഴിവ് ഈ ചെടിയുടെ പ്രത്യേകതയാണ്.

ദീര്‍ഘവൃത്താകൃതിയിലുള്ള ഇതിന്റെ വലിയ ഇലകള്‍ ഭക്ഷ്യവസ്തുക്കള്‍ വിളമ്പുന്നതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. അത്തിയുടെ തണ്ടുകളിലാണ് കായകള്‍ ഉണ്ടാകുന്നത്. ഇവ പഴുത്തു കിട്ടാറില്ല. ചുക്കിച്ചുളുങ്ങി ഉണങ്ങി വീഴുകയാണ് പതിവ്. അതുകൊണ്ട് കായകള്‍ ഉണ്ടാകുമ്പോള്‍ തന്നെ നശിപ്പിക്കുന്നു. കായ്കള്‍ നിലത്തുവീണ് അഴുകിയുണ്ടാകുന്ന പ്രശ്‌നം ഒഴിവാക്കാനാണിത്. ചിലയിടങ്ങളില്‍ നല്ലപോലെ പഴുത്തു കിട്ടുന്നുണ്ട്. കാലാവസ്ഥയും മണ്ണും അനുകൂലമായാല്‍ അത്തിക്കായ് പഴുത്തുകിട്ടുമെന്നാണ് ഷാജിയുടെ അനുഭവം.

ഇന്ന് പല സ്ഥലങ്ങളിലും വളരുന്ന അത്തികളെ കാട്ടത്തി എന്നാണു വിളിക്കുന്നത്. ഇതിലെ കായ്കള്‍ പഴുത്തു കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഇതിന്റെ തൊലിക്കും കറയ്ക്കും കായ്കള്‍ക്കുമാണ് ഔഷധ ഗുണങ്ങള്‍ ഏറെയുള്ളത്. കന്നുകാലിവളര്‍ത്തലുകാര്‍ കാലികളുടെ ആരോഗ്യ വളര്‍ച്ച യ്ക്ക് അത്തിക്കായ്കള്‍ നല്‍കുന്നുണ്ട്. എല്ലാ പ്രദേശത്തും വളരുന്ന ഈ അത്തിയില്‍ ബഡ് ചെയ്ത ഇസ്രയേല്‍ ഇനങ്ങളും ഇന്നു ലഭ്യമാണ്. പഴത്തിനായി നിരവധി തരത്തിലുള്ള അത്തിയിനങ്ങള്‍ വിദേശരാജ്യങ്ങളിലുണ്ട്. ആരോഗ്യ ഭക്ഷ്യവസ്തു എന്ന നിലയില്‍ പുരാതനകാലം മുതല്‍ ഈ പഴം പ്രസിദ്ധമാണ്. ബൈബിളിലും ഇതേക്കുറിച്ചുള്ള പരാമര്‍ശം കാണാം. ക്ഷീണവും തളര്‍ച്ചയും അകറ്റി ശരീരത്തിന് ഉന്മേഷം നല്‍കുന്ന പഴങ്ങളില്‍ ഒന്നാണ് അത്തിപ്പഴം. ഗള്‍ഫ്, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലാണ് അത്തിപ്പഴം കൂടുതലായി ഉപയോഗിക്കുന്നത്. ഫ്രഷ് ആയിട്ടാണ് കൂടുതലാളുകളും ഭക്ഷിക്കുന്നത്. അധികനാള്‍ പഴം സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കില്ല. അതുകൊണ്ട് സംസ്‌കരിച്ച് ഡ്രൈ ഫ്രൂട്ടാക്കി ഉപയോഗിക്കുന്നു.


അത്തിപ്പഴത്തിന്റെ നാട് എന്നറിയപ്പെടുന്ന ഇസ്രയേലില്‍ നിന്നുള്ള ഇനങ്ങളാണ് പഴങ്ങളുണ്ടാകാന്‍ നല്ലത്. സിറിയന്‍ ഇനങ്ങളും ചില നഴ്‌സറികളിലുണ്ട്. മൂന്ന് തരത്തിലുള്ള ഇലകളോടുകൂടിയ ഇനങ്ങളില്‍ തന്നെ നിരവധി ഇനങ്ങള്‍ വേറെയും ഉണ്ട്. കാട്ടത്തിയെന്ന് നാം പറയുന്ന അത്തിയോട് രൂപസാദൃശ്യമുള്ള അത്തിയിനങ്ങളില്‍ തണ്ടിലാണ് പഴങ്ങളുണ്ടാകുന്നത്. വീതി കുറഞ്ഞ് നീണ്ട ഇലകളോടുകൂടിയ അത്തിയും വിടര്‍ത്തിയ കൈവിരലുകള്‍ പോലുള്ള ഇലകളുള്ള അത്തിയും ഉണ്ട്. ഇവയുടെ ചിലയിനങ്ങള്‍ നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുന്നവയാണ്. കൈവിരലുകള്‍ പോലെ വിടര്‍ന്നിരിക്കുന്ന ഇലകളുള്ള അത്തിയുടെ പഴത്തിന് മധുരം കൂടുതലാണ്. ഡ്രൈ ഫ്രൂട്ടാക്കി മാറ്റാന്‍ അനുയോജ്യമായ അത്തിപ്പഴം ഉണ്ടാകുന്നത് 'ഫിക്കസ് കാരിക്കേ' എന്ന ഇനത്തിലാണ്. ഇതിന്റെ പഴം ഇലയിടുക്കിലാണ് ഉണ്ടാകുന്നത്. ഓരോ ഇലയിടുക്കിലും ഒരു കായ വീതമുണ്ടാകും.

വിദേശഇനത്തില്‍പ്പെട്ട അത്തികളെല്ലാം തന്നെ ചട്ടികളിലും മറ്റുമായി നടാന്‍ കഴിയും. അധികം ഉയരത്തില്‍ വളരാതെ കമ്പുകള്‍ ഓരോ വര്‍ഷവും ക്രമപ്പെടുത്തണം. നിലത്ത് നടുന്നതിന് വളര്‍ച്ച കൂടുതലായിരിക്കും. നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിളവുണ്ടാകുകയുള്ളു. കാലവര്‍ഷാരംഭത്തോടെ നല്ല വിളവു ലഭിക്കുന്ന അത്തികളില്‍ നിന്ന് ഇളം കമ്പുകള്‍ മുറിച്ചെടുത്താണ് നടീല്‍ വസ്തുക്കള്‍ ഉണ്ടാക്കുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലത്ത് കുഴികളെടുത്ത് കമ്പോസ്റ്റ് അടിവളമായി നല്‍കി മേല്‍മണ്ണിട്ട് മൂടിയശേഷം കമ്പോതൈകളോ നടാം. നാടന്‍ ഇനമെന്ന രീതിയില്‍ വളരുന്ന കാട്ടത്തിയില്‍ പുതിയ ഇനങ്ങള്‍ ബഡ് ചെയ്ത തൈകളും ലഭിക്കും. തൈനട്ട് രണ്ടുവര്‍ഷം കഴിയുമ്പോള്‍ പുഷ്പിച്ചു തുടങ്ങും. കായ്കള്‍ നല്ലപോലെ പഴുത്തതിനു ശേഷമാണ് പഴമായി ഭക്ഷിക്കുന്നത്. മൂത്തു തുടങ്ങുന്നതിനു മുമ്പേ പറിച്ചെടുത്താല്‍ കറികളും ഉണ്ടാക്കാം. ചട്ടികളിലും മറ്റും നടുന്ന അത്തികള്‍ക്ക് വേനല്‍ക്കാലത്ത് നനയും വര്‍ഷത്തില്‍ ഒരു പ്രാവശ്യം കമ്പോസ്റ്റുവളവും നല്‍കണം. അനുകൂലമല്ലാത്ത കാലാവസ്ഥയാണെങ്കില്‍ മൂന്നോ നാലോ വര്‍ഷം കഴിഞ്ഞിട്ടാവാം പുഷ്പിക്കല്‍. തൈകള്‍ വാങ്ങുമ്പോള്‍ മികച്ചയിനങ്ങള്‍ നോക്കിയെടുക്കണം. ഭക്ഷ്യയോഗ്യമായ കൂടുതല്‍ പഴങ്ങളുണ്ടാവുന്ന അത്തിയിനങ്ങള്‍ തെരഞ്ഞെടുത്ത് നടാന്‍ ശ്രമിക്കുക. വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് നല്ലൊരു ജ്യൂസ് നല്‍കാന്‍ ഒരു അത്തിച്ചെടി മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് - ഷാജി: 9447684986

നെല്ലി ചെങ്ങമനാട്