ബാങ്ക് ഓഹരികളുടെ ഭാവി കരിനിഴലിൽ
ബാങ്ക് ഓഹരികളുടെ  ഭാവി കരിനിഴലിൽ
Tuesday, September 4, 2018 3:20 PM IST
ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ക്രിസിൽ സൂചിപ്പിക്കുന്ന ഒരു വസ്തുത നോക്കൂ. ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പകൾ 2017-18 സാന്പത്തിക വർഷത്തിൽ കിട്ടാക്കടമായി മാറ്റി. അങ്ങനെ മൊത്തം കിട്ടാക്കടം ഈ സാന്പത്തിക വർഷത്തിൽ 10.3 ലക്ഷം കോടിയായി. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ ഇതു എട്ടുലക്ഷംകോടി മാത്രമായിരുന്നു.

അതോടെ നീക്കിയിരിപ്പ് വർധിപ്പിക്കുവാൻ ബാങ്ക് നിർദ്ദേശിച്ചു. ഇതുമായി ബാങ്കിംഗ് മേഖല 40,000 കോടി രൂപയോളമാണ് നഷ്ടപ്പെടുത്തിയത്. പൊതുമേഖലാ ബാങ്കുകളെയാണ് ഇതു ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത്.

ഈ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. കിട്ടാക്കടം വീണ്ടെടുക്കാനുള്ള നടപടികൾ ഫലം കാണുമെന്ന പ്രതീക്ഷ അസ്ഥാനത്താകാനാണ് സാധ്യത.
ഇതിനെല്ലാം പുറമെയാണ് ആയിരക്കണക്കിന് കോടികൾ ബാങ്കുകളിൽ നിന്ന് വിദഗ്ധമായി കബളിപ്പിച്ചെടുക്കുന്നത്. നീരവ് മോഡി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ തട്ടിയെടുത്ത കഥ എല്ലാവർക്കും അറിവുള്ളതാണല്ലോ.

ആറു ബാങ്കുകളുടെ കണ്‍സോർഷ്യത്തെ എസ്.എസ്.കെ എന്നൊരു സ്ഥാപനം 180 കോടി രൂപയാണ് പറ്റിച്ചെടുത്തത്. ഓരോ മണിക്കൂറിലും ഇന്ത്യയിലെ ബാങ്കുകൾക്ക് 1.6 കോടി രൂപ ഈ രീതികളിൽ നഷ്ടമാകുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോർട്ട് ചെയ്യുന്നു. 2014-15, 2015-16, 2016-17 ഈ കാലഘട്ടത്തിൽ 42,276 കോടി രൂപയാണ് ബാങ്കുകളിൽ നിന്നു കൊള്ളയടിച്ചത്. പൊതുമേഖലാ ബാങ്കുകളാണ് ഈ നഷ്ടത്തിന്‍റെ ഭൂരിഭാഗവും പേറുന്നത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയിലും വൻതോതിൽ തിരിമറി നടന്നിട്ടുണ്ട്.

പൊതുമേഖലാ ബാങ്കുകളുടെ കാര്യക്ഷമത ഇല്ലായ്മ, രാഷ്ട്രീയ സമ്മർദ്ദങ്ങൾ, കിട്ടാക്കടം എല്ലാം കൂട്ടിവായിക്കുന്പോൾ പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനഫലങ്ങൾ അത്ര ശോഭനമായിരിക്കാൻ വഴിയില്ലല്ലോ. അതുകൊണ്ടുതന്നെ ആ ഓഹരികൾക്ക് വലിയ മുന്നേറ്റം പ്രതീക്ഷിക്കാനും വയ്യ.

രാജ്യത്തെ ബാങ്കുകൾ നേരിടുന്ന ഏറ്റവും വലിയ വിപത്ത് കിട്ടാക്കടമാണ്. അടുത്തകാലത്ത് ആർ.ബി.ഐ നടപ്പിലാക്കിയ നടപടികൾ ബാങ്കുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. നാലാം പാദത്തിൽ എസ്ബിഐയുടെ നഷ്ടം 7718 കോടിയായി ഉയർന്നു. എസ്ബിഐ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ നഷ്ടമാണിത്. തൊട്ടു മുൻവർഷത്തെ നാലാംപാദത്തിൽ 3442 കോടി രൂപയായിരുന്നു നഷ്ടം. പിന്നെങ്ങനെയാണ് എസ്ബിഐയുടെ ഓഹരികൾ കുതിച്ചുകയറുക?

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന സംഭവങ്ങൾ പി.എൻ.ബിയുടെ ഓഹരിവില കുത്തനെ താഴേക്ക് കൊണ്ടുവന്നല്ലോ. പൊതുമേഖലാ ബാങ്കുകൾക്ക് പൊതുവേ ശനിദശയാണ്. അവയുടെ ഓഹരിവിലകൾ ഉയർന്നുപോകാനുള്ള സാധ്യതകൾ മങ്ങുകയാണ്. പൊതുമേഖലാ ബാങ്കുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. അവയിൽ നിക്ഷേപിക്കുന്നത് ആലോചിച്ചുവേണം.

1. അലഹാബാദ് ബാങ്ക്

2.ആന്ധ്രാ ബാങ്ക്
3.ബാങ്ക് ഓഫ് ബറോഡ
4.ബാങ്ക് ഓഫ് ഇന്ത്യ
5.കാനറാ ബാങ്ക്
6.കോർപറേഷൻ ബാങ്ക്
7.സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
8.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
9. ദേനാ ബാങ്ക്
10.ഇന്ത്യൻ ഓവർസീസ് ബാങ്ക്
11. ഐഡിബിഐ ബാങ്ക്
12.പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്
13.സിൻഡിക്കേറ്റ് ബാങ്ക്
14.യൂകോ ബാങ്ക്
15.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
16.യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
17.വിജയ ബാങ്ക്
18.ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്സ്
19.ബാങ്ക് ഓഫ് മഹാരാഷ്ട്ര

ഈ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ പരിശോധിച്ചാൽ ഉയർന്നുപോകാത്തത് ശ്രദ്ധയിൽപ്പെടും. പലതിന്‍റെയും വില കുത്തനെ താഴേക്ക് വരുകയും ചെയ്തു. ആദ്യമായി നിക്ഷേപത്തിന് വരുന്നവർ ഈ മേഖലയെ മാറ്റി നിർത്തുന്നതാണ് ഉചിതം. വേറെ എത്രയോ നല്ല മേഖലകൾ ഉണ്ട്.

സ്വകാര്യ ബാങ്കുകൾ

സ്വകാര്യ മേഖലയിലെ ബാങ്കുകളുടെ പ്രവർത്തനം പൊതുവെ നല്ലതായിരുന്നു. പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളുമായി താരതമ്യം ചെയ്യുന്പോൾ. പക്ഷേ ഈ അടുത്തകാലത്തുണ്ടായ ചില സംഭവവികാസങ്ങൾ അതിനെ തകിടം മറിക്കുകയുണ്ടായി. ഐ.സി.ഐ.സി ബാങ്കിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചന്ദ കൊച്ചാർ ബാങ്കിന്‍റെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച് വഴിവിട്ടരീതിയിൽ വൻ വായ്പ അനുവദിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിക്കഴിഞ്ഞു. വേറെ പല പ്രൈവറ്റ് ബാങ്കുകളിലും വൻതോതിലുള്ള തിരിമറികൾ നടന്നിട്ടുണ്ട്.

എങ്കിൽപ്പോലും ഇന്നത്തെ നിലയിൽ ബാങ്കിംഗ് മേഖല മൊത്തം ആകർഷണീയമാണെന്ന് പറയുകവയ്യ. തീർച്ചയായും എച്ച്.ഡി.എഫ്.സി ബാങ്ക് ഇതിനൊരപവാദമാണ്. അതിന്‍റെ ഓഹരിവില കുറെയധികം കാലമായി കയറുകയാണല്ലോ.

പരിഗണനാർഹമായ മറ്റു ചില ബാങ്കുകൾ

നല്ല രീതിയിൽ പ്രവർത്തിക്കുകയും നല്ല പ്രവർത്തനഫലം നൽകുകയും ചെയ്യുന്ന എസ്ഐബിയുടെ ഓഹരി വില 18-33 റേഞ്ചിലായി വർഷങ്ങളായി കിടക്കുകയാണ്. കാര്യക്ഷമതയുണ്ട്. നല്ല അറ്റാദായം. അതിന്‍റെ ഓഹരി വില ഉയരാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് 20-22 റേഞ്ചിൽ നിക്ഷേപത്തിന് തെരഞ്ഞെടുക്കാം.

പൊതുമേഖലാ ബാങ്കുകളിൽ ഏതെങ്കിലും തെരഞ്ഞെടുക്കണം എന്ന് തോന്നിയാൽ അതു എസ്ബിഐ തന്നെ ആയിരിക്കണം. ആസ്തിയുടെയും നിക്ഷേപത്തിന്‍റെയും ശാഖകളുടെയും കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണിത്. വൈവിധ്യമാർന്ന ഉത്പന്നനിര തന്നെയുമുണ്ട്.

നിങ്ങൾക്ക് കയറാവുന്ന വില 255-260 രൂപയാണ്. സ്വകാര്യ മേഖലയിലെ എച്ച്.ഡി.എഫ്.സി ബാങ്കും ഫെഡറൽ ബാങ്ക് നിക്ഷേപയോഗ്യമാണ്. 2000 രൂപയിലും 80 രൂപയിലും ഇവ വാങ്ങാവുന്നതേയുള്ളൂ.

പ്രൊ​ഫ.​പി.​എ വ​ർ​ഗീ​സ്
ഇ-​മെ​യി​ൽ: [email protected]
മൊബൈൽ: 9895471704