ബിപി കുറയ്ക്കാം; ആയുര്‍വേദത്തിലൂടെ...
ബിപി കുറയ്ക്കാം; ആയുര്‍വേദത്തിലൂടെ...
Thursday, August 30, 2018 4:38 PM IST
രക്തസമ്മര്‍ദം അഥവാ രക്താതിമര്‍ദം എന്ന് ആധുനികരീത്യ വിവക്ഷിക്കുന്ന ഈ രോഗാവസ്ഥ ആയുര്‍വേദത്തില്‍ ഒരു സ്വതന്ത്രരോഗമായില്ല, ഒരു രോഗകാരണമായ അവസ്ഥ എന്ന രീതിയിലാണ് വിവരിക്കുന്നത്. രക്താതിമര്‍ദം ഉണ്ടായാല്‍ ഗുരുതരമായ പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. ഉദാഹരണമായി ഹൃദയാഘാതം, പക്ഷാഘാതം, മസ്തിഷ്‌ക രക്തസ്രാവം എന്നിങ്ങനെയാണ് അവ. അതുപോലെ പല രോഗങ്ങളുടെയും അനുബന്ധമായും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. പനി ഉണ്ടാകുക, ഉറക്കമൊഴിയുക, ജോലിഭാരം കൂടുക തുടങ്ങിയവ രക്താതിമര്‍ദം ഉയര്‍ത്തുന്നു.

പള്‍സ് പ്രഷര്‍

ഹൃദയത്തിന്റെ സങ്കോച വികാസ സര്‍ദങ്ങളുടെ അനുപാതങ്ങളുടെ അന്തരം എത്രയാണോ അതിനെ പള്‍സ് പ്രഷര്‍ എന്നു പറയുന്നു. ഒരു മനുഷ്യന് സാധാരണയായി സിസ്‌റ്റോളിക് പ്രഷര്‍ 120/ 150 എന്നും ഡയസ്റ്റോളിക് പ്രഷര്‍ 80/90 എന്നും നിജപ്പെടുത്തിയിരിക്കുന്നു. ഈ അനുപാതങ്ങള്‍ക്ക് വ്യതിയാനങ്ങള്‍ വരാം. പ്രായമായവരില്‍ താരതമ്യേന ഇത് എപ്പോഴും ഉയര്‍ന്ന നിലയിലായിരിക്കും. എല്ലായ്‌പ്പോഴും അത് രോഗാവസ്ഥയാകണമെന്നില്ല. നിരന്തരമായി നിരീക്ഷിച്ച് വ്യതിയാനങ്ങള്‍ക്ക് എപ്പോഴും വ്യത്യാസം വന്നാല്‍ വൈദ്യ നിര്‍ദേശം തേടേണ്ടതുണ്ട്. ചെറുപ്പക്കാര്‍ക്കും ഈ വ്യതിയാനങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം.

രക്താതിമര്‍ദം രണ്ടു തരം

രണ്ടു തരത്തിലാണ് രക്താതിമര്‍ദത്തെ വിഭജിച്ചിരിക്കുന്നത്.
1. Primary or Essential Hyper Tension
2. Secondary Hyper Tension

രോഗമൊന്നും ഉണ്ടാകാതെ രക്താതിമര്‍ദം മാത്രമായി കാണുന്ന അവസ്ഥയാണ് ഒന്നാമത്തേത്. ഗുരുതരമായ രോഗാവസ്ഥയെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് രണ്ടാമത്തേത്.

കാരണങ്ങള്‍

ഇന്നത്തെ ആധുനിക ജീവിതശൈലികള്‍, മാനസികമായ ജോലി സമ്മര്‍ദം, സ്ഥൗല്യം, വ്യായാമമില്ലായ്മ, ഉറക്കമൊഴിച്ചുള്ള ജോലി, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ അമിതോപയോഗം ഇവയെല്ലാം രക്താതിമര്‍ദത്തിന് കാരണമാകുന്നു. ഇങ്ങനെ കാണുന്ന രക്താതിമര്‍ദത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. ഗുരുതരമായ രോഗകാരണങ്ങള്‍കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥയെ മരുന്നുകൊണ്ട് നിയന്ത്രിക്കാവുന്നതാണ്.

ലക്ഷണം കാണിക്കാതെയും വരാം

മുന്‍കൂട്ടി ലക്ഷണങ്ങള്‍ കാണിക്കാതെ രക്താദിമര്‍ദം വരാം. 35/ 40 വയസു കഴിഞ്ഞാല്‍ രക്താതിമര്‍ദത്തെ കരുതിയിരിക്കണം. ശിര:സ്ത്രദാം (തലവേദന), സ്വാഭാവ വ്യതിയാനങ്ങള്‍, സ്വസ്ഥതയില്ലാത്ത ഉറക്കം, ശ്രദ്ധക്കുറവ്, അലസത എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും വൈദ്യ നിര്‍ദേശം വേണ്ടതാണ്. ഞരമ്പുകളില്‍ ശക്തമായ സമ്മര്‍ദമുണ്ടാകുമ്പോള്‍ ഏതെങ്കിലും ചെറു ഞരമ്പുകള്‍ പൊട്ടിപ്പോകാം. ആദ്യം ഉണ്ടാകുന്നത് നാസാ രക്തസ്രാവമാണ്. ഇതൊരു പൂര്‍വലക്ഷണമായി കാണണം. സ്ത്രീകള്‍ക്ക് അത്യാര്‍ത്തവം (അമിത രക്തസ്രാവം), തലവേദന, ഉറക്കമില്ലായ്മ, ഉന്മേഷക്കുറവ്, അധികം വിയര്‍പ്പ് എന്നീ ലക്ഷണങ്ങള്‍ കാണാം.


സ്വയം ചികിത്സ വേണ്ട

ബാഹ്യകാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന രക്താതിമര്‍ദം ജീവിതശൈലീ മാറ്റങ്ങള്‍ കൊണ്ട് നിയന്ത്രിക്കാം. ആയുര്‍വേദത്തില്‍ ഒറ്റമൂലികളായും യോഗങ്ങളായും (കഷായമോ, ഗുളികയോ) കൊടുക്കാം. സ്വയം ചികിത്സ ചെയ്യാതെ വൈദ്യ നിര്‍ദേശത്തോടുകൂടി ഔഷധം സേവിക്കണം. ഗുരുതരമായ രോഗാവസ്ഥ വന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടുകൂടി തന്നെ രോഗം നിയന്ത്രിക്കണം.

ചികിത്സാരീതി

അമല്‍പ്പൊരി എന്നറിയപ്പെടുന്ന സര്‍പ്പഗന്ധി വേര് (Reserpine, Serpentine ) ഉണക്കി പൊടിച്ചത് ഒരു ഗ്രാമും ത്രിഫല ചൂര്‍ണം(കടുക്ക,നെല്ലിക്ക, താന്നിയ്ക്കാ) ഒരു ഗ്രാമും ചേര്‍ത്ത് കഴിച്ചാല്‍ തല ചുറ്റല്‍, രക്താദിമര്‍ദം എന്നിവ നിയന്ത്രണവിധേയമാകാറുണ്ട്.

നെഞ്ചിടിപ്പ്, രക്താദിമര്‍ദം ഈ അവസ്ഥയില്‍ നീര്‍മരുതിന്‍ ചൂര്‍ണം രണ്ടു ഗ്രാം, അമല്‍ പൊരി ചൂര്‍ണം ഒരു ഗ്രാം എന്നിവ ഉപയോഗിക്കാം.

അമല്‍പൊരി ചേര്‍ന്ന പല സംയുക്തങ്ങളും ഉപയോഗിക്കാം. ഈ മരുന്ന് ദീര്‍ഘകാലം കഴിക്കുന്നതിനെക്കുറിച്ചും ശാസ്ത്രീയവശങ്ങളെക്കുറിച്ചും അറിഞ്ഞുവേണം മരുന്നു സേവിക്കാന്‍.

അമല്‍പൊരിയില്‍ അടങ്ങുന്ന ഘടകങ്ങള്‍ ഞലലെൃുശില, ടലൃുലിശേില എന്നിവ ആധുനികവൈദ്യശാസ്ത്രവും മരുന്നുകളുടെ ഘടകങ്ങളായി ഉപയോഗിച്ചുവരുന്നു.

ഗന്ധര്‍വഹസ്താദി കഷായം, ചെറിയ രാസ്‌നാദി കഷായം, രസ്രാനാദി കഷായം, ഗുല്‍ഗുലുതിക്തകകഷായം, സപ്തസാരം കഷായം, ഷഡ്ധരണം ഗുളിക, കൈശ്രാര്‍ഗുല്‍ഗുലു, ത്രിഫലം ഗുല്‍ഗുലു, വ്യോഷാദി ഗുല്‍ഗുലു എന്നീ യോഗങ്ങള്‍ യുക്തിക്കനുസരിച്ച് ഉപയോഗിക്കുന്ന ഔഷധക്കൂട്ടുകളാണ്.

വെളുത്തുള്ളി, ചുക്ക്, ജീരകം, മുരിങ്ങയില, കുമ്പളങ്ങ, രുദ്രാക്ഷം തുടങ്ങിയ ഔഷധങ്ങള്‍ രക്താതിമര്‍ദത്തെ പല രീതിയില്‍ നിയന്ത്രിക്കുന്നവയാണ്. ഓരോ ഔഷധവും യുക്തിക്കനുസരിച്ച് രോഗിയുടെ അവസ്ഥയേയും ബലത്തേയും അനുസരിച്ച് വേണം കൊടുക്കേണ്ടത്. യുക്തിയനുസരിച്ച് പ്രയോഗിക്കുന്ന ഔഷധം അമൃതുപോലെയും അല്ലാത്തത് വിഷം പോലെയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നാണ് ആയുര്‍വേദം പറയുന്നത്. രോഗം വരാതെ സ്വസ്ഥ ചര്യകള്‍ ശീലിക്കുകയും രോഗം വന്നാല്‍ അവസ്ഥകള്‍ക്കനുസരിച്ച് ചികിത്സ ചെയ്യുകയും വേണം.

ഡോ.ഗിരിജ.ടി
പ്രഫസര്‍, അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളജ്
പാലക്കാട്‌