"റീട്ടെയിൽ മാർട്ടു’മായി ഐഒബി
"റീട്ടെയിൽ മാർട്ടു’മായി ഐഒബി
Thursday, August 30, 2018 3:50 PM IST
എപ്പോഴും ഉപഭോക്തൃ സൗഹൃദമായിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ ഓരോ ശാഖകളും പ്രവർത്തിക്കുന്നത്. ബാങ്കിന് കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തുമായി രണ്ട് റീജണൽ ഓഫീസുകളാണുള്ളത്. അതിൽ കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള ബാങ്കിന്‍റെ ശാഖകൾ എറണാകുളം റീജണൽ ഓഫീസിനു കീഴിലാണ് വരുന്നത്. ഈ മേഖലയ്ക്കു കീഴിൽ 4,100,00 ഉപഭോക്താക്കളും 90 ശാഖകളും 90 എടിഎമ്മുകളുമുണ്ട്.

എറണാകുളം റീജിയണിൽ നിന്നും 2018-19 വർഷത്തിലെ ബിസിനസിൽ 25 ശതമാനം വളർച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. റീട്ടെയിൽ, അഗ്രികൾച്ചർ, എംഎസ്എംഇ(ആർ.എ.എം) ഈ മേഖലകൾക്ക് കൂടുതൽ ശ്രദ്ധ നൽകി ബാങ്ക് നടപ്പിലാക്കുന്ന വിവിധ സേവനങ്ങളെയും ഉത്പന്നങ്ങളെയും കുറിച്ച് വിശദീകരിക്കുകയാണ് എറണാകുളം റീജണൽ ഓഫീസ് ചീഫ് റീജണൽ മാനേജർ എം.നാരായണൻ നായർ.

? 2017-18 വർഷത്തിൽ ബാങ്കിന്‍റെ എറണാകുളം മേഖലയിലെ മൊത്തം ബിസിനസ് വളർച്ച എത്ര മാത്രമാണ്. 2018-19 ലെ പ്രതീക്ഷകൾ എന്തൊക്കെയാണ്.

2017-18 വർഷത്തിൽ ബാങ്കിന്‍റെ എറണാകുളം മേഖല മൊത്ത ബിസിനസിലുണ്ടാക്കിയ വളർച്ച 15 ശതമാനമാണ്. 2018-19 ൽ 25 ശതമാനം വളർച്ചയാണ് ലക്ഷ്യം വയ്ക്കുന്നത്.

? ബാങ്കിന്‍റെ പ്രധാന വായ്പ പദ്ധതികൾ എന്തൊക്കെയാണ്.

റീട്ടെയിൽ വായ്പകൾ, കാർഷിക വായ്പകൾ, എംഎസ്എംഇ വായ്പകൾ എന്നിവയ്ക്കാണ് ബാങ്ക് പ്രാധാന്യം നൽകുന്നത്. എംഎസ്എംഇ വായ്പകൾ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ ചെറുകിട വ്യവസായ ക്ലസ്റ്ററുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. നിലവിൽ പ്ലൈവുഡ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പെരുന്പാവൂർ ആസ്ഥാനമായി പ്ലൈവുഡ് ക്ലസ്റ്ററിന് രൂപം കൊടുത്തിട്ടുണ്ട്. ഇത് കണ്ണൂർ ജില്ലയിലെ വളപട്ടണത്തേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
പലിശയിൽ നിശ്ചിത നിരക്ക ഇളവ് നൽകിയാണ് വായ്പകൾ നൽകുന്നത്. എംഎസ്എംഇ മേഖലയിൽ 2018-19 വർഷത്തിൽ 25 മുതൽ 30 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഇതിനു പുറമെ സൂക്ഷ്മ, ചെറുകിട വ്യവസായങ്ങൾക്കായി നിരവധി വായ്പ പദ്ധതികളും ബാങ്ക് ലഭ്യമാക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് എസ്എംഇ 300 സ്കീം. മുന്നൂറു ദിവസത്തേക്കാണ് ഈ വായ്പ. വായ്പ എടുക്കുന്നവർ കൊളാറ്ററൽ സെക്യൂരിറ്റിയായി ഒന്നും നൽകേണ്ടതില്ല. ഒരു ശാഖ ഇത്തരത്തിലുള്ള 200 വായ്പകളെങ്കിലും നൽകണമെന്നാണ് നിബന്ധന.
ആദ്യമായി വായ്പ എടുക്കുന്ന സംരംഭകന് 50,000 രൂപവരെയാണ് ആദ്യത്തെ തവണ വായ്പ ലഭിക്കുന്നത്. വായ്പ തിരിച്ചടവ് എല്ലാ ദിവസവും ഒരു നിശ്ചിത തുക വീതം നൽകണം എന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. എല്ലാ ദിവസവും തിരിച്ചടവു നടത്തുന്നതിനാൽ വായ്പ എടുക്കുന്നവർക്ക് ഇത് ഒരു ഭാരമായി തീരുകയുമില്ല. ഒരു വർഷത്തിനുള്ളിൽ വായ്പ തിരിച്ചടവ് പൂർത്തിയാകുകയും ചെയ്യും.
ആദ്യത്തെ തവണത്തെ വായ്പയിലൂടെ സംരംഭത്തെ മെച്ചപ്പെടുത്തിയവർക്ക് രണ്ടാമതും വായ്പ എടുക്കാം. രണ്ടാമത്തെ തവണ ഒരു ലക്ഷം രൂപ വായ്പയായി നൽകും.

? ബാങ്കിന്‍റെ മറ്റു വായ്പ പദ്ധതികൾ എന്തൊക്കെയാണ്

സ്ത്രീകൾക്കും ദുർബല വിഭാഗങ്ങൾക്കുമായി ഓരോ ശാഖയും സ്റ്റാൻഡപ് ഇന്ത്യ പദ്ധതി പ്രകാരം രണ്ടു വായ്പകൾ വീതം നൽകുന്നുണ്ട്. പത്തു ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് വായ്പ തുക. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭകർക്കും മുദ്ര ലോണ്‍ തുടങ്ങിയ വായ്പകളും നൽകുന്നു.

റീട്ടെയിൽ മാർട്ട് എന്ന പേരിൽ റീട്ടെയിൽ ബിസിനസ് വർധിപ്പിക്കാനായി ഒരു വിഭാഗത്തിന് ബാങ്ക് രൂപം നൽകിയിട്ടുണ്ട്. റീട്ടെയിൽ മാനേജർമാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. എംജി റോഡിലെ ബാങ്കിന്‍റെ പ്രധാന ശാഖയിലാണ് ഇത് പ്രവർത്തിക്കുന്നത്.

ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പകൾ എന്നിവ വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി നിലവിൽ 30 ശതമാനം വരെ വളർച്ച നേടാൻ കഴിഞ്ഞിട്ടുണ്ട്. എത്രയും വേഗം വായ്പകൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. വാഹന വായ്പ രണ്ട് ദിവസത്തിനുള്ളിലും ഭവന വായ്പ ഒരാഴ്ച്ചക്കുള്ളിലും നൽകും.

നിലവിൽ എറണാകുളം ജില്ലയിൽ മാത്രമേ ഇത് നടപ്പിലാക്കിയിട്ടുള്ളു. ഈ വർഷം ഈ മേഖലയിൽ നിന്നും 40 ശതമാനം വളർച്ചയാണ് ബാങ്ക് ലക്ഷ്യം വെയ്ക്കുന്നത്.
? ബാങ്കിന്‍റെ മറ്റു പ്രധാന ധനകാര്യ സേവനങ്ങളും ഉത്പന്നങ്ങളും എന്തൊക്കെയാണ്
എല്ലാ സാന്പത്തിക ശ്രേണിയിലും ഉൾപ്പെട്ടവർക്കായുള്ള ധനകാര്യ സേവനങ്ങളും ഉത്പന്നങ്ങളും ബാങ്ക് ലഭ്യമാക്കുന്നുണ്ട്. നിക്ഷേപ പദ്ധതികൾ, വായ്പ പദ്ധതികൾ എന്നിവയ്ക്കു പുറമേ മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സേവനങ്ങളും ഉത്പന്നങ്ങളും ബാങ്ക് ലഭ്യമാക്കുന്നു.

ഐഒബിയിൽ ശന്പള അക്കൗണ്ടുള്ളവർക്കായി ഒരു പ്രത്യേക പദ്ധതി ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 50,000 രൂപയ്ക്കു മുകളിൽ ശന്പളം ലഭിക്കുന്നവർക്ക് രണ്ടു മാസത്തെ വരുമാനവും അതിൽ താഴെ വരുമാനമുള്ളവർക്ക് ഒരു മാസത്തെ വരുമാനവും അഡ്വാൻസ് വായ്പയായി ലഭ്യമാക്കുന്നുണ്ട്. ഐഒബി പേ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഫീസ് ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനമാണ്.

ഐഒബി സുരക്ഷ 118 രൂപയ്ക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് കവറേജ് നൽകുന്ന ഇൻഷുറൻസ് പദ്ധതിയാണിത്. ഐഒബി ഉപഭോക്താക്കൾക്കു മാത്രമേ ഇത് ലഭിക്കു. യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷുറൻസ് കന്പനിയുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണിത്. 2018 ജൂണിൽ മാത്രം മൂവായിരത്തോളം പേർ പദ്ധതിയിൽ അംഗമായിട്ടുണ്ട്.

? കേരളത്തിലെ എൻപിഎയുടെ സ്റ്റാറ്റസ് എങ്ങനെയാണ്. എന്തെങ്കിലും നടപടികൾ ബാങ്ക് സ്വീകരിച്ചിട്ടുണ്ടോ.

കേരളത്തെ സംബന്ധിച്ച് എൻപിഎ കുറവാണ്. കാർഷിക വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയിലാണ് അൽപ്പം കിട്ടാക്കടമുള്ളത്. ബാങ്ക് വിദ്യാഭ്യാസ വായ്പ എടുത്തിട്ട് തിരിച്ചടക്കാൻ പറ്റാത്തവരെ മൂന്നു വിഭാഗമായി തിരിച്ചിട്ടുണ്ട്.


1. തൊഴിലില്ലാത്തവർ
2. മതിയായ ശന്പളം കിട്ടാത്തവർ
3. തൊഴിലുള്ളവർ
തൊഴിലില്ലാത്തവർക്കായി ഐഒബി ഒരു പദ്ധതി തയാറാക്കി നടപ്പാക്കുന്നുണ്ട്. ഐഒബിയുടെ തിരുവനന്തപുരത്തെ റീജണൽ ഓഫീസിനു കീഴിൽ റൂറൽ സെൽഫ് എംപ്ലോയിമെന്‍റ് ട്രെയിനിംഗ് സെന്‍ററുണ്ട്. അവിടെ തൊഴിൽ സാധ്യതയുള്ള കോഴ്സുകളിൽ പരിശീലനം നൽകുന്നു. വിദ്യാഭ്യാസ വായ്പ എടുത്ത് പഠിച്ചിറങ്ങിയിട്ടും തൊഴിലില്ലാത്തവർക്ക് അവിടെ തൊഴിൽ പരിശീലനം നൽകും. തുടർന്ന് പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംരംഭങ്ങൾ ആരംഭിക്കാൻ വായ്പകളും. അങ്ങനെ എടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ള അവസരം ഒരുക്കും. ഓരോ ബാങ്കും ഇതു സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് ഡിക്ലറേഷൻ സർട്ടിഫിക്കറ്റുകൾ നൽകേണ്ടതാണ്. എങ്കിൽ മാത്രമേ പരിശീലനം നൽകൂ. ചെറുകിട- സൂക്ഷമ ചെറുകിട വായ്പകൾ തുടങ്ങിയ മേഖലകളിൽ കിട്ടാക്കടം വലിയ പ്രശ്നം ഉയർത്തുന്നില്ല.

? സ്ത്രീ സംരംഭകർക്കു വേണ്ടിയുള്ള പ്രത്യേക വായ്പ പദ്ധതികൾ.

ഇരുപത്തിയൊന്നു വയസിനും 60 വയസിനും ഇടയിലുള്ള സ്ത്രീസംരംഭകർക്കായി നൽകുന്ന വായ്പയാണ് ഐഒബി എസ്എംഇ മഹിള പ്ലസ്. നിർമാണം, സേവനം എന്നീ മേഖലകളിലെല്ലാമുള്ള സംരംഭങ്ങൾക്ക് വായ്പകൾ നൽകുന്നു. പ്രൊപ്രൈറ്റർഷിപ് രീതിയിലുള്ളതോ അല്ലെങ്കിൽ പങ്കാളിത്ത രീതിയിലുള്ളതോ ആയ സംരംഭങ്ങളാണെങ്കിൽ നേതൃസ്ഥാനത്ത് സ്ത്രീകളായിരിക്കണം. നിർമാണ മേഖലയ്ക്ക് രണ്ടു കോടി രൂപയും സേവന മേഖലയ്ക്ക് ഒരു കോടി രൂപയും വരെ വായ്പ അനുവദിക്കും.

? ഉപഭോക്താക്കൾ ക്കിടയിലെ ഡിജിറ്റൽ ബാങ്കിംഗ് ഉപയോഗം എങ്ങനെയുണ്ട്. ബാങ്കിന്‍റെ ഭാഗത്തു നിന്നുള്ള പ്രോത്സാഹനം.

ബാങ്കിന് എറണാകുളം റീജിയണിൽ 4,100,00 ഉപഭോക്താക്കളാണുള്ളത് ഇതിൽ 50 ശതമാനത്തോളം ഉപഭോക്താക്കളും ഡിജിറ്റൽ ബാങ്കിംഗിലേക്ക് എത്തിക്കഴിഞ്ഞു. ഉപഭോക്താക്കൾക്ക് സൗകര്യ പ്രദമായി ഉപയോഗിക്കാൻ കഴിയുന്നവിധത്തിലാണ് ഓരോ ഡിജിറ്റൽ ആപ്ലിക്കേഷനുകളും തയ്യാറാക്കുന്നത്.

"ഐഒബി മൊബൈൽ’, "എം-പാസ്ബുക്ക്’, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്പോഴുള്ള റിവാർഡ് പോയിന്‍റ് "ഐഒബി റിവാർഡ്സ്’ ഡിജിറ്റൽ ആപ്ലിക്കേഷൻ വഴി ഉപയോഗിക്കാനുള്ള സൗകര്യം, "ഐഒബി നൻപൻ’ ആപ്ലിക്കേഷൻ വഴി ഇൻസ്റ്റന്‍റായി ബാങ്ക് ബാലൻസ് പരിശോധിക്കൽ, ലോണ്‍ അക്കൗണ്ട് പരിശോധിക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം ഇതു വഴി ലഭിക്കും.

"ഐഒബി കണക്ട്’ ഡിജിറ്റൽ ആയിട്ടുള്ള എല്ലാ സേവനങ്ങളും ഈ ഒരൊറ്റ ആപ്ലിക്കേഷൻ വഴി ലഭ്യമാകും.എടിഎം ലൊക്കേറ്റർ, ബ്രാഞ്ച് ലൊക്കേറ്റർ, ഇ സ്റ്റേറ്റ്മെന്‍റ്, ബാലൻസ് എൻക്വയറി, ബാങ്ക് നൽകുന്ന ഉത്പന്നങ്ങളും സേവനങ്ങളും എല്ലാം ഇതുവഴി അറിയാം. ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ അത് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവും ഇത് നൽകുന്നുണ്ട്.

ഐഒബി ഭീം ആധാർ എന്ന യുപിഐ പ്ലാറ്റ് ഫോം വഴി ക്യൂആർ കോഡ് സ്കാൻ ചെയ്ത് പേമെന്‍റ് നടത്താം. ആധാറുമായി ബന്ധിപ്പിച്ച പിഒഎസ് മെഷീനുകൾ ബാങ്ക് കച്ചവടക്കാർക്കും മറ്റും ലഭ്യമാക്കുന്നുണ്ട്. ഇങ്ങനെ എല്ലാവിധ സാങ്കേതിക വിദ്യകളും പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. എല്ലാം ഉപഭോക്തൃ സൗഹൃദമായി നടപ്പിലാക്കുകയാണ് ലക്ഷ്യം.
കടലാസു രഹിത പ്രവർത്തന സംവിധാനത്തിലേക്ക് എത്തിച്ചേരാനുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ടു തന്നെ ഉപഭോക്താക്കൾക്കിടയിൽ ഡിജിറ്റൽ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം ബാങ്കിലെ ഉദ്യോഗസ്ഥർ ഉപഭോക്താക്കൾക്ക് ഇവയെക്കുറിച്ച് കൃത്യമായ ബോധവത്കരണം നൽകുകയും ചെയ്യുന്നുണ്ട്. എല്ലാ മാസവും സംഘടിപ്പിക്കുന്ന കസ്റ്റമേഴ്സ് മീറ്റിൽ ഡിജിറ്റൽ ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുത്താറുണ്ട്. അതുപോലെ തന്നെ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ ചോദിച്ച് അറിയാറുമുണ്ട്. ഉപഭോക്തൃ സൗഹൃദ ബാങ്കായിരിക്കുക എന്നുള്ളതാണ പരമ പ്രധാനമായ ലക്ഷ്യം.

ഉപഭോക്താക്കൾക്ക് ബാങ്ക് നൽകുന്ന ധനകാര്യ സേവന, ഉത്പന്നങ്ങളെക്കുറിച്ച് അറിവു പകരാൻ ഫിനാൻഷ്യൽ ലിറ്ററസി പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നു. വായ്പകളെക്കുറിച്ചും വായ്പ തിരിച്ചടവിനെക്കുറിച്ചുമൊക്കെ ഉപഭോക്താക്കളെ ഫിനാൻഷ്യൽ ലിറ്ററസി പ്രോഗ്രാമിലൂടെ അവബോധമുള്ളവരാക്കുന്നു. അതാതു ശാഖകളാണ് ഇത് സംഘടിപ്പിക്കുന്നത്. എല്ലാ മാസവും ഫിനാൻഷ്യൽ ലിറ്ററസി പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുണ്ട്.

? യുവാക്കൾ, കുട്ടികൾ എന്നിവരെ ബാങ്കിംഗിലേക്കും ധനകാര്യ ലക്ഷ്യങ്ങളിലേക്കും നയിക്കാൻ എന്തെങ്കിലും പദ്ധതികളുണ്ടോ.

എല്ലാ പ്രായത്തിലുമുള്ളവർക്കുമായുള്ള സന്പാദ്യ, നിക്ഷേപ പദ്ധതികൾ ബാങ്കിനുണ്ട്. വളർന്നു വരുന്ന തലമുറയെ ഇത്തരം ലക്ഷ്യങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. കോണ്ടാക് ടു കണക്ട് 35 വയസിനു താഴെയുള്ളവരെ നേരിട്ടും ഫോണിലും ബന്ധപ്പെട്ട് അവർക്കാവശ്യമായ ബാങ്കിംഗ് ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുകയും അവരെ ബോധവത്കരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്.
ചെറുപ്പക്കാർക്ക് ഭാവിയിൽ ഇപ്പോൾ ലഭിക്കുന്നതിനെക്കാൾ വരുമാനം ലഭിക്കും എന്നു കണക്കാക്കി ഭവന വായ്പ എടുക്കുന്പോൾ 20 ശതമാനം അധികം വായ്പ നൽകുന്ന ബാങ്കിന്‍റെ പദ്ധതിയാണ് ജെൻ നെക്സ്റ്റ്. ജനിച്ചന്നുമുതൽ പതിനെട്ടു വയസുവരെയുള്ള കുട്ടികൾക്ക് അക്കൗണ്ട് തുറക്കാനുള്ള പദ്ധതിയാണ് ഐഒബി ലിറ്റിൽ സ്റ്റാർ.

എം. നാരായണൻ നായർ
ചീഫ് റീജിയണൽ മാനേജർ ഇന്ത്യൻ ഓവർസീസ് ബാങ്ക് റീജിയണൽ ഓഫീസ് എറണാകുളം.
കാസർഗോഡ് നീലേശ്വരം സ്വദേശിയായ ഇദ്ദേഹം. കേരളം, ഗോവ, കോയന്പത്തൂർ എന്നിവിടങ്ങളിലെ വിവിധ ശാഖകളിൽ ശാഖ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈയിലേയും കേരളത്തിലേയും ശാഖകളുടെ കംപ്യൂട്ടർവത്കരണത്തിനായി ടോട്ടൽ ബ്രാഞ്ച് ഓട്ടോമേഷൻ ടീമിലും പ്രവർത്തിച്ചിട്ടുണ്ട്. ലഖ്നൗ, മൈസൂർ എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

നൊമിനിറ്റ ജോസ്