ആ 24 ആഴ്ചകള്‍ നിര്‍ണായകമാണ്
ആ 24 ആഴ്ചകള്‍ നിര്‍ണായകമാണ്
Tuesday, August 28, 2018 4:46 PM IST
കുടുംബത്തിലെ ആദ്യ പിന്‍ഗാമിയെ വരവേല്‍ക്കാനുള്ള ആവേശകരമായ കാത്തിരിപ്പിനിടയില്‍ ആണ് ആ രക്തപരിശോധനാ ഫലം വന്നത്. അമ്മയാകാന്‍ കാത്തിരുന്ന ആരോഗ്യവതിയായ ആ പെണ്‍കുട്ടി പ്രമേഹബാധിതയാണ്. ഇതുവരെ ഇല്ലാത്ത പ്രമേഹം എങ്ങനെ അപ്പോള്‍ കണ്ടെത്തി എന്ന ചോദ്യം അവരില്‍ നിറഞ്ഞപ്പോള്‍ വീണ്ടും രണ്ടു വട്ടം കൂടി മറ്റു പലയിടങ്ങളില്‍ ആയി പരിശോധന നടത്തി... അപ്പോഴും ഫലം ഒന്ന് തന്നെ.. ഗര്‍ഭകാല പ്രമേഹം. അതോടെ അവരുടെ സന്തോഷം കെട്ടു.

കേരളത്തില്‍ പതിനഞ്ചു ശതമാനത്തോളം ഗര്‍ഭിണികളില്‍ ഇപ്പോള്‍ കാണുന്ന ഒന്നാണ് ഗര്‍ഭകാല പ്രമേഹം. പലരുടെയും ഗര്‍ഭ കാലത്തിന്റെ സന്തോഷം അവിടെ തീര്‍ന്നു. ഒരല്‍പം ശ്രദ്ധാ പൂര്‍വമായി പരിചരണം ലഭ്യമാക്കിയാല്‍ മറികടക്കാവുന്ന ഒന്നാണ് ഗര്‍ഭകാല പ്രമേഹത്തിന്റെ വെല്ലുവിളിയെങ്കിലും ചില കേസുകളില്‍ ഗര്‍ഭാവസ്ഥയില്‍ കുട്ടിയുടെ മരണം സംഭവിക്കുന്നതായി കാണുന്നതിനാല്‍ ഗൗരവം കുറച്ചു കാണേണ്ട ഒന്നല്ല അത്.

ഇന്‍സുലിന്‍ ഉത്പാദനക്കുറവോ പ്രവര്‍ത്തന വൈകല്യമോ കാരണമാണ് ഗര്‍ഭാവസ്ഥയിലെ പ്രമേഹം ഉണ്ടാകുന്നത്. ഇന്‍സുലിന്‍ റിസപ്‌റ്റേര്‍സ് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് ഗര്‍ഭകാലപ്രമേഹം ഉണ്ടാവുന്നത്. ഗര്‍ഭിണി ആണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ പ്രമേഹ പരിശോധന നടത്തുക. ഗര്‍ഭാവസ്ഥയിലെ പ്രമേഹം പലരിലും തിരിച്ചറിയുന്നത് 20/ 24 ആഴ്ചകളില്‍ ആണ്. അതുകൊണ്ട്തന്നെ 24 ആഴ്ച പിന്നിടു മ്പോള്‍ പ്രമേഹ പരിശോധന നടത്തണം. സാധാരണ വ്യക്തിയില്‍ നിന്നും അല്‍പം വിഭിന്നമായി വേണം ഗര്‍ഭിണിയുടെ പ്രമേഹനില വിലയിരുത്താന്‍. ഫാസ്റ്റിങ്ങില്‍ സാധാരണ പ്രമേഹ നിര്‍ണയ തോത് 100 ആണെങ്കില്‍ ഗര്‍ഭിണിക്ക് ഇത് 90 ആണ്. ഭക്ഷണത്തിനു രണ്ടു മണിക്കൂര്‍ ശേഷമുള്ള പരിശോധനയിലും ഈ വ്യത്യാസം ഉണ്ട്. സാധാരണക്കാര്‍ക്ക് 140 അനുവദനീയമായ ഷുഗര്‍ ലെവല്‍. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് 120 ആണ്.

ഗര്‍ഭകാലപ്രമേഹം കണ്ടെത്താന്‍ സാധാരണമായി ഉപയോഗിക്കുന്നത് ഗ്ലൂക്കോസ് ചാലഞ്ച് ടെസ്റ്റ് എന്ന പ്രാഥമിക പരിശോധനയും രോഗം സ്ഥിരീകരിക്കാനുള്ള ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റും ആണ്.

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന പ്രമേഹം. സാധാരണ പ്രമേഹരോഗിയില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഗര്‍ഭകാലപ്രമേഹത്തില്‍ ഉണ്ടാകണമെന്നില്ല. ശിശുവിന്റെ വളര്‍ച്ചയുടെ ഏറ്റവും പ്രധാനഘട്ടമാണ് ആദ്യത്തെ മൂന്നുമാസം. ഭ്രൂണം പലകോശങ്ങളായി വിഭജിക്കുന്നതും മറുപിള്ള രൂപം കൊള്ളുന്നതും ഈ ഘട്ടത്തിലാണ്. പ്രമേഹം അനിയന്ത്രിതമാകുന്നതോടെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍തന്നെ ഗര്‍ഭം അലസാനോ, കുഞ്ഞിന് അംഗവൈകല്യങ്ങള്‍ ഉണ്ടാകാനോ ഇടയാകും. 2. മാസമെത്താതെയുള്ള പ്രസവം. 3. പ്രസവം വളരെ നേരത്തെയാവുക. 4 കുഞ്ഞിന്റെ തൂക്കം കൂടുകയോ കുറയുകയോ ചെയ്യുക, തുടങ്ങിയവയാണ് ഗര്‍ഭധാരണത്തിന് അകമ്പടിയായി പ്രമേഹമെത്തുമ്പോഴുണ്ടാകുന്ന പ്രധാന സങ്കീര്‍ണതകള്‍. കുട്ടിയുടെ തൂക്കം കൃത്യമായ പരിശോധനകളിലൂടെ വിലയിരുത്തുക. അത്തരം ഒരു ഫോളോഅപ് നടന്നാല്‍ മാത്രമേ ഗര്‍ഭാവസ്ഥയില്‍ ഉള്ള കുഞ്ഞിന്റെ മരണം അടക്കമുള്ള അപകടങ്ങള്‍ ഒഴിവാക്കാനാകൂ. പലരിലും ഫോര്‍സെപ്‌സ് ഡെലിവറി തന്നെ വേണ്ടി വരാറുണ്ട്. കൂടാതെ പ്രമേഹം നിയന്ത്രണത്തിലാകാതെ വന്നാല്‍ അമ്മക്ക് നീര്, രക്തസമ്മര്‍ദം, അപസ്മാരം ഇവ ചിലരില്‍ കാണാറുണ്ട്..

ഗര്‍ഭകാലപ്രമേഹം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കുന്നതെങ്ങനെ?

അമ്മയുടെ രക്തത്തിലൂടെ കൂടുതല്‍ ഗ്ലൂക്കോസ് എത്തുമ്പോള്‍ കുഞ്ഞിന്റെ ശരീരത്തില്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിക്കപ്പെടാന്‍ ഇടയാക്കും. കുഞ്ഞിന്റെ ശരീരത്തിലെ ഷുഗര്‍ കുറഞ്ഞ് അപകടകരമായി മാറുന്നതിന്റെ കാരണവും ഇതാണ്. കൂടാതെ കുഞ്ഞിന്റെ ശരീരം കൂടുതലായി തടിക്കാനും വളരാനും അമിത ഇന്‍സുലിന്‍ ഇടയാക്കുന്നു. അതുപോലെ പ്രസവശേഷം അമ്മയില്‍ നിന്നുള്ള കൂടിയതോതിലുള്ള ഗ്ലൂക്കോസിന്റെ വരവ് നിലയ്ക്കുമ്പോള്‍ കുഞ്ഞിന്റെ ശരീരത്തിലെ കൂടിയതോതിലുള്ള ഇന്‍സുലിന്‍ പ്രമേഹ നിലവാരത്തെ വല്ലാതെ താഴ്ത്തുന്നു. അതിനാല്‍, പ്രമേഹബാധിതയായ അമ്മയുടെ കുഞ്ഞുങ്ങളെ പ്രസവം കഴിഞ്ഞ ഉടന്‍തന്നെ പ്രമേഹത്തിന്റെ തോത് ഉറപ്പാക്കി വേണ്ടത്ര ചികിത്സയും പരിചരണവും നല്‍കാറുണ്ട്.

സമീകൃതഭക്ഷണവും വ്യായാമവും അനിവാര്യം

വ്യായാമം, ഡയറ്റീഷ്യന്റെ സഹായത്തോടെയുള്ള ഭക്ഷണ ക്രമീകരണം എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി വര്‍ധിക്കുന്നത് തടയണം. രണ്ടാഴ്ചക്കുള്ളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ തുടങ്ങേണ്ടി വരും. പ്രമേഹബാധിതയായ ഗര്‍ഭിണി ഭക്ഷണം ഒഴിവാക്കാനുള്ള പ്രവണത തീര്‍ത്തും ഒഴിവാക്കണം. സമീകൃതഭക്ഷണം മിതമായ അളവില്‍ ദിവസവും ആറു തവണകളായി കഴിക്കുന്നത് അമ്മയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യാറുണ്ട്. സാവധാനം മാത്രം ദഹിക്കുന്നതും നാരുകള്‍ ധാരാളമടങ്ങിയതുമായ പോഷകഭക്ഷണമാണ് കഴിക്കേണ്ടത്. തവിടുമാറ്റാത്ത കൂവരക്, ചുവന്ന അരി, ഓട്‌സ്, ഗോതമ്പ്, നുറുക്ക് ഗോതമ്പ്, പരിപ്പ് വര്‍ഗങ്ങള്‍, ചെറുപയര്‍, കടല, ഇലക്കറികള്‍, പച്ചക്കറികള്‍ ഇവ ഉള്‍പ്പെട്ട ഭക്ഷണം ക്രമമായും മിതമായും കഴിക്കാവുന്നതാണ്. ഹൃദയസംരക്ഷണത്തിനായി അയല, മത്തി, ചൂര, കിളിമീന്‍ ഇവ ഉള്‍പ്പെടുത്താം. മുരിങ്ങയില, മുരിങ്ങപ്പൂ, മുട്ട ഇവ കുഞ്ഞിന്റെ എല്ലിനും പല്ലിനും കരുത്തേകും. നെല്ലിക്കയും ഇലക്കറികളും അമ്മയുടെ വിളര്‍ച്ച തടയാന്‍ പര്യാപ്തമാണ്. പേരക്ക, സാലഡ് ഇവ ഇടനേരങ്ങളില്‍ കഴിക്കാവുന്നതാണ്. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ഗര്‍ഭിണി വ്യായാമം തെരഞ്ഞെടുക്കാവൂ. വ്യായാമത്തിന് മുമ്പും ശേഷവും പ്രമേഹത്തിന്റെ തോത് നിര്‍ണയിക്കുകയും വേണം.


ഗര്‍ഭസ്ഥശിശുവിന്റെയും അമ്മയുടെയും ആരോഗ്യത്തിന് വേണ്ടത്ര വിശ്രമം അനിവാര്യമാണ്. ഇടനേരങ്ങളില്‍ വിശ്രമിക്കുന്നതോടൊപ്പം രാത്രിയില്‍ എഴു മണിക്കൂറെങ്കിലും ഉറങ്ങാനും ശ്രദ്ധിക്കണം. ഗര്‍ഭസ്ഥശിശുവിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അമ്മയുടെ മാനസിക ആരോഗ്യനിലവാരവുമായി ഏറെ ബന്ധമുണ്ട്. ഗര്‍ഭകാലത്ത് പ്രമേഹമുണ്ടെന്നറിയുമ്പോള്‍ ഭയാശങ്കകള്‍ ഒഴിവാക്കി മനസിന് സന്തോഷം നല്‍കാന്‍ ശ്രദ്ധിക്കണം. ബന്ധുക്കളുടെ സ്‌നേഹം നിറഞ്ഞ പരിചരണം, പുസ്തകവായന, സംഗീതം ഇവക്ക് മനസര്‍ദത്തെ കുറയ്ക്കാനാകും.

ആഹാര ക്രമീകരണം, വ്യായാമം, ഗുളികകള്‍, ഇന്‍സുലിന്‍ എന്നിവ ഇതിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. 35 മുതല്‍ 60 ശതമാനം വരെ സ്ത്രീകളില്‍ പ്രസവശേഷം പത്തിരുപത് വര്‍ഷത്തിനുള്ളില്‍ പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. ഹൃദ്രോഗസാധ്യതകളും ഇവരില്‍ കൂടുതലാണ്. ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉണ്ടായിുള്ള സ്ത്രീകളുടെ കുട്ടികള്‍ക്ക് ഭാവിയില്‍ പൊണ്ണത്തടിയും ടൈപ്പ് 2 പ്രമേഹവും വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗര്‍ഭകാല പ്രമേഹം പ്രതിരോധം നേരത്തെ

പ്രമേഹ ലക്ഷണങ്ങള്‍ കണ്ടശേഷം പ്രതിരോധ നടപടികള്‍ ആരംഭിക്കാം എന്നുള്ള നിലപാട് മാറ്റുകയും പ്രമേഹത്തിന് കടന്നുവരാന്‍ പഴുതുകളില്ലാത്തവിധം ജീവിതശൈലി ക്രമീകരിക്കുകയുമാണ് വേണ്ടത്. ഗര്‍ഭിണിയാകുന്നതിന് മുമ്പുതന്നെ പ്രമേഹം, രക്തസമ്മര്‍ദം, തൈറോയ്ഡ്, ഹോര്‍മോണ്‍ തുടങ്ങിയവയുടെ തോത് നിര്‍ണയിക്കുകയും ഉണ്ടെങ്കില്‍ നിയന്ത്രിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടും ഉചിതമാണ്. പ്രമേഹപാരമ്പര്യമുള്ളവര്‍ക്ക് പോലും നേരത്തെ തുടങ്ങുന്ന ജീവിതശൈലിക്രമീകരണത്തിലൂടെതന്നെ ഗര്‍ഭകാല പ്രമേഹത്തെ തടയാനാകും.

കണ്ടുവരുന്നത് മൂന്നുതരക്കാരില്‍

മൂന്നു തരക്കാരില്‍ ആണ് ഗര്‍ഭകാല പ്രമേഹം കണ്ടു വരുന്നത്. 1. ടൈപ്പ്1 പ്രമേഹ ബാധിതരായ കുട്ടികള്‍ മുതിര്‍ന്ന് കഴിയുമ്പോള്‍. (ഗര്‍ഭാവസ്ഥയില്‍ കൃത്യമായി ഇന്‍സുലിന്‍ എടുത്താല്‍ ഇത്തരക്കാര്‍ക്ക് അപകട രഹിതമായ സാധാരണ പ്രസവം തന്നെ സാധ്യമാകാറുണ്ട്).

2. ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ക്ക് (പ്രമേഹത്തിന് ഗുളികകള്‍ കഴിക്കുന്നവര്‍ക്കും ഗര്‍ഭിണി ആയാല്‍ ഇന്‍സുലിനിലേക്ക് മാറേണ്ടി വരും.)

3. നേരത്തെ പ്രമേഹം ഇല്ലാത്തവര്‍ ഗര്‍ഭിണിയായ ശേഷം ആദ്യമായി വരുന്നവര്‍. പെട്ടെന്ന് കണ്ടെത്തുന്നു എന്നതിനാല്‍ അതുവരെയുള്ള ജീവിതക്രമത്തിന്റെ താളം മാറുന്നതിനാല്‍ ഇത്തരക്കാര്‍ വേണം പ്രത്യേകം കരുതല്‍ എടുക്കാന്‍.

ടൈപ്പ് 1 പ്രമേഹ ബാധിതരും ടൈപ്പ് 2 പ്രമേഹബാധിതരും നേരത്തെ തന്നെ പ്രമേഹവുമായുള്ള ജീവിത ചിട്ടകളില്‍ മാനസികമായി പൊരുത്തപ്പെു കഴിഞ്ഞിരിക്കും എന്നതിനാലാണ് ഗര്‍ഭകാലത്ത് ആദ്യമായി പ്രമേഹം കണ്ടെത്തുന്നവരുടെ കാര്യം പ്രത്യേകം പറയുന്നത്.

കാരണങ്ങള്‍

ഹോര്‍മോണ്‍ വ്യതിയാനം മൂലവും, അമിതവണ്ണം, വ്യായാമക്കുറവ്, പാരമ്പര്യം എന്നീ ഘടകങ്ങള്‍ മൂലവുമാണ് ഗര്‍ഭാവസ്ഥയിലെ പ്രമേഹം വരുന്നത്. പ്രമേഹം ഇല്ലാതിരുന്ന ചില സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമത്തിലധികമായി കാണപ്പെടുന്ന ഈ അവസ്ഥ പ്രസവ ശേഷം മാറും. എന്നാല്‍ ഇത്തരം പ്രമേഹം വന്ന സ്ത്രീകളില്‍ പിന്നീട് ടൈപ്പ്2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.

ഗര്‍ഭകാലത്ത് പ്രമേഹത്തിന് സാധ്യതയുള്ളവര്‍

* ഇരുപത്തിയഞ്ചു വയസിനു മുകളില്‍ പ്രായമുള്ളവര്‍
* പാരമ്പര്യമായി പ്രമേഹമുള്ളവര്‍
* പൊണ്ണത്തടിയുള്ളവര്‍
* ഗര്‍ഭാശയത്തില്‍വച്ച് കുി മരിക്കുന്ന അമ്മമാര്‍
* മുമ്പുള്ള പ്രസവത്തില്‍ ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉണ്ടാകുക
* ഗര്‍ഭാശയത്തിലെ ദ്രാവകത്തിന്റെ അളവ് കൂടുതലുള്ള അമ്മമാര്‍.

ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്

ഗര്‍ഭകാല പ്രമേഹം കണ്ടെത്താനുള്ള പരിശോധനയാണ് ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് (OGTT).. രാവിലെ ഭക്ഷ ണം കഴിക്കുന്നതിന് മുമ്പ് രക്ത പരിശോധന നടത്തി ഗ്ലൂക്കോസ് അളവ് കണക്കാക്കും. തുടര്‍ന്ന് 100 ഗ്രാം ഗ്ലൂക്കോസ് അടങ്ങിയ ലായനി കുടിക്കാന്‍ നല്‍കും. അതിനുശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് മൂന്നു തവണ ഗ്ലൂക്കോസ് പരിശോധിക്കും. ഭക്ഷണത്തിന് മുമ്പുള്ള ഷുഗര്‍ നില 90mg/dl താഴെയായിരിക്കണം. ഗ്ലൂക്കോസ് ലായനി കുടിച്ചതിന് ശേഷംന്നുഓരോ മണിക്കൂര്‍ ഇടവിട്ട് നടത്തിയ പരിശോധനയില്‍ രക്തത്തിലെ ഷുഗര്‍ നില 140 mg/dl ല്‍ താഴെയായിരിക്കണം.ഇത് 140- mg/dl ല്‍ കൂടുതലാണെങ്കില്‍ ഗര്‍ഭകാല പ്രമേഹം ഉള്ളതായി കണക്കാക്കും. ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് നടത്താന്‍ ഗര്‍ഭിണിക്ക് നേരിടുന്ന പ്രായോഗിക പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ 0.75 ഗ്രാം ഗ്ലൂക്കോസ് അടങ്ങിയ ലായനി ഗര്‍ഭിണിക്ക് കുടിക്കാന്‍ നല്‍കി രണ്ട് മണിക്കൂര്‍ ആകുമ്പോള്‍ ഒരു തവണ രക്തപരിശോധന നടത്തുന്ന രീതിയും പലയിടങ്ങളിലും ഉണ്ട്. അപ്പോള്‍ ഗ്ലൂക്കോസ് നില 140 mg/dl ല്‍ കൂടുതലാണെങ്കില്‍ ഗര്‍ഭകാലപ്രമേഹം ഉള്ളതായി കണക്കാക്കും. ഭക്ഷണം കഴിക്കാതെ രക്തപരിശോധന നടത്തേണ്ടതിന്റെ പ്രയാസങ്ങളും ഗ്ലൂക്കോസ് ലായനി കുടിച്ച ശേഷം മണിക്കൂറുകള്‍ ഇടവിട്ട് ഒന്നിലധികം തവണ രക്തപരിശോധന നടത്തേണ്ടതിന്റെ പ്രയാസങ്ങളും ഇതിലൂടെ ഒഴിവാക്കാനാകും.

ഡോ.ജി. വിജയകുമാര്‍
ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് ഡയബറ്റ്‌സ് കെയര്‍ സെന്റര്‍, കുളനട