സംരംഭ സ്വപ്നങ്ങൾ ചുട്ടെടുത്ത് റെനിത
സംരംഭ സ്വപ്നങ്ങൾ  ചുട്ടെടുത്ത് റെനിത
Tuesday, August 28, 2018 2:28 PM IST
ഇഡ്ഡലിയും ഇടിയപ്പവും വെള്ളയപ്പവുമെല്ലാം ചുട്ടെടുത്ത് ചൂടാറാതെ ഹോട്ടലുകളിലും മറ്റും എത്തിച്ച് മികച്ച വരുമാനം നേടുന്ന സംരംഭകയാണ് അങ്കമാലിക്കടുത്ത് പൂതംകുറ്റി കാരമറ്റം കൈനകര റെനിത ഷാബു. റെനിതയുടെ അടുക്കള ഇന്ന് ആ വീടിന്‍റെ മാത്രം നിലനിൽപ്പല്ല. റെനിതയുടെ വീടിനടുത്തുള്ള നിരവധി വീട്ടമ്മമാരുടെ കൂടി വരുമാന മാർഗമാണ്.

ഇഡ്ഡലിയിൽ തുടങ്ങിയ സംരംഭ യാത്ര

വീടിനടുത്തു തന്നെ പിഡിഡിപിയുടെ പാൽ സൊസൈറ്റിയിലെ ജോലിക്കാരിയായിരുന്നു റെനിത. ഭർത്താവ് ഷാബു ത്രെഡ് റബർ കന്പനിയിൽ ഫോർമാനും. ഇവർ പുതിയ വീടു പണിതെങ്കിലും പണി പൂർത്തിയാക്കുന്നതിനു മുന്പേ അവിടെ താമസമാരംഭിക്കേണ്ടി വന്നു.
വീടു പണിയുടെ ബാധ്യതകളും വീട്ടിലെച്ചെലവുകളും മുന്നോട്ടു കൊണ്ടുപോകാൻ രണ്ടു പേരുടെയും വരുമാനം കൊണ്ട് സാധിക്കില്ല എന്നു മനസിലാക്കിയതോടെ എന്തെങ്കിലുമൊരു ചെറിയ വരുമാന മാർഗം ലഭിച്ചിരുന്നെങ്കിൽ എന്ന് അവർ ആഗ്രഹിച്ചു. പക്ഷേ, അതിനൊരു മാർഗം കണ്ടെത്താൻ റെനിതയ്ക്കും ഷാബുവിനും സാധിച്ചിരുന്നില്ല. പാൽ സൊസൈറ്റിയിലെ ജോലിയും വീട്ടു കാര്യങ്ങളുമൊ ക്കെയായി ഞെരുങ്ങി അവർ മുന്നോട്ടു പോയ്ക്കോ ണ്ടിരുന്നു.
അങ്ങനെ മുന്നോട്ടു പോകുന്നതിനിടയ്ക്കാണ് വീടിനു സമീപത്തുള്ള ക്ലബിലെ കുട്ടികൾ ഒരിക്കൽ വിനോദയാത്ര പോകുവാൻ തീരുമാനിക്കുന്നതും അവർക്കു കഴിക്കുവാനായി ഇഡ്ഡലിയും ചമ്മന്തിയും ഉണ്ടാക്കി നൽകുമോയെന്ന് ക്ലബിലെ അംഗങ്ങൾ റെനിതയോട് ചേദിക്കുന്നതും. രണ്ടാമതൊന്ന് ആലോചിക്കാതെതന്നെ ആ ജോലി റെനിത ഏറ്റെടുത്തു. നേരത്തെ എണീറ്റ് അവർക്കായി ഇഡ്ഡലിയും ചമ്മന്തിയും തയ്യാറാക്കി നൽകി.

ഇഡ്ഡലിയും ചമ്മന്തിയും നന്നായിരുന്നുവെന്ന് അഭിപ്രായം ലഭിച്ചതോടെ റെനിത ഇതൊരു നിത്യ തൊഴിലാക്കിയാലോ എന്നു ചിന്തിച്ചു. ഭർത്താവ് ഷാബുവിനോട് അഭിപ്രായവും ചോദിച്ചു. ഹോട്ടലുകളിലും കാന്‍റീനുകളിലും ഇഡ്ഡലി തയ്യാറാക്കി എത്തിച്ചു നൽകുകയായിരുന്നു ലക്ഷ്യം. ഭർത്താവ് ഷാബു വിതരണം നടത്തിക്കൊള്ളാ മെന്നേറ്റതോടെ റെനിത തന്‍റെ സംരംഭത്തിന് തുടക്കം കുറിച്ചു.

തീരുമാനമെടുത്ത അന്നു തന്നെ ഷാബു ഇഡ്ഡലിക്ക് ഓർഡർ പിടിക്കാനായി ഇറങ്ങി. നിരാശപ്പെടേണ്ടി വന്നില്ല. അറുപത്തിയഞ്ച് ഇഡ്ഡലിക്കുള്ള ഓർഡർ ആദ്യദിവസംതന്നെ ലഭിച്ചു. അപ്പോൾ തന്നെ രണ്ട് കിലോ ഗ്രാം പച്ചരിയും ഒരു കിലോഗ്രാം ഉഴുന്നും വാങ്ങിയാണ് ഷാബു അന്നു വീട്ടിലെത്തിയത്. ഒരാഴ്ച യായപ്പോഴേക്കും ഇഡ്ഡലിയുടെ എണ്ണം 300 ആയി. ഒരുമാസം പൂർത്തിയായപ്പോൾ എണ്ണം ആയിരമായി.’’ സംരംഭത്തിന്‍റെ ആദ്യ ദിനങ്ങളെക്കുറിച്ച് റെനിത ഓർമിക്കുന്നു.

വീട്ടിലെ ടേബിൾ ടോപ് ഗ്രൈൻഡറിലായിരുന്നു അരിയും ഉഴുന്നുമൊക്കെ അരച്ചിരുന്നത്. ഓർഡറുകൾ കൂടിയതോടെ ഷാബു തന്‍റെ ജോലി ഉപേക്ഷിച്ചു. റെനിത നാലു വർഷം കൂടി പാൽ സൊസൈറ്റിയിൽ ജോലിക്കു പോയി. "ഒരു ദിവസത്തെ ഇഡ്ഡലി നിർമാണം എന്നെയൊരു സംരംഭകയാക്കി മാറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ അന്നുമുതൽ ഒരു ദിനചര്യയായി തന്നെ ഇഡ്ഡലി നിർമാണം മാറി.’’ റെനിത പറഞ്ഞു.

കഷ്ടപ്പാട് നിറഞ്ഞ ആദ്യ കാലങ്ങൾ

ഗോകുൽ ഫുഡ്സ് എന്ന ബ്രാൻഡിലാണ് ഉതപന്നങ്ങൾ വിതരണം ചെയ്യുന്നത്. ഇഡ്ഡലിക്കു പുറമേ പാലപ്പം, ഇടിയപ്പം, വെള്ളയപ്പം, മുതലായവയാണ് ഇപ്പോൾ ഇവർ ഉണ്ടാക്കുന്നത്. പലരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് പലഹാരങ്ങളുടെ എണ്ണത്തിൽ വർധനവ് വരുത്തിയത്. ആലുവ, പെരുന്പാവൂർ, അങ്കമാലി, ചാലക്കുടി എന്നിങ്ങനെ നാൽപതു കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകൾ, കാന്‍റീൻ, ബേക്കറി എന്നവിടിങ്ങളിലെല്ലാം ഉത്പന്നങ്ങൾ എത്തിക്കുന്നുണ്ട്. കാറ്ററിംഗ് ഓർഡറുകളും ചെയ്തു നൽകാറുണ്ട്. വീടുകളിലും മറ്റും പരിപാടികൾക്കും പലഹാരങ്ങൾ ഉണ്ടാക്കി നൽകുന്നു. വീടുകളിലേക്ക് ആവശ്യത്തിനനുസരിച്ച് ഇഡ്ഡലി, ചമ്മന്തി, ചായ എന്നിങ്ങനെ സെറ്റായി ചെയ്തു നൽകാറുമുണ്ട്.


ചക്കയുടെ സീസണിൽ ചക്കകൊണ്ടുള്ള പലഹാരങ്ങളും ഉത്പന്നങ്ങളും തയ്യാറാക്കാറുണ്ട്.
സംരംഭത്തിന്‍റെ ആദ്യ നാളുകളിൽ ഉറക്കമുണ്ടായിരുന്നില്ലെന്ന് റെനിതയും ഷാബുവും പറയുന്നു. ""മാവ് അരയ്ക്കണം. അത് കലക്കി വെയ്ക്കണം. പുളിക്കുന്പോൾ ചുടണം. ദിവസം ഒരു മണിക്കൂറും രണ്ടു മണിക്കൂറുമൊക്കെ ഉറങ്ങിയിരുന്ന സമയങ്ങളുമുണ്ടായിരുന്നു. എണ്ണം കൂട്ടി ഉണ്ടാക്കുന്പോൾ കൂട്ട് ശരിയാകാതെ വരും. അങ്ങനെയുള്ളപ്പോൾ മാവ് കളയേണ്ടതായിട്ട് വരും. ചിലപ്പോൾ പുളിക്കില്ല. കടക്കാരുടെ കയ്യിൽ നിന്നും വഴക്കു കേൾക്കേണ്ടതായി വരെ വന്നിട്ടുണ്ട്.’’ കഷ്ടപ്പാടു നിറഞ്ഞ ആദ്യകാലങ്ങളെക്കുറിച്ച് റെനിത ഓർക്കുന്നു.

പലപ്പോഴും സംരംഭം അവസാനിപ്പിച്ചാലോ എന്നുവരെ തോന്നിയിരുന്നു. തുടക്കത്തിൽ റെനിതയും ഷാബുവും മാത്രമായിരുന്നു എല്ലാ ജോലികളും ചെയ്തിരുന്നത്. ഇരുപത്തിയാറു പേരോളം ഇപ്പോൾ ജോലിക്കാരായുണ്ടെങ്കിലും ഏഴു പേരാണ് സ്ഥിരം ജോലിക്കാരായുള്ളത്. ഓർഡറുകൾ കൂടുതലുള്ളപ്പോൾ സഹായത്തിനായി മറ്റുള്ളവർ എത്തുന്നു. പരിസര പ്രദേശങ്ങളിലെ വീട്ടമ്മമാരാണ് ജോലിക്കെത്തുന്നത്. തൊഴിലാളികൾക്കെല്ലാം ഹെൽത്ത് കാർഡുണ്ട്. വീടിന്‍റെ അടുക്കളയിൽ നിന്നും നിർമാണ പ്രവർത്തനങ്ങളെ ഇപ്പോൾ വീടിനോട് ചേർന്നുള്ള നിർമാണ യൂണിറ്റിലേക്ക് മാറ്റിയിട്ടുമുണ്ട്. 24 മണിക്കൂറും റെനിതയുടെ സംരംഭം പ്രവർത്തനസജ്ജമാണ്. കാരണം. ഉച്ചകഴിഞ്ഞ് രണ്ടു മണിമുതൽ മാവ് അരയ്ക്കും. അത് പുളിച്ചു കഴിയുന്പോൾ രാത്രി ഒന്പതു മണി മുതൽ രാവിലെ നാലുമണി വരെ പലഹാരങ്ങൾ ഉണ്ടാക്കും. പിന്നെ പാക്കിംഗ്. വെളുപ്പിനെ നാലുമണി മുതൽ ഒന്പതു മണിവരെയാണ് വിതരണം. ഷാബു ഓട്ടോയിൽ കൊണ്ടു പോയി ഓരോ കടകളിലും എത്തിക്കും.

ലാഭത്തിന്‍റെ വഴിയിൽ

ഇപ്പോൾ രാവിലെ 3.30 ന് എണീക്കും. പലഹാരങ്ങൾ ഉണ്ടാക്കാനും ഉത്പന്നങ്ങൾ പാക്ക് ചെയ്യാനും ജോലിക്കാരോടൊപ്പം കൂടും. ആദ്യകാലങ്ങളിൽ നിന്നും ഏറെ എളുപ്പമായിട്ടുണ്ട് ജോലികൾ എന്ന് റെനിത പറയുന്നു.

പാലപ്പത്തിനും ഇടിയപ്പത്തിനും മെഷീനുകളായി. മാവ് തയ്യാറാക്കാൻ ഇൻസ്റ്റന്‍റ് വെറ്റ് ഗ്രൈൻഡറുണ്ട്. ഷാബു സ്വന്തമായി ഡിസൈൻ ചെയ്തെടുത്തവയാണ് ഇടിയപ്പം തയ്യാറാക്കുന്നതിനുള്ള മെഷീൻ, പാലപ്പം മെഷീൻ, സ്റ്റീമർ, അരിപൊടിക്കാനും വറക്കാനുമുള്ള യന്ത്രങ്ങൾ എന്നിവയെല്ലാം. ബ്രാൻഡഡ് അരിയും ഉഴുന്നുമാണ് ഉപയോഗിക്കുന്നത്.
മലിനജലം ഫിൽട്ടർ ചെയ്യാനുള്ള സൗകര്യം തുടങ്ങിയ ഒരു ഭക്ഷ്യ സംസ്കരണ യൂണിറ്റിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടെ തന്നെയാണ് ഇവരുടെ യൂണിറ്റും പ്രവർത്തിക്കുന്നത്. നിലവിൽ 50 ലക്ഷം രൂപയോളം മുടക്കുമുതൽ വന്നിട്ടുണ്ട്. പ്രധാനമന്ത്രി റോസ്ഗാർ യോജന (പിഎംആർവൈ) പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപ വായ്പയിലാണ് സംരംഭത്തിന്‍റെ തുടക്കം. ജില്ല വ്യവസായ കേന്ദ്രം നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. വ്യവസയ കേന്ദ്രം ഡയറക്ടറായിരുന്ന ടി.എസ് ചന്ദ്രൻ ഏറെ സഹായങ്ങൾ സംരംഭത്തിന്‍റെ വളർച്ചയ്ക്കായി ചെയ്തു നൽകിയിട്ടുണ്ട്. അതുപോലെ പാലിശേരി യൂണിയൻ ബാങ്കും സഹായിച്ചിട്ടുണ്ടെന്നുെ റെനിത പറഞ്ഞു.

തൊഴിലാളികളെ എല്ലാ ചുമതലയും ഏൽപ്പിച്ച് മാറി നിൽക്കുന്നില്ല ഇവർ. അവരോടൊപ്പം എല്ലാക്കാര്യങ്ങളിലും ഷാബുവും റെനിതയുമുണ്ടാകും. ഇവരുടെ മകൻ ഗോകുൽ കാലടി ആദിശങ്കര കോളജിൽ എംബിഎ വിദ്യാർഥിയാണ്. മകനും റെനിതയെ സഹായിക്കാനെത്തുന്നു.
"ചുറ്റുമുള്ള ധാരാളം വനിതകൾക്ക് തൊഴിൽ കൊടുക്കാൻ സാധിക്കുന്നു എന്നുള്ളത് നേട്ടമാണ്. പ്രതിമാസം 50000 രൂപയോളം ലാഭം നേടാൻ സാധിക്കുന്നുണ്ട്. നിലവിൽ 27 ലക്ഷം രൂപയുടെ ബാങ്ക് വായ്പയുണ്ട്. ആ കടങ്ങളെല്ലാം തീർത്ത് സംരംഭത്തെ മുന്നോട്ടു കൊണ്ടു പോകണമെന്നാണ് ആഗ്രഹം. സാധിക്കുമെന്നു വിശ്വാസമുണ്ട്.’’ സംരംഭ സ്വപ്നങ്ങളെക്കുറിച്ച് റെനിത പറഞ്ഞു. ഫോൺ നന്പർ-9745583617