തേയിലയ്ക്ക് പകരക്കാരന്‍ റോസെല്ല
തേയിലയ്ക്ക് പകരക്കാരന്‍ റോസെല്ല
Friday, August 17, 2018 5:11 PM IST
വിദേശരാജ്യങ്ങളില്‍ തേയിലയ്ക്കു പകരം ഏറ്റവും രുചികരവും ആരോഗ്യകരവുമായ ചായയുണ്ടാക്കാന്‍ ഉയോഗിക്കുന്നത് റോസെല്ലയുടെ പുഷ്പങ്ങളാണ്. റോസെല്ല എന്ന പേര് കേട്ടുകേള്‍വിപോലും ഇല്ലെന്നു പറയാമെങ്കിലും ഈ ചെടിയെ അറിയാവുന്ന കര്‍ഷകര്‍ ഏറെയുണ്ട്. മത്തിപ്പുളിയെന്നും പുളിവെണ്ടയെന്നും അറിയപ്പെടുന്ന പച്ചക്കറി വിളയാണ് റോസെല്ല.

വിറ്റാമിനുകളും ബി കോംപ്‌ളക്‌സും അടങ്ങിയിട്ടുള്ള ഇലകളും പൂക്കളുമാണ് ഭക്ഷ്യയോഗ്യം. നന്നായി വിരിഞ്ഞ പൂക്കളുടെ ഇതളുകളും ഉണങ്ങിത്തുടങ്ങുന്ന പൂക്കളും വിത്തുകളുമാണ് ചായനിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഉണങ്ങിത്തുടങ്ങുന്ന പൂക്കള്‍ പിഴുതെടുത്ത് നല്ലപോലെ ഉണക്കിയെടുത്താല്‍ ആറുമാസം വരെ ഉപയോഗിക്കാം. പ്രത്യേക രീതിയില്‍ ഉണക്കിയെടുക്കുന്ന പൂക്കള്‍ രണ്ടു വര്‍ഷം വരെ കേടുകൂടാതിരിക്കും. പുളികള്‍ക്ക് പകരമായി ഉപയോഗിച്ചിരുന്ന മത്തിപ്പുളിയെന്ന റോസെല്ലായുടെ ഗുണങ്ങളറിയുമ്പോഴാണ് ഇതിന്റെ വില മനസിലാക്കുന്നത്. ഇന്ന് ഹൈറേഞ്ച് മേഖലയിലെ ചില കൃഷിയിടങ്ങളില്‍ ഈ ചെടിയെ കാണാന്‍ കഴിയും. വിത്തുകള്‍ പാകിയാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്.

കേരളത്തിലെ കാലാവസ്ഥയില്‍ അധികം ബുദ്ധിമുട്ടോ ചെലവോ ഇല്ലാതെ വളര്‍ത്താന്‍ കഴിയുന്ന പച്ചക്കറി വിളയാണ് റോസെല്ല. റോസെല്ലയുടെ ചെടിവളര്‍ന്ന് വിളവു ലഭിക്കാന്‍ അഞ്ചുമാസം മതി. വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ കൃഷിയില്ല. വന്‍തോതില്‍ കൃഷിചെയ്ത് വിവിധ ഉത്പന്നങ്ങള്‍ വിവണിയില്‍ എത്തിക്കുന്നത് മലേഷ്യയാണ്. ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും കൃഷിയുണ്ട്. ഗള്‍ഫ് മേഖലയിലും വിദേശ രാജ്യങ്ങളിലും റോസെല്ല ടീയ്ക്ക് വലിയ ഡിമാന്‍ഡാണ്. ഒരു ചായയ്ക്ക് 200 രൂപയിലേറെ വിലനല്‍കണം.

കൃഷി

റോസെല്ലച്ചെടിയുടെ മൂത്തു ണങ്ങിയ കായ്കള്‍ ശേഖരിച്ച് അതില്‍ നിന്നെടുക്കുന്ന വിത്തുകള്‍ ഇളക്കമുള്ള മണ്ണില്‍ പാകി മുളപ്പിച്ചെടുക്കണം. രണ്ടോ- മൂന്നോ ഇലകള്‍ വന്നതിനുശേഷം പറിച്ചു നടാവുന്നതാണ്. മണ്ണിരകമ്പോസ്റ്റ്, എല്ലുപൊടി, ചാണകപ്പൊടി തുടങ്ങിയവ അടിസ്ഥാനവളമായി നല്‍കി, വാരങ്ങളെടുത്ത് നടാം. ഒരു മീറ്റര്‍ അകലത്തില്‍ നടണം. നല്ല വേനലില്‍ നനയും ആവശ്യമാണ്. രണ്ടാഴ്ച കൂടമ്പോള്‍ കമ്പോസ്റ്റോ ചാണകലായനിയോ നല്‍കിക്കൊണ്ടിരിക്കണം. പു ഷ്പിച്ചു തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ വളങ്ങള്‍ നല്‍കേണ്ടതില്ല.


വിളവെടുപ്പും ഭക്ഷ്യ വസ്തുക്കളുടെ നിര്‍മാണവും

റോസെല്ലച്ചെടികള്‍ വളര്‍ന്നു പന്തലിച്ചുകഴിയുമ്പോള്‍ മൂക്കാത്ത ഇലകള്‍ ശേഖരിച്ച് ചീരയില കറിവെയ്ക്കുന്നതുപോലെ കറിക്ക് ഉപയോഗിക്കാം. പൂക്കളുണ്ടായിക്കഴിഞ്ഞാല്‍ അവ വിരിഞ്ഞുകഴിയുമ്പോള്‍ കായ്കള്‍ നിലനിര്‍ത്തി ഇതളുകള്‍ ശേഖരിക്കണം. ഇവ പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കാം.


നിലവില്‍ അഞ്ചിനത്തില്‍പ്പെട്ട റോസെല്ലച്ചെടികളുണ്ട്. ഇവയുടെ പൂക്കളെല്ലാം ഉണങ്ങിതുടങ്ങുമ്പോഴാണ് വ്യാവസായിക കൃഷിക്കാര്‍ പറിച്ചെടുക്കുന്നത്. കായ്കള്‍ ഉള്‍പ്പെടെയുള്ള റോസെല്ലയ്ക്ക് വില കുറവാണ്. ഇതളുകള്‍ മാത്രമായി ഉണക്കിയെടുക്കുന്നതിനാണ് വില കൂടുതല്‍. കായ്കളും ചായ നിര്‍മാണത്തിനായി ഗള്‍ഫ് നാടുകളും മലേഷ്യയും ആഫ്രിക്കന്‍ രാജ്യങ്ങളും എടുക്കുന്നുണ്ട്.

ഇതളുകള്‍ ഉപയോഗിച്ച് ജെല്ലി, മാര്‍മലൈഡ്, സോസ്, റ്റാര്‍ട്ടുകള്‍, ഐസ്‌ക്രീം, പൈമറ്റ് ഡെസേര്‍ട്ട് തുടങ്ങിയവ ഉണ്ടാക്കുന്നു. വിവിധ പാനീയങ്ങള്‍ക്കും ഭക്ഷണത്തിനും നിറം നല്‍കാ നും ഇതളോടുകൂടിയ കായ്കള്‍ ഉപയോഗിക്കുന്നുണ്ട്. ഒരു കപ്പ് ആരോഗ്യ ചായ നിര്‍മിക്കാന്‍ ഒരു പൂവിന്റെ ഇതളുകള്‍ മതി. റോസെല്ല ടീ ഉപയോഗിച്ചാല്‍ തളര്‍ച്ചയും ക്ഷീണ വും മാറി ഉന്മേഷം ലഭിക്കും.

പോഷകഗുണങ്ങളുള്ള റോസെല്ല നിത്യേന ഉപയോഗിച്ചാല്‍ ചുമ, ബ്രോങ്കൈറ്റീസ് തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാനും കഴിയും. രക്തസമ്മര്‍ദ്ദം, വയറിളക്കം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും ഇവ ഉപയോഗിക്കുന്നുണ്ട്.

റോസെല്ലയുടെ പച്ച ഇതളുകള്‍ ഉപയോഗിച്ച് മുന്തിരി വീഞ്ഞ് ഉണ്ടാക്കുന്ന രീതിയില്‍ വീഞ്ഞ് ഉണ്ടാക്കിയെടുക്കാം. ഇതളുകള്‍ ഉപയോഗിച്ച് സിറപ്പും നിര്‍മിക്കാം. കൂടാതെ പുഡിംഗ്, കേക്ക് തുടങ്ങിയവ ഉണ്ടാക്കാനും പച്ച ഇതളുകള്‍ ഉപയോഗിക്കുന്നു. എന്താ യാലും നാം കൃഷിയിടത്തില്‍ നിന്നും അകറ്റി നിര്‍ത്തിയ ഈ ചെടിയെ ഇനി കൂടെക്കൂട്ടിക്കൂടെ. വീട്ടിലെ ചായ ഒഴിവാക്കി റോസെല്ല ടീ ഉപയോഗിക്കുമ്പോള്‍ സാമ്പത്തിക നേട്ടവും ആരോഗ്യവും ലഭിക്കുന്നു.

നെല്ലി ചെങ്ങമനാട്
ഫോണ്‍ 8281422204.