സംരംഭത്തെയൊന്ന് ഉടച്ചുവാർക്കാൻ
സംരംഭത്തെയൊന്ന് ഉടച്ചുവാർക്കാൻ
Friday, August 17, 2018 3:33 PM IST
വളരെ വിശാലമായ കാഴ്ചപ്പാടോടു കൂടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം. ഈ ചിന്തകളോട് ചേർന്ന് പ്രവർത്തിക്കുന്ന ജീവനക്കാർ. ഈ രണ്ടു ഘടകങ്ങളും ഉണ്ടെങ്കിൽ അത് തന്നെ മതി ഒരു സ്ഥാപനത്തിന്‍റെ വിജയത്തിന്.

മാനേജ്മെന്‍റിന്‍റെ കാഴ്ചപ്പാടുകൾ അവരുടെ മാത്രം നിലപാടുകളായി മുകളിൽ നിന്ന് കെട്ടിയിറക്കി, അത് ജീവനക്കാരിൽ അടിച്ചേൽപ്പിക്കുന്ന രീതി പിന്തുടരുന്നത് കൊണ്ടാണ് പൊതുവേ ഇന്ന്പല സ്ഥാപനങ്ങളിലും പ്രശ്നങ്ങൾ ഉടലെടുക്കുന്നതും അതുവഴി സ്ഥാപനത്തിന്‍റെ വളർച്ച മുരടിക്കുന്നതും. ഒരേ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന ഓരോ സ്ഥാപനത്തിന്‍റെയും ബിസിനസ് രീതികളും കാഴ്ചപ്പാടുകളും ജീവനക്കാരുടെ വിദ്യഭ്യാസവും ചുറ്റുപാടുകളും പ്രശ്നങ്ങളും എല്ലാം വ്യത്യസ്തമായിരിക്കും.

അതുകൊണ്ട് തന്നെ മാസം തോറും ഒരു ട്രെയിനിംഗ് പരിപാടികൾ നടത്തിയതുകൊണ്ടോ, മുൻ നിര മാനേജ്മന്‍റ് കണ്‍സൾട്ടിംഗ് സ്ഥാപനങ്ങൾ നൽകുന്ന ഉപദേശങ്ങൾ അതേ പടി നടപ്പിൽ വരുത്തിയതു് കൊണ്ടോ ഒരു സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു പോകണം എന്നില്ല .ഇവിടെയാണ് ഓർഗനൈസേഷണൽ ഡെവലപ്മെന്‍റ് ഇന്‍റർവെൻഷന്‍റെ ( ഒഡിഐ) പ്രസക്തി.

ഏതു ബിസിനസിനും ഒഡിഐ അഭികാമ്യം

ഏതൊരു ബിസിനസിനും വളരെ അനുയോജ്യമായ ഒരു രീതിയാണ്് ഓർഗനൈസേഷണൽ ഡെവലപ്മന്‍റ് ഇന്‍റർവെൻഷൻ സ്ട്രാറ്റജി. ബിസിനസ് വളർന്നു മുന്നോട്ട് നീങ്ങുന്പോൾ പല ലെവലിൽ മാനേജർമാരും ലീഡർമാരും ഉണ്ടാവേണ്ടത് ആവശ്യമാണ്. അവരെ നിലവിലുള്ള ടീമിൽ നിന്ന് തന്നെ വളർത്തി കൊണ്ട് വരുവാൻ ഈ രീതിയിലൂടെ സാധിക്കും. അതുവഴി ഉടമക്ക് ബിസിനസിന്‍റെ വളർച്ചയിൽ കൂടുതൽശ്രദ്ധിക്കുവാനും ബിസിനസ് ടെൻഷനുകളില്ലാതെ ചെലവഴിക്കാൻ അധിക സമയവും ലഭിക്കും.

ഓർഗനൈസേഷണൽ ഡെവലപ്മെന്‍റ് ഇന്‍റർവെൻഷൻ ഒരു സ്ഥാപനത്തിന്‍റെ മുഴുവൻ സംസ്കാരത്തിലാണ് മാറ്റമുണ്ടാക്കുന്നത്. ജീവനക്കാരുടെ പൂർണമായ പങ്കാളിത്തം ഉറപ്പു വരുത്തി, സ്ഥാപനം നേരിടുന്ന പ്രശ്നത്തിന് എങ്ങനെ പരിഹാരം കണ്ടെത്താൻ കഴിയും എന്ന് അവരിൽ നിന്നു തന്നെ മനസിലാക്കി കൊണ്ടാണ് ഭാവിയിലേക്കുള്ള പ്ലാൻ തയ്യാറാക്കുന്നത്.

പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ട്

കുറച്ചു നാൾ മുൻപ് ഒരു ഗാർമെന്‍റ്സ് ഹോൾസെയിൽ ആൻഡ് റീട്ടെയ്ൽ സ്ഥാപനത്തിന് വേണ്ടി ഒരു ട്രെയിനിംഗ് നൽകുവാൻ സാധിക്കുമോ എന്നന്വേഷിച്ച് അതിന്‍റെ ഉടമ സമീപിച്ചു. എന്താണ് ഇതിൽ നിന്നും ഉദ്ദേശിക്കുന്ന ഒരു റിസൾട്ട് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു .
അദ്ദേഹത്തിന്‍റെ പ്രശ്നം ഇതായിരുന്നു. മുപ്പതു വർഷത്തോളമായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്‍റെ സ്ഥാപനത്തിൽ ഇപ്പോൾ 37 ജോലിക്കാർ ജോലി ചെയ്യുന്നുണ്ട്. അത്യാവശ്യം നല്ല ഒരു വളർച്ച ഇക്കാലയളവിൽ അദ്ദേഹത്തിന്‍റെ സ്ഥാപനം കൈവരിച്ചിട്ടുമുണ്ട്.

അദ്ദേഹത്തിന്‍റെ പിതാവ് തുടങ്ങിയ സ്ഥാപനമാണ്. ആദ്യകാലം മുതലുള്ള ജോലിക്കാർ വരെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട് . സ്ഥാപനത്തിൽ പുതിയ ഡിവിഷനുകൾ തുടങ്ങി അതും നല്ല രീതിയിൽ പോകുന്നുണ്ട്. പുറമെ നിന്നുള്ള കാഴ്ചയിൽ എല്ലാം ഭംഗിയായി തന്നെ നീങ്ങുന്നു.
എന്നാൽ അകത്തുള്ള പ്രശ്നങ്ങൾ നിരവധി ആണ്. ജീവനക്കാർ തമ്മിൽ ധാരാളം പ്രശ്നങ്ങൾ, കടയിലെ നാല് നിലയിലെയും ജീവനക്കാർ തമ്മിൽ നാല് സ്ഥാപനങ്ങളിലേതു പോലെയുള്ള ഇടപെടലുകൾ, അനാവശ്യ ലീവുകൾ, പല സമയത്തു വരുന്ന ജീവനക്കാർ, എല്ലാ കാര്യങ്ങൾക്കും ഉടമ ഇടപെടേണ്ടി വരുന്ന അവസ്ഥ. ഉപഭോക്താക്കളോടുള്ള സമീപനം വളരെ മോശം, വിൽപ്പന നല്ല രീതിയിൽ ചെയ്യാത്തതുകൊണ്ട് ഒരു പാട് ഡെഡ് സ്റ്റോക്കുകൾ... അങ്ങനെ ബിസിനസിന്‍റെ ഭാവിയെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ.


ബിസിനസിനെക്കാളും ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ശ്രദ്ധ ചെലുത്തേണ്ടി വരുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുന്നത് കൊണ്ടാണ് ഒരു മോട്ടിവേഷണൽ ട്രെയിനിംഗ് നടത്തിയാൽ കാര്യങ്ങൾ നന്നാകും എന്ന് അദ്ദേഹത്തിന് തോന്നിയത്. അദ്ദേഹത്തിന് ഞാൻ നിർദേശിച്ചതു ഓർഗനൈസേഷണൽ ഡെവലപ്മെന്‍റ് ഇന്‍റർവെൻഷൻ രീതിയാണ്.

പങ്കാളിത്തത്തോടെയുള്ള പരിഹാരങ്ങൾ

പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിന് ആദ്യ പടിയായി ഉടമയെ ഇന്‍റർവ്യൂ ചെയ്തു. എങ്ങോട്ടാണ് ഈ ബിസിനസിനെ അദ്ദേഹം നയിക്കുവാൻ ഉദ്ദേശിക്കുന്നത് എന്ന് കൃത്യമായി മനസിലാക്കി. ശേഷം സീനിയർ ജീവനക്കാരെ കണ്ടു സംസാരിച്ചു. ഈ ഒരു പ്ലാനിലേക്കു എത്തിച്ചേരുവാൻ വേണ്ടി അവർക്ക് എന്ത് ചെയ്യുവാൻ കഴിയും എന്ന് സംസാരിച്ചു ഒരു രൂപം വരുത്തി. തുടർന്ന് മറ്റു ജീവനക്കാരിൽ നിന്നുള്ള കുറച്ചു പേരുമായി സംസാരിച്ചു നിലവിൽ അവർ നേരിടുന്ന പ്രശ്ങ്ങൾ എന്തൊക്കെയാണ്, അതിനു അവർ ആഗ്രഹിക്കുന്ന പരിഹാരങ്ങൾ എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്തു.

അതിനു ശേഷം നടപ്പിൽ വരുത്തേണ്ട നല്ല നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ഒരു സ്റ്റാൻഡേർഡ് പ്ലാൻ തയ്യാറാക്കി. ഏകദേശം രണ്ടു മാസത്തെ സിറ്റിംഗുകൾ കൊണ്ട് സ്ഥാപനത്തിൽ ഒരു പാട് മാറ്റങ്ങൾ വരുത്തുവാൻ ഈ ഒരു രീതിയിലൂടെ സാധിച്ചു .നടപ്പിൽ വരുത്തിയ കാര്യങ്ങൾ ഇടയ്ക്കിടയ്ക്ക് പുനപ്പരിശോധിച്ചു.

അങ്ങനെ ആവശ്യമായ മാറ്റങ്ങൾ ജീവനക്കാർ തന്നെ നിർദേശിച്ച പ്രകാരം ചെയ്യുകയും ചെയ്തു. അവരുടെ തന്നെ നിർദേശത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന പരിഹാരങ്ങൾ ആയതിനാൽ അത് നടപ്പിൽ വരുത്തുവാൻ ഏറെ ഉത്സാഹം അവർ കാണിക്കുന്നുണ്ട്. നിലവിൽ സ്ഥാപനത്തിൽ ഓരോ കാര്യത്തിനും ഉത്തരവാദിത്വപ്പെട്ട ആളുകൾ ജീവനക്കാരുടെ ഇടയിൽ നിന്ന് തന്നെ ഉയർന്നു വന്നു. ഒട്ടേറെ മാറ്റങ്ങൾ സ്ഥാപനത്തിൽ വന്നതോടു കൂടി തന്നെ വ്യകതിപരമായ ജീവിതത്തിലും മാറ്റങ്ങൾ വന്നുവെന്ന് ചില സ്റ്റാഫുകളുടെ അനുഭവ സാക്ഷ്യവും ഏറെ സന്തോഷം നൽകുകയും ചെയ്തു .

ഇവിടെ ആ സ്ഥാപനത്തിലും ജീവനക്കാരിലും പുതിയ ഒരു സംസ്കാരം സൃഷ്ടിച്ചെടുക്കുക എന്നത് വളരെ നിഷ്പ്രയാസം സാധിച്ചു. ഒരു കൂട്ടായ്മയിൽ അധിഷ്ഠിതമായ ഓർഗനൈസേഷണൽ ഡെവലപ്മെന്‍റ് ഇന്‍റർവെൻഷൻ ഏതൊരു ബിസിനസിനെയും അടിമുടി മാറ്റി വിജയകരമായ ഒരു സംസ്കാരത്തിലേക്ക് എത്തിക്കും.

(സംരംഭങ്ങൾക്ക് ഒഡിഐ, ലീഡർഷിപ് കോച്ചിംഗ് നൽകുന്ന സർട്ടിഫൈഡ് ലീഡർഷിപ് കോച്ച്, സോഫ്റ്റ് വേർ കണ്‍സൾട്ടന്‍റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാളാണ് ലേഖകൻ. ഫോണ്‍: 9961429066, ഇമെയിൽ :[email protected])

പി.കെ ഷിഹാബുദീൻ