നിഖില സ്പീക്കിംഗ്
നിഖില സ്പീക്കിംഗ്
Thursday, August 9, 2018 5:20 PM IST
ഭാഗ്യദേവതയില്‍ ജയറാമിന്റെ അനുജത്തിയായാണ് നിഖില വിമല്‍ മലയാള സിനിമയിലെത്തുന്നത്. ആ മുഖം വീണ്ടും പ്രത്യക്ഷപ്പെടുന്നത് ലൗ 24X7 എന്ന സിനിമയില്‍ ആയിരുന്നു. ഇപ്പോള്‍ അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയില്‍ വരദ എന്ന കഥാപാത്രമായി നിഖില എത്തി. അതിനിടെ തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്തു. അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചപ്പോള്‍ അത് നിഖിലയ്ക്കുള്ള അംഗീകാരം കൂടിയായിരുന്നു.

അരവിന്ദന്റെ അതിഥിയിലേക്ക്

ഇതിലെ വരദ എന്ന കഥാപാത്രം എന്നെ തേടിയെത്തുകയായിരുന്നു. നല്ല രീതിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നു തന്നെയാണ് വിശ്വാസം.

വിനീത് ശ്രീനിവാസനോടൊപ്പം

നല്ല സപ്പോര്‍ട്ടീവായിരുന്നു വിനീത് ശ്രീനിവാസന്‍. സിനിമയുടെ സെറ്റ് എപ്പോഴും ലൈവ് ആയിരുന്നു. അത് ഞങ്ങള്‍ക്കൊക്കെ അഭിനയിക്കാന്‍ കൂടുതല്‍ പ്രേരണ തന്നു. ശ്രീനിവാസന്‍, ഉര്‍വശി, ശാന്തികൃഷ്ണ എന്നിവരൊക്കെ വലിയ പോസിറ്റീവ് എനര്‍ജി തരുന്ന ആള്‍ക്കാരാണ്. ശ്രീനിവാസന്‍ അങ്കിളിന്റെ കൂടെ എന്റെ രണ്ടാമത്തെ സിനിമയാണിത്.

ഭാഗ്യദേവതയില്‍

ഭാഗ്യദേവതയില്‍ ജയറാം അങ്കിളിന്റെ അനുജത്തിയായാണ് ഞാന്‍ സിനിമയിലെത്തുന്നത്. സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹത്താല്‍ നേടിയെടുത്ത വേഷമൊന്നുമല്ല. ഞാനന്ന് എട്ടാം ക്‌ളാസില്‍ പഠിക്കുകയായിരുന്നു. ഒരു കുടുംബസുഹൃത്തുവഴിയാണ് സിനിമയില്‍ അവസരം ലഭിക്കുന്നത്. സംവിധാകന്‍ പറഞ്ഞുതന്ന പോലെ അഭിനയിച്ചുവെന്നേയുള്ളു. സിനിമ വിജയിച്ചപ്പോഴും ഇനിയും അഭിനയിക്കണം എന്ന ആഗ്രഹമൊന്നും തോന്നിയില്ല.

തമിഴിലേക്കും

പിന്നീട് മലയാളം സിനിമയായ ലൗ 24X7 ല്‍ അഭിനയിച്ചു. അതോടൊപ്പം വെട്രിവേല്‍, കിടാരി എന്നീ തമിഴ് സിനിമകളിലും ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലും അഭിനയിച്ചു. തുടര്‍ന്നാണ് അരവിന്ദന്റെ അതിഥികളില്‍ എത്തുന്നത്.

പുതിയ പ്രോജക്ടുകള്‍

അരവിന്ദന്റെ അതിഥികളുടെ വിജയം ഒരു കൂട്ടായ്മയുടെ വിജയം കൂടിയാണ്. അതിനുശേഷം മലയാള സിനിമയില്‍ നിന്ന് പല ഓഫറുകളും വന്നു. പക്ഷെ, ഒന്നും കമ്മിറ്റ് ചെയ്തിില്ല. തിടുക്കപ്പെട്ട് ഒരു തീരുമാനമെടുക്കേണ്ട എന്നതു കൊണ്ടാണത്. മലയാള സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യണം എന്നു തന്നെയാണ് ആഗ്രഹം.


യാത്രകള്‍ ഇഷ്ടമല്ല

യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളൊന്നുമല്ല ഞാന്‍. വീട്ടില്‍ കഴിയാനാണ് എറെയിഷ്ടം. ഷൂട്ടിംഗ് ആവശ്യത്തിനായി മാത്രമേ യാത്ര ചെയ്യാറുള്ളൂ.

പാചകം അറിയാം

പാചകം ചെയ്യാന്‍ എനിക്ക് വളരെയേറെ ഇഷ്ടമാണ്. വെജിറ്റേറിയനും നോണ്‍വെജിറ്റേറിയനും പാകം ചെയ്യും.

ന്യൂജെന്‍ സിനിമകള്‍

ന്യൂജെന്‍ എന്ന ട്രെന്‍ഡിലിറങ്ങുന്ന പുതിയ മലയാള സിനിമകളില്‍ ശക്തമായ സ്ത്രീകഥാപാത്രം ഇല്ല എന്ന വാദത്തെ അതേ അര്‍ഥത്തില്‍ അംഗീകരിക്കാന്‍ പറ്റില്ല. കാരണം, അത്തരം സിനിമകളില്‍ ആവശ്യമുള്ള സ്ത്രീകഥാപാത്രങ്ങളെ മാത്രമേ അവര്‍ക്ക് ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളു. അതിന് എഴുത്തുകാരാണ് തയാറാവേണ്ടത്.

നല്ല കഥാപാത്രം വേണം

ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ട്. എന്നാല്‍, അതിന് അനുയോജ്യമായ കഥയുണ്ടാകണം, ആ കഥയ്ക്ക് എന്നെ പരിഗണിക്കാന്‍ സംവിധായകന് തോന്നണം... ഇങ്ങനെ ഒരുപാട് ഘടകങ്ങള്‍ ഇതിനുപിന്നിലുണ്ട്.

ഇഷ്ട താരങ്ങള്‍

മലയാള സിനിമയില്‍ എല്ലാവരേയും ഇഷ്ടമാണ്. ഇത് വെറുതെ പറയുന്നതൊന്നുമല്ല. ഇവിടെ എല്ലാവരും കഴിവുള്ളവരാണ്. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ അവരുടെ കഴിവ് കാണാവുന്നതേയുള്ളു. അതുകൊണ്ട് അഭിനയം എന്ന ആസ്‌പെക്ടില്‍ എല്ലാ മലയാള നടീനടന്‍മാരെയും ഇഷ്ടമാണ്.

കുടുംബ വിശേഷങ്ങള്‍

കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് തൃച്ചംബരത്താണ് എന്റെ വീട്. അച്ഛന്‍ പവിത്രന്‍. അമ്മ വിമലാദേവി. സഹോദരി അഖില. അമ്മ നൃത്താധ്യാപികയാണ്. അതുകൊണ്ട് ഞാന്‍ നൃത്തം പഠിച്ചിരുന്നു. സ്‌കൂളുകളില്‍ നൃത്തവേദികളിലും സജീവമായിരുന്നു. ഞാന്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കി. ഇനി പിജി ചെയ്യണം. അതിനുള്ള ഒരുക്കത്തിലാണ്.

ഷിജു ചെറുതാഴം