ഇൻഷുറൻസ്: ഓരോ ചുവടിലേയും
ഇൻഷുറൻസ്: ഓരോ ചുവടിലേയും
Thursday, August 9, 2018 2:39 PM IST
ഇൻഷുറൻസ് എന്നു കേൾക്കുന്പോൾ മനസിലേക്കോടിയെത്തുക സുരക്ഷിതത്വം എന്ന വാക്കാണ്; കുടക്കീഴൽ സുരക്ഷിതമായി നിൽക്കുന്ന ചെറു കുടുംബത്തിന്‍റെ ചിത്രമാണ്.
സുരക്ഷിതത്വം തേടുകയെന്നത് മനുഷ്യന്‍റെ സഹജവാസനയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ രീതിയിൽ ആയിരുന്നില്ലെങ്കിൽ കൂടി ഇൻഷുറൻസിനു നീണ്ടകാലത്തെ ചരിത്രമുണ്ട്. ഇൻഷുറൻസ് എന്ന ആശയത്തിന് റോമാ സാമ്രാജ്യത്തോളം പഴക്കമുണ്ട്.
എന്തായാലും ഇൻഷുറൻസ് ഇന്ന് ഏതൊരു വ്യക്തിയുടേയും ധനകാര്യ ആസൂത്രണത്തിലെ മുഖ്യ ഭാഗമാണ്. മനുഷ്യന്‍റെ ആവശ്യത്തിനനുസരിച്ച് വൈവിധ്യമാർന്ന ഇൻഷുറൻസ് ഉത്പന്നങ്ങൾ ഉരുത്തിരിഞ്ഞുവരികയും ചെയ്തിട്ടുണ്ട്.

മറ്റേതൊരു ധനകാര്യ ഉത്പന്നത്തേയും പോലെ ഇൻഷുറൻസും ഒരു ധനകാര്യ ഉത്പന്നമാണ്. ഒരാളുടെ സാന്പത്തിക നഷ്ട സാധ്യതയെ ഇൻഷുറൻസ് കന്പനിയിലേക്കു മാറ്റി സമാധാനപൂർണമായ ജീവിതം നയിക്കുവാൻ സഹായിക്കുന്ന ഉത്പന്നമാണ് ഇൻഷുറൻസ്. ഇത്തരത്തിലുള്ള ധനകാര്യ റിസ്ക് ഇൻഷുറൻസ് കൈമാറുന്പോൾ കന്പനി ഈടാക്കുന്ന ചെറിയ ഫീസാണ് പ്രീമിയം. ഇങ്ങനെ നൽകുന്ന ഫീസ് സംരക്ഷിക്കപ്പെടുന്ന സന്പത്തിന്‍റെ ദശാംശമേ വരികയുള്ളു. അതിനാൽ പോളിസി വാങ്ങുന്നയാൾക്കു സന്തോഷം. ഇത്തരത്തിൽ ലക്ഷക്കണക്കിന് ആളുകളിൽ നിന്നു പ്രീമിയം വാങ്ങുന്പോൾ അതിൽ കുറച്ചാളുകളുടെ സന്പത്ത് പൂർണമായും നഷ്ടപ്പെട്ടാലും ലഭിച്ച പ്രീമിയത്തിന്‍റെ ചെറിയ ഭാഗമേ ഇൻഷുറൻസ് കന്പനികൾക്കു നഷ്ടം നികത്താനായി നൽകേണ്ടതായി വരന്നുള്ളു. ശേഷിച്ചതു ലാഭം.

ഇൻഷുറൻസ് പോളിസി എന്നത് പോളിസി ഉടമയും ഇൻഷുറൻസ് കന്പനിയും തമ്മിലുള്ള നിയമപരമായ കരാറാണ്. പോളിസി ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പോളിസിയിൽ പറഞ്ഞിട്ടുള്ള തുക കന്പനി ഗാരന്‍റി ചെയ്യുന്നു.

ഏറ്റവും മോശമായതു സംഭവിക്കുന്പോൾ

ആർക്കുമറിയില്ല ജീവിതത്തിന്‍റെ മുന്നോട്ടുള്ള പോക്കിൽ എന്തു സംഭവിക്കുമെന്ന്. അപ്രതീക്ഷിതമായി ദുരന്തങ്ങൾ സംഭവിക്കാം. മരണം സംഭിക്കാം. കൈവശമുണ്ടായിരുന്ന സന്പത്ത് കണ്ണടച്ചു തുറക്കുന്പോൾ ഇല്ലാതാകം...

സന്തോഷകരമായ കുടുംബ ജീവിതം നയിച്ചു വരുന്പോൾ കുടുംബത്തിലെ ഒരാൾക്കു മരണം സംഭവിച്ചാൽ അത് ആ കുടുംബത്തിലുണ്ടാക്കുന്ന വൈകാരിക സമ്മർദ്ദം എത്രയായിരിക്കും. കുടുംബത്തിന്‍റെ അത്താണിയായി പ്രവർത്തിക്കുന്നയാളാണ് മരണമടയുന്നതെങ്കിലോ? വൈകാരികം മാത്രവുമല്ല സാന്പത്തികാഘാതവും ജീവിച്ചിരിക്കുന്നവരിൽ വലിയ തോതിൽ ഉണ്ടാക്കുന്നു. പലപ്പോഴും ആലോചിക്കുവാൻ കഴിയാത്തതിലും അപ്പുറത്തുള്ള സമ്മർദ്ദങ്ങളാണ് ആ കുടുംബത്തിലും അവരുമായി ബന്ധപ്പെട്ടവരിലുമുണ്ടാക്കുക. മരണം പ്രവചിക്കുവാൻ ആർക്കും കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ മരണം നിശ്ചയമായിരുന്നിട്ടുകൂടി അതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഈ അനിശ്ചിതത്വത്തെ ഇല്ലാതാക്കാൻ ഒരു പരിധവരെ സഹായിക്കുന്ന ധനകാര്യ ഉപകരണമാണ് ഇൻഷുറൻസ് ഇത് സാന്പത്തിക സുരക്ഷിതത്വം ഗാരന്‍റി നൽകുന്നു.

തന്‍റെ അഭാവത്തിൽ തന്‍റെ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ സഹായിക്കുന്നു. വ്യക്തിപരമായ നഷ്ടം നികത്താൻ സാധിക്കുകയില്ലെങ്കിലും പ്രയാസകരമായ അന്തരീക്ഷത്തിൽ പോളിസി ഉടമയുടെ ആശ്രിതരുടെ ധനകാര്യ ആവശ്യങ്ങൾ നിറവേറ്റുവാൻ ഇൻഷുറൻസ് സഹായിക്കും.

ധനകാര്യ പിന്തുണ

എല്ലാ ഇൻഷുറൻസുകളും നൽകുന്നത് ഒരു ഫിനാൻഷ്യൽ ബാക്ക് അപ് ആണ്. ജീവിതത്തിനു മാത്രമല്ല ഇൻഷുറൻസ് ഉപയോഗിച്ച് മറ്റ് നിരവധി ആവശ്യങ്ങൾക്കും ഫിനാൻഷ്യൽ ബാക്ക് അപ്പുകൾക്കു രൂപം നൽകാം.

ഉദാഹരണത്തിന് ലൈഫ് ഇൻഷുറൻസ് ഒരാളുടെ ആശ്രിതർക്കു ധനകാര്യ സുരക്ഷ നൽകുന്നു. ഹെൽത്ത് ഇൻഷുറൻസ് ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഭാവിയിലെ ചികിത്സാവശ്യത്തിനുള്ള ചെലവു കണ്ടെത്തുന്നു. മോട്ടോർ ഇൻഷുറൻസ് വാഹനത്തെ സംരക്ഷിക്കുന്നുവെന്നു മാത്രമല്ല, മറ്റുള്ളവർക്കും മറ്റുള്ളവരുടെ വസ്തുക്കൾക്കും വാഹനം മൂലമുണ്ടാകുന്ന നഷ്ടത്തിൽനിന്നു സംരക്ഷണം നൽകുന്നു. ഭവന ഇൻഷുറൻസിന് വീടിനേയും വീടിനുള്ളിലെ വസ്തുക്കളേയും സംരക്ഷിക്കുന്നു. ട്രാവൽ ഇൻഷുറൻസ് യാത്രയ്ക്കിടയിൽ എന്തെങ്കിലും സംഭവിച്ചാൽ അതിനു സുരക്ഷ ഒരുക്കുന്നു... ഈ പട്ടിക എത്ര വേണമെങ്കിലും നീട്ടാം. ഒരാൾക്കു മൂല്യമുണ്ടെന്നു തോന്നുന്നതു സംരക്ഷിക്കുവാനുള്ള സംവിധാനമാണ് ഇൻഷുറൻസ്.

ചുരുക്കത്തിൽ ഇന്ന് ഇൻഷുറൻസ് എന്നാൽ ലൈഫ് ഇൻഷുറൻസ് മാത്രമല്ല. അനിശ്ചിതത്വങ്ങളേയും ദുരന്തങ്ങളേയും മാത്രം നേരിടാനുള്ള ഉപകരണം മാത്രവുമല്ല. അതിൽ സേവിംഗ്സ് ഉണ്ട്, നിക്ഷേപമുണ്ട്, നികുതി ലാഭവുമുണ്ട്.

അത്തരത്തിൽ നിരവധി ഇൻഷുറൻസ് ഉപകരണങ്ങളാണ് രൂപപ്പെട്ടു വന്നിട്ടുള്ളത്.

ഇൻഷുറൻസ് ആവശ്യമുണ്ടോ

തനിക്ക് നല്ല ആരോഗ്യമുണ്ട്. ജോലിയുണ്ട്. എന്തനാണ് ഇൻഷുറൻസിനായി വെറുതെ പണം കളയുന്നത്... ഇത്തരം ഒരു മനോഭാവം നല്ലൊരു പങ്കിനുമുണ്ട്.

പക്ഷേ, യാഥാർത്ഥ്യം മറ്റൊന്നാണ്. ഇൻഷുറൻസ് ആവശ്യമുണ്ട്. പ്രത്യേകിച്ചും കുടുംബവും ആശ്രിതരും ബന്ധുക്കളുമൊക്കെയുള്ളപ്പോൾ.

ഒരാൾക്ക് ആവശ്യം വരുന്നതിനേക്കാൾ വലിയ നേട്ടമാണ് ഒരു ഇൻഷുറൻസ് പോളിസിയെടുക്കുന്പോൾ ഒരാൾക്കു ലഭിക്കുന്നത്. മനസമാധാനം. തന്‍റെ അഭാവത്തിലും തന്‍റെ പ്രിയപ്പെട്ടവർ ഇതേ നിലവാരത്തിൽ ജീവിക്കാൻ അന്തരീക്ഷമുണ്ടല്ലോ എന്ന സമാധാനം.
നേരത്തെ സൂചിപ്പിച്ചതുപോലെ ലൈഫ് ഇൻഷുറൻസിന്‍റെ പ്രാഥമിക ലക്ഷ്യം പോളിസി ഉടമയുടെ അഭാവത്തിൽ ആശ്രിതർക്ക് നല്ല തോതിൽ ജീവിച്ചു പോകുവാനുള്ള ധനകാര്യ സുരക്ഷ ഉറപ്പാക്കുകയെന്നതാണ്.

വരുമാനം എത്രയാണെങ്കിലും എല്ലാവർക്കും ലൈഫ് ഇൻഷുറൻസ് ഏറ്റവും ആവശ്യമാണ്. ആശ്രിതർ ഇപ്പോഴില്ലെങ്കിലും ഭാവിയിൽ ഉണ്ടായേക്കാം. അതിനാൽ ചെറുപ്പമാണെങ്കിലും ലൈഫ് ഇൻഷുറൻസ് എടുക്കേണ്ടതുണ്ട്. ചെറുപ്പത്തിൽ ഇൻഷുറൻസ് എടുത്താൽ കുറഞ്ഞ പ്രീമിയത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. അതേ സമയം പ്രായം കൂടുന്തോറും നൽകേണ്ട പ്രീമിയത്തിന്‍റെ അളവ് ഗണ്യമായി വർധിക്കും. അതായത് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് എടുക്കേണ്ട അവസരം നഷ്ടപ്പെട്ടുപോകും.


പ്രീമിയം അടയ്ക്കുന്നു; പോളിസി കാലയളവിൽ അപ്രതീക്ഷിതമായതു സംഭവിച്ചാൽ സം അഷ്വേഡ് തുക ആശ്രിതർക്കു ലഭിക്കുന്നു. പോളിസി ക്ലോസ്ഡ്. ഇത്തരം സംരക്ഷണം മാത്രം നൽകുന്ന ശുദ്ധമായ ടേം ഇൻഷുറൻസ് പ്ലാൻ മുതൽ നിക്ഷേപവും സന്പാദ്യവും നികുതി ലാഭവുമുള്ള സങ്കീർണമായ ഇൻഷുറൻസ് വരെ വൈവിധ്യവും സങ്കീർണവുമായ നിരവധി പോളിസികൾ ഓരോ കന്പനികളും പുറത്തിറക്കിയിട്ടുണ്ട്. ഇതിൽനിന്നു തെരഞ്ഞടുപ്പു പ്രയാസമാണ്. എങ്കിലും തെരഞ്ഞെടുത്തേ പറ്റൂ.

നിരവധി ഇൻഷുറൻസുകളിൽനിന്നു യോജിച്ചതു തെരഞ്ഞെടുക്കുവാൻ നല്ല പ്ലാനിംഗ് വേണം. അല്ലെങ്കിൽ ആവശ്യമില്ലാത്തതും ബാധ്യതയുമാകുന്ന പോളിസികളിൽ തലവയ്ക്കുകയാവും ഫലം. ഒരാളുടെ ധനകാര്യ ആവശ്യങ്ങൾ നിറവേറ്റുന്നവയായിരിക്കണം തെരഞ്ഞെടുക്കുന്ന പോളിസികൾ.

യുക്തസഹമായി ഇൻഷുറൻസ് തെരഞ്ഞെടുത്താൽ അത് സന്പത്ത് സംരംക്ഷിക്കും. സന്പത്ത് ആർജിക്കുവാനും സംരക്ഷിക്കുവാനും അന്തരാവകാശികൾക്കു കൈമാറാനും സഹായിക്കും. ശരിയായ ഇൻഷുറൻസ് ഒരാളെ സാന്പത്തികമായി ശാക്തീകരിക്കുന്നു.

എത്ര ഇൻഷുറൻസ്

ഇൻഷുറൻസ് എടുക്കവാൻ തീരുമാനിച്ചാൽ അടുത്തതായി മനസിൽ വരുക എത്ര ഇൻഷുറൻസ് വേണമെന്നായിരിക്കും.

മരണം സംഭവിച്ചാൽ തന്‍റെ പ്രിയപ്പെട്ടവർക്ക് ഭാവി ജീവിതം ഇതേ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാനുള്ള സാന്പത്തികാവസ്ഥ ഉണ്ടാവണം. ഇതിനാവശ്യമായ കവറേജ് ലഭിക്കുന്ന പോളിസി എടുക്കുകയെന്നതാണ് ലൈഫ് ഇൻഷുറൻസിന്‍റെ ആത്യന്തിക ലക്ഷ്യം. സന്പാദ്യവും നിക്ഷേപവുമെല്ലാം പിന്നീടു വരുന്നതാണ്.

ഏറ്റവും കുറഞ്ഞ ചെലവിൽ ഈ ലക്ഷ്യം നേടുന്നതിനുള്ള വഴിയാണ് ശുദ്ധമായ ഇൻഷുറൻസ് എന്നു വിളിക്കുന്ന ടേം ഇൻഷുറൻസ് എടുക്കുകയെന്നത്.

പ്രായം, വരുമാനം, ആസ്തികൾ, ബാധ്യതകൾ, സന്പാദ്യം, നിക്ഷേപം, ധനകാര്യ ഉത്തരവാദിത്വങ്ങൾ തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇൻഷുറൻസ് കവറേജിന്‍റെ വലുപ്പം നിശ്ചയിക്കേണ്ടത്.

വരുമാനവും ബാധ്യതകളും ഉൾപ്പെടുത്തി വേണം കവറേജ് എടുക്കുവാൻ. ഭവന വായ്പ, മറ്റു ബാധ്യതകൾ, മാസ വരുമാനം തുടങ്ങിയവയെല്ലാം നിറവേറ്റാൻ ആവശ്യമായ പ്രതിമാസ തുക കണ്ടെത്തുക. ഈ പ്രതിമാസത്തുകയ്ക്കായി ബാങ്ക് സ്ഥിര നിക്ഷേപത്തിന് എത്ര തുക വേണെമെന്നു കണക്കാക്കുക. കുറഞ്ഞതു ഈ തുകയെങ്കിലും കവറേജ് ആയി ഉണ്ടായിരിക്കണം. കവറേജ് തുക നിശ്ചയിക്കുന്പോൾ പണപ്പെരുപ്പവും കൂടി കണക്കിലെടുക്കുക. പണപ്പെരുപ്പം ക്രയശ്കതി കുറയ്ക്കുമെന്നോർക്കുക. ഇപ്പോൾ 100 രൂപയ്ക്കു കിട്ടുന്ന വസ്തു അടുത്ത വർഷം ആ വിലയ്ക്കു കിട്ടണമെന്നില്ല.

വേണ്ട ഇവർക്ക് ലൈഫ് ഇൻഷുറൻസ്

ലൈഫ് ഇൻഷുറൻസിന് അർത്ഥമുണ്ടാകുന്നത് ആശ്രിതർ ഉള്ളപ്പോൾ മാത്രമാണ്.
അതുകൊണ്ടുതന്നെ എല്ലാവർക്കും ഇൻഷുറൻസ് ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഈ ചോദ്യത്തിന്‍റെ ഉത്തരം ഇല്ല എന്നുതന്നെയാണ്. ഇൻഷുറൻസ് ആവശ്യമില്ലാത്തെ ചില അവസ്ഥകൾ നൽകുകയാണ് ചുവടെ:
* കുടുംബവും ആശ്രിതരും ഇല്ലാത്തവർ.
* വരുമാനമില്ലാത്ത കുടുംബാംഗങ്ങൾ
* കുടുംബത്തോടു ധനകാര്യ ഉത്തരവാദിത്വം ഇല്ലാത്തവർ
* ആശ്രിതർക്ക് ആവശ്യമായ വരുമാനം ലഭിക്കത്തക്കവിധത്തിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ
* പങ്കാളികളിൽ ഇരുവർക്കും വരുമാനവും അതുപയോഗിച്ചും സുഖമായി താമസിക്കാൻ സാധിക്കുമെങ്കിൽ.

ഈ ഇൻഷുറൻസുകൾ ഉണ്ടായിരിക്കണം

ചില കാര്യങ്ങൽ ജീവിതത്തിൽ അത്യാവശ്യമാണ്. ഒഴിച്ചു കൂടാനാവത്തതാണ്. അത്തരത്തിലുള്ളതാണ് ഇൻഷുറൻസ് പോളിസികൾ. പക്ഷേ എല്ലാ ഇൻഷുറൻസ് പോളിസികളുമല്ല.

ഏറ്റവും അത്യാവശ്യം ആരോഗ്യ ഇൻഷുറൻസ്:

ലൈഫ് പോളിസിയില്ലെങ്കിലും ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം. ജോലിയും വരുമാനവും ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രായഭേദമന്യേ ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം.

ലൈഫ്ഇൻഷുറൻസ്:

ആരോഗ്യ ഇൻഷുറൻസ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈഫ് ഇൻഷുറൻസ്. പ്രത്യേകിച്ചും ആശ്രിതരുള്ളവരും വരുമാനം നേടുന്നവരുമായവർ. ടേം ഇൻഷുറൻസ് വഴി ഈ ലക്ഷ്യം നേടാം.

ആവശ്യമായവ

ക്രിട്ടിക്കൽ ഇൻഷുറൻസ്: അടിസ്ഥാന ആരോഗ്യ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും കഴിഞ്ഞാൽ അടുത്ത മുൻഗണന ക്രിട്ടിക്കൽ ഇൻഷുറൻസിനാകട്ടെ. കാരണം മാരക രോഗങ്ങളുടെ വർധനയും അതിന്‍റെ ചികിത്സാച്ചെലവും കുത്തനെ ഉയരുകയാണ്.

ടോപ് അപ് പോളിസികൾ: അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് കവറേജിൽ കൂടുതൽ ചികിത്സാച്ചെലവു വന്നാൽ സഹായകമാണ് ഈ പോളിസി.

ഭാവന വായ്പ ഇൻഷുറൻസ്: വീടു വയ്ക്കാൻ വായ്പ എടുത്തിട്ടുണ്ടെങ്കിൽ തീർച്ചയായും ഭവന വായ്പ ഇൻഷുറൻസ് എടുത്തിരിക്കണം. പോളിസി ഉടമയ്ക്കു മരണം സംഭവിച്ചാൽ ആശ്രിതിർക്ക് പ്രയാസമുണ്ടാക്കാതെ വീടിന്‍റെ ബാധ്യതകൾ ഈ ഇൻഷുറൻസ് നിറവേറ്റിക്കൊള്ളും.
മറ്റെല്ലാ ഇൻഷുറൻസുകളും ഓരോരുത്തരുടേയും പ്രീമിയം അടയ്ക്കാനുള്ള ശേഷി, ധനകാര്യ ലക്ഷ്യം തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നതാണ്.