വായ്പ ക്ലോസ് ചെയ്യുന്പോൾ ഓർമിക്കാൻ
വായ്പ ക്ലോസ് ചെയ്യുന്പോൾ  ഓർമിക്കാൻ
Friday, July 20, 2018 3:07 PM IST
പലപ്പോഴും വായ്പകൾ എടുത്ത് അത് അടച്ചു തീർക്കുന്പോഴേക്കും ദീർഘകാലം കഴിഞ്ഞിട്ടുണ്ടാകും. അപ്പോഴേക്കും വായ്പ എടുത്ത സമയത്തെ നടപടിക്രമങ്ങളും നൽകിയ രേഖകളുമൊക്കെ എന്തൊക്കെയാണെന്നും മറന്നിട്ടുണ്ടാകും. വായ്പ ക്ലോസ് ചെയ്യുന്പോൾ മറക്കാതിരിക്കേണ്ട കാര്യങ്ങൾ ഒന്ന് ഓർമിപ്പിക്കുകയാണ് ചുവടെ.

1. ഒറിജിനൽ രേഖകൾ തിരിച്ചു വാങ്ങണം
വായ്പ തിരിച്ചടവു പൂർത്തിയാക്കിയതിനുശേഷം ബാങ്കിനു വായ്പയ്ക്കായി ഈടായി നൽകിയ രേഖകളെല്ലാം തിരിച്ചു വാങ്ങിക്കണം. വായ്പ പൂർണമായി തിരിച്ചടവു നടത്തി 15 ദിവസത്തിനുള്ളിൽ വായ്പക്കാരൻ ഈടായി നൽകിയ ആധാരമടക്കമുള്ള എല്ലാ രേഖകളും ബാങ്ക് തിരികെ നൽകണമെന്ന് ബാങ്കിംഗ് കോഡ്സ് ആൻഡ് സ്റ്റാൻഡാർഡ്സ് ബോർഡ് ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്നു. ഉപഭോക്താവിനോട് ബാങ്കിനുണ്ടായിരിക്കേണ്ട പ്രതിബദ്ധത സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുള്ള ക്ലോസ് "പി’യിലെ 8.12.1.2 വിഭാഗത്തിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. ക്ലോസ് "ക്യു’വിൽ രേഖകൾ തിരികെ നൽകാൻ 15 ദിവസത്തിൽ കൂടുതൽ താമസിച്ചാൽ നൽകേണ്ട നഷ്ടപരിഹാരത്തേക്കുറിച്ചും ക്ലോസ് "ആർ’ൽ രേഖകൾ നഷ്ടപ്പെട്ടാൽ നൽകേണ്ട നഷ്ടപരിഹാരത്തേക്കുറിച്ചും പറഞ്ഞിരിക്കുന്നു.

2. വായ്പ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്
അക്കൗണ്ട് ക്ലോസ് ചെയ്യുന്പോൾ വായ്പ അക്കൗണ്ടിലെ ബാലൻസ് സീറോയാണെന്ന് ഉറപ്പുവരുത്തിയുള്ള സ്റ്റേറ്റ്മെന്‍റ് ബാങ്കിൽ നിന്നും വാങ്ങിക്കേണ്ടതാണ്. ബാങ്കിംഗ് കോഡ്സ് ആൻഡ് സ്റ്റാൻഡാർഡ്സ് ബോർഡ് ഓഫ് ഇന്ത്യയുടെ ക്ലോസ് "എൻ’ വിഭാഗം 8.12.1.2 ൽ ഓർമിപ്പിക്കുന്നുണ്ട്. കൂടാതെ ബാങ്ക് ലോണ്‍ അക്കൗണ്ടിന്‍റെ വാർഷിക സ്റ്റേറ്റ്മെന്‍റും ലഭ്യമാക്കാറുണ്ട്.

3. പിഴവുകൾ വരുത്തിയിട്ടില്ല എന്നുള്ള രേഖ
വായ്പ തിരിച്ചടവ് പൂർത്തിയാക്കുന്പോൾ ബാങ്കുകളിൽ നിന്നും വായ്പക്കാരൻ നിർബന്ധമായും ഉറപ്പാക്കേണ്ട രേഖയാണ് "നോ ഡ്യൂസ് സർട്ടിഫിക്കറ്റ്.’ ഇത് നിങ്ങളുടെ ക്രെഡിറ്റ് റെക്കോർഡിൽ പിഴവുകൾ വരാതിരിക്കാനും ഭാവിയിൽ വീണ്ടും കടമെടുക്കേണ്ടി വന്നാൽ അതിനെ ബാധിക്കാതിരിക്കാനും സഹായിക്കും.


4. ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കാം
വായ്പ തിരിച്ചടവ് പൂർത്തിയാക്കി എല്ലാ രേഖകളും കൈപ്പറ്റിയതിനുശേഷം ഒരുമാസത്തിനുള്ളിൽ വായ്പക്കാരന്‍റെ ക്രെഡിറ്റ് റിപ്പോർട്ട് ലഭിക്കും. നിങ്ങളുടെ വായ്പ തിരിച്ചടവ് പൂർത്തിയാക്കി എന്നത് കൃത്യമായി ക്രെഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നുറപ്പു വരുത്താം.

ട്രാൻസ് യൂണിയൻ സിബിൽ, എക്സപീരിയൻ, ക്രിഫ് ഹൈമാർക്ക്, എക്യുഫാക്സ് എന്നിങ്ങെന നാല് ക്രെഡിറ്റ് ബ്യൂറോകളാണ് ഇന്ത്യയിലുള്ളത്. ഇവയിൽ എതെങ്കിലുമൊന്നിലൂടെ പരിശോധിച്ച് ഇത് ഉറപ്പുവരുത്താം. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് പരിഹരിക്കണം. വായ്പ തിരിച്ചടവ് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ അതും ക്രെഡിറ്റ് റിപ്പോർട്ടിൽ കാണിക്കും. ആർബബിഐയുടെ 2016 സെപ്റ്റംബറിലെ സർക്കുലർ അനുസരിച്ച് വായ്പക്കാരന് എല്ലാ വർഷവും സൗജന്യമായി ഒരു ക്രെഡിറ്റ് റിപ്പോർട്ട് കോപ്പി നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.

5. വസ്തുവിന്‍റെ ഇൻഷുറൻസ്
വസ്തു ഈടിേ·ൽ വായ്പ എടുക്കുന്പോൾ ബാങ്കുകൾ വായ്പയ്ക്ക് ഇൻഷുറൻസ് എടുപ്പിക്കാറുണ്ട്. ഇത് പൊതുവെ ജനറൽ ഇൻഷുറൻസ് വിഭാഗത്തിൽ തന്നെയാണ് വരുന്നത്. കൂടാതെ ബാങ്കിന്‍റെ താൽപര്യം കൂടി ഇക്കാര്യത്തിലുണ്ടാകും. വായ്പ തിരിച്ചടവു പൂർത്തിയാക്കി കഴിഞ്ഞാൽ വായ്പക്കാരന്‍റെ താൽപര്യപ്രകാരം ഈ പോളിസി തുടരുകയോ അല്ലെങ്കിൽ ഉപേക്ഷിക്കുകയോ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ട കന്പനിയിലേക്ക് മാറ്റുകയോ ചെയ്യാം. ഇത് വായ്പ ഇല്ലെങ്കിൽ കൂടിയും നിങ്ങളുടെ വസ്തുവിനെ സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഒന്നാണ്.

6. കൊളാറ്ററൽ സെക്യൂരിറ്റി
കൊളാറ്ററൽ സെക്യൂരിറ്റിയായി ലൈഫ് ഇൻഷുറൻസ് പോളിസി, സ്ഥിര നിക്ഷേപം, നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ് തുടങ്ങിയവയെന്തെങ്കിലും ബാങ്കിൽ നൽകിയിട്ടുണ്ടെങ്കിൽ വായ്പ തിരിച്ചടവ ് പൂർത്തിയാക്കി കഴിയുന്പോൾ മറക്കാതെ ഇവ തിരിച്ചെടുക്കുക.